ഇരവിൻ കണ്ണീർ നീ...
സി. വിനോദ് കൃഷ്ണൻ
Saturday, August 23, 2025 8:35 PM IST
പുതിയൊരു ഹാഷ്ടാഗ് അടുത്തകാലത്ത് സോഷ്യൽ മീഡിയയില്‍ ട്രെൻഡിംഗായി- #bringbackchinmayi. തിരികെകൊണ്ടുവരാൻ ചിന്മയി എവിടെപ്പോയി?
മഴ തീർന്നാലും മരം പെയ്യുക എന്ന ചൊല്ല് അനുഭവിക്കുകയാണിപ്പോൾ തമിഴ് ചലച്ചിത്രലോകം. സിനിമയ്ക്കൊരു പ്രത്യേകതയുണ്ട്. പ്രേക്ഷകരുടെ പ്രതീക്ഷ തൃപ്തിപ്പെടുത്തിയില്ലെങ്കിൽ ചിത്രം നഷ്ടമായി കണക്കാക്കും. ചെലവിനേക്കാൾ വരവുണ്ടായി എന്ന് പണംമുടക്കിയയാൾ പറഞ്ഞാലും വിലപ്പോകില്ല. എല്ലാം നഷ്ടംതന്നെ.
മൂന്നുപതിറ്റാണ്ടിനുശേഷം കമൽ ഹാസൻ - മണിരത്നം ഒന്നിച്ച "തഗ് ലൈഫ്' എന്ന ചിത്രം കണക്കുകൾപ്രകാരം നഷ്ടമായിരിക്കാം. പ്രേക്ഷകന് അതിനുവേണ്ടി ചെലവാക്കിയ ഓരോ രൂപയും നഷ്ടം, ഒന്നൊഴികെ- തഗ് ലൈഫിന്റെ ഓഡിയോ ലോഞ്ച് സായാഹ്നം. അത് നേരിട്ടുകണ്ടവർക്കും ഓൺലൈനിൽ കണ്ടവർക്കും ചെലവഴിച്ച തുക ലാഭമായി. ഒരേയൊരു കാരണത്താൽ, "മുത്തമഴൈ ഇങ്ക് കൊട്ടിത്തീരാതോ' എന്ന ഒറ്റഗാനംകൊണ്ട്.
ചിത്രത്തിൽ തൃഷ അഭിനയിച്ച്, സൂപ്പർഹിറ്റ് ഗായിക ധീ പാടിയ ഗാനം, ഓഡിയോ ലോഞ്ചിൽ ഗായികയ്ക്ക് എത്താനാകാത്തതിനാൽ പകരം ആലപിച്ചതു ചിന്മയി ശ്രീപദയായിരുന്നു. ചിത്രത്തിന്റെ മറ്റു ഭാഷകളില്‍ ആ ഗാനമാലപിച്ചതു ചിന്മയിതന്നെ. പടം എല്ലായിടത്തും പെട്ടിമടക്കിയെങ്കിലും ഗാനം കൊട്ടിത്തീർന്നിട്ടില്ല, അഥവാ പെയ്തൊഴിഞ്ഞിട്ടില്ല.
ഓഡിയോ ലോഞ്ചിനുശേഷം സോഷ്യൽ മീഡിയയിൽ ആരംഭിച്ച ചര്‍ച്ചകളുടെ ചൂട് ഇപ്പോഴും മാറിയിട്ടില്ല. തമിഴില്‍ ഒറിജിനലായി പാടിയ ധീയാണോ, പകരക്കാരിയായ ചിന്മയിയോ നന്നായി ആലപിച്ചത് ? പിന്തുണ മഹാഭൂരിപക്ഷവും ചിന്മയിക്കാണ്. പുതിയൊരു ഹാഷ്ടാഗും സോഷ്യൽ മീഡിയയില്‍ ട്രെൻഡിംഗായി,#bringbackchinmayi. തിരികെകൊണ്ടുവരാൻ ചിന്മയി എവിടെപ്പോയി?
ഒരു ദൈവംതന്ത പൂവേ...
മുംബൈയിൽ ഒരു തമിഴ് കുടുംബത്തിലാണ് ചിന്മയി ശ്രീപദ ജനിച്ചത്. ചിന്മയിക്ക് ഓര്മയുറയ്ക്കുംമുമ്പ് അച്ഛന് കുടുംബമുപേക്ഷിച്ചു. സംഗീതജ്ഞയായ അമ്മ പത്മഹാസിനിയായി പിന്നെയെല്ലാം.
ചിന്മയി ബാല്യംമുതല്‍ അമ്മയിൽനിന്ന് കർണാടകസംഗീതപരിശീലനംനേടി. പിന്നീട് ഹിന്ദുസ്ഥാനിയും അഭ്യസിച്ചു. 2000ൽ ഓൾ ഇന്ത്യ റേഡിയോയിൽനിന്ന് ഗസല്‍ ആലാപനത്തിനു സ്വർണമെഡലും 2002ൽ ഹിന്ദുസ്ഥാനി സംഗീതത്തിന് വെള്ളിമെഡലും ചിന്മയി നേടി. ക്ലേശകരമായ ജീവിതത്തിനിടയിലും സമര്‍ഥമായി അക്കാദമിക് പഠനം തുടര്‍ന്നു.
എൻഐഐടിയിൽനിന്നും എസ്എസ്ഐയിൽനിന്നും വിവിധ കോഴ്സുകൾ പൂർത്തിയാക്കി. മദ്രാസ് സർവകലാശാലയിൽനിന്ന് മനഃശാസ്ത്രത്തിൽ ബിരുദംനേടിയ ചിന്മയി ഒരു നർത്തകി കൂടിയാണ്. മാതൃഭാഷയായ തമിഴ് , തെലുങ്ക് എന്നിവയ്ക്കുപുറമേ, ഇംഗ്ലീഷ് , ഹിന്ദി, ജർമൻ, ഫ്രഞ്ച് എന്നീ ഭാഷകള്‍ അവര്‍ അനായാസേന കെെകാര്യംചെയ്യും. സ്പാനിഷ്, മലയാളം, കന്നഡ, മറാത്തി, പഞ്ചാബി ഭാഷകളിൽ അറിവുമുണ്ട്.
വാഴ്വ് തുടങ്കുമിടം നീ താനേ...
പല സവിശേഷശബ്ദങ്ങളും സിനിമയ്ക്ക് സമ്മാനിച്ച ഇന്ത്യന്‍ മൊസാര്‍ട്ട് എ.ആർ. റഹ്മാൻതന്നെയാണ് ചിന്മയിയെയും അരങ്ങേറ്റിയത്.
മണിരത്നം സംവിധാനംചെയ്ത കന്നത്തില്‍ മുത്തമിട്ടാൽ എന്ന ചിത്രത്തിലെ "ഒരു ദൈവംതന്ത പൂവേ’ എന്ന ഗാനത്തിലൂടെ. ആവർഷം മികച്ച ഗായികയ്ക്കുള്ള തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാർഡ് പതിനഞ്ചു വയസുള്ള ചിന്മയി നേടി. തുടര്‍ന്നു തമിഴ്, തെലുങ്ക്, തുളു, മലയാളം, കന്നഡ ചിത്രങ്ങളിൽ ചിന്മയി സജീവമായി. എല്ലാം ശ്രദ്ധേയമായ ഗാനങ്ങള്‍. മംഗൾ പാണ്ഡെയിലെ "ഹോളി രേ’ എന്ന ഗാനത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റംകുറിച്ചു.
സഹാന സാരൽ, കിളിമഞ്ചാരോ, വാരയോ വാരയോ, സാറാ സാറ, അസ്കു ലസ്ക, കാതലേ കാതലേ, വാൽക്കണ്ണാടിയിലെ കുക്കൂ കുക്കൂ കുറുവാലീ, ചെന്നൈ എക്സ്പ്രസിലെ തിത്ലി തുടങ്ങിയ ഗാനങ്ങളിലൂടെ ജനപ്രീതിയും നിരൂപകപ്രശംസയുംനേടി . 2020ലെ കണക്കനുസരിച്ച് 10 ഭാഷകളിലായി രണ്ടായിരത്തിലധികം ഗാനങ്ങൾ ചിന്മയി ആലപിച്ചു.
കാട്രെപോലെ നീ വന്തായെ...
2006ൽ പുറത്തിറങ്ങിയ സില്ലുനു ഒരു കാതൽ എന്ന തമിഴ് ചിത്രത്തിലൂടെ ചിന്മയി ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായി. അതിനുശേഷം നയൻതാര, തമന്ന, സമീറ റെഡി, സമാന്ത, തൃഷ തുടങ്ങി നിരവധി നായികമാർക്ക് അവർ ശബ്ദംനൽകി. മികച്ച വനിതാ ഡബ്ബിംഗ് ആർട്ടിസ്റ്റിനുള്ള നന്ദി അവാർഡുംനേടി. 2005ൽ ചിന്മയി ബ്ലൂ എലിഫന്റ് എന്ന വിവർത്തനസേവന കമ്പനി സ്ഥാപിച്ചു.
വിവിധ ബഹുരാഷ്ട്ര കമ്പനികൾക്ക് ഭാഷാസേവനദാതാവാണ് ഈ കമ്പനി. 2011ൽ ഫോർച്യൂൺ/യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഗ്ലോബൽ വിമൻസ് മെന്ററിംഗ് പാർട്ണർഷിപ്പ് പ്രോഗ്രാമിലേക്ക് തെരഞ്ഞെടുത്ത തമിഴ്നാട്ടിൽനിന്നുള്ള ആദ്യ വനിതാസംരംഭകയായി അവർ. ഹെക സ്റ്റുഡിയോസ്, ഐൽ ഓഫ് സ്കിൻ എന്ന സ്കിൻകെയർ ബ്രാൻഡ്, ഡീപ് സ്കിൻ ഡയലോഗ്സ് മെഡി സ്പാ എന്നിവയും ചിന്മയി ആരംഭിച്ചു,
എഴുത്തുപിഴയും നീ...
ലോകമാകെ മീ ടൂ തരംഗം ആഞ്ഞടിച്ച 2018ല്‍ തെന്നിന്ത്യൻ ചലച്ചിത്രലോകത്തെയാകെ പിടിച്ചു കുലുക്കിയ വെളിപ്പെടുത്തൽ നടത്തിയത് ചിന്മയി ആയിരുന്നു. കവിയരശ് കണ്ണദാസന്റെ പിൻഗാമിയായി തമിഴ് ചലച്ചിത്രലോകം ഒന്നാകെ ആദരിക്കുന്ന കവിഞ്ജർ വൈരമുത്തുവിനെതിരേയായിരുന്നു ചിന്മയിയുടെ ആരോപണം.
2006ൽ സ്വീഡനിൽ ശ്രീലങ്കൻ തമിഴരെ ആദരിക്കുന്നതിനായി നടന്ന സംഗീതപരിപാടിക്കിടെ വൈരമുത്തു തന്നെ ഉപദ്രവിക്കാൻ ശ്രമിച്ചുവെന്ന് അവർ വെളിപ്പെടുത്തി. അന്നും ഇന്നും സൂപ്പർഹിറ്റ് ഗാനങ്ങൾ രചിക്കുന്ന, സൂപ്പർതാരങ്ങളുടെയും സൂപ്പർ സംവിധായകരുടെയും പ്രിയ ഗാനരചയിതാവ്, റഹ്മാൻ അടക്കമുള്ളവരുടെ പിൻബലം, രാജ്യത്തിന്റെ പത്മ ബഹുമതികൾ നേടിയ സർവാദരണീയനായിരുന്നു വൈരമുത്തു.
മുഖ്യമന്ത്രിയും കവിയുമായ കരുണാനിധിയും ജയലളിതയും അടക്കമുള്ളവരുടെ പ്രിയ തോഴനാണ് അദ്ദേഹം. അങ്ങനെയുള്ളയാളെയാണ് പീഡകനായി ചിന്മയി പ്രഖ്യാപിച്ചത്. രാജ്യത്തെ മറ്റേതു സംസ്ഥാനത്തേക്കാളും അധികാരവും രാഷ്ട്രീയവും സിനിമയും കലയും ഒന്നായൊഴുകുന്ന തമിഴ് മണ്ണിൽനിന്നാണ് ചിന്മയി തനിക്കുനേരിട്ട അപമാനം വെളിപ്പെടുത്തിയത്.
എനതുപകയും നീ...
ഔവയാറേയും കണ്ണകിയെയും പൂജിക്കുന്ന തമിഴ് സാഹിത്യലോകവും എംജിആർ കാലം മുതൽ തായ് പാസവും തങ്കച്ചി പാസവും തുറുപ്പുചീട്ടാക്കുന്ന തമിഴ് സിനിമാലോകവും പക്ഷെ ചിന്മയിയെ പിന്തുണച്ചില്ല.
അതേവർഷംതന്നെ സബ്സ്ക്രിപ്ഷൻ ഫീസ് രണ്ടുവർഷത്തോളമായി മുടക്കി എന്നുപറഞ്ഞു ഡബ്ബിംഗ് ആർട്ടിസ്റ്റ്സ് യൂണിയൻ ഡബ്ബിംഗ് ആർട്ടിസ്റ്റുകൂടിയായ ചിന്മയിയെ വിലക്കി. എത്രയാണ് ഫീസെന്നല്ലേ- വെറും 90 രൂപ!. വിലക്കപ്പെട്ടത് ഡബ്ബിംഗിൽനിന്നാണെങ്കിലും പിന്നീട് നാളിതുവരെ തമിഴ് സിനിമയിൽ ചിന്മയിക്ക് പാടാൻ അവസരമുണ്ടായില്ല. കഴിഞ്ഞ ഏഴെട്ടു വർഷത്തിൽ പാടിയത് വെറും 41 പാട്ടുകൾ. അതും മറ്റു ഭാഷകളില്‍.
ഇഴന്തസിറകും നീ...
മീ ടൂ വെളിപ്പെടുത്തലിനുശേഷം ചിന്മയിയുടെ നാളുകള്‍ സംഘർഷഭരിതമായിരുന്നു. അധികാരികളെ, ഉന്നതരെ ആരാധിക്കുന്ന തമിഴ് സംസ്കാരം ബാക്കിനില്‍ക്കുന്നവര്‍ ഒന്നടങ്കം ചിന്മയിക്കുനേരേ തിരിഞ്ഞു. അവരുടെ സ്വാധീനത്തിലുള്ള പത്രമാധ്യമങ്ങളെല്ലാം ചോദ്യശരങ്ങള്കൊണ്ടു ആക്രമിച്ചു.
പത്രസമ്മേളനങ്ങൾക്കിടയില് പൊട്ടിത്തെറിക്കുന്ന ചിന്മയിയെ സമൂഹം മറന്നിട്ടുണ്ടാകില്ല. വേട്ടക്കാരനെ വെറുതേവിട്ട് ഇരയെ ആക്രമിച്ച അധികാരശക്തി. പക്ഷേ തീയില്‍കുരുത്ത ചിന്മയി തളര്‍ന്നില്ല. സമാന അനുഭവമുള്ളവരുമായി കൂട്ടുചേര്‍ന്നു ശക്തമായി നിലകൊണ്ടു.
പൂര്‍ണ ഗര്‍ഭിണിയായിരുന്ന സമയത്തും അപമാനിതരായ സ്ത്രീകള്‍ക്കുവേണ്ടി സമൂഹമധ്യത്തിലായിരുന്നു. പക്ഷ തമിഴ് ഗാനങ്ങളില്‍നിന്നും ഡബ്ബിംഗില്നിന്നും ചിന്മയി പുറത്താവുകയായിരുന്നു. കാലമേറെകഴിഞ്ഞ് ലിയോ എന്ന ചിത്രത്തില്‍ ലോകേഷ് കനകരാജാണ് നായിക തൃഷയ്ക്കുവേണ്ടി ചിന്മയിയെക്കൊണ്ടു ഡബ് ചെയ്യിക്കുന്നത്.
സംഗീതം തനിക്ക് ആധ്യാത്മിക സാധനയാണെന്നു പറയുന്ന ചിന്മയി വൾഗർ ആയ തമിഴ് പാട്ട് പാടില്ലെന്നുപറഞ്ഞ് ഇറങ്ങിപ്പോയിട്ടുണ്ട്. ഗായകന് ശ്രീനിവാസും മനോയും അടക്കമുള്ളവര്‍ അധികാരികളോടു സമരസപ്പെടാന്‍ ആവശ്യപ്പെട്ടെങ്കിലും ചിന്മയി തയാറായില്ല.
പകരം വൈരമുത്തുവിനെ മുഖ്യമന്ത്രി സ്റ്റാലിൻ നേരിട്ടുപോയി പിറന്നാളാശംസിച്ചതിനെ ചിന്മയി വിമര്‍ശിച്ചു. അതുപോലെ ആശംസകൾ അറിയിച്ച കമൽ ഹാസന്റെ മുന്നിലാണ് ചിന്മയി മുത്തമഴെെ പാടിയത്. പീഡകനെ എതിര്ക്കാത്തവരും ആ കുറ്റകൃത്യത്തിന്റെ ഭാഗമാണെന്ന് ചിന്മയി പ്രഖ്യാപിച്ചു.
കാതൽമലറും നീ...
നടനും സംവിധായകനും തിരക്കഥാകൃത്തുമായ രാഹുൽ രവീന്ദ്രനുമായി ചിന്മയി പ്രണയത്തിലായി. 2014ൽ വിവാഹിതരായി. ദ്രിപ്ത, ഷർവാസ് എന്നീ ഇരട്ടക്കുട്ടികളുടെ മാതാവാണവര്‍. സംഘര്‍ഷത്തിന്റെ നാളുകളില്‍ ചിന്മയിക്ക് പിന്തുണനല്‍കിയത് അമ്മയും ഭര്‍ത്താവുമാണ്. രാഹുലിന്റെ പ്രോത്സാഹനമാണ് വിഷാദത്തിലേക്കുവീഴാതെ തന്നെ നിലനിറുത്തിയതെന്ന് ചിന്മയി പറഞ്ഞിട്ടുണ്ട്.
സംഗീതം ഉപയോഗപ്പെടുന്നത് എന്തിനൊക്കെയാണ്! വേദനയകറ്റാൻ, ഉന്മേഷംപകരാൻ, ഊർജംനിറയ്ക്കാൻ. അതൊക്കെപ്പോലെതന്നെയാണ് വിപ്ലവത്തിനും പ്രതിഷേധത്തിനും. അതിന്റെ ഏറ്റവുമൊടുവിലെ സ്ത്രീപദമാണ് ചിന്മയി.