സ രി ഗ... മാളവിക!
ഹരിപ്രസാദ്
Saturday, August 16, 2025 9:51 PM IST
മൂന്നു റിയാലിറ്റി ഷോകളിലെ വിജയി... പതിനായിരം മണിക്കൂറുകൾ പിന്നിട്ട് ഓൺലൈൻ സംഗീതാധ്യാപനം... ഗായിക മാളവിക അനിൽകുമാർ ഇപ്പോൾ സാധാരണ പാട്ടുപ്രേമികൾക്കും മനസിലാകുന്നവിധം നൊട്ടേഷനുകൾ വിശദീകരിക്കുന്നു, വീഡിയോകളിലൂടെ..
പ്രമദവനം വീണ്ടും എന്നു തുടങ്ങുന്ന മനോഹരഗാനം കേൾക്കാത്തവരോ ഏറ്റുപാടാൻ ശ്രമിക്കാത്തവരോ ആയ മലയാളികൾ തീരെ ചുരുക്കമാവും.
കൈതപ്രം-രവീന്ദ്രൻ-യേശുദാസ് ടീം ഒരുക്കിയ, ജോഗ് രാഗത്തിലുള്ള അസൽ മാജിക്. അതിൽ തെളിദീപം കളിനിഴലിൻ കൈക്കുന്പിൾ നിറയുന്പോൾ എന്ന വരിക്കുശേഷം "എൻ....' എന്നൊരു ഭാഗമുണ്ട്. വേദികളിൽ പാടുന്ന പലരും ആ സംഗതി അഡ്ജസ്റ്റ് ചെയ്തു പാടാറാണ് പതിവ്. എന്നാൽ എങ്ങനെയെങ്കിലും പാടിവിടേണ്ട സംഗതിയല്ല അതെന്നു പറയും ഗായിക മാളവിക അനിൽകുമാർ.
നിസഗമപനിപമ നിസഗമപമഗസനി എന്നിങ്ങനെ 17 സ്വരങ്ങളുടെ മേളനമാണ് പാട്ടിന്റെ ആ ഭാഗമെന്നു പാടിക്കേൾപ്പിക്കുകയാണ് മാളവിക. ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലുമായി ഇതുപോലെ അസംഖ്യം പാട്ടുകളുടെ സ്വരസ്ഥാനങ്ങൾ വിശദീകരിക്കുന്ന മാളവികയുടെ വീഡിയോകൾ വൈറലാണിപ്പോൾ. പാട്ടും പറച്ചിലും കമന്റുകളിലെ ചർച്ചകളുമായി മാളവിക സൃഷ്ടിക്കുന്നത് സുന്ദരമായ വൈബ്!
അധ്യാപിക, പാട്ടുകാരി
ശാസ്ത്രീയസംഗീതം ഒട്ടുമറിയാത്തവർക്കുപോലും മാളവികയുടെ വീഡിയോകളിലെ നൊട്ടേഷനുകളുടെ സഞ്ചാരം കേട്ടാൽ കൗതുകം തോന്നും. ഒരധ്യാപിക മുന്നിലിരുന്നു സ്വരങ്ങൾ പറഞ്ഞുതരുന്ന പ്രതീതി. പലപ്പോഴും വിസ്മയംകൊണ്ടു കണ്ണുമിഴിക്കും. എങ്ങനെയാണ് ഇത്തരം വീഡിയോകൾ ചെയ്തുതുടങ്ങാമെന്ന ആശയത്തിലേക്ക് എത്തിയത്? മാളവിക പറയുന്നു: "വളരെ യാദൃച്ഛികമായാണ് ഇതു തുടങ്ങിയത്. 2014 മുതൽ ഓണ്‍ലൈനിൽ സംഗീതം പഠിപ്പിക്കുന്നുണ്ട്.
അന്ന് ഇന്നത്തെപ്പോലെ സൗകര്യങ്ങളില്ല. സാധ്യമാകുമോ എന്നുപോലും അറിയില്ലായിരുന്നു. എന്നാൽ പഠിപ്പിക്കുന്ന രീതി കുട്ടികൾക്ക് ഇഷ്ടമായി. ടീച്ചിംഗ് കണ്ടിട്ട് പലരും നല്ല അഭിപ്രായം പറഞ്ഞു. വീഡിയോകളാക്കി യുട്യൂബിൽ പോസ്റ്റ് ചെയ്യണമെന്നും ആവശ്യങ്ങളുണ്ടായി. സമയക്കുറവുമൂലം അതു കാര്യമായെടുത്തില്ല. ഏതാണ്ടെല്ലാ ആർട്ടിസ്റ്റുകളും ഓണ്‍ലൈനിൽ സജീവമായ കോവിഡ് കാലത്തുപോലും ഞാൻ വീഡിയോ ചെയ്തിട്ടില്ല.
സംഗീതക്ലാസുകളിൽ അത്ര തിരക്കായിരുന്നു അന്ന്. 13 മണിക്കൂർ വരെ ക്ലാസുകളെടുത്തിരുന്നു. കഴിഞ്ഞ മേയിൽ മസ്കറ്റിൽ ഒരു സ്റ്റേജ് ഷോ ഉണ്ടായിരുന്നു. റിഹേഴ്സലിനായി നാലുദിവസം മുന്‍പുതന്നെ അവിടെയെത്തി. റിഹേഴ്സൽ വൈകുന്നേരങ്ങളിലാണ്. പകൽ സമയത്ത് പ്രത്യേകിച്ചു പണിയൊന്നുമില്ലാതെ ഇരുന്നപ്പോഴാണ് വെറുതേ ഒരു റീൽ എടുത്തത്.
നാലു തലയിണകൾ കൂട്ടിവച്ച് മൊബൈൽ സ്റ്റാൻഡ് ആക്കി, ശ്രീരാഗമോ എന്ന പാട്ടിന്റെ താളം വിശദീകരിക്കുന്ന വീഡിയോ എടുത്ത് പോസ്റ്റ് ചെയ്തു. അല്പം ശ്രമകരമായ താളമാണല്ലോ അത്. ആ റീലിന് അത്ഭുതപ്പെടുത്തുന്ന പ്രതികരണങ്ങളാണ് ലഭിച്ചത്. എന്നാൽപ്പിന്നെ നാലെണ്ണംകൂടി ചെയ്യാം എന്നു കരുതി. അതും ഹിറ്റായി. പിന്നെപ്പിന്നെ തിരക്കുകൾക്കിടയിലും ഈ ട്രാക്കിൽനിന്നു മാറിയില്ല'.
മേക്കപ്പില്ല, മിക്സിംഗും ഇല്ല
വിദ്യാർഥികൾ പല രാജ്യങ്ങളിൽ പല ടൈം സോണുകളിലായതിനാൽ പുലർച്ചെ രണ്ടുവരെ ദിവസവും ക്ലാസുകളിലാണ് മാളവിക. രണ്ടു മുതൽ മൂന്നുവരെയുള്ള സമയത്താണ് വീഡിയോകൾ തയാറാക്കുന്നത്. പ്രത്യേകിച്ച് ഒരു തയാറെടുപ്പുമില്ല. മേക്കപ്പോ പ്രത്യേക വസ്ത്രധാരണമോ ഇല്ല. ശബ്ദത്തിൽ മിക്സിംഗ് യാതൊന്നുമില്ല, റിവേർബ് പോലും.
മൊബൈലിലെ ഒരു സാധാരണ ആപ്പിൽ സ്വരങ്ങൾ എഴുതിക്കാണിക്കാനുള്ള എഡിറ്റിംഗ് മാത്രമാണ് ചെയ്യുന്നത്. റോ ആയ ശബ്ദത്തിൽ പാടുന്നു. സംഗീതത്തെക്കുറിച്ച് മുന്നിലുള്ള ഒരാളോടു സംസാരിക്കുന്ന അന്തരീക്ഷമാണ് തന്റെ ഉള്ളിലുള്ളതെന്നു പറയുന്നു മാളവിക. ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ലാത്ത പ്രതികരണങ്ങളാണ് വീഡിയോകൾക്കു കിട്ടിക്കൊണ്ടിരിക്കുന്നത്. ദിവസവും റിക്വസ്റ്റുകളുമായി ഒരുപാടു സന്ദേശങ്ങൾ എത്തുന്നു.
ഒരു ഗായിക എന്നതിനപ്പുറം സംഗീതജ്ഞ എന്ന നിലയിലേക്ക് ആളുകൾ അറിഞ്ഞുതുടങ്ങി. രമേശ് നാരായണൻ, ശരത്, ശ്രീനിവാസ്, ഷഹബാസ് അമൻ, സിതാര തുടങ്ങി പലരും അഭിനന്ദനങ്ങളുമായെത്തി. ഓരോ പാട്ടും ഷെയർ ചെയ്യപ്പെട്ട് അതിന്റെ സ്രഷ്ടാക്കളിലേക്കെത്തുന്നത് വലിയ സന്തോഷം. അടുത്ത രണ്ടുവർഷം വീഡിയോകൾ ചെയ്യാനുള്ള കണ്ടന്റ് ഇപ്പോഴേ റിക്വസ്റ്റുകളായി കൈവശമുണ്ടെന്ന് മാളവിക പറയുന്നു.
10,000 മണിക്കൂർ
ഓണ്‍ലൈനിൽ മാളവികയുടെ സംഗീതാധ്യാപനം 10,000 മണിക്കൂർ പിന്നിട്ടു. മൂന്നാം വയസുമുതൽ താൻ പഠിച്ച അറിവുകൾ, സംഗീതം പഠിക്കാൻ ആഗ്രഹിക്കുന്ന ലോകത്തെ ആരിലേക്കും എത്തിക്കണമെന്ന ലക്ഷ്യത്തോടെയാണ് 2014ൽ ഓണ്‍ലൈൻ ക്ലാസുകൾ തുടങ്ങിയത്.
ഇപ്പോൾ ഒരു റഷ്യൻ പെണ്‍കുട്ടിയടക്കം ലോകത്തെ മിക്ക രാജ്യങ്ങളിൽനിന്നും വിദ്യാർഥികളുണ്ട്. വയലിൻ വിസ്മയം ഗംഗാ ശശിധരനും മാളവികയിൽനിന്നു സംഗീതം പഠിക്കുന്നു. ക്രാഷ് കോഴ്സുകൾ ചെയ്യാൻ സമീപിക്കുന്നവർ ഒട്ടേറെ. ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ, കൈരളി ഗന്ധർവസംഗീതം എന്നിവയടക്കമുള്ള റിയാലിറ്റി ഷോകളിലെ ജേതാവാണ് മാളവിക. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കലാതിലകമായിരുന്നു.
സംഗീതോപകരണങ്ങൾ ഒന്നും പഠിക്കാതെതന്നെ വീണ, കീബോർഡ് കച്ചേരികൾ നടത്തിയിട്ടുണ്ട്. കമൽഹാസന്റെ പാപനാശം എന്ന ചിത്രത്തിലുൾപ്പെടെ സിനിമകളിൽ പാടിയ പാട്ടുകൾ ഹിറ്റുകളാണ്. ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക് എൻജിനിയറിംഗ് ബിരുദം നേടി എംടെക്കിനു പ്രവേശനം ലഭിച്ച വേളയിലാണ് സംഗീതമാണ് തന്റെ വഴിയെന്ന് മാളവിക സ്വയം തീരുമാനിച്ചത്. വിഖ്യാത സംഗീതജ്ഞനായിരുന്ന യശഃശരീരനായ മങ്ങാട് കെ. നടേശൻ മാളവികയുടെ മുത്തച്ഛന്റെ ജ്യേഷ്ഠനാണ്.
സംഗീതം അങ്ങനെ പാരന്പര്യമായി മാളവികയുടെ വഴികളിലുണ്ട്. ഏറ്റവുമധികം ശിഷ്യരുള്ള സംഗീതകാരന്മാരിൽ മുൻനിരക്കാരനായിരുന്ന മങ്ങാട് കെ. നടേശന്റെ ശിഷ്യരിൽനിന്നാണ് മാളവിക പഠിച്ചുതുടങ്ങിയതും. ഇപ്പോഴും സംഗീതവുമായി ബന്ധപ്പെട്ട എന്തും പഠിക്കാൻ താത്പര്യം. ഒഴിവാക്കാനാവാത്ത വേദികളിൽ മാത്രമാണ് മാളവിക പാടാനെത്തുന്നത്. തന്റെ വിദ്യാർഥികളുടെ ക്ലാസുകൾ മുടക്കരുതെന്ന് അത്രയും നിർബന്ധം. കാനഡയിലാണ് അടുത്ത ഷോ.
എഴുവയസുകാരി സാവനി, അഞ്ചുവയസുകാരൻ സിദ്ധാന്ത് എന്നിവരാണ് മാളവികയുടെ മക്കൾ. ബാങ്ക് മാനേജരായിരുന്ന അച്ഛൻ ജോലിയിൽനിന്നു വിരമിച്ചു. അമ്മ കണ്ണൂരിൽ ബാങ്ക് മാനേജരാണ്. തൃശൂരിലാണ് മാളവികയുടെ താമസം. ശരത്, ജോണ്സണ് മാസ്റ്റർ, യേശുദാസ്, ചിത്ര എന്നിവർക്ക് മാളവികയുടെ ഹൃദയത്തിലാണ് സ്ഥാനം. തുറന്ന നിലപാടുള്ള ഗായിക ചിന്മയിയോട് ഏറെ ബഹുമാനം. താനും നിലപാടുകൾ തുറന്നുപറയുന്നയാളാണെന്ന് 33കാരിയായ മാളവിക പറയുന്നു. സ്വരസ്ഥാനങ്ങൾപോലെ കൃത്യം.