സൂര്യകവിതകളുടെ ഹേമന്തം
വി.എസ്. ഉമേഷ്
Saturday, August 2, 2025 9:10 PM IST
പ്രഭാതത്തിലും സായന്തനത്തിലും ഓരോ കവിതകൾവീതം... അതും പ്രകൃതിയുടെ ഊർജകേന്ദ്രമായ സൂര്യനെക്കുറിച്ച്... പ്രത്യൂഷ കീർത്തനം എന്നപേരിൽ സമൂഹമാധ്യമങ്ങളിലൂടെ ഹേമ ആനന്ദ് എന്ന വീട്ടമ്മ രചിക്കുന്ന കവിതകളുടെ എണ്ണം രണ്ടായിരം കവിഞ്ഞു. ഇതിനോടകം സൃഷ്ടിച്ചത് 40ലേറെ പുതിയ വൃത്തങ്ങൾ!.
2019 മാർച്ച് 15 ന് ഒരു വാട്ട്സ്ആപ്പ് കൂട്ടായ്മയിൽവന്ന ഒരു പൂവിന്റെ ചിത്രംകാണിച്ച് എന്തെങ്കിലുമെഴുതാമോ എന്ന ചോദ്യത്തിനുത്തരമായിട്ടാണ് മലപ്പുറം കാളികാവ് പൂങ്ങോട് മണപ്പാട്ട് വീട്ടിൽ ഹേമ ആനന്ദ് എന്ന വീട്ടമ്മ കവിതയുടെ ലോകത്തേക്കുകടന്നത്. ആദ്യം ഗദ്യകവിതകളായിരുന്നു.
പിന്നീടത് വൃത്തകേന്ദ്രീകൃതമായ കവിതകളായി. ആകെ എഴുതിയ കവിതകളും ശ്ലോകങ്ങളുമടക്കം രണ്ടായിരത്തിനു മുകളിൽ രചനകൾ പൂർത്തിയായിട്ടുണ്ടെങ്കിലും സൂര്യന്റെ ഉദയവും അസ്തമനവും കേന്ദ്രീകരിച്ച് എഴുതുന്ന പ്രത്യുഷകീർത്തനത്തിനു തന്നെയായിരുന്നു മുൻതൂക്കം."സൂര്യനാണ് പ്രകൃതിയുടെ ഊർജ കേന്ദ്രമെന്നാണ് സയൻസ് പറയുന്നത്. പണ്ടുമുതൽക്കേ സൂര്യാരാധനയുണ്ടായിരുന്നതായും പറയപ്പെടുന്നു.
സൂര്യനെ നമ്മുടെ ജന്മദാതാവായും ഭൂമിയെ അമ്മയായും കരുതുന്ന സങ്കല്പം ചെറുപ്പത്തിലേ എന്റെ മനസ്സിലുറച്ചിരുന്നു. ഓരോ ദിവസവും ഉദയത്തിന് മാറ്റങ്ങൾ സംഭവിക്കുന്നു. ജീവിതത്തിലെ പല പരീക്ഷണങ്ങൾക്കുമുള്ള മറുപടി പ്രകൃതി പറയാതെ പറയുന്നതു ഞാനറിഞ്ഞു. അതോടെ ഉദയസമയത്തുണ്ടാകുന്ന മാറ്റങ്ങളെ നിരീക്ഷിക്കാനും എഴുതാനും തുടങ്ങി.
പൂർവികരുടെ സങ്കല്പങ്ങളും പ്രകൃതിയുടെ മാറ്റങ്ങളും ചേർത്തെഴുതുമ്പോൾ അതിലൊരു സന്ദേശംകൂടെ ഉൾപ്പെടുത്താൻ ശ്രമിക്കുന്നു. '- തന്റെ കവിതാ പരന്പരയെക്കുറിച്ച് ഹേമ പറയുന്നതിങ്ങനെയാണ്.കവിതയെഴുതിത്തുടങ്ങിയ സമയത്ത് ചില വാട്സാപ്പ് സാഹിത്യ ഗ്രൂപ്പുകളിൽ രാവിലെ നാലുവരികളാണെഴുതിയിരുന്നത്. പിന്നീടവ എട്ടുവരികളാക്കി. അപ്പോളാണ് 14 വരികളാക്കിക്കൂടേ എന്നൊരു നിർദേശംവന്നത്.
പിന്നീടങ്ങനെ 16- 20 വരികളായി. ആദ്യമെല്ലാം വൃത്തമെന്നത് കിട്ടാക്കനിയായി. ഒടുവിൽ വൃത്തം പഠിക്കാനൊരു കൂട്ടായ്മയിൽ ചേർന്നെങ്കിലും ഫലവത്തായില്ല. പിന്നീട് മുരളി ബമ്മണ്ണൂർ, ഗോവിന്ദൻ എന്നിവരാണ് ആദ്യപാഠങ്ങൾ പറഞ്ഞുതന്നത്. ശ്രീനാരായണൻ മൂത്തേടത്താണ് എന്നെ ദേഷ്യപ്പെട്ടും ഉപദേശിച്ചും വൃത്തത്തിൽ തെറ്റില്ലാതെയെഴുതാൻ സഹായിച്ചത്.
പിന്നെ വിനോദ് പെരുവ, പിന്നീടിപ്പോൾ പ്രഫ. ശ്രീലകം വേണുഗോപാൽ, ജോസഫ് ബേബി, വാസുദേവനുണ്ണി... ഗുരുസ്മരണീയർ ഏറെയുണ്ട്. ശ്രീലകംസാറിനെ കണ്ടുമുട്ടിയതിനു ശേഷമാണ് എഴുത്തിൽ ഒരുപാടു മാറ്റങ്ങളുണ്ടായത്.ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ എന്തൊക്കെയോ എഴുതിയിരുന്നെങ്കിലും ആരെയും കാണിക്കാനുള്ള ധൈര്യമുണ്ടായിരുന്നില്ല. അഞ്ചുമുതൽ ഡിഗ്രി വരെയുള്ള കാലയളവിൽ സംസ്കൃതം പഠിച്ചതും ഗുണംചെയ്തു- ഹേമ പറയുന്നു.
14 വർഷത്തോളം വാണിയന്പലം ജിഎച്ച്എസ്എസിൽ ഐടി അധ്യാപികയായിരുന്നു. ഇതുവരെ മൂന്നു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. ഒരു പുസ്തകം ബാലസാഹിത്യവിഭാഗത്തിലാണ്. കുട്ടികൾക്ക് അക്ഷരപ്പാട്ടുകൾ എന്നാണതിന്റെ പേര്. ബാലസാഹിത്യവിഭാഗത്തിൽ കവിതകൾ വേറെയുമെഴുതിയിട്ടുണ്ട്- അക്ഷരപ്പാട്ടുകൾ, അക്കപ്പാട്ടുകൾ, ഗുണപാഠകവിതകൾ തുടങ്ങി പലതും.101 പ്രത്യൂഷകീർത്തനങ്ങൾ സമാഹരിച്ച് പുസ്തകമാക്കിയിട്ടുണ്ട്.
രാമായണത്തെ അധികരിച്ചെഴുതിയ കവിതാസമാഹാരം സാകേതദ്ധ്വനികൾ എന്ന പേരിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഹേമദീപ്തം, പ്രിയദം, ശ്രീമയം, ശുഭഗീതിക, അംബുജദളം, ശിവശങ്കരം, ഹൈമവതി, നീലാംബരി, പ്രമദധ്വനി, നവമല്ലിക, സരസാംഗി തുടങ്ങി നാല്പതിലേറെ പുതിയ വൃത്തങ്ങളുടെ സൃഷ്ടിയും ഹേമ നടത്തി. ലളിതഗാനങ്ങൾ, ഭക്തിഗാനങ്ങൾ തുടങ്ങിയവയുടെ ആൽബങ്ങളിലേക്കും പാട്ടുകളെഴുതി. കവിത എന്ന വിഷയമടിസ്ഥാനമാക്കി എൺപതോളം ശ്ലോകങ്ങൾ ശാർദ്ദൂലവിക്രീഡിതം എന്ന വൃത്തത്തിലുമെഴുതി.
തൃശൂർ ജില്ലയിലെ പാർളിക്കാട് നാരായണൻ നമ്പീശന്റെയും ദേവകി ബ്രാഹ്മണിയമ്മയുടെയും മകളായി ജനിച്ച ഹേമ മലപ്പുറം കാളികാവ് പഞ്ചായത്തിലെ പൂങ്ങോട് ഗ്രാമത്തിലെ കർഷകനായ പി.എം. ആനന്ദന്റെ പത്നിയാണ്. മീര, മായ എന്നീ രണ്ടുപെൺമക്കളാണിവർക്ക്.