മാധുര്യമുള്ള വാക്കും പ്രവൃത്തിയും
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
Sunday, May 4, 2025 12:42 AM IST
അമേരിക്കൻ പ്രസിഡന്റായിരുന്ന ഏബ്രഹാം ലിങ്കന്റെ ജീവിതത്തിൽനിന്ന് ഒരു കഥ. ഒരിക്കൽ ഒരു വിധവ അദ്ദേഹത്തിന്റെ അരികിൽ ഒരു അപേക്ഷയുമായി എത്തി. ലിങ്കൺ ആ സ്ത്രീയെ ശ്രദ്ധാപൂർവം ശ്രവിച്ചു. കാര്യം കൃത്യമായി ഗ്രഹിക്കാനായി ചില ചോദ്യങ്ങൾ താത്പര്യപൂർവം ചോദിച്ചു. എല്ലാം കേട്ടുകഴിഞ്ഞപ്പോൾ ലിങ്കൺ പറഞ്ഞു: ""നിങ്ങളുടെ അപേക്ഷ അംഗീകരിച്ചിരിക്കുന്നു. ഉടൻ നടപടിയുണ്ടാകും.''
ആ സ്ത്രീ അതീവ സന്തോഷത്തോടെയാണ് അന്നു മടങ്ങിയത്. അവർ സാക്ഷ്യപ്പെടുത്തി യിരിക്കുന്നതുപോലെ ലിങ്കൺ അവരുടെ അപേക്ഷപ്രകാരം നടപടി സ്വീകരിക്കാം എന്നു പറഞ്ഞതായിരുന്നില്ല. പ്രത്യുത, അദ്ദേഹം അവരെ കരുണാപുർവം ശ്രവിക്കുകയും അവരോടു സ്നേഹപൂർവം സംസാരിക്കുകയും ചെയ്തതായിരുന്നു അതിന്റെ കാരണം.
ഏറെ തിരക്കുള്ള പ്രസിഡന്റായിരുന്നു ലിങ്കൺ. എന്നാൽ, മറ്റുള്ളവരോടു പ്രത്യേകിച്ചും വേദന അനുഭവിക്കുന്നവരോട് ഏറെ സൗമ്യമായും ഹൃദ്യമായും സംസാരിക്കുന്ന ശൈലിയായിരുന്നു അദ്ദേഹത്തിന്റേത്.
വാക്കുകളുടെ ശക്തി
വളരെ തിരക്കുള്ള ജീവിതമാണ് നമ്മിൽ പലരുടെയും. അതു മാത്രമല്ല, നാം പലപ്പോഴും അഭിമുഖീകരിക്കുന്ന ജീവിതപ്രശ്നങ്ങൾ ഏറെ സങ്കീർണവുമാണ്. തന്മൂലം, ശാന്തമായ മനസോടെ മറ്റുള്ളവരോടു സംസാരിക്കാനോ അവരുടെ ദുഃഖങ്ങൾ ശ്രവിക്കാനോ ഒരു നല്ല വാക്കു പറയാനോ പലപ്പോഴും നമുക്കു സാധിക്കാതെ പോകുന്നു. അതുണ്ടാക്കുന്ന ദോഷം എത്ര വലുതാണെന്നു നാം പലപ്പോഴും അറിയുകയുമില്ല.
ദൈവവചനം പറയുന്നു: "ഹൃദ്യമായ വാക്ക് തേനറ പോലെയാണ്. അത് ആത്മാവിനു മാധുര്യവും ശരീരത്തിന് ആരോഗ്യപ്രദവുമാണ്'(സുഭാ16:24). അതായത്, ഹൃദ്യമായ വാക്കുകൾക്കൊണ്ട് നീറുന്ന ഹൃദയങ്ങളെ സ്പർശിക്കാനും ആത്മാവിന്റെ മുറിവുകൾ ഉണക്കാനും മറ്റുള്ളവർക്കു പ്രതീക്ഷനൽകാനും സാധിക്കും.
ദൈവവചനം വീണ്ടും പറയുന്നു: "സൗമ്യമായ മറുപടി ക്രോധം ശമിപ്പിക്കുന്നു. പരുഷമായ വാക്ക് കോപം ഇളക്കിവിടുന്നു'(സുഭാ 15:1). അതായത് നാം പറയുന്ന വാക്കുകൾക്കു വലിയ ശക്തിയുണ്ടെന്നു സാരം. ആ ശക്തികൊണ്ടല്ലേ സൗമ്യമായ മറുപടി ക്രോധം ശമിപ്പിക്കുന്നത്. അതുപോലെ പരുഷമായ വാക്ക് കോപം ഇളക്കിവിടുന്നതും.
വാക്കുകളുടെ ശക്തി എത്ര വലുതാണെന്നു യേശുക്രിസ്തുവിന്റെ ജീവിതത്തിൽ നാം കാണുന്നുണ്ട്. അവിടത്തെ വാക്കുകൾ രോഗികളെ സുഖപ്പെടുത്തി, കൊടുങ്കാറ്റ് ശമിപ്പിച്ചു, പാപികൾക്കു പാപമോചനം നൽകി, ദുഃഖിതരെ ആശ്വസിപ്പിച്ചു, ഹൃദയം തകർന്നവർക്ക് ആശ്വാസമേകി, ജീവിതം വഴിമുടക്കിയവർക്ക് പ്രതീക്ഷ നൽകി. അതു മാത്രമോ, അവിടുത്തെ വാക്കുകൾ മരിച്ചവരെ ഉയിർപ്പിക്കുകയും ചെയ്തു. അത്ര മാത്രം ശക്തമായിരുന്നു ആ വാക്കുകൾ.
പാപിനിയായ ഒരു സ്ത്രീയെ കല്ലെറിഞ്ഞു കൊല്ലണമെന്ന് ആക്രോശിച്ച് ചില ഫരിസേയരും യഹൂദപ്രമാണികളും യേശുവിന്റെ മുൻപിലെത്തിയപ്പോൾ അവിടന്ന് എന്താണു ചെയ്തത്. നിങ്ങളിൽ പാപമില്ലാത്തവർ ആദ്യം ഇവളെ കല്ലെറിയട്ടെ എന്നു പറഞ്ഞുകൊണ്ട് അവരിൽ അവിടന്ന് വിവേകം ഉദിപ്പിച്ചു. അപ്പോൾ അവർ ശാന്തരായി പിരിഞ്ഞുപോയി.
നിയമമനുസരിച്ച് പാപിനിയായ സ്ത്രീയോടു ക്രിസ്തുവിനു വളരെ കർക്കശവും പരുഷവുമായ ഭാഷയിൽ സംസാരിക്കാമായിരുന്നു. എങ്കിലും അവിടന്ന് അങ്ങനെ ചെയ്തില്ല. പകരം ശാന്തതയോടെ പറഞ്ഞു: "ഞാനും നിന്നെ വിധിക്കുന്നില്ല. പൊയ്ക്കൊള്ളുക. ഇനിമേൽ നീ പാപം ചെയ്യരുത്'(യോഹ 8:11).
ഹൃദയത്തിലുള്ളത്
കാരുണ്യം തുളുന്പിനിന്ന ആ വാക്കുകൾ ആ സ്ത്രീക്ക് എത്രമാത്രം ആശ്വാസം പകർന്നിരിക്കണം. ഒരു പുതിയ ജീവിതത്തിനു തുടക്കംകുറിക്കാൻ അത് അവളെ സഹായിച്ചിട്ടുണ്ടാവണം. കരുണനിറഞ്ഞ കർത്താവിന്റെ വാക്കുകൾ അവൾ മരിക്കുന്നതുവരെ മറന്നിട്ടുണ്ടാവില്ല.
ക്രിസ്തു മറ്റൊരിക്കൽ പറഞ്ഞു: "ഹൃദയത്തിന്റെ തികവിൽനിന്നാണ് അധരങ്ങൾ സംസാരിക്കുന്നത്'(ലൂക്ക 6:45). നമ്മുടെ ഹൃദയത്തിൽ സ്നേഹവും അനുകന്പയും ക്ഷമയുമൊക്കെ നിറഞ്ഞുനിൽക്കുകയാണെങ്കിൽ അവയൊക്കെയായിരിക്കും നമ്മുടെ വാക്കുകളിൽ പ്രതിഫലിക്കുക. വാക്കുകളിൽ മാത്രമല്ല, നമ്മുടെ പ്രവൃത്തികളിലും ആ സദ്ഗുണങ്ങൾ പ്രതിഫലിക്കും.
ഫ്രഞ്ച് നോവലിസ്റ്റായ വിക്ടർ ഹ്യൂഗോയുടെ പാവങ്ങൾ എന്ന നോവലിലെ ബിഷപ്പിനെ ഇവിടെ അനുസ്മരിക്കട്ടെ. തടവുചാടിയെത്തിയ ജീൻവാൽജീനിനു സമൃദ്ധമായ ഭക്ഷണവും അന്തിയുറങ്ങാൻ ഒരു കിടക്കയും അദ്ദേഹം നൽകി. എന്നാൽ, അന്നു രാത്രിയിൽ ബിഷപ്പിന്റെ മുറിയിലെ വെള്ളിപ്പാത്രങ്ങൾ മോഷ്ടിച്ചുകൊണ്ട് അയാൾ പുറത്തുകടന്നു. എങ്കിലും അതിവേഗം അയാൾ പോലീസിന്റെ പിടിയിലായി.
പോലീസ് അയാളെ ബിഷപ്പിന്റെ സമീപമെത്തിച്ചപ്പോൾ ബിഷപ് പറഞ്ഞത് എന്താണെന്നോ. ജീൻവാൽജീനിന്റെ നേരേ തിരിഞ്ഞുകൊണ്ട് അദ്ദേഹം പറയുകയാണ് ""എന്റെ പ്രിയ സുഹൃത്തേ, വിലപ്പിടിപ്പുള്ള തിരിക്കാലുകൾ ഞാൻ നിനക്കു സമ്മാനമായി തന്നത് നീ എന്തുകൊണ്ടു മറന്നുപോയി?'' ജീൻവാൽജീൻ കുറ്റക്കാരനാണെന്നു പോലീസിനോടു പറയുന്നതിനു പകരം അയാളെ വിദഗ്ധമായി രക്ഷിക്കാനാണ് ബിഷപ് ശ്രമിച്ചത്.
സുഹൃത്തേ എന്ന ബിഷപ്പിന്റെ വിളിയും അദ്ദേഹത്തിന്റെ കാരുണ്യപൂർവമുള്ള പെരുമാറ്റവും എങ്ങനെയാണ് ജീൻവാൽജീനിന്റെ ജീവിതത്തെ നന്മയിലേക്കു വഴിതിരിക്കുന്നത് എന്നു ഹ്യൂഗോയുടെ നോവൽ പറയുന്നുണ്ട്. അതായത്, സ്നേഹസന്പന്നനും കരുണാനിധിയുമായ ആ ബിഷപ്പിന്റെ വാക്കും പ്രവൃത്തിയും അന്ധകാരത്തിന്റെ പാത തെരഞ്ഞെടുത്ത ഒരാളെ നേർവഴിയിലേക്കു നയിച്ചെന്നു സാരം.
നമുക്കാർക്കും ഈ ബിഷപ്പിനെപ്പോലെ കരുണാപൂർവം എപ്പോഴും സംസാരിക്കാനും പ്രവർത്തിക്കാനും സാധിച്ചെന്നുവരില്ല. എന്നാൽ, നമ്മുടെയും ലക്ഷ്യം ഇതായിരിക്കണം. കരുണയോടെയുള്ള സംസാരം. അതു പ്രതിഫലിക്കുന്ന പ്രവൃത്തി. അപ്പോൾ നമ്മോട് ഇടപഴകുന്നവരുടേതു പോലെ നമ്മുടെ ജീവിതവും സന്തോഷപൂരിതമായി മാറും.
""കാരുണ്യം തുളുന്പുന്ന വാക്കുകൾ ഹൃസ്വമായിക്കൊള്ളട്ടെ, കുഴപ്പമില്ല. കാരണം, അവ സൃഷ്ടിക്കുന്ന പ്രതിധ്വനികൾ അനന്തമായി നീണ്ടുപോകും'' എന്നു മദർ തെരേസ പറഞ്ഞിരിക്കുന്നതു നമ്മുടെ ഓർമയിലിരിക്കട്ടെ. അപ്പോൾ കൊച്ചുകൊച്ചു വാക്കുകളിലൂടെയും നന്മപ്രവൃത്തികളിലൂടെയും അനേകരുടെ മുറിവുകൾ ഉണക്കാനും അവരുടെ ഹൃദയം കുളിർപ്പിക്കാനും നമുക്കു സാധിക്കും.