വയലിൻ ലഹരി
ഹരിപ്രസാദ്
Saturday, June 28, 2025 9:03 PM IST
വയലിൻ വിദ്വാന്മാരിലെ മഹാഗുരുവാണ് നെടുമങ്ങാട് ശിവാനന്ദൻ. രാജ്യത്ത് ഏറ്റവുമധികം പ്രഫഷണൽ കർണാട്ടിക് വയലിനിസ്റ്റുകളെ സൃഷ്ടിച്ചയാൾ. ഗുരുവായൂരിലെ ചെന്പൈ സംഗീതോത്സവത്തിന്റെ വയലിൻ വിഭാഗത്തിന് നാലരപ്പതിറ്റാണ്ടായി നാഥനായയാൾ.. വിശേഷണങ്ങൾക്കപ്പുറമാണ് പതിനായിരത്തിലേറെ വേദികളിൽ വയലിൻ വായിച്ച അദ്ദേഹത്തിന്റെ മഹത്വം. നെടുമങ്ങാട് ശിവാനന്ദൻ നവതിയുടെ നിറവിൽ...
ഏതാണ്ട് എട്ടുപതിറ്റാണ്ടു മുന്പാണ്. നെടുമങ്ങാട് അന്പലത്തിൽ അന്നൊരു ഹരികഥാ കാലക്ഷേപത്തിന് ഒരുക്കം നടക്കുന്നു. സംഗീതജ്ഞനും ഹാർമോണിസ്റ്റുമായ നെയ്യാറ്റിൻകര വാസുദേവൻ പിള്ളയും കുടുംബവും അന്പലത്തിനടുത്താണ് താമസം. അദ്ദേഹത്തിന്റെ അടുത്ത സ്നേഹിതൻ വിദ്വാൻ അനന്തകൃഷ്ണ ഭാഗവതരാണ് കഥപറയാൻ വരുന്നത്. ഹരികഥയ്ക്കൊപ്പം ശാസ്ത്രീയസംഗീതമാണ് അദ്ദേഹം ആലപിക്കുക പതിവ്.
വാസുദേവൻ പിള്ളയുടെ പന്ത്രണ്ടുകാരനായ മകൻ വയലിൻ വായിക്കുമെന്നറിഞ്ഞതും, എന്നാൽ അവൻ വായിക്കട്ടെ ഹരികഥയ്ക്ക് എന്നായി ഭാഗവതർ. വീട്ടിലെത്തി പിള്ള മകനോടു പറഞ്ഞു- എടാ, നീ ഇന്ന് അനന്തകൃഷ്ണ ഭാഗവതർക്കൊപ്പം വായിക്കണം. തനിക്ക് അതിനുള്ള അറിവില്ലല്ലോയെന്നു മടിച്ചുനിന്ന മകനോട് അച്ഛൻ തുടർന്നു- നീ പോയി വായിക്ക്! പതിറ്റാണ്ടുകൾക്കിപ്പുറമിരുന്ന് ആ സംഭവം ഓർമിക്കുന്പോൾ ആ മകന് ഇപ്പോഴും അത്ഭുതമാണ്. അന്ന് ആദ്യമായാണ് ഒരു വേദിയിൽ കയറി വായിച്ചത്.
അരങ്ങേറ്റം എന്നതൊന്നും വേറെയുണ്ടായിട്ടില്ല. എന്തു വായിച്ചു എങ്ങനെ വായിച്ചു എന്നൊന്നും ഇപ്പോൾ ഒരു പിടിയുമില്ല. പക്ഷേ അന്ന് അനന്തകൃഷ്ണ ഭാഗവതർ ആ ബാലന് ഒരു രൂപ സമ്മാനമായി നൽകി. വയലിനിൽനിന്നു കിട്ടിയ ആദ്യത്തെ സന്പാദ്യം. അമൂല്യമായ ഒരു രൂപ!. ഇന്ന് അസംഖ്യം കോടികൾക്കപ്പുറം മൂല്യമുള്ള ശിഷ്യസന്പത്തിനുടമയാണ് അന്നത്തെ ആ ബാലൻ- വയലിൻ ഇതിഹാസം രാഗരത്നം നെടുമങ്ങാട് ശിവാനന്ദൻ.
ചുറ്റിലും സംഗീതം
തിരുവനന്തപുരത്തെ പേരെടുത്ത സംഗീജ്ഞൻ അയ്യാച്ചി ഭാഗവതരുടെ ശിഷ്യനായിരുന്ന അച്ഛൻ വാസുദേവൻ പിള്ളയിൽനിന്നാണ് എട്ടാം വയസിൽ ശിവാനന്ദൻ സംഗീതപഠനം ആരംഭിച്ചത്. വായ്പ്പാട്ടും വയലിനും. അന്ന് കുടുംബത്തിലെ എല്ലാ വഴികളിലും സംഗീതമാണ്.
മുത്തച്ഛൻ, അച്ഛന്റെ സഹോദരിമാർ.. എല്ലാവരും സംഗീതജ്ഞർ. വീണാ വിദ്വാനായ ജ്യേഷ്ഠനും മൃദംഗവാദകനായ അനുജനും പാട്ടുകാരായ സഹോദരിമാരുമടക്കം തുടർന്നും ചുറ്റും നിറഞ്ഞുനിന്നത് സംഗീതം. 1950ൽ തിരുവനന്തപുരം മ്യൂസിക് കോളജിൽ ഗാനഭൂഷണത്തിനു ചേർന്നു. ശെമ്മാങ്കുടി ശ്രീനിവാസയ്യർ ഉൾപ്പെടെ മഹാന്മാരായ ഗുരുക്കന്മാർ. ഗാനഭൂഷണത്തിനു സബ് ആയി വീണ. അപ്പോഴും വയലിൻ നെഞ്ചോടു ചേർന്നിരുന്നു.
ഗാനഭൂഷണത്തിനുശേഷം അക്കാലത്തെ പ്രശസ്ത വയലിനിസ്റ്റ് വിരുദുനഗർ ഗണപതിയ പിള്ളയുടെ ശിഷ്യനായി ഗുരുകുല സന്പ്രദായത്തിൽ വയലിൻ പഠിച്ചു. വയലിൻ ഇതിഹാസം കുംഭകോണം രാജമാണിക്കം പിള്ളയുടെ ശിഷ്യനായിരുന്നു ഗണപതിയ പിള്ള. സ്വരത്തിനും സാഹിത്യത്തിനും ഒരേപോലെ പ്രാധാന്യം കൊടുക്കുന്ന ആ മഹത്തായ ശൈലിതന്നെയാണ് ശിവാനന്ദൻ തന്റെ ശിഷ്യരിലേക്കും പകർന്നത്.
കേൾവിക്കു പ്രാധാന്യം
പഠനകാലത്ത് കച്ചേരികൾ കേൾക്കാൻ കിലോമീറ്ററുകൾ നടന്നുപോയിരുന്ന ചരിത്രമുണ്ട് ശിവാനന്ദന്. കച്ചേരികഴിഞ്ഞ് ഇരുപതിലേറെ കിലോമീറ്റർ നടന്നാണ് വീടുപറ്റാറുള്ളത്. പലപ്പോഴും അച്ഛനും കൂടെക്കാണും. സംഗീതം കേൾക്കുന്നതിന്റെ പ്രാധാന്യം ഗുരു പറയുന്പോൾ ശിവാനന്ദന് ഈ നടത്തം ഓർമവരും.
നല്ല കച്ചേരി കേട്ടാൽ പത്തിൽ ഒന്പതും നമുക്കു സ്വീകരിക്കാനാവും. ബാക്കിയുള്ള ഒന്ന് മോശം കച്ചേരിയാണെങ്കിൽപ്പോലും കിട്ടും- അച്ഛൻ പറഞ്ഞുകൊടുത്തിരുന്നത് ഇങ്ങനെ. കേൾവിയും ചിട്ടയായ പരിശീലനവുമാണ് കച്ചേരികൾക്ക് തോന്നുംപോലെ അക്കന്പനി ചെയ്യാൻ പാടില്ലെന്ന തിരിച്ചറിവിലേക്കു നയിച്ചത്.
ഇരുപതു വയസു തികയുംമുന്പ് സർക്കാർ ജോലികിട്ടി. ചേർത്തല ഓടന്പള്ളി സ്കൂളിൽ സംഗീതാധ്യാപകനായി നിയമനം. അന്നാണ് ആദ്യമായി വീട്ടിൽനിന്നു മാറിനിൽക്കുന്നത്. അക്കാലത്ത് ചേർത്തലയിലും പരിസരങ്ങളിലും നിരവധി കച്ചേരികൾ നടക്കാറുണ്ട്. എന്നാൽ വയലിൻ വായിക്കാൻ ആവശ്യത്തിന് ആളില്ലായിരുന്നു.
പലപ്പോഴും കോയന്പത്തൂരിൽനിന്നാണ് വയലിനിസ്റ്റുകളെ കൊണ്ടുവരിക. അങ്ങനെ ശിവാനന്ദന് കൈനിറയെ അവസരങ്ങൾ വന്നു. വർഷത്തിൽ നാനൂറിലേറെ കച്ചേരികൾക്കു വായിച്ചു. പിന്നീട് ഒട്ടുമിക്ക സംഗീതജ്ഞർക്കൊപ്പവും അദ്ദേഹം വേദികളിലെത്തി. രാജ്യത്തിനകത്തും പുറത്തുമായി ധന്യമായ വേദികൾ. ഒപ്പം ആയിരക്കണക്കിനു ശിഷ്യരിലേക്ക് വയലിൻനാദം പകരുകയും ചെയ്തു.
ഇന്ന് അറിയപ്പെടുന്ന വയലിൻവാദകരിൽ മിക്കവാറുംപേരുടെ ഗുരു നെടുമങ്ങാട് ശിവാനന്ദനാണ്., അല്ലെങ്കിൽ ഗുരുവിന്റെ ഗുരു! താൻ ശീലിച്ച ചിട്ടയും സ്വരങ്ങളിലെ സൂക്ഷ്മതയും തെളിച്ചവും ശിഷ്യരിലേക്കു പകരാൻ അതീവ ശ്രദ്ധാലുവാണ് അദ്ദേഹം. ഗുരുവായൂരിലെ ചെന്പൈ സംഗീതോത്സവ വേദിയിൽ നാലരപ്പതിറ്റാണ്ടുകാലമാണ് വയലിൻ വിഭാഗത്തിന് അദ്ദേഹം നേതൃത്വം നൽകിയത്.
പുലർച്ചെ തുടങ്ങി പാതിരാ കഴിഞ്ഞും നീളുന്ന കച്ചേരികൾക്കു വായിക്കാൻ ഒരു മടിയുമില്ലാതെ കൂടെനിൽക്കുന്ന, പ്രമുഖർ ഉൾപ്പെടെയുള്ള ശിഷ്യന്മാർ അദ്ദേഹത്തിന് അഭിമാനമാണ്. വിലാസിനി അമ്മയാണ് അദ്ദേഹത്തിന്റെ പത്നി. സതീഷ് ബാബു, സന്തോഷ് ബാബു, ഡോ. സിന്ധു ദിലീപ് എന്നിവർ മക്കൾ. പ്രശസ്തയായ വയലിൻ വിദുഷിയും അധ്യാപികയുമാണ് സിന്ധു.
സമയമുണ്ടോ?
വയലിൻ പഠിക്കണമെന്ന മോഹവുമായി മുന്നിലെത്തുന്നവരോട് നെടുമങ്ങാട് ശിവാനന്ദൻ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്- പരിശീലിക്കാൻ സമയമുണ്ടോ? ഉണ്ടെങ്കിൽ മാത്രം ഇങ്ങോട്ടു വന്നാൽമതി. ദിവസവും ചുരുങ്ങിയത് ഒരു മണിക്കൂർനേരം മാറ്റിവയ്ക്കണം. സമയംകിട്ടിയില്ല സാർ എന്നു പറയാൻ പാടില്ല. സംഗീതമൊഴികെ യാതൊരുവിധ ലഹരിയും പാടില്ല എന്നത് രണ്ടാമത്തെ നിർബന്ധം. ഒരു ലഹരിയും കൈകൊണ്ടുതൊടാതെ ഞാൻ ഇത്രനാൾ ജിവിച്ചല്ലോ, ശിഷ്യരും അങ്ങനെ ആവണമെന്നാണ് ആഗ്രഹം- അദ്ദേഹം പറയുന്നു.
മാതൃകയാക്കാവുന്ന വ്യക്തിത്വമെന്നാണ് ഗുരുവിനെക്കുറിച്ച് ശിഷ്യരും പറയുന്നത്. മണിക്കൂറുകൾ നീണ്ടുപോകുന്ന ക്ലാസുകളിൽ എല്ലാവർക്കും ഒരേ പരിഗണനയാണ്. പാഠങ്ങൾ അദ്ദേഹംതന്നെ എഴുതി തയാറാക്കിത്തരും. വലിപ്പച്ചെറുപ്പമില്ലാതെ ഏതു സംഗീതജ്ഞർക്കൊപ്പവും വായിക്കാനെത്തും. ശിഷ്യരുടെ വായനകേട്ട് മുഖസ്തുതി പറയുന്ന ഏർപ്പാടില്ല. ഇന്നയിന്ന സ്ഥലങ്ങളിൽ തെറ്റി, കൂടുതൽ നന്നാക്കാമായിരുന്നു എന്ന് ഉപദേശിക്കും- ശിഷ്യരുടെ പക്ഷം.
ശിവാനന്ദലഹരി
ഇന്ന് ചേർത്തലയിൽ നടക്കുന്ന നവതി ആഘോഷത്തിൽ ശിഷ്യർ അദ്ദേഹത്തോടൊപ്പം വയലിൻ വായിക്കും. ഹിൽടോപ് കണ്വൻഷൻ സെന്ററിൽ രാവിലെ എട്ടരമുതലാണ് ആഘോഷ പരിപാടികൾ. വൈകീട്ട് ആറിന് ലാൽഗുഡി ജി.ജെ.ആർ. കൃഷ്ണൻ, ലാൽഗുഡി വിജയലക്ഷ്മി എന്നിവരുടെ വയലിൻ ഡ്യുയറ്റും അരങ്ങേറും.