ശേഷം കാഴ്ചയിൽ ഓർമയിൽ...
റെജി ജോസഫ്
Saturday, October 18, 2025 10:01 PM IST
ലൗഡ് സ്പീക്കറുകളിലൂടെ എത്തുന്ന ചിലന്പിച്ച ശബ്ദത്തിലുള്ള പാട്ടുകൾ.., അനൗൺസ്മെന്റുകൾ.., വാരിവിതറുന്ന നോട്ടീസുകൾ... കൊട്ടകയിലെ മണൽനിറഞ്ഞ തറ... മലയാളിയുടെ കഴിഞ്ഞുപോയ സിനിമാക്കാലം ഓർമയുടെ തിരശീലയിൽ തെളിയുന്പോൾ...
ടെലിവിഷനും മൊബൈല്‍ ഫോണുമൊന്നും ആരുടെയും ഭാവനയിലോ സ്വപ്നത്തിലോ വരാത്ത കാലം. പരമ്പുമറയ്ക്കു മുകളില്‍ മുളനിരത്തി അതില്‍ ഓലമേഞ്ഞ കൊട്ടക. പടം തുടങ്ങുന്നതിന് അരമണിക്കൂര്‍ മുന്‍പേ കൊട്ടകയുടെ ഉച്ചിയിലും മരത്തിലും കെട്ടിയ കോളാമ്പി സ്പീക്കറുകളിലൂടെ പറപറാ ശബ്ദത്തില്‍ പഴയകാല മലയാളം, തമിഴ്പാട്ടുകള്‍ ഒഴുകിത്തുടങ്ങുന്നു..ആ പാട്ടുകൾ കേള്‍ക്കാന്‍മാത്രം കൊട്ടകയ്ക്കു ചുറ്റും ആളുകൂടിയിരിക്കും. യേശുദാസിന്റെയും പി. ലീലയുടെയും കമുകറ പുരുഷോത്തമന്റെയുമൊക്ക ഭക്തിഗാനങ്ങളായിരിക്കും ആദ്യം.
പാട്ടുകളുടെ ഇടവേളകളില്‍ സിനിമയുടെയും താരനിരയുടെയും പേരും കഥയുടെ ചുരുക്കവും അനൗണ്‍സ് ചെയ്യുന്നുണ്ടാവും. തിയറ്റര്‍ ബെല്ലില്‍ കിറുകിറാ ശബ്ദം മുഴങ്ങിയാലുടന്‍ മുന്‍വശത്തെ ടിക്കറ്റു"കള്ളി'ക്കു മുന്നില്‍ തുടങ്ങും ഉന്തും തള്ളും. ക്യൂവിന് പുല്ലുവിലപോലും കല്പിക്കാത്ത കരുത്തന്മാര് ഇടിച്ചുകയറി ടിക്കറ്റു വാങ്ങും.
തറ ടിക്കറ്റിന് 50 പൈസയും ബഞ്ചിന് ഒരു രൂപയും കസേരയ്ക്ക് രണ്ടു രൂപയുമൊക്കെ നിരക്കുള്ള കാലമായിരുന്നു അത്.ടിക്കറ്റെടുത്ത് നിരക്ക് എഴുതിയിരിക്കുന്ന വാതിലിനടുത്ത് അത് കീറുന്നയാളുടെ അടുത്തേക്കു പോകണം. അയാള്‍ ടിക്കറ്റ് പാതി കീറിയെടുത്തിട്ടേ അകത്തേക്കുവിടൂ. മുന്നിലെ തറ ടിക്കറ്റുകാര്‍ പൂഴി തെളിഞ്ഞ മണലില്‍ ഇരിക്കണം.
അതിനു പിന്നില്‍ ബെഞ്ച്. അതിനും പിന്നില്‍ കസേര. തേക്കുതൂണില് പലക നിരത്തിയ ബാല്‍ക്കണി അപൂര്‍വം കൊട്ടകകളില്‍ മാത്രം. കൊട്ടകയെ താങ്ങിനിർത്തുന്ന നടുത്തൂണുകള് പലപ്പോഴും കാഴ്ചമറയ്ക്കും. അതിനാല്‍ തൂണിനു പിന്നില്‍ ഇരിപ്പിടം കിട്ടിയാൽ രസം പോയി. മേല്‍ക്കൂരയിലെ ഓലകള്‍ പഴകുംതോറും മഴവെള്ളവും വെയിലും തലയില്‍ പതിക്കും. മുന്നിലിക്കുന്നയാള് പൊക്കക്കാരനെങ്കില് പിന്നിലിരിക്കുന്നയാളുടെ കാര്യം പറയേണ്ടതുമില്ല.
സിനിമ തുടങ്ങുന്നതിനു മുന്നോടിയായി പരസ്യങ്ങള്‍ വരും. ലൈഫ് ബോയ് സോപ്പ്, ഗണേശ് ബീഡി, കുട്ടിക്യൂറ പൗഡര്‍, 501 ബാര്‍ സോപ്പ് തുടങ്ങിയവയുടെ പോറല്‍വീണ സ്ലൈഡുകള്‍. പരസ്യങ്ങള്‍ കണ്ടുകണ്ടു ക്ഷമകെട്ടവരുടെ കൂക്കുവിളിയും ചൂളമടിയും അസഹനീയമാകുമ്പോഴാണ് അതു നിർത്തി പടം ഓടിക്കാന്‍ തുടങ്ങുക.
നഗരങ്ങളിലെയും ചെറുപട്ടണങ്ങളിലെയും പേരെടുത്ത തിയറ്ററുകളില്‍ മാസങ്ങള്‍ കളിച്ചശേഷം പടം ഗ്രാമത്തിലെ കൊട്ടകയില്‍ തെളിയുമ്പോള്‍ സ്ക്രീനില്‍ പൊട്ടലും ചീറ്റലും മിന്നലും സ്വാഭാവികം. ഫിലിം റീലിനു മാത്രമല്ല പ്രൊജക്ടറിനുമുണ്ടായിരിക്കും മോശമല്ലാത്ത പഴക്കം.
കണ്ണുരുട്ടുന്ന കൊമ്പന്മീശക്കാരന് പോലീസിന്റെ ചിത്രം ഉള്‍പ്പെടെ "പുകവലി പാടില്ല' എന്ന സ്ലൈഡ് ആവര്‍ത്തിച്ചു കാണിച്ചാലും പേടിക്കുന്നവരായിരുന്നില്ല പതിവുപ്രേക്ഷകര്. ബീഡിവെട്ടവും അതിന്റെ പുകയുമില്ലാതെ കൊട്ടകയില്‍ ഇരിക്കാനാവില്ല. സിനിമ ഓടുമ്പോഴും കടലപ്പൊതി വില്പനയ്ക്ക് ഇടവേളയില്ല.
മറക്കാനാകുമോ ഫിലിം പെട്ടി
കൊട്ടകയിലേക്കുള്ള ഫിലിം പെട്ടിയുടെ വരവുപോക്കിനുമുണ്ടായിരുന്നു നല്ല ശേല്. തിളങ്ങുന്ന അലുമിനിയം പെട്ടിയില്‍ ഫിലിം റോള്‍ വെള്ളിയാഴ്ച ഓടിച്ചുതുടങ്ങാൻ പാകത്തിന് തലേന്നു ബസിന്റെ മുകളിൽകയറിയാണ് വരിക.
പെട്ടി തലയില്‍വച്ച് ബസിന്റെ ഗോവണിയിലൂടെ സാഹസികമായി ഇറങ്ങുന്ന ചുമട്ടുകാരന്. പെട്ടി തിയറ്ററിലെത്തിച്ചാല് ഓപ്പറേറ്ററുടെ നിയന്ത്രണത്തിലാണ്. റീലുകള്‍ വെട്ടത്തിലേക്കു പിടിച്ച് പൊട്ടലോ മുറിവോ ചതവോ ഉണ്ടോയെന്നു സൂക്ഷ്മപരിശോധന.
പൊട്ടിയവ മുറിച്ചുമാറ്റി ഒട്ടിക്കും. ഒരു സിനിമ ഓടിത്തീരാന്‍ ആറും ഏഴും റീലുകള്‍ മാറ്റണം. കറന്റു പോവുകയോ ഫിലിം പൊട്ടുകയോ ചെയ്താല്‍ അകത്ത കൂക്കുവിളി മുറുകും. പഴയകാലമല്ലേ, കൊട്ടകയിലെത്തുന്നവര്ക്ക് ഷര്‍ട്ടും മുണ്ടും നിര്‍ബന്ധമില്ല. കൈലിയും തോര്‍ത്തും ധാരാളം. പഴയകാല വടക്കന്‍പാട്ട് സിനിമകള്‍ക്കും പുണ്യപുരാണ കഥകള്‍ക്കും ആസ്വാദകരേറെയായിരുന്നു.
ആക്ഷന്‍ സ്റ്റണ്ട് സീനുകള്‍ വരുമ്പോള്‍ ആവേശം അതിരുവിട്ട് എഴുന്നേറ്റ് കൈയടിക്കുന്നവര്‍ പലരുണ്ടാകും.പടം മാറുന്നതിനു തലേന്ന് ജീപ്പില്‍ കോളാമ്പി സ്പീക്കർ കെട്ടി ഗ്രാമാന്തരങ്ങളിലൂടെ അനൗണ്‍സ്മെന്റുണ്ടാകും. കൂടെ നോട്ടീസ് വിതരണവും. കാളവണ്ടിയിൽ കറങ്ങി നോട്ടീസ് വിതറിയിരുന്ന കാലമുണ്ടായിരുന്നെന്നും ഓർക്കണം.
ഇതാ, ഇന്നുമുതൽ...
വാക്കുകള്‍ മുത്തുമാലപോലെ കോര്‍ത്ത് നാട്ടുകാരെ വിസ്മയത്തില്‍ ആറാടിക്കാന്‍ സിദ്ധിയുള്ള ശബ്ദക്കാരനായിരുന്നു പതിവ് അനൗണ്സര്. ചുവപ്പും പച്ചയും മഞ്ഞയും വെള്ളയും നിറങ്ങളില്‍ അടിച്ചുവരുന്ന നോട്ടീസുകളില്‍ സിനിമയുടെ പേരും താരങ്ങളുടെ ഫോട്ടോകളുമുണ്ടാകും.
കഥ, തിരക്കഥ, സംഭാഷണം, ഗാനരചന, സംവിധാനം, നിര്‍മാണം എന്നിവ നിർവഹിച്ചവരുടെ പേരുകളും കഥാ സംഗ്രഹവും "ശേഷം സ്ക്രീനില്‍' എന്നൊരു അടിക്കുറിപ്പുമുള്ള നോട്ടീസിനായി കുട്ടികള്‍ ജീപ്പിനു പിന്നാലെ ഓടും.കവലകളില്‍ നാലഞ്ചു മിനിറ്റ് ജീപ്പ് നിർത്തിയിടും. അനൗൺസറുടെ വാക്ധോരണിയുടെ മികവിലാണ് പ്രേക്ഷകര്‍ ആകര്‍ഷിക്കപ്പെടുക.
മിന്നുംതാരങ്ങളായ സത്യനും നസീറും ജയനും ഷീലയും ശാരദയും മത്സരിച്ചഭിനയിച്ച അനശ്വര ചിത്രം, മനോഹര കുടുംബകഥ, ഇത് നിങ്ങളുടെയും കഥ തുടങ്ങിയ വാക്കുകളുടെ ഇടവേളകളില്‍ ഹിറ്റുപാട്ടുകളുടെ നാലു വരിയും.പടത്തിന്റെ വരവറിയിച്ച് തലേന്നുതന്ന പോസ്റ്ററുകള്‍ ചുവരുകളിലും പീടിക പലക ഭിത്തിയിലും സ്ഥാനംപിടിക്കും. ചൂടുവെള്ളത്തില്‍ മൈദ കലക്കി പോസ്റ്റര്‍ ഒട്ടിക്കുന്നതിലുമുണ്ടായിരുന്നു രസക്കാഴ്ച.
ശനി, ഞായര്‍ മോര്‍ണിംഗ് ഷോ. ഹിറ്റ് സിനിമകള്‍ക്ക് ദിവസവും മോര്‍ണിംഗ് ഷോ. സാധാരണ ദിവസങ്ങളില്‍ മാറ്റിനിയും ഫസ്റ്റ് ഷോയും സെക്കന്‍ഡ് ഷോയും. മൂന്നു മണിക്കൂര്‍വരെ ദൈര്‍ഘ്യമുണ്ടായിരുന്നു പഴയകാല സിനിമകള്‍ക്ക്. സ്കൂള്‍ കുട്ടികളെ സിനിമ കാണിക്കാന്‍ അധ്യാപകര്‍ ലൈന്‍ ബസില്‍ എത്തിക്കുന്നതും കുട്ടികള്‍ക്കായി സ്പെഷല്‍ ഷോയും പതിവായിരുന്നു.
കാലം മായ്ക്കാത്ത ഹിറ്റുകള്‍
കൈകൊണ്ടു പ്രവര്‍ത്തിപ്പിക്കുന്ന ഫോട്ടോ ഫോണ്‍ പ്രൊജക്ടര്‍ മുറിയിലെ രണ്ടുമൂന്നു ചതുരപ്പൊത്തുകളില്നിന്ന് പുകയും പൊടിയുംനിറഞ്ഞ വെളിച്ചമായാണ് സ്ക്രീനില്‍ സിനിമക്കാഴ്ചകള്‍ പതിയുക.
ഭാര്യ, കുട്ടിക്കുപ്പായം, ജീസസ്, സ്നാപകയോഹന്നാന്, ഭക്തകുചേല, ആന വളര്‍ത്തിയ വാനമ്പാടി, അള്‍ത്താര, അധ്യാപിക, ജ്ഞാനസുന്ദരി, ജീവിതനൗക, ശ്രീരാമ പട്ടാഭിഷേകം, ഭക്തരാമായണം, നദി തുടങ്ങി എത്രയോ സിനിമകള്‍. പ്രദര്‍ശനത്തിന്റെ അന്‍പതാം ദിവസം, നൂറാം ദിവസം, നൂറ്റന്പതാം ദിവസം, ഇരുനൂറാം ദിവസം തുടങ്ങിയ പോസ്റ്ററുകളും പരസ്യങ്ങളും കണ്ടാണ് പ്രേക്ഷകര്‍ സിനിമകളുടെ ജയപരാജയം വിധിച്ചിരുന്നത്.
ഉമ്മ, കുട്ടിക്കുപ്പായം, ഭാര്യ, ഉണ്ണിയാര്‍ച്ച, നീലക്കുയില്‍, ഭാര്‍ഗവീനിലയം, മുടിയനായ പുത്രന്, ചെമ്മീന്‍ തുടങ്ങിയവയൊക്കെ ഒരേ തിയറ്ററില്‍ മാസങ്ങള്‍ ഓടി. ആക്ഷന്‍ ഹീറോ ജയന്റെ അവതാരത്തോടെ അങ്ങാടി, കരിമ്പന, മൂര്‍ഖന്‍ തുടങ്ങിയ ചിത്രങ്ങളുടെ വിജയാഘോഷങ്ങൾ പതിവായി.
കൊട്ടകയിലേക്ക് കാറിലും ജീപ്പിലും വരുന്നവര്‍ വിരളം. ഏറെപ്പേരും നടന്നോ സൈക്കിളിലോ ആവും എത്തുക. മുറ്റത്ത് തകരപ്പാളി മേഞ്ഞ സൈക്കിള്‍ ഷെഡ്ഡുണ്ടാകും. കാരിയറിലും തണ്ടിലുമിരുന്ന് രണ്ടും മൂന്നും പേർ എത്തുന്ന സൈക്കിളുകൾ. അക്കാലത്തൊക്കെ സൈക്കിളുകള്‍ കൂടുതലായി മോഷണംപോയിരുന്നത് സിനിമാ കൊട്ടകകളില്‍ നിന്നാണ്!
പടം കണ്ടുവരുന്നവര്‍ മാടക്കടയിലും പീടികയിലും മരത്തണലിലും പണിയിടത്തുമൊക്കെ സിനിമാക്കഥ പറയുമ്പോള്‍ കാണാത്തവര്‍ വിസ്മയത്തോടെ കേട്ടിരിക്കും. സിനിമാക്കഥ പറച്ചില് പഴയകാലത്ത അത്യുഗ്രൻ നേരമ്പോക്കായിരുന്നു. അന്നും താരാരാധനയ്ക്ക് കുറവുണ്ടായിരുന്നില്ല. ചെറുപ്പക്കാരുടെ മുടിവെട്ട്, മുടികെട്ട്, കൃതാവ്, മീശ, ഷര്‍ട്ട്, പാന്റ് എന്നിവയൊക്കെ താരങ്ങളെ അനുകരിച്ചായിരുന്നു.
ജീവനും ജീവിതവും സിനിമ
ഫസ്റ്റ് ക്ലാസ്, സെക്കന്‍ഡ് ക്ലാസ് എന്നൊന്നും കൊട്ടകഭാഷയിലില്ല. തറ, ബഞ്ച്, കസേര എന്നൊക്കെയേ പറയൂ. നല്ല പടത്തിന് ദിവസങ്ങളോളം കാഴ്ചക്കാരുണ്ടാകും. ഇഷ്ടതാരങ്ങളുടെ സിനിമ ഒന്നിലേറെ തവണ കാണുന്നവരുമുണ്ടായിരുന്നു. മാറ്റിനിക്കും ഫസ്റ്റ് ഷോയ്ക്കുമാണ് കൂടുതല്‍ ആസ്വാദകർ. ഹിറ്റ് പടങ്ങള്‍ വരുന്ന ദിവസം പലര്‍ക്കും ടിക്കറ്റ് കിട്ടാതെവരും.
പടംകണ്ടാലേ അടക്കംവരൂ എന്നുള്ളവരും കാര്യമായ പണിയില്ലാത്തവരും കവല വര്‍ത്തമാനക്കാരും അടുത്ത ഷോ തുടങ്ങുംവരെ കാലിച്ചായ കുടിച്ചും കട്ടന്ബീഡി വലിച്ചും സൊറപറഞ്ഞിരിക്കും. കൊട്ടകയില്‍ നാലുചുറ്റും കറുത്ത പടിയുള്ള വെള്ളത്തുണിയില്‍ മിന്നിമറിയുന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് സീനുകളില്‍ തെളിയുന്ന കഥയും പാട്ടും തമാശയും ആസ്വദിക്കുന്നതിന്റെ മാസ്മരിക രസം ഒന്നു വേറെയായിരുന്നു.
കൊട്ടകയുടെ പുറകില്‍ നടീനടന്മാര് നേരിട്ടെത്തി അഭിനയിക്കുകയാണെന്നുപോലും ചില കുട്ടികള്‍ വിശ്വസിച്ചുപോയിരുന്നു.ചിരിപ്പടം, കണ്ണീര്‍പ്പടം, ഇടിപ്പടം എന്നൊക്കെയാണ് ഓരോ സിനിമയ്ക്കും അക്കാലത്ത വിശേഷണം. പ്രേംനസീര്‍, സത്യന്, ഷീല, മിസ് കുമാരി, ശാരദ, അടൂര്‍ ഭാസി, എസ്.പി. പിള്ള, കൊട്ടാരക്കര ശ്രീധരന് നായര്‍ തുടങ്ങിയ സ്ഥിരംനിരയുടെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമകൾ.
"കണ്ടംബെച്ച കോട്ട്' 1961ല്‍ ഇറങ്ങിയപ്പോഴാണ് മലയാളികള്‍ ആദ്യമായി ഒരു കളര്‍ സിനിമ ആസ്വദിച്ചതെന്നോര്ക്കണം. 1965ലെ ഓണത്തിന് കളറില്‍ ഇറങ്ങിയ "ചെമ്മീന്‍' നഗരങ്ങളിൽനിന്ന് കൊട്ടകകളിലെത്താന് രണ്ടുവര്‍ഷം കാത്തിരിക്കേണ്ടിവന്നു. ഇക്കാലത്ത് സൂപ്പര്‍ സ്റ്റാറുകള്‍ ശതകോടി പ്രതിഫലം പറ്റുമ്പോള്‍ അന്നത്തെ താരങ്ങളുടെ നിരക്കുകൂടി അറിഞ്ഞോളൂ. ആറേഴു മാസമെടുത്തു ചിത്രീകരിച്ച ചെമ്മീനില്‍ സത്യന് വാങ്ങിയത് പന്തീരായിരം രൂപ, മധുവിന് രണ്ടായിരം രൂപ.
ഗ്രാമക്കവലകളുടെ സ്പന്ദനമായിരുന്ന കൊട്ടകകളില്‍ സിനിമ ആസ്വദിക്കുന്നതില്‍ വലിപ്പച്ചെറുപ്പമില്ലായിരുന്നു. നഗര തിയറ്ററുകളെ എ ക്ലാസ്, ബി ക്ലാസ് എന്നൊക്കെ വിശേഷിപ്പിക്കുമ്പോള്‍ ഗ്രാമീണ കൊട്ടകകള്‍ സി ക്ലാസില്‍ എണ്ണപ്പെട്ടു. എന്നാല്‍ പല സിനിമകളും സാമ്പത്തികമായി പച്ചപിടിച്ചത് ഗ്രാമക്കൊട്ടകകളില് നിറഞ്ഞ സദസില്‍ കളിച്ചതുകൊണ്ടായിരുന്നു.
ഓർമയിൽ ഒരു "ശുഭം'
ചെറുപട്ടണങ്ങളില്‍വരെ തിയറ്റര്‍ സമുച്ചയങ്ങള്‍ വന്നതോടെ കൊട്ടക പ്രഭാവം അസ്തമിച്ചുതുടങ്ങി. പഴമക്കാരുടെ മനസില്‍ ഒട്ടേറെ കൊട്ടകകളുടെ പേരുകള്‍ ഇപ്പോഴും മിന്നുന്നുണ്ട്. കൊട്ടകകൾ ആളനക്കമില്ലാതെ ഓരോന്നായി പൂട്ടി. കാടുകയറിയതോടെ കൊട്ടകകൾ ഉടമകൾ വിറ്റൊഴിവാക്കി. പ്രൊജക്ടറും കസേരകളും ആക്രി സാധനങ്ങളായി. ആര്‍ത്തുകയറിയ പച്ചപ്പടർപ്പുകൾക്കു നടുവില്‍ നൊമ്പരക്കാഴ്ചയായി അപൂര്‍വം ഇടങ്ങളില്‍ അസ്ഥിപഞ്ജരംപോലെ കൊട്ടകത്തറകള് ശേഷിക്കുന്നുണ്ട്.
ഡോള്‍ബി അറ്റ്മോസ് ശബ്ദം മുഴങ്ങുന്ന ഇക്കാലത്തെ മൾട്ടിപ്ലെക്സുകളുമായി പൊരുത്തപ്പെട്ടുപോയവര്‍ക്ക് ഓലക്കൊട്ടകയുടെ കഥ അവിശ്വസനീയമായി തോന്നാം. ഇന്നത്തെ കുട്ടികള്‍ക്ക് കണ്ടു പരിചയപ്പെടാനാവാത്ത വിധം, കവലകളുടെ അടയാളമായിരുന്ന ടാക്കീസുകള്‍ കല്യാണ മണ്ഡപങ്ങളോ മാളുകളോ പുത്തൻ തിയറ്റര്‍ കോംപ്ലക്സുകളോ ഒക്കെയായി മാറിക്കഴിഞ്ഞിരിക്കുന്നു. നോട്ടീസുകളിൽ എഴുതാറുള്ളതുപോലെ, ശേഷം കാഴ്ചയിൽ.. അല്ല, ഓർമയിൽ...