നല്ലോണം, രുചി!
ഇന്ദു നാരായണ്
Saturday, August 30, 2025 8:57 PM IST
രുചികളുടെ ആഘോഷംകൂടിയാണ് ഓണം. റെഡിമെയ്ഡ് ഓണസദ്യ കിറ്റുകൾ വിപണിയിൽ സുലഭമാണെങ്കിലും സ്വന്തമായി ചേരുവകളൊരുക്കി വിഭവങ്ങളുണ്ടാക്കുന്നത് വേറിട്ടൊരനുഭവമാണ്. ഇതാ, ഓണസദ്യയിലെ വിശേഷമായ നാലിനങ്ങളുടെ പാചകവിധി വായിക്കാം.
വാഴപ്പിണ്ടി- ചെറുപയർ തോരൻ
ചേരുവകൾ:
വാഴപ്പിണ്ടി ചെറുതായി
അരിഞ്ഞത്- 4 കപ്പ്
ചെറുപയർ പരിപ്പ്-
അര കപ്പ്, വേവിച്ചത്
മഞ്ഞൾപ്പൊടി-
മുക്കാൽ ടീസ്പൂണ്
ഉപ്പ്- പാകത്തിന്
തേങ്ങ ചുരണ്ടിയത്- ഒന്നര കപ്പ്
മുളകുപൊടി- ഒരു ടീസ്പൂണ്
ജീരകം- കാൽ ടീസ്പൂണ്
കറിവേപ്പില- 2 തണ്ട്
വെളുത്തുള്ളി- 3 അല്ലി
കടുക്, ഉഴുന്ന്-
കാൽ ടീസ്പൂണ് വീതം
എണ്ണ- 2 ടീസ്പൂണ്
ഉണക്കമുളക്- 2 എണ്ണം, രണ്ടായി മുറിച്ചത്.
തയാറാക്കുന്നവിധം:
വാഴപ്പിണ്ടി അരിഞ്ഞതിൽ ഉപ്പും മഞ്ഞളും വേകാനാവശ്യത്തിനു വെള്ളവും ചേർത്ത് വേവിച്ചു വാങ്ങുക. ഇതിൽ ചെറുപയർ പരിപ്പ് വേവിച്ചത് ചേർത്ത് ഇളക്കി വയ്ക്കുക.
തേങ്ങ, ജീരകം, മുളകുപൊടി, 1 തണ്ട് കറിവേപ്പില, വെളുത്തുള്ളി എന്നിവ നന്നായി ചതച്ച് വെന്ത കഷണത്തോടൊപ്പം ചേർക്കുക. എണ്ണ ഒരു ചീനച്ചട്ടിയിൽ ഒഴിച്ചു ചൂടാക്കുക. കടുക്, ഉഴുന്ന്, 1 തണ്ട് കറിവേപ്പില, ഉണക്കമുളക് എന്നിവയിട്ട് വറുത്ത് കൂട്ട് ചേർത്ത കഷണംചേർത്ത് ഉലർത്തി വാങ്ങുക.
മത്തങ്ങാ ഓലൻ
ചേരുവകൾ:
മത്തങ്ങ- കാൽ കിലോ
വൻപയർ- കാൽ കപ്പ്, വേവിച്ചത്
വഴുതനങ്ങ- 1 എണ്ണം, ചെറുത്
ഉപ്പ്- പാകത്തിന്
കറിവേപ്പില- 2 തണ്ട്
പച്ചമുളക്- 3 എണ്ണം, പിളർന്നത്
വെളിച്ചെണ്ണ- 1 ടീസ്പൂണ്
തേങ്ങാപ്പാൽ (ഒന്നാം പാൽ)-
2 കപ്പ്
തയാറാക്കുന്നവിധം:
മത്തങ്ങയുടെ തൊലിയും കുരുവും കളഞ്ഞ് കനംകുറച്ച് ഒരിഞ്ച് സമചതുരക്കഷണങ്ങളായി അരിയുക. വഴുതനങ്ങ നെടുകെ കീറി അരയിഞ്ച് കനത്തിൽ അരിഞ്ഞ് വെള്ളത്തിലിട്ട് കറ കളഞ്ഞ് കഴുകിയെടുക്കുക. മത്തങ്ങ അരിഞ്ഞതും കഴുകുക. രണ്ടു കഷണങ്ങളോടൊപ്പം പച്ചമുളക് പിളർന്നതും ഉപ്പും അല്പം വെള്ളവും ചേർത്ത് വേവിക്കുക.
വേവിച്ച വൻപയർ ചേർക്കുക. തേങ്ങാപ്പാലും കറിവേപ്പില ഉതിർത്തതുമിട്ട് ചെറുതായൊന്നു തിളപ്പിച്ച് ഉടൻ വാങ്ങുക. വെളിച്ചെണ്ണയൊഴിച്ച് അടച്ചു വയ്ക്കുക.
പാവയ്ക്കാ കിച്ചടി
ചേരുവകൾ:
പാവയ്ക്ക- 1 എണ്ണം
പച്ചമുളക്- 2 എണ്ണം
ജീരകം- കാൽ ടീസ്പൂണ്
കടുക്- അര ടീസ്പൂണ്
ഉലുവ- കാൽ ടീസ്പൂണ്
ചുരണ്ടിയ തേങ്ങ- ഒന്നര കപ്പ്
തൈര്- 1 കപ്പ്
ഉണക്കമുളക്- 2 എണ്ണം
ഉപ്പ്- പാകത്തിന്
എണ്ണ- വറുക്കാൻ
തയാറാക്കുന്നവിധം:
പാവയ്ക്ക കഴുകി ചെറുതായി നുറുക്കുക. ഇത് തിളച്ച എണ്ണയിലിട്ട് വറുത്തു കോരുക. ശേഷം ഉപ്പിട്ട തൈരിലേക്ക് കോരിയിടുക. തേങ്ങ, ജീരകം, കാൽ ടീസ്പൂണ് കടുക്, പച്ചമുളക് എന്നിവ വെണ്ണപോലെ അരച്ച് പാവയ്ക്കക്കൊപ്പം ചേർത്തിളക്കുക.
അല്പം വെള്ളംകൂടി ചേർക്കാവുന്നതാണ്. 2 ടീസ്പൂണ് എണ്ണ ഒരു ചീനച്ചട്ടിയിൽ ഒഴിച്ച് ചൂടാക്കി കാൽ ടീസ്പൂണ് കടുക്, ഉലുവ, ഉണക്കമുളക് രണ്ടായി മുറിച്ചത് എന്നിവയിട്ട് വറുത്ത് കടുകു പൊട്ടുന്പോൾ കറി ഇതിലേക്കു പകർന്ന് ഒരു തിളവന്നാൽ ഉടൻ വാങ്ങുക.
കപ്പളങ്ങ പച്ചടി
ചേരുവകൾ:
കപ്പളങ്ങ (അഥവാ പപ്പായ/ ഓമയ്ക്ക) ഒരിഞ്ച് നീളത്തിൽ കാൽ ഇഞ്ച് വീതിയിൽ അരിഞ്ഞത്-
2 കപ്പ്
ഉപ്പ്- പാകത്തിന്
തൈര്- 1 കപ്പ്
മഞ്ഞൾപ്പൊടി- മുക്കാൽ ടീസ്പൂണ്
തേങ്ങാ ചുരണ്ടിയത്-
ഒന്നേകാൽ കപ്പ്
മുളകുപൊടി- ഒരു നുള്ള്
പച്ചമുളക്- 2 എണ്ണം
കടുക്- അര ടീസ്പൂണ്
ഉലുവ- കാൽ ടീസ്പൂണ്
കറിവേപ്പില- 1 തണ്ട്
എണ്ണ- 1 ടേബിൾ സ്പൂണ്
ഉണക്കമുളക്- 2 എണ്ണം, രണ്ടായി മുറിച്ചത്.
തയാറാക്കുന്നവിധം:
കപ്പളങ്ങയുടെ തൊലി ചെത്തി കനവും കളഞ്ഞ് ഒരിഞ്ച് നീളത്തിൽ അരയിഞ്ച് വീതിയിൽ അരിഞ്ഞ് കഴുകിവാരി ഉപ്പും മഞ്ഞളും ആവശ്യത്തിനു വെള്ളവും ചേർത്ത് വേവിച്ചുവാങ്ങുക.
തേങ്ങ, കാൽ ടീസ്പൂണ് കടുക്, മുളകുപൊടി, പച്ചമുളക് എന്നിവ നന്നായി അരച്ച് തൈരിൽ ചേർത്തിളക്കി കഷണത്തിൽ ചേർക്കുക.
എണ്ണ ചൂടാക്കി കാൽ ടീസ്പൂണ് വീതം കടുകും ഉലുവയും ചേർത്ത് ഉണക്കമുളകുമിട്ട് വറുത്ത് കടുകുപൊട്ടിയാൽ കറി ഇതിലേക്കൊഴിച്ച് തിളപ്പിച്ചു വാങ്ങുക.