ഓർമകളിലെ നന്മദിനങ്ങൾ
ഹരിപ്രസാദ്
Saturday, July 5, 2025 9:01 PM IST
ജന്മദിനങ്ങൾ കേക്ക് മുറിച്ച് ആഘോഷിക്കാൻ മാത്രമുള്ളതല്ല. നടന്ന വഴികളിലേക്ക് ഒന്നു തിരിഞ്ഞുനോക്കാനും കൈവന്ന നന്മകൾക്കു കാരണമായവരെ നന്ദിയോടെ ഓർക്കാനുമുള്ള വേളയുമാണത്. ഇടനെഞ്ചിൽ കൈവച്ച് ഓർമകൾക്കുനേരെ ഒരു നിമിഷം പുഞ്ചിരിക്കാൻ ജന്മദിനംതന്നെ വേണമെന്നില്ലെന്നതു വേറെകാര്യം. ഗായകൻ നിതിൻ മുകേഷിന്റെ ജന്മദിനമായിരുന്നു കഴിഞ്ഞനാൾ. അദ്ദേഹം ഓർമിച്ചത് എന്തൊക്കെ...
പരിപൂർണമായ സംതൃപ്തിയും നന്ദിയും.. ദൈവം എന്നോടു കരുണയുള്ളവനാണ്... രാജ്യത്തെ ഏറ്റവും പ്രതിഭാധനന്മാരായ ഗായകരിൽ ഒരാളുടെ മകനായി ജനിക്കാനായതുതന്നെ വലിയ അനുഗ്രഹം.. ജീവിതത്തോടുള്ള, കഴിഞ്ഞകാലത്തോടുള്ള നന്ദി പ്രകാശിപ്പിച്ച് ജന്മദിനം ആഘോഷിച്ച ഗായകൻ നിതിൻ മുകേഷിന്റെ വാക്കുകൾ.
പിതാവ് മഹാനായ ഗായകൻ മുകേഷിന്റെ പാരന്പര്യം സംഗീതലോകത്ത് തനിക്കു നൽകിയത് അനന്യമായ സ്വീകാര്യതയാണെന്നു വ്യക്തമാക്കുകയായിരുന്നു നിതിൻ. കഴിഞ്ഞ 27ന് എഴുപത്തഞ്ചു വയസു തികഞ്ഞു ഗായകൻ നിതിൻ മുകേഷ് മാഥൂറിന്.
എണ്പതുകളിലും തൊണ്ണൂറുകളിലും ഒരുപിടി സുന്ദരഗാനങ്ങൾ നിതിന്റെ ശബ്ദത്തിൽ ഹിന്ദി സിനിമാലോകം കേട്ടു. ഖയ്യാം, ആർ.ഡി. ബർമൻ, ലക്ഷ്മികാന്ത്-പ്യാരേലാൽ എന്നിവർ മുതൽ നദീം-ശ്രാവണ് വരെയുള്ള സംഗീതസംവിധായകർക്കൊപ്പം അദ്ദേഹം പ്രവർത്തിച്ചു. ശശി കപൂർ, മനോജ് കുമാർ, ജിതേന്ദ്ര, ജാക്കി ഷ്രോഫ്, അനിൽ കപൂർ എന്നിവർക്കുവേണ്ടി വെള്ളിത്തിരയിൽ ശബ്ദമായി. തേസാബ് എന്ന ചിത്രത്തിലെ സോ ഗയാ യേ ജഹാ എന്ന ഒരൊറ്റ ഗാനം മതി നിതിന്റെ ശബ്ദത്തിലെ അനന്യത തിരിച്ചറിയാൻ.
ലതാ മങ്കേഷ്കറും ആശാ ഭോസ്ലേയും മുതൽ അൽക്കാ യാഗ്നിക് വരെയുള്ള ഗായികമാർക്കൊപ്പം പാടിയ യുഗ്മഗാനങ്ങൾ ഇന്നും ആരാധകർക്കു പ്രിയങ്കരം. ഭജനുകൾകൊണ്ടും നിതിൻ മുകേഷ് ആസ്വാദക ഹൃദയങ്ങളിലെത്തി. ലോകമെന്പാടുമായി ഒട്ടേറെ ലൈവ് പ്രോഗ്രാമുകൾ അദ്ദേഹം നടത്തിയിട്ടുണ്ട്. പിതാവിന്റെ സ്മരണയിൽ കൽ കി യാദേ എന്ന പേരിൽ 2006ൽ നടത്തിയ വേൾഡ് ടൂർ ശ്രദ്ധേയമായിരുന്നു.
പിതാവിന്റെ നിഴൽ
ലോകമെങ്ങും സംഗീതപ്രേമികൾ ആദരവോടെ കേട്ടിരുന്ന മുകേഷിന്റെ മകനായത് സംഗീതലോകത്ത് ഏതുവിധത്തിൽ സ്വാധീനിച്ചു എന്ന് ഈയിടെ നിതിനോടു ചോദിച്ചു ഒരഭിമുഖക്കാരൻ.
പിതാവിന്റെ പ്രശസ്തിയും സ്വീകാര്യതയും ഒരു ഭാരമായിരുന്നോ എന്നായിരുന്നു ചോദ്യത്തിലെ ധ്വനി. "ഒരിക്കലുമല്ല, നേരേ തിരിച്ചായിരുന്നു' എന്നു മറുപടി നൽകി നിതിൻ. പാരന്പര്യം ഭാരമോ നിഴലോ അല്ല, മറിച്ച് വെളിച്ചമായിരുന്നു എന്ന് ഹൃദയപൂർവം ഓർമിക്കുകയാണ് അദ്ദേഹം.
മുകേഷിനു ലഭിച്ചിരുന്ന അതേ സ്വീകാര്യത തുടക്കകാലത്ത് തനിക്കും കിട്ടിയെന്ന് നിതിൻ പറയുന്നു. "മുഹമ്മദ് റഫി, മന്നാ ഡേ, കിഷോർ കുമാർ, മുകേഷ് തുടങ്ങിയ ഇതിഹാസ ഗായകരുണ്ടായിരുന്ന ഹിന്ദി സിനിമാ സംഗീതലോകത്തേക്കാണ് ഞാനും വന്നത്. മുകേഷിന്റെ മകനല്ലായിരുന്നെങ്കിൽ എളുപ്പത്തിൽ സ്വീകാര്യത ലഭിക്കില്ലായിരുന്നു.
പിതാവിന്റെ അപ്രതീക്ഷിതമായ വേർപാടിനുശേഷം ലതാ മങ്കേഷ്കർജി, സരസ്വതീദേവി, എന്നെ ഒരു രക്ഷാകർത്താവിനെപ്പോലെ അവരുടെ ചിറകുകൾക്കു കീഴിൽ സംരക്ഷിച്ചു. എനിക്കൊപ്പം ഡ്യുവറ്റുകൾ പാടാൻ അവർ സമ്മതിച്ചു. എന്തൊരനുഗ്രഹമായിരുന്നു അതെനിക്ക്! എന്റെ മകന് നീൽ എന്നു പേരിട്ടതും അവരാണ്'- നിതിൻ പറഞ്ഞു. (മകൻ നീൽ നിതിൻ മുകേഷ് ഹിന്ദി ചലച്ചിത്ര നടനാണ്).
ഓർമപ്പിറന്നാളുകൾ
"എന്റെ കുട്ടിക്കാലത്ത് ഞങ്ങൾ വലിയ ധനികരൊന്നുമായിരുന്നില്ല. എന്നാൽ ഞങ്ങൾക്ക് ഒരു കുറവും വരുന്നില്ലെന്ന് ഉറപ്പാക്കാൻ അച്ഛനും അമ്മയും എപ്പോഴും ശ്രമിച്ചിരുന്നു. ഇല്ലായ്മകൾക്കിടയിലും ജന്മദിനങ്ങൾക്ക് കേക്കുകളും ബലൂണുകളും പുതിയ വസ്ത്രങ്ങളും വാങ്ങി.
ചെറിയ പാർട്ടികൾ നടത്തി. ഞങ്ങൾക്കതു ധാരാളമായിരുന്നു. വലിയ സന്തോഷത്തിന്റെ കാലം. പിൽക്കാലത്ത് ഞാൻ മുതിർന്നശേഷം ഒരു കാർ വേണമെന്ന് അമ്മയോട് ആവശ്യപ്പെട്ടു. വിവരമറിഞ്ഞ അച്ഛൻ സ്വന്തമായി ഉപയോഗിച്ചിരുന്ന കാർ എനിക്കുതന്ന് ബസിൽ യാത്രചെയ്തുതുടങ്ങി!'- നിതിൻ പറയുന്നു.
പട്ടുപോലുള്ള സ്വരവും അതിനേക്കാൾ മൃദുലമായ മനസുമായിരുന്നു മുകേഷിനെന്ന് ഹിന്ദി സംഗീതലോകം പണ്ടേ തിരിച്ചറിഞ്ഞതാണ്. ബസുകളിൽ യാത്രചെയ്യുന്നത് ഒരുകാലത്ത് അദ്ദേഹത്തിന്റെ പതിവുമായിരുന്നു. സ്റ്റാറ്റസിനുവേണ്ടി സാധനങ്ങൾ വാങ്ങിക്കൂട്ടുന്നത് മുകേഷ് ഒരിക്കലും ശീലിച്ചിരുന്നില്ല.
സംഗീതപരിപാടികൾക്കായി അമേരിക്ക സന്ദർശിക്കവേ ഡെട്രോയ്റ്റിൽവച്ചാണ് മുകേഷ് ഹൃദ്രോഗംമൂലം മരിച്ചത്. ലതാ മങ്കേഷ്കർക്കൊപ്പം വേദിയിലെത്താനിരിക്കുകയായിരുന്നു ഭാവഗാനങ്ങളുടെ രാജകുമാരനായ അദ്ദേഹം. 1976 ഓഗസ്റ്റ് 27നായിരുന്നു മരണം. അന്ന് നിതിന് 26 വയസ്. ചെറിയകാലംകൊണ്ടു പകർന്നുകിട്ടിയ മൂല്യങ്ങൾ തന്റെ അടുത്ത തലമുറയിലേക്കും പകരാനാണ് ശ്രമമെന്ന് നിതിൻ പറയുന്നു.