പാട്ടുകളിലെ ആയിരം പൗര്‍ണമികള്‍
ഹരിപ്രസാദ്
Saturday, October 18, 2025 10:07 PM IST
കവിയും നാടകഗാന രചയിതാവുമായ പൂച്ചാക്കല്‍ ഷാഹുല്‍ ശതാഭിഷേകനിറവിലാണ്. മുന്നൂറോളം നാടകങ്ങള്‍ക്കുവേണ്ടി ആയിരത്തഞ്ഞൂറിലേറെ ഗാനങ്ങള്‍ എഴുതിയ അദ്ദേഹത്തിന്റെ കലാജീവിതത്തെക്കുറിച്ച്...
വര്‍ഷം 1957.
ആലപ്പുഴ ശീമാട്ടി തിയറ്ററില്‍ അന്ന് ശിവാജി ഗണേശന് അഭിനയിച്ച നാടകമുണ്ട്. നാല്പതു കിലോമീറ്റര്‍ അകലെ പൂച്ചാക്കലിലുള്ള വലിയ കലാസ്നേഹിയായ കെ. അബു ഹനീഫ മകനെയും കൂട്ടി നാടകത്തിനു പോകാന്‍ തീരുമാനിക്കുന്നു.
ബസിലോ തീവണ്ടിയിലോ അല്ല, അത്രയും ദൂരം പിന്നിട്ട് അവരെത്തിയത് സൈക്കിള്‍ ചവിട്ടിയാണ്! ഒരുപക്ഷേ ശ്രമകരമായ ആ യാത്രയിലും നാടകവും സംഗീതവും ഹൃദയത്തില്‍ ചേര്‍ത്തുവച്ച പ്രിയപ്പെട്ട അത്താ നാടകഗാനങ്ങള്‍ ഈണത്തോടെ പാടുന്നത് ബാല്യംവിടാത്ത മകന് കേട്ടിരിക്കണം.
ആ മകനിന്ന് ആയിരം പൂര്ണചന്ദ്രന്മാരെ കണ്ട സാഫല്യത്തിലാണ്. മുന്നൂറോളം നാടകങ്ങളിലായി അത്രയും തിളക്കമുള്ള ആയിരത്തഞ്ഞൂറോളം ഗാനങ്ങള്‍ ഇതിനകം അദ്ദേഹത്തിന്റെ വിരല്‍ത്തുമ്പില്‍ ഉദിച്ചു. ആ പ്രതിഭയാണ് പൂച്ചാക്കല്‍ ഷാഹുല്‍- നാടകഗാന രചയിതാക്കളിലെ തലയെടുപ്പുള്ള കാരണവര്‍.
കവിത വിതച്ച പാട്ടുകള്‍
പിതാവ് അബു ഹനീഫയും നാടന്പാട്ടുകാരനായിരുന്ന അമ്മാവന് പൂച്ചാക്കല്‍ അബ്ദുല്‍ ഖാദറും കുട്ടിക്കാലത്തുതന്നെ ഷാഹുല്‍ ഹമീദിനുചുറ്റും പാട്ടുകളുടെ ഒരു ലോകം ഒരുക്കിയിരുന്നു. വൈകാതെ ഷാഹുല്‍ കവിതകള്‍ എഴുതിത്തുടങ്ങി. കോട്ടയം സിഎംഎസ് കോളജില്‍ പ്രീഡിഗ്രിക്കു പഠിക്കുന്നകാലത്ത് ആദ്യമായി ഒരു മാസികയില്‍ കവിത അച്ചടിച്ചുവന്നു. 1969ല്‍ മലയാളത്തില്‍ ബിരുദം നേടി. പിറ്റേക്കൊല്ലം മൂത്തകുന്നം ട്രെയിനിംഗ് കോളജില്‍ ബിഎഡിനു ചേര്‍ന്നു.
സാക്ഷാല്‍ സുകുമാര്‍ അഴീക്കോടാണ് അന്നവിടെ പ്രിന്‍സിപ്പല്‍. മട്ടാഞ്ചേരിയിലെ അധ്യാപക പരിശീലനകാലത്ത് മലയാളം അധ്യാപകനായിരുന്ന മുരളീധരന് മാസ്റ്ററാണ് ഷാഹുലിന്റെ എഴുത്തിന് ദിശാബോധം പകര്‍ന്നത്. അങ്ങനെ കവിതയും പ്രഭാഷണകലയും ഷാഹുലിനൊപ്പം ചേര്‍ന്നു.1972 മുതല്‍ നാടകഗാന രചനാരംഗത്ത് പൂച്ചാക്കല്‍ ഷാഹുല്‍ സുന്ദരസാന്നിധ്യമാണ്. നാടകഗാന രചനയിലേക്കു വരാനുണ്ടായ സാഹചര്യം രസകരമാണ്. ആ കഥ ഇങ്ങനെ:
പൂച്ചാക്കലില്‍ ആര്‍ട്ടിസ്റ്റ് കേശപ്പന്‍ മിനര്‍വ തിയേറ്റേഴ്സ് എന്ന നാടകസമിതി രൂപീകരിച്ച കാലം. എന്‍.എന്‍. പിള്ളയുടെ ആത്മബലി, പെരുമ്പടവത്തിന്റെ ബോധിവൃക്ഷം എന്നീ നാടകങ്ങള്‍ സമിതി രംഗത്തവതരിപ്പിച്ചപ്പോള്‍ ഷാഹുല്‍ അഭിനേതാവായി. അന്ന് ക്യാമ്പില്‍വച്ച് അദ്ദേഹം രണ്ടു ഗാനങ്ങളെഴുതി. അല്പം മടിയോടെയാണെങ്കിലും ഇത് നാടകത്തിനു പറ്റുമോയെന്ന് ആര്‍ട്ടിസ്റ്റ് കേശപ്പനോടു ചോദിച്ചു. വരികളില്‍ കണ്ണോടിച്ച അദ്ദേഹം ആശ്ചര്യത്തോടെ ഷാഹുലിനെ നോക്കി. കൊള്ളാം, നന്നായിരിക്കുന്നുവെന്ന് മറുപടി.
ക്ഷണവേഗത്തില്‍ ഒരീണമിട്ട് പാടിക്കേള്പ്പിച്ചശേഷം നാടകത്തില്‍ ചേര്‍ക്കാന്‍ ഹാര്‍മോണിസ്റ്റിന്റെ കൈവശം ഏല്പിച്ചു. ആകാംക്ഷയോടെ അവതരണത്തിനു കാത്തിരുന്ന ഷാഹുലിന് നിരാശയായിരുന്നു സമ്മാനം- നാടകത്തില്‍ തന്റെ പാട്ടില്ല! അന്നു കയറിയതാണ് അറിയപ്പെടുന്ന നാടകഗാന രചയിതാവണം എന്ന വാശി. അതദ്ദേഹം ആവുകയും ചെയ്തു!
വൈക്കം മാളവിക നാടകസമിതിയുടെ ഉടമയും മുഖ്യനടനുമായിരുന്ന ടി.കെ. ജോണ്‍ ആണ് സിന്ധുഗംഗ എന്ന നാടകത്തില്‍ ഒരു പാട്ടെഴുതാന്‍ ഷാഹുലിന് അവസരം നല്‍കിയത്. നാടകത്തില്‍ മൊത്തം ആറു പാട്ടുകളാണ്.
ഷാഹുലിനെക്കൊണ്ട് എഴുതിച്ചത് മാളവികയുടെ സ്ഥിരം ഗാനരചയിതാവിന് അത്ര ഇഷ്ടമായില്ല. അദ്ദേഹം പിണങ്ങിപ്പോവുകയും ചെയ്തു. ആ വാശിക്ക് ആറു പാട്ടുകളും ഷാഹുലിനെക്കൊണ്ട് എഴുതിക്കുകയായിരുന്നു ടി.കെ. ജോണ്‍. ഈണമൊരുക്കിയത് അര്ജുനന് മാസ്റ്റര്‍. അങ്ങനെ മഹത്തായ തുടക്കമാണ് തനിക്കു കിട്ടിയതെന്ന് ഷാഹുല്‍ പറയുന്നു.
നാടകകൃത്ത് സുന്ദരന്‍ കല്ലായിയെ പരിചയപ്പെട്ടതോടെ അദ്ദേഹത്തിന്റെ എല്ലാ നാടകങ്ങള്‍ക്കും പാട്ടെഴുതാന്‍ ഷാഹുലിന് ക്ഷണമെത്തി. പല പാട്ടുകളും സൂപ്പര്‍ ഹിറ്റുകളായി.
മഹാപ്രതിഭകള്‍ക്കൊപ്പം
എഴുതിയ വരികള്‍ പ്രഗത്ഭരായ സംഗീതസംവിധായകരുടെ ഈണങ്ങള്‍ക്കു കൂട്ടാവുന്നത് തുടക്കംമുതല്‍തന്നെ പൂച്ചാക്കല്‍ ഷാഹുല്‍ കേട്ടറിഞ്ഞു.
ദക്ഷിണാമൂര്‍ത്തി സ്വാമി, ബാബുരാജ്, എം.കെ. അര്ജുനന് മാസ്റ്റര്‍, ആര്.കെ. ശേഖര്‍ എന്നിവരില്‍ തുടങ്ങുന്ന ആ നിര ആലപ്പി രംഗനാഥ്, ജയവിജയ, അയിരൂര്‍ സദാശിവന്, കുമരകം രാജപ്പന്, ആലപ്പി ഋഷികേശ്, പാപ്പച്ചന് മാസ്റ്റര്‍, ആലപ്പി വിവേകാനന്ദന്, ഫ്രാന്‍സിസ് വലപ്പാട്, പള്ളുരുത്തി അപ്പച്ചന്, ഉദയകുമാര്‍ അഞ്ചല്‍, കൊച്ചിന് വര്‍ഗീസ് എന്നിങ്ങനെ നീളും. അര്ജുനന് മാസ്റ്റര്‍, കുമരകം രാജപ്പന് എന്നിവരൊന്നിച്ചാണ് ഏറ്റവുമധികം തവണ സുന്ദരമായ ഗാനങ്ങള്‍ ഒരുക്കിയത്. അര്ജുനന് മാസ്റ്റര്‍ ഒരിക്കല്‍ പറഞ്ഞു: "പ്രണയഗാനങ്ങള്‍ എഴുതാന്‍ ഷാഹുലിന് ഒരു നിമിഷം മതി. മനസു മുഴുവന്‍ പ്രണയം നിറച്ചിരിക്കുന്നതുകൊണ്ടാണ്..!'
അര്ജുനന് മാസ്റ്ററുമായി ചേര്‍ന്ന് ഒരുക്കിയ നാടകഗാനങ്ങളില്‍ പത്തെണ്ണം തെരഞ്ഞെടുത്ത് "അര്ജുനപ്പത്ത്' എന്ന പേരിലും ദക്ഷിണാമൂര്‍ത്തിക്കൊപ്പം ഒരുക്കിയ ഗാനങ്ങള്‍ നാലു പതിറ്റാണ്ടിനുശേഷം വീണ്ടെടുത്ത് "ദക്ഷിണായനം' എന്ന പേരിലും സോഷ്യല്‍ മീഡിയയിലൂടെ ആസ്വാദകര്‍ക്കായി സമര്‍പ്പിച്ചിരുന്നു. എം.എസ്. ബാബുരാജിനൊപ്പം ചെയ്ത പാട്ടുകള്‍ വീണ്ടെടുക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍.
സിനിമയുടെ അഴിമുഖം
1972ല്‍ സിനിമയ്ക്കു പാട്ടെഴുതാനുള്ള അവസരം ഷാഹുലിനെ തേടിയെത്തി. "അഴിമുഖം' എന്നായിരുന്നു ചിത്രത്തിന്റെ പേര്. ഈണങ്ങളൊരുക്കിയത് എം.എസ്. ബാബുരാജ്.
അഴിമുഖം കണികാണും പെരുമീനോ, എന്റെ കരളില്‍ ചാടിവീണ കരിമീനോ എന്നുതുടങ്ങുന്ന പാട്ട് സിനിമയില്‍ പാടിയത് ബാബുരാജ് തന്നെ. എസ്. ജാനകി, സി.ഒ. ആന്റോ തുടങ്ങിയവരുടെ സ്വരങ്ങളിലായിരുന്നു മറ്റു പാട്ടുകള്‍. മൂന്നു സിനിമകള്‍ക്കുകൂടി അദ്ദേഹം പാട്ടുകളെഴുതിയിട്ടുണ്ട്.
പ്രിയപ്പെട്ട അധ്യാപകന്
മൂന്നര പതിറ്റാണ്ടുകാലം മലയാളം ഭാഷാധ്യാപകനായിരുന്നു പൂച്ചാക്കല്‍ ഷാഹുല്‍. ശിഷ്യസമ്പത്ത് വേണ്ടുവോളം. നാടകഗാന രചയിതാവ് എന്ന നിലയ്ക്ക് ഒരിക്കലും പ്രതിഫലത്തിനുവേണ്ടി ശാഠ്യം പിടിച്ചിട്ടില്ല അദ്ദേഹം. "സാറിനും ഭാര്യയ്ക്കും സര്‍ക്കാര്‍ ശമ്പളമുണ്ടല്ലോ, ഞങ്ങള്‍ക്ക് അങ്ങനെയാണോ' എന്നു കൈമലര്ത്താറുള്ള ട്രൂപ്പ് ഉടമകളുമുണ്ടെന്ന് അദ്ദേഹം പറയുന്നു.
പത്നി മറിയം ബീവിയും (അമ്പി ടീച്ചര്‍) അധ്യാപികയായിരുന്നു.ഒരുദിവസം രാവിലെ ഒരു ട്രൂപ്പുടമ വീട്ടിലെത്തിയ കാര്യം അദ്ദേഹം തന്റെ പുസ്തകത്തില്‍ പങ്കുവയ്ക്കുന്നുണ്ട്. നാടകവണ്ടിയുടെ ഇന്‍സ്റ്റാള്‍മെന്റ് അടയ്ക്കാന്‍ രണ്ടായിരം രൂപ തേടിയാണ് വരവ്.
"എനിക്കു മാസം പിടിവലി കഴിഞ്ഞുകിട്ടുന്ന ശമ്പളം 615 രൂപയാണ്. ടീച്ചര്‍ക്ക് 550ഉം. ഏതായാലും ആയിരം രൂപയും രണ്ടരപ്പവന്‍ വരുന്ന രണ്ടു വളകളും അദ്ദേഹത്തിനു വായ്പ നല്കി.' -ഷാഹുൽ എഴുതുന്നു. പാട്ടെഴുത്തുകാരനിലെ മനുഷ്യസ്നേഹിയുടെ മുഖം.
രംഗഗീതങ്ങള്‍, മഞ്ചലേറ്റിയ ഗീതങ്ങള്‍ എന്നിവ കൂടാതെ കഥകള്‍, നോവല്‍, കവിതകള്‍ എന്നീ വിഭാഗങ്ങളില്‍ എട്ടു പുസ്തകങ്ങള്‍ പൂച്ചാക്കല്‍ ഷാഹുല്‍ എഴുതിയിട്ടുണ്ട്. മികച്ച ഗാനരചനയ്ക്കും നാടകരംഗത്തെ സമഗ്രസംഭാവനയ്ക്കുമുള്ള സംഗീത നാടക അക്കാദമി അവാര്‍ഡ് ഉള്‍പ്പെടെ ഒട്ടേറെ പുരസ്കാരങ്ങള്‍ നേടി.
ചേര്‍ത്തല പാണാവള്ളിയിലുള്ള ഷാലിമാര്‍ എന്ന വീട്ടിലും തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിലും ഇന്നലെയും ഇന്നുമായാണ് ശതാഭിഷേക ആഘോഷ പരിപാടികള്‍ നടക്കുന്നത്.മാധ്യമപ്രവര്‍ത്തകനായ റസല്‍ ഷാഹുല്‍, റഫി ഷാഹുല്‍ എന്നിവരാണ് മക്കള്‍.