ഇളങ്കാറ്റും സുഗന്ധവും വരയ്ക്കുമ്പോൾ
എസ്. മഞ്ജുളാദേവി
Saturday, August 9, 2025 4:06 PM IST
മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത ചിത്രരചനാരീതി പിന്തുടരുകയാണ് വർക്കല സ്വദേശിയായ ഷാജുറ്റി. കാന്‍വാസില്‍ മിസ്യൂണ് എന്ന പശ പുരട്ടിയശേഷം അവയില്‍ വിദേശനിര്‍മിതമായ നേര്‍ത്ത സ്വര്‍ണ പേപ്പറുകള്‍ പതിപ്പിച്ചാണ് ഈ ചിത്രകാരൻ പെയിന്റിംഗുകൾ ഒരുക്കുന്നത്...
ഒരു പൂവ് വിടര്‍ന്ന് സുഗന്ധം പൊഴിക്കുന്നത് എങ്ങനെയാണെന്ന് വാക്കുകള്‍കൊണ്ട് പറയുക അസാധ്യം. മുല്ലപ്പൂവിന്റെ സുഗന്ധം നമ്മള് അനുഭവിക്കുകയാണ്. അതുപോലെതന്നെയാണ് ഇളംകാറ്റിന്റെ തലോടലും. പ്രപഞ്ചത്തിലെ ചില അനുഭൂതികള്‍ അങ്ങനെയാണ്. വാക്കുകള്‍ കൊണ്ട് വര്‍ണിക്കുക എളുപ്പമല്ല.
ഒരു ചിത്രകാരന് തന്റെ കാന്‍വാസില്‍ വരച്ചിടുന്ന ചിത്രങ്ങളും ഇതുപോലെ സൗന്ദര്യാനുഭവമാണെന്ന് പ്രശസ്ത ചിത്രകാരന് ഷാജുറ്റി പറയുന്നു. ഈ സ്വപ്ന സൗന്ദര്യത്തെ വിശദമാക്കാന്‍ കഴിയാത്തതിനാല്‍ തന്നെ തന്റെ പെയിന്റിംഗുകള്‍ക്ക് ചിത്രകാരന് പേരുകള്‍ നല്‍കാറില്ല. കഴിഞ്ഞ നാല്പതു വര്‍ഷത്തിലധികമായി ഷാജുറ്റി വരച്ച ചിത്രങ്ങളെല്ലാംതന്നെ അടിക്കുറിപ്പുകള്‍ ഇല്ലാത്തതാണ്.
കാന്‍വാസിനു മുന്നില്‍ നിൽക്കുമ്പോള് ഒരന്വേഷകനാണ് പലപ്പോഴും ചിത്രകാരന്. സ്വപ്നസഞ്ചാരങ്ങളിലൂടെ രാഗസാന്ദ്രതയിലൂടെ വര്‍ണങ്ങള്‍ കാന്‍വാസുകളിലേക്കു ഒഴുകിയെത്തുന്ന നിമിഷങ്ങള്‍. അതുകൊണ്ടുതന്നെ ഒരു തുടര്‍ച്ചയാണ് പെയിന്റിംഗുകള്‍, ഒരു സൃഷ്ടി പൂര്‍ണമാവുന്നത് ആസ്വാദകനിലൂടെയാണെന്നും ഷാജുറ്റി പറയുന്നു.
ചിത്രങ്ങള്‍ക്കു താഴെ പേരുകള്‍ നല്‍കുന്നത് കാഴ്ചക്കാരുടെ ആസ്വാദനതലത്തെ പരിമിതപ്പെടുമെന്ന അഭിപ്രായമാണ് ചിത്രകാരന്. ഒരു പെയിന്റിംഗ് രൂപപ്പെടുന്നത് പലപ്പോഴും അദൃശ്യമായ ഏതോ സ്വാധീനങ്ങളിലൂടെയാണ്. തീര്‍ച്ചയായും ചിത്രകാരന്റെ മനസില്‍ ഒരു രൂപമോ ആശയമോ ഉണ്ടാവും. എന്നാല്‍ കാന്‍വാസിലേക്ക് ബ്രഷ് ചലിപ്പിക്കുമ്പോള്‍ ചിത്രകാരന് പോലുമറിയാത്ത വര്‍ണവിസ്മയം അവിടെ ഉണര്‍ന്നുവരും. ആസ്വാദകരുടെ ഉള്പ്രപഞ്ചമാണ് പിന്നീട് അതേറ്റുവാങ്ങുന്നത്.
അടുത്തയിടെ കോഴിക്കോട് ലളിതകലാ അക്കാഡമിയുടെ ആര്‍ട്ട് ഗാലറിയില്‍ ഷാജുറ്റി നടത്തിയ റിഫ്ലക്ഷന് പെയിന്റിംഗുകളുടെ പ്രദര്‍ശനം ചിത്രകലാരംഗത്തുതന്നെ പുതിയൊരു ചുവടുവയ്പ്പായിരുന്നു. മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പ്രതലത്തിലാണ് കേരളത്തിന്റെ ചാരുതയാര്‍ന്ന ആമ്പല്‍പ്പൂക്കളും താമരപ്പൂക്കളും ചിത്രകാരന് വരച്ചുവച്ചത്.
കാന്‍വാസില്‍ മിസ്യൂണ് എന്ന പശ പുരട്ടിയശേഷം അവയില്‍ വിദേശനിര്‍മിതമായ നേര്‍ത്ത സ്വര്‍ണ പേപ്പറുകള്‍ (ഇമിറ്റേറ്റിംഗ് ഗോള്‍ഡ് പേപ്പര്‍) പതിപ്പിച്ചുവച്ച് സൃഷ്ടിക്കുന്ന പെയിന്റിംഗുകളാണിത്. സ്വര്ണപേപ്പറിന്റെ അടരുകളില്‍ വാര്‍ണിഷിന്റെ നേര്‍ത്ത ആവരണം നല്‍കിയശേഷം ആമ്പല്പ്പൂക്കളെയും താമരയെയും സ്കെച്ച് ചെയ്യുകയായിരുന്നു. നന്നായി നേര്‍പ്പിച്ച എണ്ണച്ചായം കൊണ്ടാണ് പൂക്കള്‍ക്കു വര്‍ണഭംഗി പകര്‍ന്നത്.
ഗാലറിയിലെ സ്പോട്ട് ലൈറ്റില്‍ നിന്നുള്ള വെളിച്ചം ഈ പ്രതലത്തില്‍ പതിക്കുമ്പോള്‍ ഉണ്ടാകുന്ന വര്‍ണ പ്രപഞ്ചം പുതിയൊരു അനുഭവമായിരുന്നു. ഗള്‍ഫില്‍ പതിനഞ്ച് വര്‍ഷങ്ങള്‍ ഇന്റീരിയര്‍ ആര്‍ട്ട് ഡിസൈനറായി പ്രവര്‍ത്തിച്ചതിന്റെ പരിചയമാണ് പുതിയ പ്രതല സൃഷ്ടിയിലേക്കു ചിത്രകാരനെ എത്തിച്ചത്. അബുദാബിയിലെ കാപിറ്റല്‍ മാളിലെ ആര്‍ട്ട് ഗാലറിയില്‍ പ്രദര്‍ശിപ്പിച്ച ശേഷമാണ് കോഴിക്കോട് റിഫ്ലക്ഷന് പെയിന്റിംഗ് പ്രദര്‍ശനം നടത്തിയത്.
തിരുവനന്തപുരം ജില്ലയിലെ വര്‍ക്കലയ്ക്കടുത്ത് ചാവര്‍കോട് സ്വദേശിയാണ് ഷാജുറ്റി. കല്ലമ്പലത്തെ ഇന്ത്യന്‍ ഫൈന്‍ ആര്‍ട്സ് എന്ന സ്ഥാപനത്തില്‍നിന്നു ചിത്രകലാപഠനം പൂര്‍ത്തിയാക്കിയ ഷാജുറ്റി ആദ്യകാലത്ത് യഥാതഥ ചിത്രങ്ങള്‍ ആണ് വരച്ചിരുന്നത്.
പ്രശസ്ത ചിത്രകാരന് കെ. ജയപാല പണിക്കരുമായുള്ള അടുപ്പമാണ് അമൂര്ത്തചിത്രലോകത്തേക്ക് കൂട്ടുന്നത്. ജീവിത സങ്കീര്‍ണതകള്‍ക്കു അമൂര്‍ത്തഭാവം പകര്‍ന്ന കുറേയധികം പെയിന്റിംഗുകള്‍ തീര്‍ത്തിട്ടുണ്ട്. ഡല്‍ഹി, മുംബൈ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ പ്രദര്‍ശനവും നടത്തി.
ആസ്വാദകനു കാഴ്ചയുടെ അനുഭവം നല്‍കുക, പുതിയ ആസ്വാദന തലത്തിലേക്കു മനസുകളെ ഉയര്‍ത്തുക എന്നതാണ് ഒരു ചിത്രകാരന്റെ പ്രധാന ധര്‍മമെന്ന് ഷാജുറ്റി പറയുന്നു.