National
ഹൈദരാബാദ്: തെലുങ്കാനയിലെ മഞ്ചേറിയൽ ജില്ലയിൽ ഓട്ടോ മറിഞ്ഞ് രണ്ട് പേർ മരിച്ചു, അഞ്ച് പേർക്ക് പരിക്കേറ്റു.
മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ഓട്ടോ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. തുടർന്ന് എതിർദിശയിലേക്ക് പാഞ്ഞ ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞു. ഓട്ടോ മറിഞ്ഞതിനെ തുടർന്ന് യാത്രക്കാർ പുറത്തേക്ക് തെറിച്ച് വീഴുകയായിരുന്നു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ട് പേർ മരച്ചു. പരിക്കേറ്റ മറ്റ് അഞ്ച് പേരെയും ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പൊലിസ് മേൽനടപടി സ്വീകരിച്ചിട്ടുണ്ട്.
Viral
ജയ്പൂരിലെ നിവാരു റോഡിലുള്ള ഗണേഷ് നഗർ മെയിനിലെ ശിവക്ഷേത്രത്തിൽ പൂജാ ചടങ്ങുകൾക്കിടെ ഭക്തിഗാനം ഉറക്കെ വെച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് ക്ഷേത്രത്തിനുള്ളിൽ വെച്ച് പൂജാരി ക്രൂരമായി ആക്രമിക്കപ്പെട്ടു.
വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെ നടന്ന അക്രമത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ക്ഷേത്രത്തിലെ സിസിടിവി ക്യാമറയിൽ പതിയുകയും പിന്നീട് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവരികയും ചെയ്തു.
പാട്ടിന്റെ ശബ്ദം കുറയ്ക്കണമെന്നാവശ്യപ്പെട്ട് അയൽപക്കത്തെ വീട്ടിലെ യുവാവ് ക്ഷേത്രത്തിലെത്തി പൂജാരി പണ്ഡിറ്റ് രാമകൃഷ്ണനുമായി വാക്കുതർക്കത്തിലേർപ്പെടുകയും തുടർന്ന് പൂജാരിയെ നിലത്തേക്ക് തള്ളിവിട്ട് വസ്ത്രങ്ങൾ കീറി ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു.
ഇടയിൽ ഒരു സ്ത്രീ ഇടപെട്ട് തടയാൻ ശ്രമിച്ചെങ്കിലും അക്രമം തുടരുകയും പിന്നീട് നാട്ടുകാർ ഓടിയെത്തിയാണ് പൂജാരിയെ രക്ഷപ്പെടുത്തിയത്.
സംഭവത്തെത്തുടർന്ന് പൂജാരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കർധാനി പൊലിസ് കേസെടുക്കുകയും അയൽവാസികളായ ഹരീഷ് ചതുർവേദി, ദേവാംശ് എന്നിവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
കേസിൽ റിതു എന്ന മറ്റൊരു വ്യക്തിക്കെതിരെയും പൂജാരി പരാതി ഉന്നയിച്ചിട്ടുണ്ട്. എന്നാൽ അക്രമം നടത്തിയ കുടുംബത്തിന്റെ ഭാഗത്തുനിന്നും പരാതി ലഭിച്ചിട്ടുണ്ടെന്നും ഇരുവിഭാഗത്തിന്റെയും വാദങ്ങൾ പരിശോധിച്ചു വരികയാണെന്നും പൊലിസ് വ്യക്തമാക്കി.
അതേസമയം, പൂജാരിക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് ഞായറാഴ്ച ഉച്ചയോടെ ബന്ധുക്കളും നാട്ടുകാരും കർധാനി പൊലിസ് സ്റ്റേഷന് മുന്നിൽ തടിച്ചുകൂടി കുറ്റക്കാർക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് നിവേദനം നൽകി. വിഷയം കൃത്യമായി അന്വേഷിച്ച് ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് പൊലിസ് ഉറപ്പുനൽകിയിട്ടുണ്ട്.
National
ഹൈദരാബാദ്: തെലുങ്കാനയിലെ അൽവാലിൽ വാക്കുതർക്കത്തിനിടെ ഭർത്താവിനെ വെട്ടിക്കൊലപ്പെടുത്തി. രമാദേവിയാണ് ഭർത്താവ് ശ്രീനിവാസനെ (52) കൊലപ്പെടുത്തിയത്. സംഭവത്തിൽ രമാദേവിയെ പൊലിസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം.
കുടുംബപരമായ കാര്യങ്ങളെച്ചൊല്ലി ദമ്പതികൾ തമ്മിൽ വഴക്കുകൾ പതിവായിരുന്നുവെന്ന് പൊലിസ് വ്യക്തമാക്കി. ഞായറാഴ്ച രാത്രിയും ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. തർക്കം രൂക്ഷമായതിനെത്തുടർന്ന് പ്രകോപിതയായ രമാദേവി കോടാലി ഉപയോഗിച്ച് ശ്രീനിവാസിനെ വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹം സംഭവസ്ഥലത്ത് വച്ചുതന്നെ മരണത്തിന് കീഴടങ്ങി.
വിവരമറിഞ്ഞ ഉടൻതന്നെ പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതിയായ രമാദേവിയെ പൊലിസ് കസ്റ്റഡിയിലെടുത്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Kerala
തിരുവനന്തപുരം: പെരുമാതുറയിലെ ഹോട്ടലിൽ വച്ച് ഭക്ഷണം കഴിക്കുകയായിരുന്ന സഹോദരങ്ങളെ അധിക്ഷേപിക്കുകയും വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്ത കേസിലെ മുഖ്യപ്രതി പിടിയിൽ. വെട്ടുതറ സ്വദേശി സ്റ്റീഫൻ (22) ആണ് പിടിയിലായത്. മുതലപ്പൊഴിക്ക് സമീപമുള്ള ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ പെരുമാതുറ സ്വദേശികളായ സദ്ദാം ധാരിക് (29), സഹോദരൻ സദ്ദാം ഹുസൈൻ (31) എന്നിവർക്ക് നേരെയാണ് അഞ്ചംഗ സംഘത്തിന്റെ ആക്രമണമുണ്ടായത്. പ്രകോപനമൊന്നുമില്ലാതെ സഹോദരങ്ങളെ സംഘം അസഭ്യം പറയുകയും അപമാനിക്കാൻ ശ്രമിക്കുകയും ചെയ്തു.
ഇത് ചോദ്യം ചെയ്തതിലുണ്ടായ വിരോധമാണ് ആക്രമണത്തിൽ കലാശിച്ചത്. തർക്കത്തിനിടെ പ്രതികൾ മേശയിലിരുന്ന ചായഗ്ലാസ് എടുത്ത് സദ്ദാം ധാരിക്കിന്റെ തലയ്ക്കടിക്കുകയായിരുന്നു. അടി കൊണ്ട് നിലത്തുവീണ ഇദ്ദേഹത്തെ സ്റ്റീഫൻ വാളുകൊണ്ട് തല വെട്ടാൻ ശ്രമിച്ചു. ഇത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് സദ്ദാം ഹുസൈന്റെ വലതു കൈക്ക് ഗുരുതരമായി വെട്ടേറ്റത്. ഇയാളുടെ കൈയിലെ അസ്ഥിക്ക് പൊട്ടലുമുണ്ട്.
സംഭവത്തിൽ സ്റ്റീഫൻ ഉൾപ്പെടെ അഞ്ച് പേർക്കെതിരെ പൊലിസ് കേസെടുത്തിട്ടുണ്ട്. ഒളിവിലുള്ള മറ്റ് പ്രതികൾക്കായുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
മുംബൈ: മഹാരാഷ്ട്രയിലെ പൂനയിൽ സ്ത്രീധനത്തിന്റെ പേരിൽ പീഡനത്തിനിരയായ യുവതി ജീവനൊടുക്കി. എഞ്ചിജിനീയറായ വൈഷ്ണവി പ്രവീൺ ജരാണ്ടെ (23) ആണ് മരിച്ചത്. സംഭവത്തിൽ യുവതിയുടെ ഭർത്താവ് ഓങ്കാർ സഞ്ജയ് ഘിസാരെ (28), ഇയാളുടെ മാതാപിതാക്കളായ സഞ്ജയ് മഹാദേവ് ഘിസാരെ (49), രൂപാലി സഞ്ജയ് ഘിസാരെ (42) എന്നിവരെ പൊലിസ് അറസ്റ്റ് ചെയ്തു.
ഈ വർഷം മെയിലാണ് യുവതിയുടെ വിവാഹം നടന്നത്. വൈഷ്ണവിയുടെ കുടുംബം സ്ത്രീധനമായി 45 ലക്ഷം രൂപയും 10 പവൻ സ്വർണം നൽകിയിരുന്നു. എന്നാൽ കാർ വാങ്ങുന്നതിനായി വീണ്ടും അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട് ഭർത്താവും വീട്ടുകാരും ചേർന്ന് ശാരീരികമായും മാനസികമായും പീഡിപ്പിച്ചതായി യുവതിയുടെ മാതാപിതാക്കൾ ആരോപിച്ചു.
വൈഷ്ണവിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവ് ഓങ്കാർ സഞ്ജയ് ഘിസാരെക്കും മാതാപിതാക്കൾക്കുമെതിരെ പൊലിസ് കേസെടുത്തിട്ടുണ്ട്. മരണസമയത്ത് യുവതി മൂന്ന് മാസം ഗർഭിണിയായിരുന്നുവെന്ന് മാതാപിതാക്കൾ പറയുന്നു. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാൻ കഴിയൂ എന്ന് പൊലിസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
National
ഗാന്ധിനഗർ: ഗുജറാത്തിലെ സൂറത്തില്‍ വാക്സിനേഷനു ശേഷം പാരസെറ്റാമോളിന് പകരം പ്രമേഹത്തിനുള്ള മരുന്ന് മാറി നല്‍കിയതിനെത്തുടര്‍ന്ന് അഞ്ച് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ആരോഗ്യവകുപ്പ് വനിതാ ആരോഗ്യ പ്രവര്‍ത്തകയെ സസ്പെന്‍ഡ് ചെയ്യുകയും വകുപ്പുതല അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.
പൽസാന താലൂക്കിലെ കനാവ് പ്രൈമറി ഹെൽത്ത് സെന്ററിന് കീഴിലുള്ള പൽസാന-01 ഉപകേന്ദ്രത്തിൽ മമത ദിവസ് പ്രതിരോധ കുത്തിവയ്പ്പ് പരിപാടിക്കിടെയാണ് ഗുരുതരമായ വീഴ്ച സംഭവിച്ചത്. കാമ്പില്‍ ഏഴ് കുട്ടികളാണ് വാക്സിനേഷൻ എടുത്തത്.
പ്രതിരോധ കുത്തിവയ്പ്പിന് ശേഷം കുട്ടികളിലുണ്ടാകുന്ന പനിയും അസ്വസ്ഥതകളും നിയന്ത്രിക്കാനായി സാധാരണയായി നല്‍കാറുള്ള പാരസെറ്റാമോൾ കിഡ് ടാബ്ലെറ്റുകൾക്ക് പകരം പ്രമേഹരോഗികൾക്ക് നല്കുന്ന രണ്ട് മില്ലിഗ്രാമിന്റെ ഗ്ലിമെപിറൈഡാണ് അഞ്ച് കുട്ടികൾക്ക് മാറി നൽകിയതെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. മരുന്ന് മാറിയതിനെ തുടര്‍ന്ന് അസ്വസ്ഥത അനുഭവപ്പെട്ട കുട്ടികളെ ഉടൻ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
കുട്ടികളുടെ ആരോഗ്യനില മോശമായതോടെ അഞ്ച് പേരെയും ആശുപത്രിയിൽ അത്യാഹിത വിഭാഗങ്ങളിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ വകുപ്പുതല നടപടികൾ പുരോഗമിക്കുകയാണെന്നും സർക്കാർ നിയമങ്ങൾക്കനുസൃതമായി തീരുമാനം എടുക്കുമെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
International
ഒട്ടാവ: കാനഡയിലെ ബ്രാംടണില്‍ 78 വയസുള്ള ഇന്ത്യക്കാരിയുടെ 20 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്തു. കാലില്‍ തൊട്ട് അനുഗ്രഹം വാങ്ങുന്നതുപോലെ അഭിനയിച്ച് അടുത്തെത്തിയ കനേഡിയന്‍ യുവതിയാണ് വയോധികയുടെ ആഭരണങ്ങള്‍ ഊരിയെടുത്തത്. സംഭവത്തില്‍ വയോധികയുടെ മകന് രാഘവേന്ദ്ര കുമാര്‍ പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.
വൈകുന്നേരങ്ങളില്‍ വയോധിക പതിവായി നടക്കാനിറങ്ങാറുള്ളതാണ്. ഇവര്‍ നടന്നുപോകുന്നതിനിടെ സമീപത്ത് ഒരു കാര്‍ നിര്‍ത്തുകയും അതില്‍ നിന്നിറങ്ങിയ യുവതി വയോധികയുടെ അടുത്തേക്ക് വരികയും ചെയ്തു. തുടര്‍ന്ന് കുനിഞ്ഞ് അനുഗ്രഹം വാങ്ങുന്നതുപോലെ കാലില്‍ തൊടുകയും പിന്നാലെ വയോധികയെ കെട്ടിപ്പിടിച്ച് വളകളും മാലയും ഉള്‍പ്പെടെയുള്ള ആഭരണങ്ങള്‍ ഊരിയെടുക്കുകയുമായിരുന്നു. ഏകദേശം 110 ഗ്രാം സ്വര്‍ണാഭരണങ്ങളാണ് നഷ്ടമായത്.
സംഭവത്തിന് ശേഷം വീട്ടിലെത്തിയ അമ്മയ്ക്ക് ഏകദേശം അരമണിക്കൂറോളം സംസാരിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ലെന്നും വിറച്ചുകൊണ്ടാണ് വീട്ടില്‍ തിരിച്ചെത്തിയതെന്നും മകന് രാഘവേന്ദ്ര കുമാര്‍ പറഞ്ഞു. സംഭവത്തിൽ കേസെടുത്ത പൊലിസ് മോഷ്ടാവിനായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
National
ചണ്ഡിഗഡ്: ഹരിയാനയിലെ ഫരീദാബാദിൽ കളിക്കുന്നതിനിടെ കുഴൽക്കിണറ്റിൽ വീണ് മൂന്നുവയസുകാരി മരിച്ചു. രാംദീന്റെ മകൾ നേഹയാണ് മരിച്ചത്. പത്ത് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് കുട്ടിയെ പുറത്തെടുത്തതെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഞായറാഴ്ച വൈകുന്നേരം അഞ്ചരയ്ക്ക് മറ്റ് കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടെയാണ് നേഹ തുറന്നുകിടന്ന കുഴൽക്കിണറ്റിൽ വീണത്. സമീപത്ത് നിർത്തിയിട്ടിരുന്ന ട്രാക്ടറിൽ കയറി കളിക്കുന്നതിനിടെ കുട്ടി താഴേക്ക് വീഴുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലിസും ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.
കുഴൽക്കിണറിന് ചുറ്റും കുഴിച്ചും മറ്റ് മാർഗങ്ങൾ ഉപയോഗിച്ചുമാണ് രക്ഷാപ്രവർത്തനം നടത്തിയത്. രക്ഷാപ്രവർത്തനത്തിനിടെ കുഴൽക്കിണറ്റിനുള്ളിലേക്ക് ഓക്സിജൻ നൽകിയിരുന്നു.
നീണ്ട മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിൽ കുട്ടിയെ പുറത്തെടുത്ത് ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.
വർഷങ്ങളായി ഉപയോഗശൂന്യമായി കിടന്നിരുന്ന കുഴൽക്കിണറാണിത്. മുമ്പ് ഇത് മൂടിയിരുന്നെങ്കിലും കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ഇതിന്റെ മൂടി നഷ്ടപ്പെടുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. സംഭവത്തിൽ അന്വേഷണം നടത്തി ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
National
ബംഗളൂരു: ബംഗളൂരുവിൽ സാമ്പത്തിക തർക്കത്തെ തുടർന്ന് ഭാര്യയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. ഒഡീഷ സ്വദേശി സാഗർ ചന്ദ്ര റാവത്ത് (32) ആണ് പിടിയിലായത്. ഇയാളുടെ ഭാര്യ അനുസൂയയാണ് കൊല്ലപ്പെട്ടത്.
ഓഗസ്റ്റ് 11-നാണ് സംഭവം നടന്നത്. സാമ്പത്തിക പ്രശ്നങ്ങളെത്തുടർന്ന് ഇരുവരും തമ്മിൽ വഴക്കുണ്ടായിരുന്നു. കൊലപാതകത്തിന് ശേഷം മൂന്ന് ദിവസത്തോളം മൃതദേഹം വീട്ടിൽ തന്നെ സൂക്ഷിച്ച പ്രതി പിന്നീട് ഇത് ബെഡ്ഷീറ്റിൽ പൊതിഞ്ഞ് അടുത്തുള്ള ഒഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് ഇയാൾ താമസസ്ഥലം മാറി ഹോട്ടലിൽ കഴിയാൻ തുടങ്ങി.
ഗ്രേറ്റർ ബംഗളൂരു അതോറിറ്റിയുടെ നിർദേശപ്രകാരം ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങൾ വൃത്തിയാക്കുന്നതിനിടെ സെപ്റ്റംബർ രണ്ടിനാണ് തൊഴിലാളികൾ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തിരിച്ചറിയാൻ കഴിയാത്ത വിധം അഴുകിയ നിലയിലായിരുന്നു. എന്നാൽ വസ്ത്രത്തിലുണ്ടായിരുന്ന ഒരു മാൾ ടാഗും ലോക്കറ്റും കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. ഇത് വഴി യുവതിയുടെ മേൽവിലാസം കണ്ടെത്തുകയും തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ സാഗർ കുറ്റം സമ്മതിക്കുകയുമായിരുന്നു.
അഞ്ച് വർഷം മുമ്പ് ബംഗളൂരുവിൽ എത്തിയ ഇവർ രണ്ട് വർഷം മുമ്പാണ് വിവാഹിതരായത്. സാഗർ ഹോട്ടലിൽ ജോലി ചെയ്തുവരികയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിന് ശേഷം പ്രതിയെ പൊലിസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
National
ആഗ്ര: ലക്നോ-ആഗ്ര എക്സ്പ്രസ് വേയിൽ കാർ മറിഞ്ഞ് മൂന്ന് യുവാക്കൾ മരിച്ചു. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഡൽഹി സ്വദേശികളായ ജയ്പ്രകാശ് (32), ഭൂപേന്ദ്ര (35), കപിൽ (31) എന്നിവരാണ് മരിച്ചത്. യശ്വന്ത് (33), ചന്ദ്രകാന്ത് (35) എന്നിവർക്കാണ് പരിക്കേറ്റത്. ശനിയാഴ്ച രാവിലെ ഏഴരയ്ക്കായിരുന്നു സംഭവം.
ഡൽഹിയിൽ നിന്ന് ബല്ലിയയിലേക്ക് ജോലിക്കായി പോവുകയായിരുന്ന യുവാക്കളാണ് അപകടത്തിൽപ്പെട്ടത്. യശ്വന്തായിരുന്നു കാർ ഓടിച്ചിരുന്നത്. ജയ്പ്രകാശ്, ഭൂപേന്ദ്ര, കപിൽ എന്നിവർ കാറിന്റെ പിൻസീറ്റിലിരിക്കുകയായിരുന്നു. അപകടത്തിൽ കാറിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണാണ് ഇവർ മരിച്ചത്.
അമിതവേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലിസ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുകയും മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയക്കുകയും ചെയ്തു. സംഭവത്തിൽ പൊലിസ് മേൽനടപടികൾ സ്വീകരിച്ചിട്ടുണ്ട്.
National
പാറ്റ്ന: ബിഹാറിലെ ദർബംഗ ജില്ലയിൽ പരീക്ഷ കഴിഞ്ഞിറങ്ങിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ കയറ്റി കൊണ്ടുപോയി പീഡിപ്പിച്ചു. സംഭവത്തിൽ രണ്ട് യുവാക്കൾ അറസ്റ്റിലായി.
സ്കൂളിൽ പരീക്ഷ എഴുതാൻ പോയ പെൺകുട്ടി മടങ്ങിവരുമ്പോഴാണ് സ്വന്തം നാട്ടുകാരനായ യുവാവ് ബൈക്കിൽ വീട്ടിയിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്തത്. മുൻപരിചയമുള്ളതിനാൽ പെൺകുട്ടി ഇയാളുടെ ഒപ്പം ബൈക്കിൽ കയറുകയായിരുന്നു. എന്നാൽ വീട്ടിലേക്ക് കൊണ്ടുപോകുന്നതിന് പകരം മറ്റൊരു ഗ്രാമത്തിലേക്കാണ് യുവാവ് പെൺകുട്ടിയെ കൊണ്ടുപോയത്. അവിടെ മറ്റൊരു യുവാവും ഉണ്ടായിരുന്നു. തുടർന്ന് ഇരുവരും ചേർന്ന് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു.
സംഭവത്തിന് ശേഷം പെൺകുട്ടി വീട്ടിലെത്തി വിവരങ്ങൾ കുടുംബാംഗങ്ങളെ അറിയിക്കുകയും പൊലിസിൽ പരാതി നൽകുകയും ചെയ്തു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലിസ് ഉടൻ തന്നെ അന്വേഷണം ആരംഭിച്ച് പ്രതികളെ പിടികൂടി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
National
മുംബൈ: മുംബൈയിൽ ട്രെയിനിനു നേരെ ഉണ്ടായ കല്ലേറിൽ ട്രെയിനിന്റെ ജനൽച്ചില്ലുകൾ തകർന്നു. നാഗ്പൂർ-മുംബൈ ദുരന്തോ എക്സ്പ്രസിന്റെ മൂന്ന് കോച്ചുകളുടെ ചില്ലുകൾ തകർന്നു. സംഭവത്തിൽ യാത്രക്കാർക്ക് പരിക്കേറ്റിട്ടില്ല. വെള്ളിയാഴ്ച രാത്രി എട്ടരയ്ക്കാണ് സംഭവം.
ട്രെയിൻ ബോർഖേഡി സ്റ്റേഷൻ പിന്നിട്ട് ബോർഖേഡി-സിന്ധി സെക്ഷനിലൂടെ കടന്നുപോകുമ്പോഴായിരുന്നു ആക്രമണം. വിവരമറിഞ്ഞ ഉടൻ തന്നെ റെയിൽവേ പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. സമീപ പ്രദേശങ്ങളായ ബോർഖേഡി, ബ്രാഹ്മണി എന്നീ ഗ്രാമങ്ങളിലും തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
National
ന്യൂഡൽഹി: ഡൽഹിയിലെ സുഖ്ദേവ് വിഹാർ മെട്രോ സ്റ്റേഷന് സമീപം മത്സരയോട്ടത്തിനിടെ കാറിടിച്ച് ഒരാൾ മരിച്ചു. മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ശനിയാഴ്ച പുലർച്ചെ ആറരയ്ക്കായിരുന്നു സംഭവം.
അമിതവേഗത്തിലെത്തിയ കാർ ഓട്ടോയിലും സൈക്കിളിലും ഇടിച്ചുകയറുകയായിരുന്നു. പരിക്കേറ്റയാളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് കാറുകൾ തമ്മിൽ റോഡിൽ മത്സരയോട്ടം നടന്നിരുന്നതായി നാട്ടുകാർ പറയുന്നു.
അപകടത്തിന് ശേഷം കാർ ഉപേക്ഷിച്ച ഡ്രൈവറും ഒപ്പമുണ്ടായിരുന്ന മൂന്ന് പേരും മറ്റൊരു വാഹനത്തിൽ കയറി രക്ഷപ്പെട്ടു. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
ലക്നോ: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ കെട്ടിടത്തിന്റെ പന്ത്രണ്ടാം നിലയിൽ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാർഥി മരിച്ചു. സുരേഷ് ചന്ദിന്റെ മകൾ പ്രാചിയാണ് (14) മരിച്ചത്. രാജ്നഗർ എക്സ്റ്റൻഷനിലെ രാജ്നഗർ റെസിഡൻസി സൊസൈറ്റിയിൽ വെള്ളിയാഴ്ച രാത്രി ഒമ്പതിനാണ് അപകടം നടന്നത്.
ബാൽക്കണിയിൽ ഉണങ്ങാനിട്ടിരുന്ന വസ്ത്രമെടുക്കാൻ പോയതായിരുന്നു പ്രാചി. ഇതിനിടെ കാൽതെറ്റി പന്ത്രണ്ടാം നിലയിലെ ബാൽക്കണിയിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ അയൽവാസികൾ കുട്ടിയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അടുത്തിടെ മഹാരാഷ്ട്രയിൽ നടന്ന സിബിഎസ്ഇ റോപ്പ് സ്കിപ്പിംഗ് ദേശീയ ചാമ്പ്യൻഷിപ്പിൽ പ്രാചി രണ്ട് സ്വർണ മെഡലുകൾ നേടിയിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. അപകടകാരണത്തെക്കുറിച്ച് വ്യക്തത വന്നിട്ടില്ലെന്നും സിസിടിവി ദൃശ്യങ്ങളും കുടുംബാംഗങ്ങളുടെ മൊഴികളും പരിശോധിച്ച് വരികയാണെന്നും പൊലിസ് അറിയിച്ചു.
International
കിൻഷാസ: കോംഗോയിൽ വിമാനം തകർന്നുണ്ടായ അപകടത്തിൽ രണ്ട് മുതിർന്ന സൈനിക ഉദ്യോഗസ്ഥർ ഉൾപ്പെടെ 14 പേർ മരിച്ചു. കോംഗോ സൈന്യമാണ് വിവരം പുറത്തുവിട്ടത്. സൈനിക കോടതി മേധാവി ലഫ്റ്റനന്റ് ജനറൽ മുട്ടോംബോ കറ്റലായി ടിയെൻഡെ, സായുധ സേനയുടെ ഓഡിറ്റർ ജനറൽ ലഫ്റ്റനന്റ് ജനറൽ ബക്കുമി ലികുലിയ എന്നിവരാണ് കൊല്ലപ്പെട്ട സൈനിക ഉദ്യോഗസ്ഥർ.
കോംഗോയിലെ തെക്കുപടിഞ്ഞാറൻ നഗരമായ കിക്വിറ്റിൽ നിന്ന് തലസ്ഥാനമായ കിൻഷാസയിലേക്ക് മടങ്ങിവരികയായിരുന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. യാത്രയ്ക്കിടെ വിമാനത്തിന് സാങ്കേതിക തകരാർ സംഭവിക്കുകയും കെങ്കിൽ വച്ച് തകർന്നു വീഴുകയുമായിരുന്നു.
വിമാനത്തിലുണ്ടായിരുന്ന രണ്ട് ജനറൽ ഉദ്യോഗസ്ഥർക്കു പുറമെ പ്രതിനിധി സംഘത്തിലെ അംഗങ്ങളും വിമാനത്തിലെ ജീവനക്കാരുമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിലുണ്ടായിരുന്ന ആരും രക്ഷപ്പെട്ടിട്ടില്ലെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. അപകടത്തിന്റെ യഥാർഥ കാരണം കണ്ടെത്താൻ സമഗ്രമായ അന്വേഷണം ആരംഭിച്ചുവെന്ന് അധികൃതർ അറിയിച്ചു.
National
ചണ്ഡിഗഡ്: ഹരിയാനയിലെ ഗുരുഗ്രാം ഭർത്താവിന്റെ പീഡനത്തെ തുടർന്ന് യുവതി ജീവനൊടുക്കി. ഡൽഹി ഷാലിമാർ വില്ലേജ് സ്വദേശി ദീപയാണ് (30) മരിച്ചത്. സംഭവത്തിൽ ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതിയുടെ കുടുംബം രംഗത്തെത്തി.
ഡൽഹി ജനക്പുരി സ്വദേശി ജിതേന്ദ്രയും ദീപയും തമ്മിലുള്ള വിവാഹം 2018 മാർച്ചിലാണ് നടത്തിയത്. ഇവർക്ക് എട്ട് വയസുള്ള ഒരു കുട്ടിയുണ്ട്. വിവാഹത്തിനു ശേഷം ദമ്പതികൾ തമ്മിൽ പ്രശ്നങ്ങൾ തുടങ്ങിയിരുന്നുവെന്നും പിന്നീട് ഗുരുഗ്രാമിലേക്ക് താമസം മാറുകയുമായിരുന്നുവെന്ന് പൊലിസ് പറഞ്ഞു.
കഴിഞ്ഞ ആറു മാസമായി ജിതേന്ദ്ര ദീപയെ നിരന്തരം ഉപദ്രവിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നതായി യുവതിയുടെ പിതാവ് ആരോപിക്കുന്നു. ജിതേന്ദ്ര സ്ഥിരമായി സുഹൃത്തുക്കളെ വീട്ടിലേക്ക് മദ്യപാനത്തിനായി ക്ഷണിച്ചുവരുത്തുകയും മദ്യപിച്ച ശേഷം ദീപയെ സുഹൃത്തുക്കളുടെ മുന്നിൽ വച്ച് അപമാനിക്കുകയും ചെയ്യുമായിരുന്നു. ദീപയെ ശാരീരികമായി മർദിക്കുകയും ക്രൂരമായി പെരുമാറുകയും ചെയ്തതിനെ തുടർന്നാണ് കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് ചാടി യുവതി ജീവനൊടുക്കിയത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലിസ് ദീപയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു.
കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലിസ് പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
National
ലക്നോ: ഉത്തർപ്രദേശിലെ കൺപൂരിൽ അമിതവേഗത്തിലെത്തിയ ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. വാഹനത്തിന്റെ ഡ്രൈവർമാരായ നീരജ് കുമാർ (40), കുൽദീപ് കുമാർ (40) എന്നിവരാണ് മരിച്ചത്.
ബിധ്നു ഭാഗത്തുനിന്നും കിസാൻ നഗറിലേക്ക് പോയ ലോറിയാണ് പിക്കപ്പ് വാനുമായി കൂട്ടിയിടിച്ചത്. അപകടത്തെ തുടർന്ന് ഇരു വാഹനങ്ങളുടെയും മുൻഭാഗം പൂർണമായും തകർന്നു.
വിവരമറിഞ്ഞയുടൻ തന്നെ പൊലിസ് സ്ഥലത്തെത്തി. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചു. സംഭവത്തിൽ കേസെടുത്ത പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
ഗാംഗ്ടോക്ക്: സിക്കിമിൽ കനത്ത മഴയ്ക്ക് പിന്നലെ ഉരുൾപൊട്ടൽ. ഗ്യാൽഷിംഗ് ജില്ലയിലെ റിമ്പി ഗ്രാമത്തിലാണ് സംഭവം. സർക്കാർ ക്വാർട്ടേഴ്സുകൾ ഉൾപ്പെടെ മുപ്പതോളം വീടുകൾ തകർന്നുവെങ്കിലും ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
മഴ തുടരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതാ നിർദേശം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രദേശത്തെ കൂടുതൽ ആളുകളെ മാറ്റി പാർപ്പിച്ചിരിക്കുകയാണ്.
സംഭവത്തിൽ സിക്കിം മുഖ്യമന്ത്രി പ്രേം സിംഗ് തമാംഗ് കടുത്ത ആശങ്ക രേഖപ്പെടുത്തി. ദുരന്തബാധിതരായ ജനങ്ങളുടെ സുരക്ഷയ്ക്കാണ് സർക്കാർ എപ്പോഴും മുൻഗണന നൽകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രാദേശിക ഭരണകൂടത്തോടും രക്ഷാപ്രവർത്തകർ ജാഗ്രത പാലിക്കാനും മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്. സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും പ്രദേശവാസികളുടെ സംരക്ഷണത്തിനായി ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
National
പാറ്റ്ന: ബിഹാറിലെ ബാങ്കയിൽ വിനോദസഞ്ചാര കേന്ദ്രമായ മന്ദർ ഹില്ലിൽ യുവതിയെ ഒരു സംഘം യുവാക്കൾ അപമാനിക്കുകയും മർദിക്കുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ പൊലിസ് കേസെടുത്തു. ആറ് പേർക്കെതിരെയാണ് പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
സെപ്റ്റംബർ മൂന്നിനാണ് സംഭവം നടന്നതെങ്കിലും സെപ്റ്റംബർ 22-ഓടെയാണ് സമൂഹമാധ്യമങ്ങൾ വഴി ദൃശ്യങ്ങൾ പൊലിസിന്റെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പൊലിസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.
യുവതിയോട് അപമര്യാദയായി പെരുമാറുകയും ചെരുപ്പ് ഉപയോഗിച്ച് അടിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ വീഡിയോയിലുണ്ട്. പ്രദേശത്തെ വ്യാപാരികളെയും നാട്ടുകാരെയും ചോദ്യം ചെയ്തെങ്കിലും പ്രതികളെയും യുവതിയെയും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. പ്രതികൾക്കായുള്ള തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
ദിവസങ്ങൾക്ക് മുമ്പ് ജമൂയിയിലും സമസ്തിപൂരിലും വിദ്യാർഥികൾക്ക് നേരെ അതിക്രമം നടത്തിയ സംഭവങ്ങളിൽ പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. ഒരു ആഴ്ചയ്ക്കിടെ ബിഹാറിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന സമാനമായ മൂന്നാമത്തെ സംഭവമാണിത്.
National
മുംബൈ: മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിൽ റബർ നിർമാണ ശാലയിൽ മതിലിടിഞ്ഞുവീണ് മൂന്ന് തൊഴിലാളികൾ മരിച്ചു. കേശവ് ഗുങ്കുന (55), രഞ്ജന കോമ്പ് (35), മീറ ഗാവ്ലി (60) എന്നിവരാണ് മരിച്ചത്.
പാളി പൊശേരിയിലെ റബർ ഫാക്ടറിയിലാണ് അപകടമുണ്ടായത്. ഫാക്ടറിക്കുള്ളിലെ ഒരു ഭിത്തി തകർന്നു വീഴുകയായിരുന്നു. ഈ സമയത്ത് സമീപത്തുണ്ടായിരുന്ന കേശവ്, രഞ്ജന, മീറ എന്നിവർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിപ്പോയി.
ഉടൻ തന്നെ രക്ഷാപ്രവർത്തകർ ഇവരെ പുറത്തെടുത്ത് അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
ഹൈദരാബാദ്: ഹൈദരാബാദിലെ രണ്ട് ഭക്ഷ്യ ഉത്പാദന യൂണിറ്റുകളിൽ നടത്തിയ റെയ്ഡിൽ മായം കലർത്തിയ ഏകദേശം 500 കിലോയോളം പനീറും പാൽപൊടിയും മറ്റ് പാചക വസ്തുക്കളും പിടിച്ചെടുത്തു. ഭക്ഷ്യസുരക്ഷാ വിഭാഗവും പൊലിസും ചേർന്നാണ് പരിശോധന നടത്തിയത്.
അൽവാൽ മേഖലയിലെ 'നടരാജ് മിൽക്ക് ആൻഡ് മിൽക്ക് ഫുഡ് പ്രൊഡക്ട്സ്', ദുണ്ടിഗൽ ബൗറാംപേട്ടിലെ 'യശോദ സ്വീറ്റ് ആൻഡ് നംകീൻ' എന്നീ സ്ഥാപനങ്ങളിലാണ് റെയ്ഡ് നടത്തിയത്. നിലവാരം കുറഞ്ഞ ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനവും വിൽപനയും തടയുന്നതിന്റെ ഭാഗമായാണ നടപടി.
നടരാജ് മിൽക്ക് ആൻഡ് ഫുഡ് പ്രൊഡക്ട്സിൽ നിന്ന് പാൽപൊടി ഉപയോഗിച്ച് അനധികൃതമായി പനീർ നിർമിക്കുകയായിരുന്നു. 500 കിലോയോളം അഴുകിയ നിലയിലുള്ള പനീറും 50 കിലോ പാൽപൊടിയും പിടിച്ചെടുത്തു. സ്ഥാപന ഉടമ ജാപല നടരാജിനെ അൽവാൾ പൊലിസിന് കൈമാറി.
യശോദ സ്വീറ്റ് ആൻഡ് നംകീൻ ബേക്കറയിൽ നിന്ന് വനസ്പതി, പാചക എണ്ണ, മിൽക്ക് പൗഡർ എന്നിവ ഉപയോഗിച്ച് ഹൽവ നിർമിക്കുന്നതായി കണ്ടെത്തി. വിവിധ ബ്രാൻഡുകളിലുള്ള 80-ലധികം പാൽപൊടി ചാക്കുകൾ, 100 ടിൻ കുക്കിംഗ് ഓയിൽ, 50 ടിൻ ഡാൽഡ, 21 കിലോയോളം തയാറാക്കിയ ഹൽവ എന്നിവ ഇവിടെ നിന്ന് പിടിച്ചെടുത്തു.
ഹൈദരാബാദിലെ വിവിധ ഭാഗങ്ങളിലായി 20 ഡയറി യൂണിറ്റുകളിൽ പരിശോധന നടത്തുകയും മായം കലർത്തിയെന്ന് സംശയിക്കുന്ന 18 സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്.
കൂടാതെ, വൃത്തിഹീനമായ സാഹചര്യത്തിൽ ലൈസൻസില്ലാതെ പ്രവർത്തിച്ച ഹയത്നഗറിലെ 'വെങ്കട ശിവ മിൽക്ക് പോയിന്റ്' അടപ്പിച്ചു. കർമാൻഘട്ടിലെ 'സപ്തഗിരി ഫുഡ്സ്', പസുമമുലയിലെ 'ഓൾ റിച്ച് ഡയറി' എന്നിവയുടെ ലൈസൻസുകളും റദ്ദാക്കിയിട്ടുണ്ട്.
International
കിൻഷാസ: ടാൻസാനിയയിൽ നിന്ന് കോംഗോയിലേക്കുള്ള യാത്രാമദ്ധ്യേ ടാങ്കാനിക്ക തടാകത്തിൽ ബോട്ട് മറിഞ്ഞ് 41 പേർ മരിച്ചു. ടാൻസാനിയയിലെ കിഗോമയിൽ നിന്ന് കോംഗോയിലെ കലേമി നഗരത്തിലേക്ക് പോവുകയായിരുന്ന ബോട്ട് മാപെര ഗ്രാമത്തിന് സമീപമാണ് അപകടത്തിൽപ്പെട്ടത്.
ഏകദേശം 100 യാത്രക്കാരും ചരക്കുകളുമാണ് ബോട്ടിൽ ഉണ്ടായിരുന്നതെന്ന് ടാങ്കാനിക്ക പ്രവിശ്യാ ഗതാഗത മന്ത്രി നോറിസ് മുലോംഗോയി വ്യക്തമാക്കി. 49 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. കാണാതായവർക്കായുള്ള തെരച്ചിൽ തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ ഒരു മാസത്തിനിടെ ഈ റൂട്ടിൽ നടക്കുന്ന രണ്ടാമത്തെ അപകടമാണിത്. ആഗസ്റ്റ് 28ന് കിഗോമ തുറമുഖത്ത് ഇന്ധനം നിറയ്ക്കുന്നതിനിടെ എംവി പാസിഫിക് എന്ന ബോട്ടിന് തീപിടിച്ച് ആറ് ജീവനക്കാർ മരിച്ചിരുന്നു. കഴിഞ്ഞ ജൂലൈയിലും ബോട്ട് മുങ്ങി 20 വിദ്യാർഥികൾ മരിച്ചിരുന്നു.
National
പറ്റ്ന: ബിഹാറിലെ സമസ്തിപൂരിൽ സുഹൃത്തിനൊപ്പം യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടിയെ ബൈക്കിലെത്തിയ യുവാക്കൾ തടഞ്ഞുനിർത്തി ഉപദ്രവിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ നാല് പേരെ പൊലിസ് അറസ്റ്റ് ചെയ്തു.
ജഗത് സിംഗ് ബന്ത് ബൈപാസ് റോഡിന് സമീപത്താണ് സംഭവം നടന്നത്. പെൺകുട്ടിയും ഒപ്പമുള്ള യുവാവും ഫോട്ടോയെടുക്കുന്നതിനിടെ ബൈക്കിലെത്തിയ സംഘം തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ച പെൺകുട്ടിയുടെ കൈകളിൽ പിടിച്ച് വലിച്ചു. പെൺകുട്ടിയെ മോശം വാക്കുകൾ ഉപയോഗിച്ച് അധിക്ഷേപിക്കുകയും റോഡിൽ തള്ളിയിടുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.
സംഭവത്തിൽ കേസെടുത്ത പൊലിസ് നാല് പേരെ അറസ്റ്റ് ചെയ്തു. മറ്റ് രണ്ട് പ്രതികൾക്കായുള്ള തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് ബിഹാറിലെ ജാമുയി ജില്ലയിൽ പത്താം ക്ലാസ് വിദ്യാർഥിയെ ലൈംഗികമായി ഉപദ്രവിക്കുകയും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ മർദിക്കുകയും ചെയ്തതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കേസിൽ അഞ്ച് പേരെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.
National
ദിസ്പൂർ: ആസാമിലെ നാഗോൺ ജില്ലയിൽ കാർ പോസ്റ്റിലിടിച്ച് മൂന്ന് പേർ മരിച്ചു. മറ്റ് രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. അരുണാചൽ പ്രദേശിൽ നിന്ന് ഗുവാഹട്ടിയിലേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.
നാഗോണിലെ പുരാണി ഗുഡാമിന് സമീപമുള്ള കെനാപട്ടിയിൽ വച്ച് നിയന്ത്രണം നഷ്ടപ്പെട്ട വാഹനം റോഡിലെ ഡിവൈഡറിലും തുടർന്ന് പോസ്റ്റിലും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ മറിഞ്ഞ തീപിടിത്തമുണ്ടായി.
വാഹനത്തിനുള്ളിൽ കുടുങ്ങിപ്പോയ മൂന്ന് പേർ പൊള്ളലേറ്റ് സംഭവസ്ഥലത്തുവച്ച് തന്നെ മരണത്തിനു കീഴടങ്ങുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മറ്റ് രണ്ട് പേരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. സംഭവത്തിൽ കേസെടുത്ത പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
ന്യൂഡൽഹി: ഡൽഹിയിലെ കൽക്കാജി മന്ദിറിന് സമീപമുള്ള പാർക്കിൽ പതിനേഴുകാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ മൂന്ന് പ്രതികളും പിടിയിൽ. മുഖ്യപ്രതിയായ ആസിഫ് (32), ഹേമന്ത് (24), മഹേഷ് (24) എന്നിവരാണ് പിടിയിലായത്. മുഖ്യപ്രതിയായ ആസിഫ് ഈ പ്രദേശം പതിവായി സന്ദർശിച്ചിരുന്നയാളാണെന്നും അതുകൊണ്ട് തന്നെ ഇത് മുൻകൂട്ടി ആസൂത്രണം ചെയ്താണെന്നാണ് പൊലിസിന്റെ സംശയം.
സെപ്റ്റബർ 21-ന് പെൺകുട്ടിയുടെ ജന്മദിനത്തിൽ കൽക്കാജി ക്ഷേത്രത്തിൽ പോയ ശേഷം സുഹൃത്തിനൊപ്പം പാർക്കിലേക്ക് എത്തിയതായിരുന്നു. പാർക്കിനുള്ളിൽ കയറിയ ഇവരെ പ്രതികൾ പിന്തുടർന്നു. തുടർന്ന് തങ്ങൾ പൊലിസാണെന്ന വ്യാജേന തോക്കും കത്തിയുമെടുത്ത് പെൺകുട്ടിയുടെ സുഹൃത്തിനെ തടഞ്ഞുവച്ച ശേഷം പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
സംഭവത്തിന് ശേഷം ഇരുവരെയും ഭീഷണിപ്പെടുത്തി പ്രതികൾ കടന്നുകളഞ്ഞു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ ആസിഫിനെ പൊലിസ് ഏറ്റുമുട്ടലിലൂടെ പിടികൂടിയിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് മറ്റ് രണ്ട് പ്രതികൾ കൂടി പിടിയിലായത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
National
ന്യൂഡൽഹി: ഡൽഹിയിലെ മാണ്ഡാവലിയിൽ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ബലാത്സംഗം ചെയ്തതായി പരാതി. സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി സ്വർണാഭരണങ്ങൾ കവർന്നതായും യുവതിയുടെ പരാതിയിൽ പറയുന്നു. സംഭവത്തിൽ ദീപക് ബൻസാൽ എന്നയാൾക്കെതിരെ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി മയക്കുമരുന്ന് നൽകി ബോധം കെടുത്തി പീഡിപ്പിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ കാണിച്ച് യുവതിയുടെ സ്വർണ വളകളും മോതിരവും മാലയും തട്ടിയെടുക്കുകയും ചെയ്തു.
ലക്ഷ്മി നഗർ സ്വദേശിയായ യുവതിയും പ്രതി ദീപക് ബൻസാലും രണ്ട് വർഷം മുമ്പാണ് പരിചയപ്പെടുന്നത്. ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് കഴിഞ്ഞ മാർച്ച് നാലിനാണ് ഇയാൾ യുവതിയെ കാണാൻ വിളിച്ചുവരുത്തിയത്. തുടർന്ന് സംസാരിക്കുന്നതിനിടെ മയക്കുമരുന്ന് നൽകി യുവതിയെ ബോധരഹിതയാക്കി പീഡിപ്പിക്കുകയായിരുന്നു.
പിന്നീട് യുവതി ഉണർന്നപ്പോൾ പീഡനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് പ്രതി ഭീഷണിപ്പെടുത്തി. ഇയാൾക്ക് പൊലിസിൽ സ്വാധീനമുണ്ടെന്നും പരാതി നൽകിയാൽ ആസിഡ് ഒഴിക്കുമെന്നും ദീപക് ഭീഷണിപ്പെടുത്തിയതായി യുവതി പറയുന്നു. ഭയം കാരണം മാസങ്ങളോളം വിവരം പുറത്തുപറയാതിരുന്ന യുവതി പീഡനം തുടർന്നതോടെയാണ് പൊലിസിനെ സമീപിച്ചത്.
സെപ്റ്റംബർ 22-നാണ് പ്രതിക്കെതിരെ പൊലിസ് കേസെടുത്തത്. ഒളിവിൽ കഴിയുന്ന പ്രതിക്കായി പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
ഹൈദരാബാദ്: തെലുങ്കാനയിലെ ഹൈദരാബാദിൽ ഇരുചക്ര വാഹനമിടിച്ച് പൊലിസ് സബ് ഇൻസ്പെക്ടർ മരിച്ചു. ഗണേശ നിമജ്ജന ഘോഷയാത്രയ്ക്കിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന കെ. വെങ്കണ്ണയാണ് (55) മരിച്ചത്. ഹൈദരാബാദ് ടാങ്ക് ബണ്ടിലെ എൻ.ടി.ആർ മാർഗിൽ ബുധനാഴ്ച പുലർച്ചെയായിരുന്നു സംഭവം.
ഘോഷയാത്രയോട് അനുബന്ധിച്ചുള്ള ക്രമീകരണങ്ങൾക്ക് വേണ്ടി വെങ്കണ്ണയും സഹപ്രവർത്തകനും റോഡ് മുറിച്ചു കടക്കുമ്പോൾ അമിതവേഗത്തിലെത്തിയ ഇരുചക്ര വാഹനം ഇടിക്കുകയും നിർത്താതെ പോവുകയുമായിരുന്നു.
ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ വെങ്കണ്ണയ്ക്ക് നിസാര പരിക്കുകളേ ഉള്ളൂവെന്നാണ് കരുതിയിരുന്നത്. തുടർന്ന് വാറങ്കലിലേക്ക് മടങ്ങിയ അദ്ദേഹത്തിന് പിന്നീട് തലകറക്കവും അസ്വസ്ഥതയും അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ വാറങ്കലിലെ എം.ജി.എം ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വാഹനം ഇടിച്ച് ഉദ്യോഗസ്ഥൻ വീഴുന്നതും നിർത്താതെ പോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവത്തിൽ കേസെടുത്ത പൊലിസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് ഒളിവിലായ പ്രതികൾക്കായുള്ള തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
National
ജയ്പൂർ: രാജസ്ഥാനിലെ ജോധ്പൂരിൽ കെമിക്കൽ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ 14 അഗ്നിശമനസേന അംഗങ്ങൾക്ക് പരിക്ക്. ഇതിൽ എട്ട് പേരുടെ നില ഗുരുതരമാണ്.
ഫാക്ടറിയിൽ തീ പിടിച്ചെന്നറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്സ് തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെ കെമിക്കൽ സ്റ്റോറേജ് ടാങ്ക് പൊട്ടിത്തെറിക്കുകയായിരുന്നു. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. ഇതിൽ എട്ട് പേർക്ക് 50 ശതമാനത്തിലധികം പൊള്ളലേറ്റിട്ടുണ്ട്.
ഫാക്ടറിയിൽ സൂക്ഷിച്ചിരുന്ന രാസവസ്തുക്കളെക്കുറിച്ചും അവയുടെ ഉപയോഗം നിയമപരമാണോ എന്നതിനെക്കുറിച്ചും പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചട്ടങ്ങൾ ലംഘിച്ചതായി കണ്ടെത്തിയാൽ ഫാക്ടറി ഉടമയ്ക്കെതിരെ കർശന നടപടിയെടുക്കുമെന്ന് അധികൃതർ അറിയിച്ചു.
National
ബംഗളൂരു: കർണാടകയിലെ ഹാവേരിയിൽ മരിച്ചെന്ന് ഉറപ്പിച്ച് സംസ്കാര ചടങ്ങുകൾക്ക് ഒരുങ്ങുമ്പോൾ ജീവനുണ്ടെന്ന് കണ്ട് ബന്ധുക്കൾ ഞെട്ടി. അന്ത്യോപചാരം അർപ്പിക്കാൻ പൂമാലകളുമായി കാത്തുനിന്ന ബന്ധുക്കൾക്ക് മുന്നിലൂടെ 63 വയസുകാരിയായ രേണുകമ്മയാണ് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.
ഹാവേരിയിലെ ഗൊഡച്ചികൊണ്ട ഗ്രാമവാസിയാണ് രേണുകമ്മ. അസുഖ ബാധിതയായ ഇവർക്ക് രക്തസമ്മർദവും പ്രമേയവും കുറഞ്ഞതിനെ തുടർന്ന് അബോധാവസ്ഥയിലാവുകയായിരുന്നു. നില ഗുരുതരമായതിനാൽ മക്കൾ ഡോക്ടറെ വരുത്തി പരിശോധിച്ചെങ്കിലും ശ്വാസം നിലച്ചതായി കണ്ട് അദ്ദേഹം മരണം സ്ഥിരീകരിക്കുകയായിരുന്നു. ഇതേ തുടർന്ന് കുടുംബാംഗങ്ങൾ അടുത്ത ദിവസം തന്നെ വീട്ടുമുറ്റത്ത് ശവസംസ്കാര ചടങ്ങുകൾക്കായി പന്തലൊരുക്കുകയും മറവുചെയ്യാനുള്ള കുഴി തയാറാക്കുകയും ചെയ്തു. അവസാനമായി ഒരുനോക്ക് കാണാൻ ബന്ധുക്കളും നാട്ടുകാരും പൂമാലകളുമായി എത്തിച്ചേരുകയും ചെയ്തു.
എന്നാൽ പന്തലിൽ കിടത്തിയിരുന്ന അമ്മയുടെ നെഞ്ച് ചെറുതായി ഉയരുകയും താഴുകയും ചെയ്യുന്നത് മകന്റെ ശ്രദ്ധയിൽപ്പെട്ടു. ഉടൻ തന്നെ മകൻ രേണുകമ്മയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു.
ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ അതിവേഗം ഇടപെട്ട മെഡിക്കൽ സംഘത്തിന്റെ പരിശ്രമം ഫലം കണ്ടു. അൽപസമയത്തിനകം രേണുകമ്മ കണ്ണുകൾ തുറന്നു. 'ഡയബറ്റിക് കോമ' അവസ്ഥയിലായതുകൊണ്ടാണ് ശ്വാസം പൂർണമായി നിലച്ചതുപോലെ തോന്നിയതെന്ന് ഡോക്ടർമാർ അറിയിച്ചു.
National
ജയ്പൂർ: രാജസ്ഥാനിലെ ജോധ്പൂരിൽ നിയന്ത്രണം വിട്ട കാർ റെയിൽവേ ട്രാക്കിലേക്ക് പാഞ്ഞുകയറി. മഹമാണ്ടിയിലെ കാൽവി പ്യാവു റെയിൽവേ ക്രോസിന് സമീപമാണ് സംഭവം.
ജോധ്പൂരിലെ ബി.ജെ.എസ് പ്രദേശത്ത് വച്ച് ഒരു സ്ത്രീ ഓടിച്ചിരുന്ന ഇലക്ട്രിക് കാർ ആദ്യം ഒരു ബൈക്കിൽ ഇടിക്കുകയായിരുന്നു. തുടർന്ന് നിയന്ത്രണം വിട്ട വാഹനം റെയിൽവേ ഗേറ്റ് തകർത്ത് ട്രാക്കിലേക്ക് പാഞ്ഞുകയറി. ട്രാക്കിൽ കുടുങ്ങിയ വാഹനം തിരിക്കാൻ ശ്രമിക്കുന്നതിനിടെ കാറിന്റെ ചക്രം റെയിൽവേ പാളങ്ങൾക്കിടയിൽ കുടുങ്ങിപ്പോവുകയും ചെയ്തു.
ട്രാക്കിലൂടെ ട്രെയിൻ വരാനിരിക്കുന്ന സമയത്തായിരുന്നു അപകടം സംഭവിച്ചത്. വിവരം അറിഞ്ഞ ഉടൻ അധികൃതർ ട്രെയിൻ ഗതാഗതം താത്കാലികമായി നിർത്തിവച്ചു.
അപകടത്തിൽ കാറിനു സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പൊലിസെത്തി വാഹനം ട്രാക്കിൽ നിന്ന് നീക്കം ചെയ്തു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
ജയ്പൂർ: രാജസ്ഥാനിലെ ജയ്പൂരിൽ ബാലാജി മാർക്കറ്റിലുള്ള വർക്ക്ഷോപ്പിൽ വൻ തീപിടിത്തം. സംഭവത്തിൽ എട്ട് കാറുകളും സ്പെയർ പാർട്സുകളും കത്തിനശിച്ചു. ചൊവ്വാഴ്ച രാത്രിയാണ് തീപിടിത്തമുണ്ടായത്.
സംഭവം നടക്കുമ്പോൾ പുതിയതും പഴയതുമായ 50-ലധികം കാറുകൾ വർക്ക്ഷോപ്പിൽ പാർക്ക് ചെയ്തിരുന്നു. ഇതിൽ എട്ട് വാഹനങ്ങൾ പൂർണമായി കത്തിനശിച്ചു. വിവരം അറിഞ്ഞ ഉടൻ തന്നെ അഗ്നിശമന സേനാംഗങ്ങളും പൊലിസും സ്ഥലത്തെത്തി. രണ്ട് മണിക്കൂറിലധികം പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
ഷോർട്ട് സർക്യൂട്ടാകാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പൊലിസ് മേൽനടപടികൾ സ്വീകരിച്ചിട്ടുണ്ട്.
National
ഗാന്ധിനഗർ: ഗുജറാത്തിലെ സൂറത്തിൽ വസ്ത്രവ്യാപാര കേന്ദ്രത്തിൽ തീയിട്ട സംഭവത്തിൽ പ്രതി അറസ്റ്റിൽ. കടയിൽ മുമ്പ് അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന വിനോദ് പണ്ഡിറ്റ് സാവ്ലെ എന്ന യുവാവാണ് 24 കോടി രൂപയുടെ തുണിത്തരങ്ങൾക്ക് തീയിട്ടതിന് പിടിയിലായത്. വിനോദിന് ലഭിക്കാനുള്ള 10,000 രൂപ ശമ്പളം കടയുടമ നൽകാത്തതിന്റെ പ്രതികാരത്തെ തുടർന്നാണ് ഇയാൾ കടയ്ക്ക് തീയിട്ടത്.
സെപ്റ്റംബർ എട്ടിന് രാത്രിയിലാണ് സൂറത്തിലെ ശ്യാം സംഗിനി ടെക്സ്റ്റൈൽ മാർക്കറ്റിൽ തീപിടിത്തമുണ്ടായത്. തുടക്കത്തിൽ ഇതൊരു അപകടമാണെന്നാണ് കരുതിയതെങ്കിലും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് വിനോദാണ് തീപിടിത്തത്തിന് പിന്നിലെന്ന് പൊലിസ് സ്ഥിരീകരിച്ചു.
കടയിലെ അക്കൗണ്ട് ജോലികൾ ശരിയായി ചെയ്യാൻ കഴിയാത്തതിനെ തുടർന്ന് കഴിഞ്ഞ ജൂണിൽ ഇയാൾ ജോലി ഉപേക്ഷിച്ചിരുന്നു. വിനോദിന്റെ ശമ്പളത്തിന്റെ ബാക്കിയായ 10,000 രൂപ കടയുടമ കൊടുക്കാതിരുന്നതിനെ തുടർന്ന് ഇത് ചോദിച്ചപ്പോൾ അപമാനിച്ചതാണ് പ്രകോപനത്തിനു കാരണമെന്ന് വിനോദ് മൊഴി നൽകി.
കടയുടെ സമീപത്തുള്ള പെട്രോൾ പമ്പിൽ നിന്ന് 150 രൂപയ്ക്ക് പെട്രോൾ വാങ്ങിയ പ്രതി, രാത്രി ഒമ്പതിന് മാർക്കറ്റിൽ പ്രവേശിക്കുകയും അഞ്ചാം നിലയിലെ ഗോവണിപ്പടിക്ക് സമീപം ഒളിച്ചിരിക്കുകയും ചെയ്തു. രാത്രി 12:30 ന് മാർക്കറ്റിൽ ആളൊഴിഞ്ഞ സമയത്ത് കടയുടെ മുന്നിലെ തുണി കെട്ടുകളിൽ പെട്രോൾ ഒഴിച്ച് തീയിടുകയായിരുന്നു.
തുണിത്തരങ്ങളും പാക്കിംഗ് സാമഗ്രികളും ധാരാളമുണ്ടായിരുന്നതിനാൽ തീ അതിവേഗം പടർന്നുപിടിക്കുകയും 14 കടകൾ പൂർണമായി കത്തിനശിക്കുകയും ചെയ്തു. ഏകദേശം 24 കോടി രൂപയുടെ തുണിത്തരങ്ങളാണ് കത്തി നശിച്ചത്.
സംഭവത്തിന് ശേഷം മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത പ്രതി ഭാര്യയ്ക്കും കുട്ടിക്കുമൊപ്പം രാജസ്ഥാനിലേക്കും തുടർന്ന് അയോധ്യയിലേക്കും ഒളിവിൽ പോയി. പിന്നീട് സൂറത്തിൽ തിരിച്ചെത്തിയ ഇയാളെ ക്രൈം ബ്രാഞ്ച് പിടികൂടുകയായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.
National
അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ ക്രെയിൻ ഇടിച്ച് കോളജ് വിദ്യാർഥി മരിച്ചു. സിൽവർ ഒക്ക് യൂണിവേഴ്സിറ്റിയിലെ ബി.എസ്സി ഒന്നാം വർഷ വിദ്യാർഥി പ്രേരണ നീനാമയാണ് (19) മരിച്ചത്. സംഭവത്തിൽ ക്രെയിൻ ഡ്രൈവർ അരുൺ കുമാർ നിഷാദ് അറസ്റ്റിലായി.
കോളജിലേക്ക് നടന്നുപോവുകയായിരുന്ന പ്രേരണയുടെ മേൽ അമിതവേഗത്തിൽ എത്തിയ ക്രെയിൻ ഇടിക്കുകയായിരുന്നു. കോളജിന്റെ സമീപത്ത് വച്ചായിരുന്നു അപകടം സംഭവിച്ചത്. ക്രെയിനിന്റെ മുൻചക്രം പ്രേരണയുടെ ശരീരത്തിലൂടെ കയറിയിറങ്ങി. വിദ്യാർഥി സംഭവസ്ഥലത്തുതന്നെ മരിച്ചു.
അപകടത്തിനുശേഷം നിർത്താതെപോയ ക്രെയിൻ ഡ്രൈവർ അരുൺ കുമാർ നിഷാദ് സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും, നാട്ടുകാർ ചേർന്ന് പിടികൂടി പൊലിസിൽ ഏൽപ്പിക്കുകയായിരുന്നു. സംഭവത്തിൽ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Viral
സാമ്പത്തിക തർക്കത്തെത്തുടർന്ന് യുവാവിനെ ട്രാക്ടർ ഇടിച്ചുതെറിപ്പിച്ചു കൊല്ലാൻ ശ്രമിച്ച സംഭവം രാജസ്ഥാനിലെ പിംഗൂൺ ഗ്രാമത്തിൽ വലിയ പരിഭ്രാന്തി സൃഷ്ടിച്ചിരിക്കുകയാണ്.
കഴിഞ്ഞ സെപ്റ്റംബർ 20-ന് പ്രദേശത്തെ പെട്രോൾ പമ്പിൽ വെച്ചുനടന്ന അക്രമത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകമറിയുന്നത്.
മോട്ടോർസൈക്കിളിൽ പെട്രോൾ അടിക്കാനായി പമ്പിലെത്തിയ സുരേഷ് ഗുർജാർ എന്ന യുവാവിനു നേരെയാണ് ആക്രമണമുണ്ടായത്. ജീവനക്കാരൻ പെട്രോൾ നിറയ്ക്കുന്നതിനിടെ അതേ പമ്പിലുണ്ടായിരുന്ന ശൈത്താൻ ഗുർജാർ എന്നയാൾ താൻ ഓടിച്ചിരുന്ന ട്രാക്ടർ പെട്ടെന്ന് സുരേഷിന്റെ നേർക്ക് തിരിച്ചുവിടുകയായിരുന്നു.
ട്രാക്ടർ വേഗത്തിൽ പാഞ്ഞടുക്കുന്നത് കണ്ട് സുരേഷ് പെട്ടെന്ന് മാറിയോടിയതുകൊണ്ട് മാത്രമാണ് വൻ ദുരന്തം ഒഴിവായത്. എന്നാൽ സുരേഷിന്റെ മോട്ടോർസൈക്കിളിലൂടെ ട്രാക്ടർ കയറിയിറങ്ങി പൂർണമായും തകർന്നു.
തുടര്‍ന്ന് ജീവൻ രക്ഷിക്കാനായി സുരേഷ് പെട്രോൾ പമ്പിന്റെ പ്രധാന കെട്ടിടത്തിലേക്ക് ഓടിക്കയറിയെങ്കിലും, ട്രാക്ടർ അതിനു പിന്നാലെയും ഓടിച്ചു കയറ്റാൻ അക്രമി ശ്രമം നടത്തി.
സംഭവത്തെക്കുറിച്ച് സുരേഷ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നരൈന പൊലിസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയായ ശൈത്താൻ ഗുർജാറിനെ പൊലിസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
സംഭവത്തിന് ദിവസങ്ങൾക്ക് മുൻപ് പണമിടപാടുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ വാക്കുതർക്കവും കൈയാങ്കളിയും നടന്നിരുന്നതായി പൊലിസ് കണ്ടെത്തിയിട്ടുണ്ട്.
ഇതിലുണ്ടായ വ്യക്തിവൈരാഗ്യമാണ് പെട്രോൾ പമ്പിൽ വെച്ചുണ്ടായ പ്രതികാര ആക്രമണത്തിന് കാരണമെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് കൂടുതൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പൊലിസ് വ്യക്തമാക്കി.
National
മുംബൈ: ഐഐടി ബോംബെ ഹോസ്റ്റൽ മുറികളിലെ സീലിംഗ് ഫാനുകൾ മാറ്റി ഭിത്തിയിലുറപ്പിക്കുന്ന ഫാനുകൾ (വാൾ മൗണ്ടഡ് ഫാനുകൾ) സ്ഥാപിക്കാന്നു. സെപ്റ്റംബർ 18-ന് ഐഐടി ബോംബെയിലെ ഹോസ്റ്റൽ മുറിയിൽ ബി.ടെക് വിദ്യാർഥി സാനിൽ വകോഡെയെ മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. സീലിംഗ് ഫാനിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. ഇതേ തുടർന്ന് കാമ്പസിൽ വലിയ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു.
സീലിംഗ് ഫാനുകൾ മാറ്റുന്നത് സംബന്ധിച്ച ആലോചനകൾ കഴിഞ്ഞ രണ്ടു മാസമായി നടന്നു വരികയായിരുന്നുവെന്നു അധികൃതർ അറിയിച്ചു. ജൂലൈയിൽ വിദ്യാർഥികൾക്ക് നൽകിയ ഉറപ്പുകളുടെ ഭാഗമായാണ് ഫാനുകൾ മാറ്റി സ്ഥാപിക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. അടുത്തിടെയുണ്ടായ വിദ്യാർഥികളുടെ മരണവുമായി ഇതിന് ബന്ധമില്ലെന്നും മുൻകുട്ടി നിശ്ചയിച്ച ഹോസ്റ്റൽ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഫാനുകൾ മാറ്റിയതെന്നുമാണ് അധികൃതർ വ്യക്തമാക്കുന്നത്.
National
ന്യൂഡൽഹി: ഡൽഹിയിലെ ഗ്രേറ്റർ നോയിഡയിൽ ഓട്ടോയിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ പുതിയ ഐഫോൺ ബൈക്കിലെത്തിയ സംഘം തട്ടിപ്പറിച്ചു. മൂന്ന് ദിവസം മുമ്പ് വാങ്ങിയ ഐഫോൺ 18 പ്രോ ആണ് നഷ്ടപ്പെട്ടത്. ശുഭി ഭണ്ഡാരി എന്ന യുവതിയുടെ ഫോൺ ആണ് നഷ്ടപ്പെട്ടത്. തിങ്കളാഴ്ച രാവിലെ ജോലിക്ക് പോകുന്നതിനിടെയായിരുന്നു സംഭവം.
ഓട്ടോയിൽ യാത്ര ചെയ്തതിന്റെ പണം ഓൺലൈനായി നൽകാൻ ഫോൺ പുറത്തെടുത്തപ്പോൾ ഹെൽമെറ്റ് ധരിച്ച് ബൈക്കിലെത്തിയ രണ്ട് പേർ യുവതിയെ സമീപിച്ചു. വഴി ചോദിക്കുന്ന വ്യാജേന അടുത്തെത്തിയ ഇവർ "ഇത് പുതിയ ഐഫോൺ ആണോ?" എന്ന് അന്വേഷിക്കുകയായിരുന്നു. അതെ എന്ന് മറുപടി നൽകിയ ഉടൻ സംഘത്തിലൊരാൾ യുവതിയുടെ കൈയിലുണ്ടായിരുന്ന ഫോൺ തട്ടിപ്പറിച്ച് കടന്നുകളഞ്ഞു.
സംഭവത്തിന് പിന്നാലെ കുടുംബം പൊലിസിൽ പരാതി നൽകി. മൂന്ന് ദിവസം മുമ്പ് 1,64,900 രൂപ നൽകി വാങ്ങിയ ഫോണാണ് നഷ്ടപ്പെട്ടതെന്ന് ശുഭിയുടെ ഭർത്താവ് സാകേത് ഗുപ്ത പറഞ്ഞു.
യുവതിയുടെ പിതാവിന്റെ പരാതിയിൽ പൊലിസ് കേസെടുത്തിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികൾക്കായുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
അമരാവതി: ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ അന്നദാന ചടങ്ങിനിടെ തിളച്ച സാമ്പാർ നിറച്ച വലിയ പാത്രത്തിലേക്ക് കാൽ തെറ്റി വീണ് സ്ത്രീ മരിച്ചു. വിജയവാഡയിലെ കെ.എൽ. റാവു നഗർ സ്വദേശി സുജാത (46) ആണ് മരിച്ചത്.
വിനായക ചതുർഥി ആഘോഷങ്ങളോടനുബന്ധിച്ച് നടന്ന അന്നദാന ചടങ്ങിൽ പാചക ജോലികളിൽ സഹായിക്കാനെത്തിയതായിരുന്നു സുജാത. സാമ്പാർ തയാറാക്കുന്നതിനിടെ കാൽ തെറ്റി തിളച്ച സാമ്പാർ പാത്രത്തിലേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ സുജാതയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും തിങ്കളാഴ്ച രാവിലെ ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.
സംഭവുമായി ബന്ധപ്പെട്ട് പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ചും സുജാത പാത്രത്തിലേക്ക് വീഴാനിടയായ കാരണത്തെക്കുറിച്ചും പൊലിസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
National
ഹൈദരാബാദ്: തെലുങ്കാനയിലെ ആദിലാബാദിലുള്ള രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആശുപത്രിയിൽ ഉണ്ടായ തീപിടിത്തത്തിൽ രണ്ട് നവജാത ശിശുക്കൾ മരിച്ചു. തിങ്കളാഴ്ച രാത്രി 11:50 -ന് ആശുപത്രിയിലെ സ്പെഷ്യൽ ന്യൂബോൺ കെയർ യൂണിറ്റിലാണ് തീപിടിത്തമുണ്ടായത്.
എസിയിലുണ്ടായ ഷോർട്ട് സർക്യൂട്ടിനെത്തുടർന്നാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. എൻഐസിയുവിലുണ്ടായിരുന്ന 28 കുട്ടികളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയെന്ന് അധികൃതര്‍ അറിയിച്ചു.
വിവരമറിഞ്ഞയുടൻ ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. സംഭവത്തിൽ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി അനുശോചനം അറിയിച്ചു. മരിച്ച കുട്ടികളുടെ കുടുംബാംഗങ്ങൾക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു. പരുക്കേറ്റവരുടെ ചികിത്സാ ചെലവുകള്‍ വഹിക്കാനും മികച്ച ചികിത്സ ഉറപ്പുവരുത്താനും ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകി. ആശുപത്രികളിലെ വൈദ്യുതി സംവിധാനങ്ങള്‍ പരിശോധിക്കാനും അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്.
National
ലക്നോ: ഉത്തർപ്രദേശിലെ നോയിഡയിൽ അമിതവേഗത്തിലെത്തിയ കാർ സ്കൂട്ടറിലിടിച്ച് ഒരാൾ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. നീരജാണ് (40) മരിച്ചത്.
നീരജും ഭാര്യയും സ്കൂട്ടറിൽ സഞ്ചരിക്കവേ അമിതവേഗത്തിലെത്തിയ കാർ ഇവരുടെ വാഹനത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവരും റോഡിലേക്ക് തെറിച്ചുവീഴുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നീരജിന്റെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ ഭാര്യ ചികിത്സയിൽ തുടരുന്നു. അപകടത്തിന് പിന്നാലെ വാഹനം ഉപേക്ഷിച്ച് ഡ്രൈവർ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു.
പൊലിസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. ഒളിവിലുള്ള ഡ്രൈവർക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
ന്യൂഡൽഹി: ഡൽഹിയിലെ കൽക്കാജി മന്ദിറിന് സമീപമുള്ള പാർക്കിൽ വച്ച് പൊലിസുകാരെന്ന വ്യാജേന മൂന്നംഗ സംഘം പതിനേഴുകാരിയെ കൂട്ടബലാത്സംഗം ചെയ്തു. സംഭവത്തിൽ ആസിഫ് എന്ന പ്രതിയെ പൊലിസ് പിടികൂടി.
തിങ്കളാഴ്ച രാത്രി ഏഴിന് പെൺകുട്ടിയും ആൺസുഹൃത്തും കൽക്കാജി മന്ദിറിലെത്തിയത്. ക്ഷേത്രത്തിൽ പോയ ശേഷം ഏഴരയ്ക്ക് ഇരുവരും സമീപമുള്ള പാർക്കിലേക്ക് നടക്കാനായി പോയി.
ഇതിനിടെയാണ് 25നും 30നും ഇടയിൽ പ്രായമുള്ള മൂന്നംഗ സംഘം പൊലിസുകാരാണെന്ന വ്യാജേന ഇവർക്കടുത്തേക്ക് എത്തിയത്. തുടർന്ന് ഇരുവരേയും ഭീഷണിപ്പെടുത്തുകയും പ്രതികളിൽ ഒരാൾ തോക്കും കത്തിയുമെടുത്ത് പെൺകുട്ടിയുടെ സുഹൃത്തിനെ തടഞ്ഞുവച്ച ശേഷം പെൺകുട്ടിയെ പീഡിപ്പിക്കുകയുമായിരുന്നു. പിന്നീട് മറ്റ് രണ്ടുപേരും ചേർന്ന് പെൺകുട്ടിയെ മാറിമാറി പീഡനത്തിനിരയാക്കി. സംഭവത്തിന് ശേഷം ഇരുവരെയും ഭീഷണിപ്പെടുത്തി സംഘം സ്ഥലം വിട്ടു.
വിവരം അറിഞ്ഞ പൊലിസ് സ്ഥലത്തെത്തി രാത്രി 8:45ന് പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് പ്രതികളിലൊരാളെ പൊലിസ് ഏറ്റുമുട്ടലിനൊടുവിൽ പിടികൂടി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ പൊലിസ് സംഘവുമായുള്ള വെടിവയ്പ്പിൽ കാലിന് പരിക്കേറ്റതിനെ തുടർന്ന് ആസിഫിനെ കീഴ്പ്പെടുത്തുകയായിരുന്നു. ഒളിവിലുള്ള മറ്റ് രണ്ട് പ്രതികൾക്കായി പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ 10 ദിവസത്തിനിടയിൽ തലസ്ഥാനത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ പീഡനത്തിനിരയാകുന്ന നാലാമത്തെ സംഭവമാണിത്.
National
ബംഗളൂരു: കർണാടകയിലെ കൊപ്പലിൽ കുരങ്ങിന്റെ ആക്രമണത്തിൽ വയോധിക മരിച്ചു. നജമുന്നിസ ബീഗം (91) ആണ് മരിച്ചത്. വീടിന്റെ വരാന്തയിലൂടെ നടക്കുമ്പോഴാണ് കുരങ്ങന്റെ ആക്രമണം ഉണ്ടായത്.
ആക്രമണത്തിൽ നിലത്തുവീണ് പരിക്കേറ്റ നജമുന്നിസയെ സഹായിക്കാൻ ഓടിയെത്തിയ മകൾക്കും കുരങ്ങന്റെ കടിയേറ്റു. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ വീടിന് പുറത്ത് സ്ഥാപിച്ചിരുന്ന സിസിടിവി കാമറയിൽ പതിഞ്ഞിട്ടുണ്ട്. സ്ഥിരമായി കുരങ്ങിന്റെ ശല്യമുള്ള പ്രദേശമാണിത്.
National
ന്യൂഡൽഹി: ഡൽഹിയിലെ സദർ ബസാറിൽ ആറാം ക്ലാസ് വിദ്യാർഥിയെ പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ. മഖ്സൂദാക്കാണ് (56) പിടിയിലായത്. സെപ്റ്റംബർ 16ന് രാത്രി 11നാണ് സംഭവം.
പഠനോപകരണങ്ങൾ വാങ്ങാൻ വീടിന് പുറത്തിറങ്ങിയ കുട്ടിയെ മഖ്സൂദാക്ക് കടയ്ക്കുള്ളിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. കടയ്ക്കുള്ളിൽ കയറ്റിയ ശേഷം കുട്ടിയുടെ കൈകാലുകൾ കെട്ടിയിട്ട് പ്രതി പീഡനത്തിന് ഇരയാക്കുകയായിരുന്നു. വീട്ടിൽ തിരിച്ചെത്തിയ കുട്ടി മാതാപിതാക്കളോട് വിവരം പറഞ്ഞു. രാത്രി തന്നെ പൊലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
സംഭവത്തിൽ കേസെടുത്ത പൊലിസ് പ്രതിയെ അറസ്റ്റ് ചെയ്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
International
ഖാർതൂം: സുഡാനിൽ സ്വർണഖനി തകർന്ന് വീണ് 11 പേർ മരിച്ചു. വടക്കുകിഴക്കൻ സുഡാനിലെ റെഡ് സീ സംസ്ഥാനത്തെ ഓണിയിലാണ് സ്വർണഖനി തകർന്ന് വീണത്. 30-ലധികം ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. ശനിയാഴ്ച രാത്രിയാണ് ഖനി തകർന്നു വീണത്.
അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താൻ തെരച്ചിൽ തുടരുകയാണ്. ഇതുവരെ 11 മൃതദേഹങ്ങൾ കണ്ടെടുക്കുകയും 30 പേരെ രക്ഷപ്പെടുത്തുകയും ചെയ്തതായി സുഡാനീസ് മിനറൽ റിസോഴ്സസ് കമ്പനി ഉദ്യോഗസ്ഥൻ അറിയിച്ചു.
സുഡാനിൽ ഒരു ആഴ്ചയ്ക്കിടെ രണ്ടാമത്തെ ഖനി ദുരന്തമാണിത്. കഴിഞ്ഞ ഞായറാഴ്ച പടിഞ്ഞാറൻ സുഡാനിലെ മറ്റൊരു സ്വർണഖനി തകർന്ന് 82 പേർ കൊല്ലപ്പെട്ടിരുന്നു. സുഡാനിൽ സുരക്ഷാ മുൻകരുതലുകളോ കർശന നിയമങ്ങളോ ഇല്ലാതെ പ്രവർത്തിക്കുന്ന നിരവധി ഖനികളാണുള്ളത്.
National
പാറ്റ്ന: ബിഹാറിലെ ജാമുയി ജില്ലയിൽ ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന യുവതിക്കും യുവാവിനും നേരെ ഒരു സംഘം ആളുകളുടെ ആക്രമണം. വിജനമായ വനമേഖലയോട് ചേർന്നുള്ള റോഡിൽ വച്ചാണ് സംഭവം. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഇരുവരെയും വഴിയിൽ തടഞ്ഞുനിർത്തി ഉപദ്രവിക്കുന്നത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വൻ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്.
രാത്രിയിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവതിയെയും യുവാവിനെയും ഒരു സംഘം ആളുകൾ തടഞ്ഞുനിർത്തുകയായിരുന്നു. തടയാൻ ശ്രമിച്ച യുവാവിനെ സംഘം ബലമായി പിടിച്ചുമാറ്റി. മുഖംമൂടി ധരിച്ച ഒരാൾ യുവതിയെ പുറകിൽ നിന്ന് പിടിച്ച് വിജനമായ മറ്റൊരു ഭാഗത്തേക്ക് ബലമായി വലിച്ചിഴച്ചു കൊണ്ടുപോകാൻ ശ്രമിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. യുവതി നിലവിളിച്ചുകൊണ്ട് കൈകൂപ്പി അപേക്ഷിക്കുകയും ശക്തമായി ചെറുത്തുനിൽക്കുകയും ചെയ്തു. ഒടുവിൽ ഇരുവരും അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ പൊലിസ് കേസെടുത്തു. ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും സംഭവത്തിൽ ഉൾപ്പെട്ടിട്ടുള്ളവരെ ഉടൻ തിരിച്ചറിഞ്ഞ് നടപടി നടപടിയെടുക്കുമെന്നും അധികൃതർ അറിയിച്ചു.
International
ടെഹ്റാൻ: ഇറാനിൽ നിർബന്ധിത ഹിജാബ് നിയമങ്ങൾ കർശനമായി നിലനിൽക്കെ, അത് വകവയ്ക്കാതെ തലമുടി തുറന്നിട്ട് ചരിത്രപ്രധാനമായ 10 കിലോമീറ്റർ റോഡ് റേസിൽ നൂറുകണക്കിന് വനിതകൾ പങ്കെടുത്തത് ഭർണകൂടത്തെ ഞെട്ടിച്ചു. തലസ്ഥനാമായ ടെഹ്റാനിലെ വെലായത്ത് പാർക്കിൽ വെള്ളിയാഴ്ച നടന്ന കായിക മാമാങ്കത്തിലാണ് ഇറേനിയൻ ഭരണകൂടത്തെ ഞെട്ടിച്ചുകൊണ്ട് വനിതകൾ ഹിജാബില്ലാതെ പങ്കെടുത്തത്.
പുരുഷന്മാർക്കും സ്ത്രീകൾക്കും വേറെവേറെ മത്സരങ്ങളാണ് സംഘടിപ്പിച്ചിരുന്നതെങ്കിലും പൊതുസ്ഥലങ്ങളിൽ നിർബന്ധമായും ഹിജാബ് ധരിക്കണമെന്ന രാജ്യത്തെ കടുത്ത നിയമങ്ങൾക്ക് പുല്ലുവില കൽപ്പിച്ചാണ് വനിതാ അത്ലറ്റുകൾ ട്രാക്കിലിറങ്ങിയത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ അന്താരാഷ്ട്ര തലത്തിൽ തന്നെ സംഭവം വലിയ ശ്രദ്ധനേടിക്കഴിഞ്ഞു.
2022-ൽ ഹിജാബ് കൃത്യമായി ധരിച്ചില്ലെന്നാരോപിച്ച് മതപൊലിസ് കസ്റ്റഡിയിലെടുത്ത മഹ്സ അമിനി എന്ന പെൺകുട്ടിയുടെ മരണത്തെ തുടർന്ന് ഇറാനിലുടനീളം വൻ പ്രതിഷേധം അലയടിച്ചിരുന്നു. 'വുമൺ, ലൈഫ്, ഫ്രീഡം' എന്ന മുദ്രാവാക്യമുയർത്തി ആരംഭിച്ച ആ പോരാട്ടത്തിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ ഈ സംഭവവും വിലയിരുത്തപ്പെടുന്നത്. ഭരണകൂടത്തിന്റെ കടുത്ത നിയന്ത്രണങ്ങൾക്കും നിരീക്ഷണങ്ങൾക്കും മധ്യേയും ഇറേനിയൻ സ്ത്രീകൾ തങ്ങളുടെ വ്യക്തി സ്വാതന്ത്യത്തിനും അവകാശങ്ങൾക്കും വേണ്ടിയുള്ള പോരാട്ടം തുടരുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണിത്.
National
ബംഗളൂരു: കര്‍ണാടകയിലെ കോരമംഗലയില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കൊടകു സ്വദേശി സലിം അക്ബറാണ് മരിച്ചത്.
കാറിനുള്ളില്‍ ഒരാളെ അനക്കമില്ലാത്ത നിലയില്‍ കണ്ടെത്തിയതിയതായി ഞായറാഴ്ച രാവിലെ പൊലിസിന് വിവരം ലഭിച്ചു. പൊലിസ് ഉടന്‍ തന്നെ സ്ഥലത്തെത്തി അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീക്കരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു.
പുലര്‍ച്ചെ രണ്ടരയ്ക്ക് ഇദ്ദേത്തിന്്റെ കാര്‍ ഒരു ഹോട്ടലിന് മുന്നില്‍ നിര്‍ത്തിയിട്ടിരിക്കുന്നതായി പൊലിസ് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് കണ്ടെത്തി. ആരോഗ്യപ്രശ്നങ്ങളാകാം മരണകാരണമെന്നാണ് പൊലിസിന്‍്റെ പ്രാഥമിക നിഗമനം.
ഫോറന്‍സിക് സംഘം കാര്‍ പരിശോധിച്ച് തെളിവുകള്‍ ശേഖരിച്ചു. സംഭവത്തില്‍ കേസെടുത്ത പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
ന്യൂഡല്‍ഹി:ഡല്‍ഹിയിലെ തിമരുപൂരില് രണ്ട് വയസുകാരന് തെരുവുനായയുടെ ആക്രമണത്തില്‍ ഗുരുതര പരിക്ക്. അബ്ബാസ് എന്ന കുട്ടിയാണ് ആക്രമണത്തിനിരയായത്. വീടിന് പുറത്ത് കളിക്കുകയായിരുന്ന കുട്ടിയുടെ നേരെ തെരുവുനായ ചാടിവീഴുകയായിരുന്നു. നായ കുട്ടിയെ ആക്രമിക്കുതിന്്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
മുഖത്ത് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. തീവ്രപരിചണ വിഭാഗത്തില്‍ കഴിയുന്ന കുട്ടിയുടെ ചികിത്സ തുടരുകയാണ്. പൊലിസ് മേല്‍നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
National
ലക്നോ: ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ അമിതവേഗത്തിലെത്തിലെത്തിയ കാറിടിച്ച് വിദ്യാർഥികൾക്ക് പരിക്ക്. റോഡിലൂടെ നടന്നുപോവുകയായിരുന്ന നാല് വിദ്യാർഥികളുടെ നേരെയാണ് കാർ ഇടിച്ചുകയറിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
റോഡിലൂടെ നടന്നുപോവുകയായിരുന്ന വിദ്യാർഥികളുടെ നേരെ നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വിദ്യാർഥികൾ റോഡിലേക്ക് തെറിച്ചുവീണു.
അപകടത്തിന് പിന്നാലെ വാഹനം നിർത്താതെ ഡ്രൈവർ സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റവരെ ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ കേസെടുത്ത പൊലിസ് വാഹനം കണ്ടെത്താനും ഡ്രൈവറെ തിരിച്ചറിഞ്ഞ് പിടികൂടാനുള്ള അന്വേഷണം തുടങ്ങി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലിസ് അറിയിച്ചു.
National
ന്യൂഡൽഹി: കണ്ണ് പരിശോധന നടത്താമെന്ന് പറഞ്ഞ് വീട്ടിലെത്തിച്ച് സ്ത്രീയെ മയക്കിക്കിടത്തി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ഡൽഹിയിലെ കേശവ് പുരത്താണ് സംഭവം. വികാസ് (32) എന്ന യുവാവാണ് പിടിയിലായത്.
പീഡനത്തിനിരയായ സ്ത്രീ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കണ്ണിന്റെ പരിശോധനയ്ക്കായി വികാസ് അയാളുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു എന്ന് പരാതിയിൽ പറയുന്നു.
വീട്ടിലെത്തിയ ഉടൻ തന്നെ ഇയാൾ തന്നെ ബോധരഹിതയാക്കുകയും തുടർന്ന് ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു എന്ന് സ്ത്രീ പൊലിസിന് മൊഴി നൽകി. സംഭവത്തിൽ കേസെടുത്ത പൊലിസ് പ്രതിയെ അറസ്റ്റ് ചെയ്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
National
മുംബൈ: ബോംബെ ഐഐടിയിൽ വിദ്യാർഥി ജീവനൊടുക്കിയ സംഭവത്തിൽ അധികൃതർക്കെതിരെ പ്രതിഷേധവുമായി വിദ്യാർഥികൾ രംഗത്ത്. എനർജി സയൻസ് എൻജിനിയറിംഗ് രണ്ടാം വർഷ വിദ്യാർഥി സാഹിൽ വാകോഡെയാണ് ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ചാറ്റ്ജിപിടി ഉപയോഗിച്ച് കോപ്പിയടിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് അധ്യാപകർ ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് വിദ്യാർഥി ജീവനൊടുക്കിയതെന്നാണ് സഹപാഠികൾ പറയുന്നു.
കഴിഞ്ഞ ദിവസം നടന്ന പരീക്ഷയ്ക്കിടെ ചോദ്യപേപ്പർ ചാറ്റ്ജിപിടിയിൽ അപ്ലോഡ് ചെയ്ത് ഉത്തരമെഴുതാൻ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് സാഹിലിനെ അധ്യാപകർ പിടികൂടിയത്. ഇതേ തുടർന്ന് അധ്യാപകർ കുട്ടിയെ ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്യുമെന്നും ഈ കാലയളവിൽ ഹോസ്റ്റലിൽ നിൽക്കാൻ അനുവാദമില്ലെന്നും പറഞ്ഞെന്നാണ് വിദ്യാർഥികൾ ആരോപിക്കുന്നത്. ഇതേ തുടർന്നുണ്ടായ മനോവിഷമത്തിലാണ് സാഹിൽ ജീവനൊടുക്കിയതെന്നും വിദ്യാർഥികൾ പറഞ്ഞു. മകന്റെ മരണത്തിന് ഉത്തരവാദികളായ അധ്യാപകർക്കെതിരെ കർശന നടപടി വേണമെന്ന് സാഹിലിന്റെ കുടുംബവും ആവശ്യപ്പെട്ടു.
അതേസമയം, വിദ്യാർഥികളുടെ ആരോപണങ്ങൾ ഐഐടി അധികൃതർ തള്ളി. കോപ്പിയടിക്കാൻ ശ്രമിച്ചതിനെ തുടർന്ന് സാഹിലിനെ വിളിച്ചുവരുത്തി ഉപദേശിക്കുക മാത്രമാണ് ചെയ്തതെന്നും അക്കാദമിക് ജീവിതത്തെ ബാധിക്കുന്ന തരത്തിലുള്ള ഒരു സസ്പെൻഷനോ നടപടിയോ ഉണ്ടാകില്ലെന്ന് ഉറപ്പുനൽകിയിരുന്നതാണെന്നും അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ ഏഴ് മാസത്തിനിടെ ബോംബെ ഐഐടി കാമ്പസിൽ മൂന്നാമത്തെ വിദ്യാർഥി ആത്മഹത്യയാണിത്. കഴിഞ്ഞ ഫെബ്രുവരിയിലും ജൂലൈയിലും സമാനമായ രീതിയിൽ രണ്ടാം വർഷ വിദ്യാർഥികൾ ജീവനൊടുക്കിയിരുന്നു.
National
ലക്നോ: ഉത്തർപ്രദേശിൽ ബറേലി ജില്ലയിൽ കടിച്ച പാമ്പുമായി ചികിത്സ തേടി യുവാവ് ആശുപത്രിയിലെത്തി. വാട്ടർ പമ്പിന്റെ അടിയിൽ കണ്ട പാമ്പിനെ മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് അതുൽ (36) എന്ന യുവാവിന്റെ കൈക്ക് കടിയേറ്റത്.
തുടർന്ന് ഇയാൾ തന്നെ കടിച്ച പാമ്പിനെ ജീവനോടെ പിടിച്ച് പ്ലാസ്റ്റിക് ബാഗിലാക്കി ആശുപത്രിയിലേക്ക് കൊണ്ടുവരുകയായിരുന്നു. ആശുപത്രിയിലെത്തിയ അതുൽ കടിയേറ്റ പാമ്പ് ബാഗിലാണുള്ളതെന്ന് ഡോക്ടർമാരോട് പറഞ്ഞു.
ബാഗ് തുറന്ന് പാമ്പിനെ കാണിച്ചതോടെ ഡോക്ടർമാരും ആശുപത്രി ജീവനക്കാരും ഭയന്നു. തനിക്ക് കൃത്യമായ ചികിത്സ ലഭിക്കാൻ വേണ്ടിയാണ് പാമ്പുമായി ആശുപത്രിയിലെത്തിയതെന്നാണ് അതുൽ പറഞ്ഞത്.
ഉടൻതന്നെ യുവാവിന് ആവശ്യമായ ചികിത്സ നൽകി. നിലവിൽ യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
National
ബംഗളൂരു: കർണാടകയിലെ ബംഗളൂരുവിൽ ഭാര്യയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിൽ തിളച്ച എണ്ണയൊഴിച്ച പ്രതി പിടിയിൽ. ബിഹാർ സ്വദേശി രഞ്ജിത് കുമാർ ഗുപ്തയാണ് (40) ഭാര്യ ഗുഞ്ജ മദേശിയയെ (38) കൊലപ്പെടുത്തിയത്.
ബിഹാർ സ്വദേശികളായ ഇവർ രണ്ട് മക്കളോടൊപ്പം ബംഗളൂരുവിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. ദമ്പതികൾ തമ്മിൽ നിരന്തരം വഴക്കുകൾ പതിവായിരുന്നെന്ന് പൊലിസ് പറഞ്ഞു.
ഫോൺ കോളുകൾ എടുക്കാത്തതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. കുട്ടികൾ പുറത്ത് കളിച്ചു കൊണ്ടിരുന്ന സമയത്താണ് സംഭവം നടന്നത്. വാക്കേറ്റത്തിനൊടുവിൽ രഞ്ജിത് ഗുഞ്ജയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു.
കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കുന്നതിനും ആത്മഹത്യയാണെന്ന് വരുത്തിതീർക്കുന്നതിനുമായി ഇയാൾ എണ്ണ ചൂടാക്കി ഗുഞ്ജയുടെ മുഖത്തും ശരീരത്തിലും ഒഴിക്കുകയായിരുന്നു. പിന്നീട് വീട്ടിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലിസ് പിടുകൂടുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായി പൊലിസ് വ്യക്തമാക്കി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
National
ഹൈദരാബാദ്: തെലുങ്കാനയിലെ ഷാദ്നഗറിൽ സ്കൂളിലെ കോണിപ്പടിയിൽ നിന്ന് വീണ് വിദ്യാർഥി മരിച്ചു. ഇന്ത്യൻ പബ്ലിക് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥി വർണിക (ഒമ്പത്) ആണ് മരിച്ചത്.
സ്കൂളിലെ കോണിപ്പടിയിലൂടെ ഇറങ്ങുന്നതിനിടെ കാൽ വഴുതി വീണ വർണികയുടെ മുഖം ഇടിക്കുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ കുട്ടി ബോധരഹിതയായി വീണു.
ഉടൻതന്നെ സ്കൂൾ അധികൃതർ കുട്ടിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സക്കിടെ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സ്കൂളിലെ സിസിടിവി കാമറയിൽ പതിഞ്ഞിട്ടുണ്ട്. പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
ലക്നോ: ഉത്തർപ്രദേശിലെ ലക്നോവിൽ ഭർത്താവിനെ കൊലപ്പെടുത്തിയ ഭാര്യയും കാമുകനും അറസ്റ്റിൽ. ആദ്യ ഭാര്യയുമായുള്ള ബന്ധത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് കൊലപാതകമെന്ന് പൊലിസ് പറഞ്ഞു. സുഫിയ ബാനോ, കാമുകൻ മുച്ചാഡ്, ഇയാളുടെ സുഹൃത്ത് മുഹമ്മദ് ഇഖ്ബാൽ എന്നിവരാണ് പിടിയിലായത്. സുഫിയ ബാനുവിന്റെ ഭർത്താവ് രാംകിഷോർ വാൽമീകിയാണ് കെല്ലപ്പെട്ടത്.
സുഫിയയും രാംകിഷോറും തമ്മിൽ നാല് വർഷമായി അടുപ്പത്തിലായിരുന്നു. ഇവർ രണ്ടു വർഷം മുമ്പ് വിവാഹിതരാവുകയും ചെയ്തു. എന്നാൽ അതിനുശേഷവും രാംകിഷോർ ആദ്യ ഭാര്യ കവിതാ ദേവിയുമായുള്ള ബന്ധം തുടർന്നതാണ് കൊലപാതകത്തിൽ കലാശിച്ചത്.
രാംകിഷോർ കവിതാ ദേവിയെ സന്ദർശിക്കുകയും സാമ്പത്തിക സഹായം നൽകുകയും ചെയ്തതിനെ സുഫിയ എതിർത്തിരുന്നു. ഇതിനെ തുടർന്ന് ഇരുവരും തമ്മിൽ നിരന്തരം തർക്കങ്ങളുണ്ടായിരുന്നതായി പൊലിസ് പറഞ്ഞു.
സെപ്തംബർ 14ന് രാത്രി സുഫിയയുടെ വീട്ടിലെത്തിയ മുച്ചാഡും മുഹമ്മദ് ഇഖ്ബാലും ചേർന്ന് ഉറങ്ങിക്കിടന്ന രാംകിഷോറിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹം കനാലിന് സമീപമുള്ള പാലത്തിനടിയിൽ ഉപേക്ഷിച്ചു.
മൃതശരീരം കണ്ടെത്തിയതിനെ തുടർന്ന് കവിതയുടെ പരാതിയിൽ സെപ്തംബർ 17ന് പൊലിസ് കേസെടുത്തു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ കണ്ടെത്തിയതെന്ന് പൊലിസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
National
ശ്രീനഗർ: ജന്മദിനം ആഘോഷിക്കുന്നതിനിടെ മുഖത്ത് കേക്ക് തേച്ചതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് സുഹൃത്തിനെ കുത്തിക്കൊന്ന യുവാവ് പിടിയിൽ. ജമ്മു കാഷ്മീരിലെ ലോവർ രൂപ നഗറിലാണ് സംഭവം. പവൻ നായർ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ നീരജ്, സഹോദരൻ റിഷു എന്നിവരെ പൊലിസ് അറസ്റ്റ് ചെയ്തു.
ലോവർ രൂപ നഗറിന് സമീപമുള്ള റോഡരികിൽ നീരജ് ജന്മദിനം ആഘോഷിക്കുകയായിരുന്നു. സുഹൃത്തുക്കളായ പവൻ നായർ, ജോൺ സോത്ര, ഗൗരവ് സിംഗ്, സുഗന്ധ് ഭട്ടി എന്നിവരും നീരജിന്റെ സഹോദരൻ റിഷുവും ചടങ്ങിൽ പങ്കെടുത്തിരുന്നു.
കേക്കു മുറിക്കുന്നതിനിടെ പവൻ നായർ നീരജിന്റെ മുഖത്ത് കേക്ക് തേച്ചു. ഇതേ തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാവുകയും പ്രകോപിതനായ നീരജ് പവന്റെ കഴുത്തിൽ കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പവനെ സുഹൃത്തുക്കൾ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആശുപത്രി അധികൃതർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലിസ് കേസെടുത്ത് പ്രതികളെ പിടികൂടി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരുന്നു.
National
ചണ്ഡിഗഡ്: ഹരിയാനയിലെ സോനിപ്പത്തിൽ വളർത്തുനായയുടെ ആക്രമണത്തിൽ ആറുമാസം പ്രായമുള്ള കുഞ്ഞിന് ഗുരുതര പരിക്ക്. കുഞ്ഞിനെ കൈയിലെടുത്ത് പിടിച്ച് നിന്ന ബന്ധുവായ സ്ത്രീക്ക് നേരെയാണ് ആദ്യം പിറ്റ്ബുൾ ഇനത്തിൽപ്പെട്ട വളർത്തുനായ ചാടിവീണത്. തുടര്‍ന്ന് കുഞ്ഞിനെ കടിച്ച് വലിച്ച് നിലത്തിട്ട് റോഡിലൂടെ വലിച്ചിഴച്ചു. ഉടൻ തന്നെ നാട്ടുകാരെത്തി പിറ്റ്ബുളിനെ തുരത്തി കുഞ്ഞിനെ രക്ഷിച്ച് ആശുപത്രിയിലാക്കി. സംഭവത്തിൽ കുടുംബം ഇതുവരെ ഔദ്യോഗികമായി പൊലിസിൽ പരാതി നൽകിയിട്ടില്ല.
ഇത്തരം നായ്ക്കളെ വീടുകളില്‍ വളര്‍ത്തുന്നതിന് രാജ്യത്ത് പലയിടങ്ങളിലും നിരോധനം നിലവിലുണ്ട്. ആക്രമണകാരികളായ ഇത്തരം നായ്ക്കളെ വീടുകളില്‍ വളര്‍ത്തുന്നതിന് രാജ്യത്ത് പലയിടങ്ങളിലും നിരോധനം നിലവിലുണ്ട്. ആക്രമണകാരിയെന്ന് അറിഞ്ഞിട്ടും നായയെ അലക്ഷ്യമായി തുറന്ന് വിട്ട വീട്ടുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.
National
ന്യൂഡൽഹി: ഡൽഹിയിലെ ആർ.കെ. പുരത്ത് റോഡരികിൽ നിർത്തിയിട്ടിരുന്ന ബൈക്കിൽ കാർ ഇടിച്ചു. സംഭവത്തിൽ കാർ ഡ്രൈവർ വേണുഗോപാൽ (73) പിടിയിലായി. വ്യാഴാഴ്ച രാത്രി പത്തിനായിരുന്നു അപകടം നടന്നത്.
മുനിരക സ്വദേശി തനിഷ് തോക്കാസ് റോഡരികിൽ നിർത്തിയിട്ടിരുന്ന ബൈക്കിൽ വേണുഗോപാലിന്റെ കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തനിഷ് തോക്കാസ് താഴേക്ക് വീണെങ്കിലും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. എന്നാൽ കാറിനടിയിൽ കുടുങ്ങിയ ബൈക്ക് ഏകദേശം 100 മീറ്ററോളം റോഡിലൂടെ വലിച്ചിഴച്ചു.
സംഭവത്തിൽ കേസെടുത്ത പൊലിസ് വേണുഗോപാലിനെ കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. ഇയാൾ മദ്യപിച്ചിരുന്നില്ലെന്ന് പൊലിസ് പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരുന്നു.
International
ധാക്ക: ലണ്ടനിൽ നിന്ന് ബംഗ്ലാദേശിലേക്ക് പോവുകയായിരുന്ന ബിമാൻ ബംഗ്ലാദേശ് എയർലൈൻസ് വിമാനത്തിൽ യാത്രക്കാർ തമ്മിൽ കൈയാങ്കളി. വിമാനത്തിനുള്ളിൽ വച്ച് ഏറ്റുമുട്ടിയ രണ്ട് യാത്രക്കാരുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
യാത്രക്കാർ തമ്മിൽ ഉണ്ടായ വാക്കുതർക്കമാണ് പിന്നീട് കൈയാങ്കളിയിൽ കലാശിച്ചത്. വിമാനത്തിനുള്ളിൽ ഇരുവർക്കുമിടയിൽ വാക്കേറ്റം രൂക്ഷമാവുകയും കൈയാങ്കളിയിലേക്ക് വഴിമാറുകയായിരുന്നു.
അടിപിടിക്കിടെ ഒരു യാത്രക്കാരന്റെ ഷർട്ട് കീറിപ്പോയതായും ദൃശ്യങ്ങളിൽ വ്യക്തമാണ്. വിമാന ജീവനക്കാരും സഹയാത്രക്കാരും ചേർന്ന് ഇടപെട്ടാണ് ഇരുവരേയും പിടിച്ചുമാറ്റിയത്.
വാക്കുതർക്കത്തിലേക്ക് നയിച്ചതിന്റെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തെക്കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് വിമാനക്കമ്പനി അധികൃതർ അറിയിച്ചു.
National
ചണ്ഡിഗഡ്: ഹരിയാനയിലെ സോണിപറ്റിൽ വീട്ടിൽ ഉറങ്ങിക്കിടന്ന ആറ് വയസുകാരിയെ വാട്ടർ ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തി. പൊൺകുട്ടിയുടെ മാതാപിതാക്കൾക്കൊപ്പം ജോലി ചെയ്തിരുന്ന സുമിത് എന്ന യുവാവിനെ പൊലിസ് കസ്റ്റഡിയിൽ എടുത്തു.
രാത്രി വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന കുട്ടിയെ സുമിത് തട്ടിക്കൊണ്ടുപോയതാണെന്ന് കുടുംബം സംശയിക്കുന്നു. സംഭവസമയത്ത് ജനറേറ്റർ പ്രവർത്തിച്ചിരുന്നതിനാൽ മറ്റ് ശബ്ദങ്ങളൊന്നും കേൾക്കാൻ കഴിഞ്ഞിരുന്നില്ലെന്നും പെൺകുട്ടിയുടെ കുടുംബം പറയുന്നു.
കുട്ടിയെ വീടിനുള്ളിൽ കാണാത്തതിനെത്തുടർന്ന് നടത്തിയ തെരച്ചിലിനെ തുടർന്നാണ് വാട്ടർ ടാങ്കിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ കൈകാലുകൾ കെട്ടിയ നിലയിലായിരുന്നുവെന്നും വസ്ത്രങ്ങൾ ഉണ്ടായിരുന്നില്ലെന്നും കുടുംബം ആരോപിക്കുന്നു.
സുമിതിനെ കസ്റ്റഡിയിലെടുക്കുമ്പോൾ അയാൾ മദ്യ ലഹരിയിലായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിനുശേഷമേ മരണകാരണം വ്യക്തമാകൂ എന്നും പൊലിസ് അറിയിച്ചു.
National
ന്യൂഡൽഹി: ഡൽഹിയിൽ പതിനേഴുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കുത്തിക്കൊലപ്പെടുത്തി. സംഭവത്തിൽ മൂന്ന് പ്രായപൂർത്തിയാകാത്തവരുൾപ്പെടെ നാല് പേരെ പൊലിസ് അറസ്റ്റ് ചെയ്തു. അഴുകിയ നിലയിൽ കണ്ടെത്തിയ പെൺകുട്ടിയുടെ ശരീരത്തിന്റെ ചില ഭാഗങ്ങൾ തെരുവുനായ്ക്കൾ ഭക്ഷിച്ചിരുന്നു.
പെൺകുട്ടിയും പ്രതികളും പരിചയക്കാരായിരുന്നു. സംഭവം നടക്കുന്ന ദിവസം ഇവർ പെൺകുട്ടിയോടൊപ്പം യാത്ര ചെയ്യുകയും മദ്യപിക്കുകയും ചെയ്തു. ഇതിനുശേഷമാണ് പെൺകുട്ടി പീഡനത്തിന് ഇരയായത്.
പെൺകുട്ടി മുമ്പും വീട്ടിൽ നിന്ന് മാറിനിന്നിരുന്നതിനാൽ കുടുംബം പരാതി നൽകിയിരുന്നില്ല. സെപ്റ്റംബർ 13-ന് കുഷക് റോഡിലുള്ള ജയ്പാൽ റാണയുടെ വയലിന് സമീപത്തുനിന്ന് തിരിച്ചറിയാൻ കഴിയാത്ത വിധം അഴുകിയ നിലയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സംഭവത്തിൽ ദൃക്സാക്ഷികളോ പ്രതികളെക്കുറിച്ചുള്ള പ്രാഥമിക വിവരങ്ങളോ ഇല്ലാതിരുന്ന കേസിൽ 50-ലധികം സിസിടിവി കാമറളാണ് പൊലിസ് പരിശോധിച്ചത്. ഇരുട്ടിൽ നമ്പര്‍ വ്യക്തമല്ലാതിരുന്ന ഒരു വാഹനം സംഭവസ്ഥലത്തിന് സമീപം സംശയകരമായ സാഹചര്യത്തിൽ നീങ്ങുന്നത് പൊലിസ് കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വാഹനം കണ്ടെത്തുകയും ഡ്രൈവറെ ചോദ്യം ചെയ്യുകയുമായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യപ്രതി ശിവം എന്ന യുവാവിനെയും പ്രായപൂർത്തിയാകാത്ത മറ്റ് മൂന്ന് പേരും പിടിയിലായത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.