മലബാറിന്റെ സംസ്കാരിക പര്യായമായിരുന്ന ചെലവൂർ വേണുവിനെ സുഹൃത്തും എഴുത്തുകാരനുമായ വി.കെ. ശ്രീരാമൻ അനുസ്മരിക്കുന്നു.
ഞാൻ കോഴിക്കോട്ട് പോണ് ണ്ട്. നീ പോരണോ?
ബാലേട്ടൻ ചോദിച്ചു.
എന്താ കോഴിക്കോട്ട്?
ചെലവൂർ വേണു ഒരു ഫിലിം ഫെസ്റ്റിവെൽ നടത്തുന്നുണ്ടവിടെ. നീയൊന്നും കാണാത്ത പല ഫിലിംസും കാണാം. ഗിരീഷ് കാസറവള്ളി വരുന്നുണ്ട്.
കാരന്തിന്റെ "ചൊമനദുഡി'യാണ് ഓപ്പണിംഗ്. അരവിന്ദനും രവിയുമെല്ലാമുണ്ടാവുമവിടെ.
കുന്നംകുളത്തുനിന്ന് കടലുണ്ടിക്കുള്ള ഒരു ട്രാൻസ്പോർട്ട് ബസിലാണ് ബാലേട്ടൻ കയറിയത്. പിന്നാലെ ഞാനും. കോഴിക്കോട് പോവാൻ കടലുണ്ടി വഴിയാണ് നല്ലതെന്ന് ഒന്നു രണ്ടു വട്ടം ബസിലിരുന്ന് എന്നോടു ബാലേട്ടൻ പറഞ്ഞു.
തിരൂരും കഴിഞ്ഞ് തെല്ലു ചെന്നപ്പോൾ സന്തോഷ് ഫാർമസിയുടെ ബോർഡുകൾ ഇടയ്ക്കു പ്രത്യക്ഷപ്പെടാൻ തുടങ്ങി. കുറച്ചുകൂടി ചെന്നപ്പോൾ സന്തോഷ് ഫാർമസിയുടെ കവാടം കണ്ടു. ജീവൺ ടോൺ എന്നെഴുതി വച്ച വലിയ ബോർഡും. മസിലുകൾ പെരുപ്പിച്ചു കാട്ടി കാലുകളിലൊന്ന് തെല്ലുയർത്തി ചുവടുവച്ചു നിൽക്കുന്ന ആ മസിൽമാന്റെ ചിത്രം അക്കാലത്തു മലയാളികൾക്ക് സുപരിചിതമായിരുന്നു.
ഒരു മാസം ജീവൻ ടോൺ കഴിച്ചാൽ ശരീരം ഇതുപോലെ ആവും എന്നു തുപ്ര മ്മാന്റെ രവി പറഞ്ഞത് ഓർത്തു. ദാ, ഇവിടെ നിന്നാണല്ലോ അവശനായ മനുഷ്യനെ ഘടോൽകചനാക്കുന്ന ആ ദിവ്യൗഷധം പുറപ്പെടുന്നത് എന്നറിഞ്ഞ് അതിശയപ്പെട്ടു .
അപ്പോഴേക്കും ബസൊരു പുഴവക്കത്ത് ചെന്നു നിന്നു.
യാത്രക്കാരോടൊപ്പം ഞങ്ങളും ബസിൽ നിന്നിറങ്ങി തോണിയിൽ കയറി.
കടത്തു കടന്ന് അക്കരെ ചെന്നപ്പോൾ അവിടെക്കണ്ട കള്ളുഷാപ്പുകളിലൊന്നിൽ ബാലേട്ടൻ കയറി.
കൂടെ ഞാനും.
നുരയും പതയും പുറത്തേക്കു വന്ന കള്ള് മൺകുടങ്ങളിൽ മുന്നിലെത്തി. ഞണ്ടും പിന്നെ കട്ക്ക എന്നു പേരുള്ള മറ്റൊരിനവും.
നേരം പോയതറിഞ്ഞില്ല.
ഷാപ്പിൽ നിന്നിറങ്ങുമ്പോൾ ഞാൻ പറഞ്ഞു.
'കടലുണ്ടി വഴി തന്നെയാണ് കോഴിക്കോട്ടേക്കു നല്ലത്, തിരിച്ചു പോവാനും നമുക്കീ വഴി തന്നെ മതി'.
വെള്ളയിൽ റെയിൽവേ സ്റ്റേഷനടുത്തുള്ള ഒരോടിട്ട വീടിന്റെ മുറ്റത്തു ഞാനും ബാലേട്ടനും നിന്നു.
ഇവിടെയാണ് അരവിന്ദൻ താമസിക്കുന്നത്.
ബാലേട്ടൻ പറഞ്ഞു.
വാതിലടഞ്ഞു കിടക്കുന്നു. ഉമ്മറത്തേക്കു കയറുമ്പോൾ ഞാനതു ശ്രദ്ധിച്ചു. അടഞ്ഞ വാതിലിനു മുകളിലായി യേശു ക്രിസ്തുവിന്റെ പെയിന്റിംഗ്.
യേശുവിന്റെ മുഖത്ത് കണ്ണ്, മൂക്ക്, വായ മുതലായവ ഉണ്ടായിരുന്നില്ല.
മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ മുഖപടമായി വന്ന ചിത്രമാണത്.
നമ്പൂതിരി വരച്ചതാണ്.
ബാലേട്ടൻ പോക്കറ്റിൽനിന്നു പൊടിക്കുപ്പിയെടുത്തു തുറന്നു. തുറക്കുമ്പോൾ പറഞ്ഞു.
അരവിന്ദൻ വരും.
പറഞ്ഞു തീരുംമുമ്പെ ആഷ് നിറത്തിലുള്ള ഒരു ലാമ്പ്രട്ട സ്കൂട്ടറിൽ മഹാബാഹു വന്നു.
എന്നെ പരിചയപ്പെടുത്തിക്കൊണ്ട് ബാലേട്ടൻ പറഞ്ഞു:
'ചെറ്യമ്മേടെ മോനാ, ഇവന്റിം പേര് ശ്രീരാമൻ എന്ന് തന്ന്യാ'
അതിനു മറുപടിയായി അരവിന്ദൻ കണ്ണുകൊണ്ട് ചിരിച്ചു. കണ്ണുകൊണ്ട് പിന്നെയെന്തൊക്കെയോ പറഞ്ഞു. ബീച്ചിൽനിന്നു വന്ന ചെറിയ കാറ്റിൽ വലിയ കുർത്ത ഓളം വെട്ടി.
കോഴിക്കോട് പുഷ്പാ തിയറ്ററിലായിരുന്നു. ചെലവൂർ വേണുവിന്റെ അശ്വനി ഫിലിം സൊസൈറ്റിയുടെ ഫിലിം ഫെസ്റ്റിവൽ .
ഉദ്ഘാടനം പട്ടാഭിരാമ റെഢിയാണ്. സ്നേഹലതാ റെഢിയും വന്നിട്ടുണ്ട്.
ഗിരീഷ് കാസറവള്ളിയുണ്ട്.
അരവിന്ദനും പുതുക്കുടി ബാലേട്ടനും ഉണ്ട് .
തിക്കോടിയനും നമ്പൂതിരിയും ഉണ്ടാവും.
പട്ടത്തുവിള കരുണാകരനുണ്ട്. രവീന്ദ്രനുണ്ട് ബാങ്ക് രവിയുണ്ട്. എഴുപത്തിനാലോ അഞ്ചോ ആണ് കാലം.
അരവിന്ദൻ സിനിമ എടുത്തിട്ടില്ല.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടില്ല.
സ്നേഹലതാ റെഢി ഇന്ദിരാഗാന്ധിക്കു കത്തെഴുതിയിട്ടില്ല.
അന്ന് ഞാൻ ബാലേട്ടന്റെ ഒപ്പമിരുന്ന്
‘ചൊമനദുഡി’ കണ്ടു.
ഇന്നും ചോമനും ചോമന്റെ തുടിയും ഓർമയിൽ കൊട്ടിപ്പാടിയുണരാറുണ്ട്.
ചെലവൂർ വേണുവിന്റെ
വിയോഗത്തോടെ
ഒരു കാലത്തിനു തിരശീല വീണ പോലെ...
കാലയവനിക എന്നൊക്കെ പറയാറില്ലെ അതുപോലെ, ആ കാലത്തിന്റെ സൂത്രധാരനും അരങ്ങൊഴിഞ്ഞു.
വി.കെ. ശ്രീരാമൻ