പച്ചപ്പിന്റെ മേലാപ്പണിഞ്ഞ പ്രകൃതി, പരന്നുകിടക്കുന്ന കരിമ്പാറക്കൂട്ടങ്ങളെ തഴുകി ഒഴുകുന്ന പുഴ, തൊട്ടടുത്തു വന്യമൃഗങ്ങളും പക്ഷിജാലങ്ങളും. ഇതിനൊക്കെ പുറമെ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ സാധാരണ കാണുന്നതിൽനിന്നു വ്യത്യസ്തമായ ഭാഗത്തുനിന്നുള്ള കാഴ്ചയും. ആനക്കല്ല് ജംഗിള്‍ സഫാരിയില്‍ സഞ്ചാരികളെ കാത്തിരിക്കുന്നതെല്ലാം കണ്ണും മനസും കുളിര്‍പ്പിക്കുന്ന കാഴ്ചകള്‍!
വാഴച്ചാല്‍ ഫോറസ്റ്റ് ഡിവിഷനാണ് കാടിനെ സ്നേഹിക്കുന്നവര്‍ക്കായി ഈ മനോഹരയാത്ര ഒരുക്കിയിട്ടുള്ളത്. നാലു മണിക്കൂറോളം ദൈര്‍ഘ്യമുള്ള ജീപ്പ് സഫാരി പൂര്‍ണമായും എറണാകുളം ജില്ലയുടെ പരിധിയിലൂടെയാണ് കടന്നുപോകുന്നതെന്ന പ്രത്യേകതയുമുണ്ട്.
കാലടി പ്ലാന്റേഷന് കോര്പറേഷന് മേഖലയിലുള്ള അതിരപ്പിള്ളി ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാരാണ് സഫാരിക്കു നേതൃത്വം നല്‍കുന്നത്. പതിനഞ്ചാം ബ്ലോക്കില്‍നിന്നാണ് യാത്രയുടെ ആരംഭം. ജനവാസ മേഖല പിന്നിട്ട് ഉള്‍കാട്ടിലേക്കു കടക്കുന്നതോടെ വന്യതയുടെ നിഗൂഢതയും പച്ചപ്പും മറനീക്കിത്തുടങ്ങും.
മൃഗങ്ങൾ ഏതു നിമിഷവും
ആകാശംമുട്ടെ ഉയരത്തിലുള്ള വന്മരങ്ങളും മുളങ്കാടുകളും പല വര്‍ണങ്ങളില്‍ തളിരിട്ടു നില്ക്കുന്ന വൃക്ഷങ്ങളും ഇടതൂര്‍ന്ന കാട്ടുവഴി. കളകളാരവം പൊഴിച്ചു ചില സ്ഥലങ്ങളില്‍ യാത്രയ്ക്കു കൂട്ടുവരുന്ന ചാലക്കുടി പുഴ. മാനും മയിലും മ്ലാവും കാട്ടുപോത്തും ആനക്കൂട്ടവുമെല്ലാം ഏതു നിമിഷവും കണ്മുന്നിലെത്തും. ഭാഗ്യമുണ്ടെങ്കില്‍ പുലിയെയും കരടിയെയും വരെ കാണാം.
വേഴാമ്പല്‍ ഉള്‍പ്പെടെയുള്ള പക്ഷിജാലങ്ങളും നിരവധി. രാജവെമ്പാല, മലമ്പാമ്പ് തുടങ്ങി വിവിധയിനം പാമ്പുകളെയും ചാലക്കുടി പുഴയുടെ ഓരങ്ങളില്‍ ചീങ്കണ്ണികളെയും കാണാനാകും. വര്‍ണച്ചിറകുകള്‍ വീശിയെത്തുന്ന പൂമ്പാറ്റകളും പലനിറത്തിലുള്ള ഷഡ്പദങ്ങളും കണ്ണിനു വിരുന്നാകും.
കാട്ടാനക്കൂട്ടം
ചില സമയങ്ങളില്‍ കുട്ടിയാനകള്‍ ഉള്‍പ്പെടെയുള്ള കാട്ടാനക്കൂട്ടത്തെയും വഴിയില്‍ കാണാറുണ്ട്. എട്ടും പത്തും ആനകള്‍ വരെയുള്ള ആനക്കൂട്ടങ്ങള്‍ ഈ മേഖലയില്‍ ഉണ്ടെന്നു വനപാലകര്‍ പറയുന്നു. സഫാരിയുടെ അവസാന പോയിന്റാണ് 18 കിലോമീറ്റര്‍ അകലെ ഉള്‍ക്കാട്ടിലുള്ള ആനക്കല്ല് പ്രദേശം. കാട്ടാനക്കൂട്ടവും കാട്ടുപോത്തുകളും മറ്റു വന്യമൃഗങ്ങളും വെള്ളം കുടിക്കാന്‍ പതിവായി എത്തുന്ന തുറസായൊരു സ്ഥലമാണിത്.
ഏതു കടുത്ത വേനലിലും വറ്റാത്ത ഓര് (നീരുറവ) ഇവിടെ ഉണ്ട്. ഓരില്‍ നിന്നു വെള്ളം കുടിക്കാനെത്തുന്ന മൃഗങ്ങളെ സുരക്ഷിതമായ അകലത്തില്‍നിന്നു നമുക്കു കാണാനാകും. പലപ്പോഴും കൂട്ടമായെത്തുന്ന കാട്ടാനകളും കാട്ടുപോത്തുകളും മണിക്കൂറുകളോളം ഇവിടെ ചെലവഴിക്കാറുണ്ട്.
ആനക്കല്ല് ക്യാംപ് ഷെഡില്‍ സഞ്ചാരികള്‍ക്കായി ഒരുക്കിയ ലഘുഭക്ഷണം കഴിച്ച് അല്പസമയം വിശ്രമിച്ചാണ് മടക്കയാത്ര തുടങ്ങുക. വര്‍ഷങ്ങളായി കാടിനുള്ളില്‍ രാവും പകലും കഴിയുന്ന ഫോറസ്റ്റ് വാച്ചര്‍മാര്‍ അവരുടെ കാടനുഭവങ്ങള്‍ പങ്കുവയ്ക്കും. മടക്കയാത്രയില്‍ ഉള്‍ക്കാട്ടില്‍ നിരീക്ഷണത്തിനായി വനംവകുപ്പ് നിര്‍മിച്ചിട്ടുള്ള ഏറുമാടത്തില്‍ കയറാനും അവസരമുണ്ട്.
അതിരപ്പിള്ളിയുടെ മറ്റൊരു മുഖം
യാത്രയുടെ അവസാനഘട്ടത്തിലാണ് സഫാരിയിലെ ഏറ്റവും വിസ്മയകരമായ കാഴ്ച സഞ്ചാരികളെ തേടിയെത്തുക. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ ഇതുവരെ കാണാത്ത ആംഗിളിൽനിന്നൊരു കാഴ്ച. ചാലക്കുടി പുഴയുടെ തൃശൂര്‍ ജില്ലയില്‍പെടുന്ന കരയിലാണ് വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശന കവാടം. ഇവിടെനിന്നുള്ള കാഴ്ചയാണ് അതിരപ്പിള്ളി വെള്ളച്ചാട്ടം കാണാനെത്തുന്നവർക്കു സാധാരണ കിട്ടുക. എന്നാല്‍, ഇതില്‍നിന്നു വിഭിന്നമായി പുഴയുടെ എറണാകുളം ജില്ലയില്‍പെടുന്ന മറുകരയില്‍നിന്നു വെള്ളച്ചാട്ടം കാണാനുള്ള അസുലഭമായ അവസരമാണ് സഞ്ചാരികള്‍ക്കു ലഭിക്കുന്നത്.
ഇവിടെനിന്നാല്‍ വെള്ളം ചാടുന്ന മൂന്നു കുത്തുകളും വ്യക്തമായി കാണാം. പുകമഞ്ഞു പോലെ പരക്കുന്ന വെള്ളത്തുള്ളികളില്‍ ഇളവെയില് തീര്‍ക്കുന്ന മഴവില്ലിന്റെ ചാരുത സഞ്ചാരികളുടെ മനസു നിറയ്ക്കും. പരന്നുകിടക്കുന്ന പാറക്കെട്ടുകളിലൂടെ പാല്‍നുര ചിതറി ഒഴുകുന്ന പുഴയുടെ സൗന്ദര്യം ആവോളം ആസ്വദിക്കാം. കാട്ടുവഴിയിലൂടെ ഇറങ്ങി വെള്ളച്ചാട്ടത്തിന്റെ താഴെ ഭാഗത്തു വരെ പോകാനും കഴിയും. ഉയരത്തില്‍നിന്നു താഴേക്കു ചിതറിത്തെറിക്കുന്ന വെള്ളത്തുള്ളികളില്‍ മുങ്ങി ഈറനണിഞ്ഞു മടങ്ങുമ്പോള്‍ സഞ്ചാരികളുടെ മനസും കുളിരണിയും.
ലഘുഭക്ഷണം ഉള്‍പ്പെടെ ആറു പേര് അടങ്ങുന്ന ഗ്രൂപ്പിന് പതിനായിരം രൂപയും ഒരാള്‍ക്കു മാത്രമാണെങ്കില്‍ 2,500 രൂപയുമാണ് സഫാരിയുടെ നിരക്ക്. കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും ഫോൺ: 8547601991.
മിലോ അങ്കമാലി