District News
ഇരിട്ടി: ഓപ്പറേഷൻ ഗജമുക്തിയിലൂടെആറളം ഫാമിൽ നിന്ന് അഞ്ച് ആനകളെ കൂടി കാട്ടിലേക്ക് തുരത്തി. പുനരധിവാസ മേഖല ബ്ലോക്ക് 12ൽ കണ്ടെത്തിയ ആനകളെ താളിപ്പാറയിലൂടെ കോട്ടപ്പാറ വഴിയാണ് വനത്തിലേക്ക് കയറ്റിയത്. ആർആർടി ഡെപ്യൂട്ടി റേഞ്ചർ ഷൈനി കുമാറിന്റെ നേതൃത്വത്തിൽ മണത്തണ, കീഴ്പള്ളി സെക്ഷനിലെ വനപാലകരും ആറളം വന്യജീവി സങ്കേതം ജീവനക്കാരും ചേർന്നുള്ള സംയുക്ത ഓപ്പറേഷനിലൂടെയാണ് കാടുകയറ്റിയത്.
ഓപ്പറേഷൻ ഗജമുക്തി ആരംഭിച്ചതിലൂടെ ഇതിനകം വിവിധ ഘട്ടങ്ങളിലായി 50 ലധികം ആനകളെ ഫാമിൽ നിന്നും പുനരധിവാസ മേഖലയിൽ നിന്നുമായി കാട് കയറ്റിയിരുന്നു. ആനകൾ തിരികെ വരുന്നില്ലെന്ന് ഉറപ്പാക്കാൻ വനാതിർത്തിയിൽ നിരീക്ഷണവും നടത്തുന്നുണ്ട്. എന്നാൽ, ആനമതിൽ നിർമാണം ഇഴഞ്ഞു നീങ്ങുന്ന സാഹചര്യത്തിൽ വനാതിർത്തിയിൽ സ്ഥാപിച്ച താത്കാലിക സൗരോർജ തൂക്കുവേലി തകർത്ത് ആനകൾ തിരികെ എത്തുകയാണ്.
മരങ്ങൾ തള്ളിയിട്ടും മറ്റുമാണ് ആനകൾ തൂക്കുവേലി തകർക്കുന്നത്. കഴിഞ്ഞ ദിവസം 11-ാം ബ്ലോക്ക് കൈതക്കൊല്ലിയിൽ പുനരധിവാസ മേഖലയിൽ താമസിക്കുന്ന കുടുംബത്തിന്റെ കൃഷിയിടത്തിലെ പത്തു തെങ്ങുകൾ ആനകൾ നശിപ്പിച്ചിരുന്നു.
ഇതോടെയാണ് ഒപ്പറേഷൻ ഗജമുക്തി പുനരാരംഭിച്ചത്. ഇന്നലെ ബ്ലോക്ക് ഒന്‍പത് പുക്കുണ്ട് ഭാഗത്ത് തങ്കച്ചൻ എന്നിവരുടെ വീടിന് സമീപത്തെ ഇഞ്ചക്കാട്ടിൻ ഒരു ആനയെ കണ്ടതോടെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആർആർടി മുന്നറിയിപ്പ് നൽകുകയും പ്രദേശത്ത് പരിശോധന നടത്തുകയും ചെയ്തിരുന്നു.
District News
കണ്ണൂർ: തലശേരി-അഞ്ചരക്കണ്ടി റൂട്ടിലോടുന്ന സ്വകാര്യ ബസുകളിൽ മുതിർന്ന പൗരൻമാരുടെയും അംഗപരിമിതരുടെയും സീറ്റുകൾ കൈയേറാൻ അനുവദിക്കരുതെന്ന കർശന നിർദേശം ബസ് കണ്ടക്ടർമാർക്ക് നൽകിയിട്ടുണ്ടെന്ന് കണ്ണൂർ ആർടിഒ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
സീറ്റ് കൈയേറുകയാണെന്ന് ആരോപിച്ച് സമർപ്പിച്ച പരാതിയിൽ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നടപടി സ്വീകരിക്കാൻ കണ്ണൂർ ആർടിഒയ്ക്ക് നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ബസുകളിൽ പരിശോധന നടത്തിയതായി റിപ്പോർട്ടിൽ പറഞ്ഞു. സീറ്റ് റിസർവ് ചെയ്തതായി ബോധ്യപ്പെട്ടിട്ടുണ്ടെന്നും സീറ്റ് ലഭിക്കാത്ത സംവരണ വിഭാഗത്തിലുള്ള യാത്രക്കാരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും റിപ്പോർട്ടിൽ പറഞ്ഞു. എന്നാലും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കണ്ടക്ടർമാർക്ക് ബോധവത്കരണം നല്‍കിയിട്ടുണ്ട്.
സംവരണത്തിന് അർഹരായ യാത്രക്കാർക്ക് അതിനുള്ള സൗകര്യം ചെയ്യാൻ നിർദേശം നല്‍കിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറഞ്ഞു. ഇത്തരം നിയമലംഘനങ്ങൾ കണ്ടെത്താൻ നിരന്തര പരിശോധന നടത്തുമെന്നും റിപ്പോർട്ടിലുണ്ട്. ആർടിഒ യുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പരാതി തീർപ്പാക്കി. കണിയാങ്കണ്ടി ഉപശ്ലോകൻ സമർപ്പിച്ച പരാതിയിലാണ് നടപടി.
District News
കണ്ണൂർ: യുഎഇയിൽ വ്യാപകമായി തട്ടിപ്പ് നടത്തിയതിന് സ്റ്റീൽ വ്യവസായിയും കണ്ണൂർ സ്വദേശിയുമായ കെ.പി. സജിത്തിനെതിരെ പണം നഷ്ടപ്പെട്ടവർ നൽകിയ പരാതിയിൽ നിയമനടപടികൾ നടന്നുവരികയാണെന്ന് എക്സ്ട്രീം ഇന്റർനാഷനൽ മാനേജ്മെന്റ് കൺസൾട്ടൻസി പവർ അറ്റോണമി ഹോൾഡർ പ്രിൻസ് സുബ്രഹ്മണ്യൻ പത്രസമ്മേളനത്തിൽ പറഞ്ഞു. കണ്ണൂർ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് ഉത്തരവ് പ്രകാരം കെ.പി. സജിത്തിന്റെ ഉടമസ്ഥതയിലുള്ള പതിനൊന്നിലധികം ഭൂമികളും വീടുകളും കെട്ടിടങ്ങളും ഒരുമിച്ചു അറ്റാച്ച് ചെയ്തിട്ടുണ്ട്.
കെ.പി. സജിത്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയ യുഎഇയിലെ വ്യവസായ സംരഭകരുടെ പരാതിയിലാണ് നടപടി. യുഎഇയിൽ 200 ഓളം കോടിയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ ശേഷം കെ.പി. സജിത്ത് നാട്ടിലേക്ക് കടക്കുകയായിരുന്നു.
യുഎഇയിൽ നടന്ന കുറ്റകൃത്യം ഇന്ത്യയിലെ കോടതികൾ പരിഗണിക്കില്ലെന്ന വിശ്വാസത്തിലാണ് സജിത്ത് തട്ടിപ്പ് നടത്തിയത്. യുഎഇയിലെ തട്ടിപ്പു വഴി നാട്ടിൽ വാങ്ങിക്കൂട്ടിയ ഇദ്ദേഹത്തിന്റെ സ്വത്തുക്കൾ നിയമവിധേയമായി അറ്റാച്ച് ചെയ്തു കൊണ്ടിരിക്കുകയാണെന്നും പ്രിൻസ് സുബ്രഹ്മണ്യൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
District News
ആലക്കോട്: മൂന്നു പതിറ്റാണ്ടിലേറെയായി വികസനത്തിന് കാതോർത്ത് ഈയ്യഭരണി തുരുത്ത്. ആലക്കോട് പഞ്ചായത്തിൽ കുട്ടാപറമ്പിനും പരപ്പക്കുമിടയിൽ കുപ്പം പുഴയുടെ ഭാഗമായ ഈയ്യഭരണിയിൽ പുഴ രണ്ടായി പിരിഞ്ഞുണ്ടായതാണ് ഈയ്യഭരണി തുരുത്ത്. ഇവിടെ ജൈവ വൈവിധ്യ പാർക്കും വിനോദ സഞ്ചാരകേന്ദ്രവുമാണ് വിഭാവനം ചെയ്തത്.
കുടക് വനമേഖലയിൽനിന്നും പൈതൽമലയിൽനിന്നും ഉത്ഭവിക്കുന്ന ചെറു പുഴകളും നീരൊഴുക്കുകളും സംയോജിക്കുന്നിടമാണിത്. ഈയ്യഭരണി തുരുത്തിന് മുകൾ ഭാഗത്ത് പുഴ രണ്ടായി പിരിഞ്ഞൊഴുകുന്നയിടം അഞ്ചേക്കേറിലധികം കര ഭൂമിയാണ്. വൻമരങ്ങളും കുറ്റിച്ചെടികളും ഔഷധസസ്യങ്ങളും നിറഞ്ഞ പുഴയോരങ്ങളും ചേർന്ന പ്രദേശമാണിത്.
പദ്ധതിയുടെ തുടക്കത്തിൽ പഞ്ചായത്ത് ഭരണ സമിതി തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചിരുന്നു. സമൂഹ്യവിരുദ്ധർ അവ നശിപ്പിച്ചു. തുരുത്തിനു സമീപ ഭാഗങ്ങളിലെ കയങ്ങളിൽ ധാരാളം മത്സ്യസമ്പത്തുണ്ടായിരുന്നതും നശിച്ചു. സഞ്ചാരികൾക്കായി നടപ്പാലങ്ങൾ, നടപ്പാതകൾ എന്നിവയൊരുക്കി.
പുഴയോരത്ത് കൂടുതൽ വൃക്ഷത്തൈകൾ നടുകയും വിശ്രമസൗകര്യമൊരുക്കുകയും ചെയ്തതോടെ ദൂരെ സ്ഥലങ്ങളിൽ നിന്നുൾപ്പെടെ ആളുകൾ വന്നുതുടങ്ങി. തുടർന്ന് ജില്ലാ ടൂറിസം ഡവലപമെന്റ് ഓഫീസുമായി ബന്ധപ്പെട്ട് വികസന പദ്ധതികൾക്ക് ശ്രമം തുടങ്ങി. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനുള്ള ശ്രമവും നടന്നു.
സൗജന്യമായി ലഭിച്ച സ്ഥലത്ത് 15 ലക്ഷം രൂപ ചെലവഴിച്ച് വിനോദ സഞ്ചാരികൾക്ക് വിശ്രമത്തിനും ഓഫീസിനുമായി ഇവിടെ കെട്ടിടം നിർമിച്ചു. ജലസേചനത്തിന് മോട്ടോർ സ്ഥാപിക്കുകയും ചെയ്തു. എന്നാൽ കാലമേറെയായിട്ടും വൈദ്യുതി കണക്ഷൻ എടുക്കാൻ നടപടിയായില്ല.
ഇപ്പോൾ കെട്ടിടം കാടുമൂടിയ നിലയിലാണ്. സംസ്ഥാന ജൈവവൈവിധ്യ ബോർഡ് പഠനം നടത്തി ഈയ്യഭരണി തുരുത്തിനെ ജൈവ വൈവിധ്യ പൈതൃക കേന്ദ്രമായി പ്രഖ്യാപിച്ചു.
അപൂർവയിനം സസ്യലതാദികൾ, നിരവധി പുഴമത്സ്യങ്ങൾ, അപൂർവയിനം പക്ഷികളുടെ സങ്കേതം എന്നിവകൊണ്ട് ഇവിടം ഏറെ പ്രാധാന്യം നേടി. ഔഷധസസ്യങ്ങൾ, നീരൊഴുക്കുള്ള നിരവധി ചെറുചാലുകൾ തുടങ്ങിയവയുമുണ്ട്.
തുരിത്തിന്റെ വികസനത്തിന് പഞ്ചായത്ത് ഭരണസമിതിയും പ്രാദേശിക വികസ സമിതികളും ചേർന്ന് ജനകീയ കൂട്ടായ്മയിൽ തുരുത്തിന്റെ വികസനത്തിന് പദ്ധതികൾ ആവിഷ്കരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
District News
പെരുമ്പടവ്: പ്ലാസ്റ്റിക് കുപ്പികൾ കൊണ്ട് വർണമനോഹരമായ ക്രിസ്മസ് ട്രീ ഒരുക്കി ചപ്പാരപ്പടവ് പഞ്ചായത്ത് ഹരിതകർമ സേനാംഗങ്ങൾ. പഞ്ചായത്തിന്റെ പ്ലാസ്റ്റിക് ശേഖരണ കെട്ടിടത്തിനു മുന്നിലായിട്ടാണ് ക്രിസ്മസ് ട്രീ ഒരുക്കിയിരിക്കുന്നത്.
പഞ്ചായത്തിന്റെ എല്ലാ വാർഡുകളിൽ നിന്നും ശേഖരിച്ച പച്ചനിറത്തിലുള്ള പ്ലാസ്റ്റിക് കുപ്പികൾ കൊണ്ട് തന്നെയാണ് ട്രീ ഒരുക്കിയിരിക്കുന്നത്. ഈ ഉദ്യമത്തിന് നേതൃത്വം നൽകിയവരെ പഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്ണൻ, സെക്രട്ടറി ശ്രീകുമാർ എന്നിവർ അഭിനന്ദിച്ചു.
District News
പയ്യാവൂർ: വെമ്പുവ മാർസ്ലീവ പള്ളിയിൽ 12 ദിവസം നീളുന്ന തിരുനാളന് ഇന്ന് തുടക്കമാകും. വൈകുന്നേരം നാലിന് വികാരി ഫാ. ജിനു വടക്കേമുളഞ്ഞനാൽ കൊടിയേറ്റും. ശേഷം തിരുസ്വരൂപ പ്രതിഷ്ഠ നിർവഹിക്കും. തുടർന്ന് നടക്കുന്ന വിശുദ്ധ കുർബാന, വചന സന്ദേശം, നൊവേന, ലദീഞ്ഞ് എന്നിവയ്ക്ക് പൈസക്കരി ദേവമാതാ ഫൊറോന വികാരി ഫാ. നോബിൾ ഓണംകുളം കാർമികത്വം വഹിക്കും. 31 വരെ എല്ലാ ദിവസവും വൈകുന്നേരം നാലു മുതൽ ജപമാല പ്രാർഥന, വിശുദ്ധ കുർബാന, വചനസന്ദേശം, നൊവേന, ലദീഞ്ഞ് എന്നിവയുണ്ടായിരിക്കും.
ഫാ. ജോർജ് എളൂക്കുന്നേൽ, തലശേരി അതിരൂപത വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി, റവ. ഡോ. ജോസ് മാടപ്പാട്ട്, ഫാ. ജോസ് കളരിയ്ക്കൽ, റവ. ഡോ. ജേക്കബ് വെണ്ണായപ്പിള്ളിൽ, ഫാ. ബിബിൻ അഞ്ചെമ്പിൽ, ഫാ. മൈക്കിൾ വടക്കേമുളഞ്ഞനാൽ, ഫാ. ജിസ് കളപ്പുരയ്ക്കൽ, റവ. ഡോ. ഫിലിപ്പ് കവിയിൽ എന്നിവർ വിവിധ ദിവസങ്ങളിൽ തിരുക്കർമങ്ങൾക്ക് നേതൃത്വം നൽകും. 25 ന് രാത്രി 12ന് തിരുപ്പിറവി തിരുക്കർമങ്ങൾ, വിശുദ്ധ കുർബാന, ക്രിസ്മസ് സന്ദേശം എന്നിവയ്ക്ക് തലശേരി അതിരൂപത പ്രോട്ടോ സിഞ്ചെല്ലൂസ് മോൺ. ആന്റണി മുതുകുന്നേൽ മുഖ്യകാർമികത്വം വഹിക്കും.
31ന് വൈകുന്നേരം 6.15ന് നേർച്ച കാഴ്ചകളെ തുടർന്ന് കൂട്ടക്കളം പന്തലിലേക്ക് തിരുനാൾ പ്രദക്ഷിണം, ലദീഞ്ഞ്, തിരുനാൾ സന്ദേശം, വർഷാവസാന പ്രാർഥന, പരിശുദ്ധ കുർബാനയുടെ വാഴ്വ് എന്നിവ നടക്കും. ജനുവരി ഒന്നിന് രാവിലെ 6.45ന് പുതുവർഷാരംഭ പ്രാർഥന, വിശുദ്ധ കുർബാന, ഒന്‍പതിന് നേർച്ച കാഴ്ച സമർപ്പണവും ഉണ്ടായിരിക്കും. 9.30ന് വിശുദ്ധ കുർബാന, തിരുനാൾ സന്ദേശം, ലദീഞ്ഞ് എന്നിവയ്ക്ക് തലശേരി അതിരൂപത പ്രൊക്കുറേറ്റർ റവ. ഡോ. ജോസഫ് കാക്കരമറ്റത്തിൽ നേതൃത്വം നൽകും. പ്രദക്ഷിണം, സമാപനാശീർവാദം, സ്നേഹവിരുന്ന് എന്നിവയോടെ ആഘോഷ പരിപാടികൾ സമാപിക്കും.
District News
ചപ്പാരപ്പടവ്: മാലിന്യമുക്ത പഞ്ചായത്തുകൾ എന്ന ബഹുമതി ശുചിത്വമിഷനിൽ നിന്ന് എല്ലാ പഞ്ചായത്തുകളും ഏറ്റുവാങ്ങിയെങ്കിലും പദ്ധതി ഏറ്റവും കാര്യക്ഷമമായി നടപ്പിലാക്കിയത് ചപ്പാരപ്പടവ് പഞ്ചായത്ത് ആയിരിക്കും. ചപ്പാരപ്പടവ് പഞ്ചായത്ത് ഭരണസമിതിക്ക് കഴിഞ്ഞ അഞ്ചുവർഷക്കാലം നേതൃത്വം നൽകിയ സുനിജ ബാലകൃഷ്ണൻ മാലിന്യമുക്ത പഞ്ചായത്ത് എന്ന പ്രക്രിയയ്ക്ക് ഏറ്റവും കൂടുതൽ ഊന്നൽ നൽകിയ വ്യക്തിയാണ്.
പ്രസിഡന്റ് തന്നെ നേരിട്ട് എത്തിയാണ് പലസ്ഥലങ്ങളിലും ശുചീകരണം നടത്തുകയും പ്രവർത്തനം ഏകോപിപ്പിക്കുകയും ചെയ്തത്. ശുചിത്വമിഷന്റെ നിരവധി ബഹുമതികൾ പഞ്ചായത്തിന് ലഭിച്ചിട്ടുണ്ട്.
ഭരണസമിതിയുടെ അവസാന ദിനമായ ഇന്നലെയും ചപ്പാരപ്പടവ് ടൗണും പഞ്ചായത്ത് ഓഫീസ് പരിസരവും ഉൾപ്പെടെ പ്രസിഡന്റിന്റെ നേതൃത്വത്തിൽ ശുചീകരിച്ചു. പുതിയ ഭരണസമിതിയും ഈ പ്രക്രിയ തുടരണമെന്നതാണ് ഏറ്റവും വലിയ ആഗ്രഹമെന്ന് സുനിജാ ബാലകൃഷ്ണൻ പറഞ്ഞു. ശുചീകരണ പ്രവർത്തനങ്ങൾക്ക് സുനിജ ബാലകൃഷ്ണനോടൊപ്പം ഹരിതകർമ സേന കൺസോർഷ്യം ഭാരവാഹികളായ ജെസി ജോസഫ്, ജാൻസി ജോർജ് എന്നിവർ നേതൃത്വം നൽകി.
District News
ചെറുപുഴ: മാത്തിൽ ഗുരുദേവ് ആർട്സ് ആൻഡ് സയൻസ് കോളജിൽ ഫിസിക്സ് ഡിപ്പാർട്ട്മെന്റിന്റെ യും ഫിസിക്കോ ക്ലബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ "റീകണക്ട് 2025' എന്ന പേരിൽ പൂർവ വിദ്യാർഥി സംഗമം നടത്തി.
കോളജ് പ്രിൻസിപ്പൽ റവ. ഡോ. സാമുവൽ പുതുപ്പാടി ഉദ്ഘാടനം ചെയ്തു. ഫിസിക്സ് ഡിപ്പാർട്ട്മെന്റ് മേധാവി എ. മൃദുല അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കോളജിലെ പൂർവ വിദ്യാർഥിയും ഡോക്ടറേറ്റ് ജേതാവുമായ എസ്. നിജിലിനെ ആദരിച്ചു. കോളജ് ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ കൈമാറുകയും ചെയ്തു.
പി. വിനോദ്കുമാർ, ഹേമന്ത് ചന്ദ്രൻ, സി.കെ. സൗമ്യ, കെ.യു. സന്തോഷ്, കെ.എം. രാജേഷ്, ഷജ്ന ഗോവിന്ദൻ, കെ. സുമേഷ്, യൂണിയൻ ചെയർമാൻ കെ. കാർത്തിക് എന്നിവർ പ്രസംഗിച്ചു. തുടർന്ന് പൂർവ വിദ്യാർഥികൾ അവരുടെ അനുഭവങ്ങൾ പങ്കുവച്ചു.
District News
ചെറുപുഴ: നാളികേര വികസന ബോർഡിന്റെ സമഗ്ര നാളികേര വികസന പദ്ധതി പ്രകാരം തിരുമേനി പ്രദേശത്തെ തെങ്ങ് കർഷകർക്ക് വളം വിതരണം ചെയ്തു. തിരുമേനി നാളികേര ഉത്പാദക സംഘത്തിന്റെ നേതൃത്വത്തിൽ നടന്ന വളം വിതരണം ബ്ലോക്ക് പഞ്ചായത്തംഗം കെ.കെ. ജോയി ഉദ്ഘാടനം ചെയ്തു.
ക്ലസ്റ്റർ കൺവീനർ പി.എം. സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ ജോളി സണ്ണി പതിയിൽ, പ്രിൻസ് വെള്ളക്കട, ജോസ് പൂവത്തുംമൂട്ടിൽ, കെ.ഡി. പ്രവീൺ, സംഘം വൈസ് പ്രസിഡന്റ് ബേബി നെല്ലുവേലിൽ, ജോർജ് ഇട്ടിയപ്പാറ, സെബാസ്റ്റ്യൻ അഞ്ചനാട്ട് എന്നിവർ പ്രസംഗിച്ചു.
തിരുമേനി നാളികേര ഉത്പാദക സംഘത്തിലെ 148 കർഷകർക്കായി 10,52,798 രൂപയുടെ വളവമാണ് വിതരണം ചെയ്തത്
District News
ചെറുപുഴ: കൈതപ്പൊയിൽ ലിസ കോളജിൽ ലിസോറ നാടക ഫെസ്റ്റിൽ നവജ്യോതി കോളജ് തെരുവുനാടക മത്സരത്തിൽ രണ്ടാംസ്ഥാനം നേടി. രണ്ടാംവർഷ സൈക്കോളജി, സോഷ്യൽ വർക്ക് വിദ്യാർഥികളാണു തെരുവുനാടകം അവതരിപ്പിച്ചത്. പ്രശസ്ത നാടകകൃത്ത് വിജേഷ് കാരി രചനയും സംവിധാനവും നിർവഹിച്ച ഓട്ടം എന്ന തെരുവുനാടകമാണ് വിദ്യാർഥികൾ അവതരിപ്പിച്ചത്.
ബിഎസ്ഡബ്ല്യു വിദ്യാർഥി ഷെഫിൻ വർഗീസ് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. ഡിപ്പാർട്ട്മെന്റ് മേധാവി ഫാ. ബിനോയി വാഴയിൽ സിഎസ്ടി, സ്റ്റുഡന്റ് കോ-ഓർഡിനേറ്റർ ഷെഫിൻ വർഗീസ്, സി.കെ. അഹന എന്നിവർ നേതൃത്വം നൽകി.
District News
തൃശൂർ: മഞ്ഞുകാലത്തിന്റെ കുളിരും മനസിൽ ക്രിസ്മസ് പാട്ടുകളുടെ ഈണവുമായി നാടും നഗരവും ക്രിസ്മസ് തിരക്കിൽ. പുത്തൻപള്ളിയും പരിസരവും ചുവപ്പും വെള്ളയും നിറങ്ങളണിഞ്ഞു. നഗരവിപണിയിൽ കൂടുതൽ ശ്രദ്ധ നേടുന്നതു പുതുമയാർന്ന ക്രിസ്മസ് ട്രീകളാണ്. 40 രൂപയുടെ മിനിയേച്ചർ മുതൽ 20,000 രൂപയുടെ പടുകൂറ്റൻ ട്രീകൾവരെ വിപണിയിൽ നിരന്നു.
മഞ്ഞുപുതച്ച മരങ്ങൾ;മനം കവർന്ന് സ്നോ ട്രീ
ഇത്തവണ മനം കവരുന്നത് വൈറ്റ്സ്നോ ട്രീകളാണ്. മഞ്ഞു പുതച്ചുനിൽക്കുന്ന പൈൻ മരങ്ങളെ ഓർമപ്പെടുത്തുന്ന ഈ ട്രീകൾക്ക് ആവശ്യക്കാരേറെയാണ്. പൂർണമായി മഞ്ഞുപുതച്ചവിധം വെളുത്ത ഇലകളും ശിഖരങ്ങളുമായി നിർമിച്ച ഇവയ്ക്ക് ഏകദേശം 3,500 രൂപ യാണ് വില (അഞ്ചടി).
ഇലകൾക്കുപകരം വർണപ്പൂക്കളും ശലഭങ്ങളും വിരിഞ്ഞുനിൽക്കുന്ന ലില്ലിപ്പൂ ട്രീകൾ (1,500 രൂപ മുതൽ) ഇത്തവണത്തെ പുതുമയാണ്.
ഒറിജിനൽമരം പോലെ തോന്നിക്കുന്ന 12 അടിയുള്ള രാജകീയ ട്രീയ്ക്ക് 19,500 രൂപയാണ് നിരക്ക്.
മിന്നിത്തിളങ്ങാൻഎൽഇഡി ട്രീകൾ
സിൽവർ, ബ്ലൂ, റോസ്, റെഡ് ആൻഡ് ബ്ലാക്ക് ഷേഡുകളിലുള്ള ട്രീകൾ നഗരത്തിലെ ഷോപ്പുകളെ വർണാഭമാക്കുന്നു. പ്ലഗ് കുത്തിയാൽ സ്വയം കത്തുന്ന ലൈറ്റുകൾ പിടിപ്പിച്ച ഇൻബിൽറ്റ് ലൈറ്റ് ട്രീകൾക്കാണ് ഇത്തവണ ഡിമാൻഡ് കൂടുതൽ. അലങ്കാരപ്പണികൾ എളുപ്പമാക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത.
ടെൻഷൻ വേണ്ട...വില കൂട്ടിയിട്ടില്ല
വിലക്കയറ്റത്തിന്റെ ഭീഷണികൾക്കിടയിലും സാധാരണക്കാരെ നിരാശരാക്കാതെ, കഴിഞ്ഞവർഷത്തെ അതേ നിരക്കിലാണ് മിക്ക വ്യാപാരികളും ട്രീകൾ എത്തിച്ചിരിക്കുന്നത്. കേരളത്തിനകത്തും പുറത്തുനിന്നുമായി ട്രീകളുടെ വൻശേഖരം തൃശൂരിലേക്ക് ഒഴുകിയിട്ടുണ്ട്.
കുട്ടികളുള്ള വീടുകളിൽനിന്നാണ് കൂടുതൽ ആവശ്യക്കാർ എത്തുന്നത്. നക്ഷത്രങ്ങൾക്കും എൽഇഡി ലൈറ്റുകൾക്കും പുറമെ സാന്താക്ലോസ് രൂപങ്ങൾക്കും ഇത്തവണ പ്രിയമേറെയാണെന്നു കച്ചവടക്കാർ പറഞ്ഞു.
ക്രിസ്മസ് വൈബിൽ നഗരം
ക്രിസ്മസ് ട്രീകളും ലൈറ്റുകളും നിറഞ്ഞതോടെ നഗരം പൂർണമായും ക്രിസ്മസ് വൈബിലേക്കു മാറിക്കഴിഞ്ഞു. വരുംദിവസങ്ങളിൽ കൂടുതൽ വിലക്കുറവ് പ്രഖ്യാപിച്ച് ഉപഭോക്താക്കളെ ആകർഷിക്കാനുള്ള തത്രപ്പാടിലാണ് വ്യാപാരികൾ.
District News
തൃശൂർ: സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ മരവിപ്പിച്ചതിനെതിരേ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാർ പോസ്റ്റൽ ബാലറ്റിലൂടെ പ്രതിഷേധമറിയിച്ചെന്നു കെജിഒയു സംസ്ഥാനസെക്രട്ടറി പി. രാമചന്ദ്രൻ.
സർക്കാർ അനുകൂല സ്ഥാനാർഥികൾക്ക് പോസ്റ്റൽ ബാലറ്റിലൂടെ ലഭിച്ച വോട്ടുകളിൽ ഗണ്യമായ കുറവുണ്ടായി.
ഫെസിലിറ്റേഷൻ സെന്റർ മുഖേന ജോലിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്കു വോട്ടുചെയ്യാൻ സൗ കര്യമുണ്ടായിരുന്നെങ്കിൽ സർക്കാരിനോടുള്ള പ്രതിഷേധം കടുക്കുമായിരുന്നു. പോസ്റ്റൽ ബാല റ്റിലൂടെ പ്രതികരിച്ച സർക്കാർ ജീവനക്കാർക്ക് അഭിവാദ്യമർപ്പിച്ചു അയ്യന്തോൾ കളക്ടറേറ്റിനുമുന്നിൽ നടത്തിയ യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് ഡോ. സി.ബി. അജിത്കുമാർ, സി.എം. അനീഷ്, ജി. സബിത, പി.എസ്. അനിത, കെ.പി. ഗിരീഷ്, പി.ആർ. അനൂപ്, ഷാഹിദ, പ്രിയദർശിനി, വി.പി. പ്രകാശ്, കെ.ജി. രാജേഷ്, ദിലീപ്കുമാർ, ജയകൃഷ്ണൻ, അയ്യപ്പകുമാർ, അനൂപ്, ലിൻസ് ഡേവിസ് എന്നിവർ പ്രസംഗിച്ചു.
District News
വാടാനപ്പിള്ളി: തളിക്കുളം സ്നേഹതീരം ബീച്ചിൽ കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടയിൽ കടലിൽ അകപ്പെട്ട രണ്ട് എൻജിനിയറിംഗ് വിദ്യാർഥികളെ ജീവൻ പണയംവച്ച് രക്ഷിച്ച് ലൈഫ് ഗാർഡുകൾ. സ്നേഹതീരം ബീച്ചിലെ ലൈഫ് ഗാർഡുകളും പീച്ചി സ്വദേശികളുമായ ടി.പി. ബിബീഷ്, കെ.ജി. ഐസക് എന്നിവരാണ് രക്ഷകരായത്.
11 വിദ്യാർഥികളാണ് ഇന്നലെ രാവിലെ ബീച്ചിൽ എത്തിയത്. കോയമ്പത്തൂർ പിഎസ്ജി എൻജിനിയറിംഗ് കോളജിലെ വിദ്യാർഥികളാണ് ഇവർ. ഇവരിൽ എട്ടുപേരാണ് കടലിൽ ഇറങ്ങി കുളിച്ചത്. ഉച്ചയ്ക്ക്
ഒന്നോടെ ഇവരിൽ ദേവശങ്കർ, അക്ഷയ് എന്നിവർ തിരയിലും ഒഴുക്കിലുംപെട്ടു. അകലേക്ക് ഒഴുകിപ്പോയയ ഇരുവരും കടലിൽ മുങ്ങിത്താണു. ഓടിയെത്തിയ ബിബീഷും ഐസക്കും കടലിലേക്കു ചാടി മരണമുഖത്തുനിന്ന് ഇരുവരെയും രക്ഷപ്പെടുത്തി കരയ്ക്കുകയറ്റുകയായിരുന്നു. തുടർന്ന് പ്രഥമശുശ്രൂഷ നൽകി.
കടലിൽ അകപ്പെടുന്നവരെ രക്ഷിക്കാൻ 18 വർഷംമുമ്പാണ് സ്നേഹതീരം ബീച്ചിൽ ലൈഫ് ഗാർഡുകളായി നാലുപേരെ നിയമിച്ചത്. ഇതിനകം നിരവധിപേരെയാണ് ഇവർ രക്ഷപ്പെടുത്തിയത്.
District News
വടക്കാഞ്ചേരി: നത്താലെ ഫെസ്റ്റ് വടക്കാഞ്ചേരി നഗരത്തെ ആവേശഭരിതമാക്കി. ക്രിസ്മസിനെയും പുതുവത്സരത്തെയും വരവേൽക്കാൻ നഗരസഭയും വിവിധ ഉത്സവക്കമ്മിറ്റികളും വ്യാപാരസമൂഹവും ക്രൈസ്തവ കൂട്ടായ്മയും നേതൃത്വംനൽകിയ നത്താലെ ഫെസ്റ്റാണ് വടക്കാഞ്ചേരി നഗരത്തെ ആവേശഭരിതമാക്കിയത്.
ഓട്ടുപാറ സിഎസ്ഐ പള്ളി പരിസരത്തുനിന്നു ആരംഭിച്ച സാംസ്കാരിക ഘോഷയാത്ര സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ ഫ്ലാഗ്ഓഫ് ചെയ്തു. നിശ്ചല ദൃശ്യങ്ങളും വാദ്യമേളങ്ങളും സംഗീതവും കാണികൾക്കായി ദൃശ്യവിരുന്നുമൊരുക്കി. ക്രിസ്മസ് പാപ്പാമാർ നൃത്തം ചെയ്തു.
സാന്റാക്ലോസുമാർ ഘോഷയാത്രയിൽ മധുരവും സമ്മാനങ്ങളും വിതരണംചെയ്തു. കുട്ടികളുടെ സൈക്കിൾ റാലിയും മാലാഖ വേഷമിട്ട കുഞ്ഞുങ്ങളും നവ്യാനുഭവമായി. വടക്കാഞ്ചേരി ഫൊറോന പള്ളിയിൽ എത്തിയ സാംസ്കാരിക ഘോഷയാത്രയുടെ സമാപനസമ്മേളനം കെ രാധാകൃഷ്ണൻ എംപി ഉദ്ഘാടനംചെയ്തു.
സംഘാടകസമിതി ചെയർമാൻ ഫാ. വർഗീസ് തരകൻ അധ്യക്ഷതവഹിച്ചു. സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. ബിഷപ് മാർ ബോസ്കോ പുത്തൂർ ക്രിസ്മസ് സന്ദേശംനൽകി. കാരുണ്യസ്പർശ പദ്ധതി ഉദ്ഘാടനം പി.എൻ. സുരേന്ദ്രൻ നിർവഹിച്ചു.
കൗൺസിലർ സിന്ധു സുബ്രഹ്മണ്യൻ നത്താലെ കിറ്റ് വിതരണം ചെയ്തു. പി.എൻ. വൈശാഖ്, വി. സുരേഷ് കുമാർ, പി.എൻ. ഗോകുലൻ, അജീഷ് കരിക്കിടകത്ത്, ജോണി തൈക്കാട്ടിൽ, ഫ്രാൻസിസ് വടക്കൻ എന്നിവർ സംസാരിച്ചു. ഫാ. തോമസ് ചാണ്ടി, ഫാ. സാബു ചെറിയാൻ, ജോയ് ചിറ്റിലപ്പിള്ളി, പി.എൽ. ബെസി, അബ്രഹാം മണ്ടമ്പാൽ, പോൾ പി.രാമനാട്ട് എന്നിവർ നേതൃത്വംനൽകി. അജിത്കുമാർ മല്ലയ്യ സ്വാഗതവും ഫ്രാൻസിസ് ലൂവിസ് നന്ദിയും പറഞ്ഞു.
District News
ഗുരുവായൂർ: ക്ഷേത്രനടയിൽ വഴിയോരക്കച്ചവടക്കാരന്റെ തട്ടുകട തകർത്ത് ഉടമയെ ക്രൂരമായി മർദിച്ചു.
ഇരുമ്പുപൈപ്പുകൊണ്ടുള്ള അടിയേറ്റ് കച്ചവടക്കാരന്റെ ഇടതുകൈയുടെ എല്ലുപൊട്ടി. സംഭവത്തിൽ പോലീസ് കേസെടുത്തത് ഒരാഴ്ചയ്ക്കുശേഷം. വടക്കേനടയിൽ മാഞ്ചിറ റോഡിൽ ഏഴുവർഷമായി മുല്ലപ്പൂവും പൂജാ സാധനങ്ങളും വില്പന നടത്തുന്ന ചാവക്കാട് തിരുവത്ര ചീരമ്പത്ത് രാജേന്ദ്രൻ(66)നാണ് മർദനമേറ്റത്. കൈക്ക് പ്ലാസ്റ്ററിട്ട രാജേന്ദ്രൻ വീട്ടിൽ വിശ്രമത്തിലാണ്.
തെരുവിൽ കഴിയുന്നവർ കഴിഞ്ഞദിവസം നടപ്പാതയിൽ മലമൂത്ര വിസർജനം നടത്തുന്നത് രാജേന്ദ്രൻ ചോദ്യം ചെയ്തിരുന്നു. പിറ്റേന്ന് കട വിസർജ്യവസ്തുക്കളാൽ മലിനമാക്കി.
ഇതിന്റെ ദൃശ്യങ്ങൾ സഹിതം പോലീസിൽ പരാതി നൽകിയിരുന്നു.
ഇതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് രാജേന്ദ്രൻ പറയുന്നു. ഇക്കഴിഞ്ഞ 12ന് പുലർച്ചെ മൂന്നോടെ ഇരുമ്പ് പൈപ്പുമായി എത്തിയ അക്രമി മർദിക്കുന്നതും കട തല്ലിത്തകർക്കുന്നതും തൊട്ടടുത്ത സ്ഥാപനത്തിലെ നിരീക്ഷണകാമറയിൽ തെളിഞ്ഞിട്ടുണ്ട്. പോലീസ് ഇന്നലെ രാജേന്ദ്രനെ വിളിച്ചുവരുത്തി മൊഴിയെടുത്തതിനുശേഷം കേസെടുത്തു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധിപേരാണ് തെരുവോരങ്ങളിൽ കഴിയുന്നത്. ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരും ഇക്കൂട്ടത്തിലുണ്ട്.
District News
തൃശൂർ: സൈബർ ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളുടെ വർധിച്ചുവരുന്ന ആഗോളസ്വഭാവവും അതിലെ സങ്കീർണതകളും കരുതലോടെ നേരിടണമെന്നും അതിനായുള്ള പോലീസ് സേനയുടെ നടപടികൾക്കു സ്വയം ജാഗ്രത പാലിച്ചുകൊണ്ടുള്ള പൊതുജനങ്ങളുടെ പിന്തുണ ആവശ്യമാണെന്നും തൃശൂർ റേഞ്ച് ഡിഐജി ഹരിശങ്കർ. തൃശൂർ മാനേജ്മെന്റ് അസോസിയേഷന്റെ പ്രതിമാസ പ്രഭാഷണ പരമ്പരയിൽ പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ടിഎംഎ പ്രസിഡന്റ് സി. പദ്മകുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.ജെ. ഷാജി, ജോയിന്റ് സെക്രട്ടറി ജാക്സണ് ഡേവിഡ്, പി.കെ. വിജയകുമാർ എന്നിവർ പ്രസംഗിച്ചു.
District News
വാടാനപ്പള്ളി: പോലീസ് സ്റ്റേഷനുസമീപം ബസ് ജീവനക്കാരും നാട്ടുകാരും തമ്മിലുണ്ടായ സംഘർഷത്തിൽ ബസ് ജീവനക്കാരന്റെ അടിയേറ്റ് ഒരാൾക്ക് പരിക്ക്. പോലീസ് സ്റ്റേഷന് തെക്ക് എടത്തുരുത്തി കൊട്ടുക്കൽ വീട്ടിൽ നിഷാദ്(45) എന്നയാൾക്കാണ് കരിങ്കല്ലുകൊണ്ട് തലയ്ക്ക് അടിയേറ്റത്.
പരിക്കേറ്റ ഇയാളെ വാടാനപ്പള്ളി ആക്ട്സ് പ്രവർത്തകർ ഏങ്ങണ്ടിയൂർ എം.ഐ. ആശുപത്രിയിൽ എത്തിച്ചു.
ഇന്നലെ വൈകീട്ട് 5.30 ഓടെയായിരുന്നു സംഭവം. വാടാനപ്പള്ളി സെന്ററിൽ രാഷ്ട്രീയപാർട്ടിയുടെ വിജയാഹ്ലാദം നടക്കുന്നതിനിടയിലാണ് ചില ബസുകൾ ആൽമാവ് വഴി തെക്കോട്ട് കിഴക്കേ ടിപ്പുസുൽത്താൻ റോഡു വഴി തിരിച്ചുവിട്ടത്. പോലീസ് സ്റ്റേഷന് തെക്ക് മാസ്റ്റേഴ്സ് ഹാളിന് സമീപം നിഷാദിന്റെ കാർ റോഡരികിൽ പാർക്ക് ചെയ്തിരുന്നു. വീതികുറഞ്ഞ റോഡിൽ കാർ കിടക്കുന്നത് വാഹനയാത്രയ്ക്ക് തടസമാണെന്ന് പറഞ്ഞ് കിരൺ ബസ് ജീവനക്കാർ രംഗത്തുവന്നു. ജീവനക്കാർ നിഷാദുമായി വാക്കുതർക്കമായി. നാട്ടുകാരും ചോദിക്കാനെത്തി. തർക്കം കൈയാങ്കളിയായി. അടിപിടിക്കിടയിൽ ബസ് ജീവനക്കാരൻ കല്ലെടുത്ത് നിഷാദിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു.
District News
വടക്കാഞ്ചേരി: ചാരായവും വാറ്റുപകരണങ്ങളും പിടികൂടി. ക്രിസ്മസ് - പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞദിവസംരാത്രി വടക്കാഞ്ചേരി എക്സൈസ് റേഞ്ച് സംഘം അകമല കണ്ണമ്പാറ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് 10 ലിറ്റർ വാറ്റുചാരായവും ഉപകരങ്ങളും പിടികൂടിയത്.
മുള്ളൂർക്കര കണ്ണമ്പാറ സ്വദേശിയായ പൂവത്തിങ്കൽ വീട്ടിൽ ജയപ്രകാശൻ (കണ്ണൻ- 53)നെയാണ് വടക്കാഞ്ചേരി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജീൻ സൈമൺസിയും സംഘവുംചേർന്ന് പിടികൂടിയത്. ഒരുലിറ്റർ ചാരായത്തിന് 1000 രൂപ മുതൽ 1500രൂപ വരെ ഈടാക്കിയാണ് വിൽപ്പനനടത്തിയിരുന്നത്.
ആവശ്യക്കാർക്ക് ഓർഡർ പ്രകാരവും പ്രാദേശികമായും വിൽപ്പന നടത്തുന്നതിനുമാണ് ഇയാൾ ചാരായം വാറ്റിയിരുന്നത്.
ഇതിനുമുമ്പും ഇയാൾക്കെതിരേ ചാരായം വിൽപ്പന സംബന്ധിച്ചു പരാതിയുണ്ട്. കുറച്ചുനാളുകളായി ഇയാൾ എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എക്സൈസ് ഉദ്യോഗസ്ഥരായ കെ.വി. ഗിരീഷ്, കെ.എൻ. മോഹൻദാസ്, എം.കെ. ബിനു, വി. പ്രശാന്ത്, കെ.വി. ഷാജി, ഇ.പി. സനീഷ് എന്നിവർ റെയ്ഡിൽ പങ്കെടുത്തു.
District News
ചാവക്കാട്: യുവതി ആത്മഹത്യചെയ്ത കേസിൽ ഭർത്താവിനും ഭർതൃമാതാവിനും തടവും പിഴയും ശിക്ഷ. ചേറ്റുവ ചാന്ദ്വീട്ടിൽ ബഷീറിന്റെ മകൾ സജന (30)ഗുരുവായൂർ ഇരിങ്ങപുറത്തുള്ള ഭർതൃഗൃഹത്തിൽ ആത്മഹത്യചെയ്ത കേസിലാണ് ഭർത്താവിനും ഉമ്മയ്ക്കും തടവും പിഴയും.
സജനയുടെ ഭർത്താവ് ഇരിങ്ങപ്പുറം കറുപ്പംവീട്ടിൽ റഷീദി(40)നെയും മാതാവായ ബീവി (86)യെയുമാണ് ചാവക്കാട് അസിസ്റ്റന്റ് സെഷൻസ് കോടതി ശിക്ഷിച്ചത്. റഷീദിന് മൂന്നുവർഷം കഠിനതടവും ഇരുപത്തയ്യായിരം രൂപ പിഴയും പ്രായം കണക്കിലെടുത്ത് ഭർതൃമാതാവ് ബീവിക്ക് 20 ദിവസത്തെ തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ.
ഭർത്താവിൽനിന്നും ഭർതൃമാതാവിൽനിന്നും കടുത്ത പീഡനങ്ങൾ സജ്നയ്ക്ക് ഏൽക്കേണ്ടി വന്നിരുന്നതായി കോടതി കണ്ടെത്തി. 2018 ഡിസംബർ 15നാണ് സജ്ന ഇരിങ്ങാപ്പുറത്തുള്ള ഭർത്താവിന്റെ വീട്ടിൽ തൂങ്ങിമരിച്ചത്. മരിക്കുമ്പോൾ ഇവർക്ക് രണ്ടു ചെറിയ കുട്ടികൾ ഉണ്ട്.
വിവാഹസമ്മാനമായി സജ്നയ്ക്ക് നൽകിയ 15 പവൻ സ്വർണാഭരണങ്ങളും ഒരുലക്ഷം രൂപയും റഷീദ് ചെലവഴിച്ചു. റഷീദ് മദ്യപിച്ചുവന്ന് സജനയെ ഉപദ്രവിക്കുന്നത് പതിവായിരുന്നു. സൗന്ദര്യംപോരെന്നും വീട്ടുപണി അറിയില്ലെന്നും ഭക്ഷണം കുറച്ചുകഴിച്ചാൽ മതിയെന്നും ഭർതൃമാതാവ് ബീവി നിരന്തരം സജനയോട് പറയുമായിരുന്നു. ഇക്കാര്യമെല്ലാം ഒരു നോട്ട് ബുക്കിൽ എഴുതിവച്ച് സജന തൂങ്ങിമരിച്ചു.
ഗുരുവായൂർ പോലീസ് ഇൻസ്പെക്ടർമാരായിരുന്ന ഇ. ബാലകൃഷ്ണൻ, കെ.എ. ഫക്രുദീൻ എന്നിവർ അന്വേഷണംനടത്തി. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ.ആർ. രജിത്കുമാർ ഹാജരായി.
District News
ഗുരുവായൂർ: ലിറ്റിൽ ഫ്ലവർ കോളജിൽ നടന്ന ക്രിസ്മസ് കാർണിവൽ ഗ്ലോറിയ @എൽഎഫ് ഉത്സവാഘോഷമായി.
വൈഎംസിഎ ഗുരുവായൂർ ചാപ്റ്ററിന്റെ സഹകരണത്തോടെയായിരുന്നു ആഘോഷം. സംസ്ഥാനതല കരോൾ ഗാനമത്സരവും വിവിധ കോളജുകൾ പങ്കെടുത്ത ഫാഷൻ ഷോയും വർണാഭമായി. കണ്ണാറ ജയ് ക്രിസ്റ്റോ സദനിലെ ഭിന്നശേഷി കുട്ടികൾ തിരിതെളിയിച്ച്, കേക്കുമുറിച്ച് ഉദ്ഘാടനംചെയ്തു.
ഗുരുവായൂർ എസിപി സി. പ്രേമാനന്ദകൃഷ്ണൻ മോഡൽ ഷിയാസ് കരീം എന്നിവർ മുഖ്യാതിഥികളായി. കോളജ് മാനേജർ സിസ്റ്റർ ഫോൻസി മരിയ, പ്രിൻസിപ്പൽ റവ.ഡോ.ജെ. ബിൻസി, വൈസ് പ്രിൻസിപ്പൽ സിസ്റ്റർ ഡോ. നിർമൽ മരിയ, പിടിഎ വൈസ് പ്രസിഡന്റ് ജിഷോ എസ്.പുത്തൂർ, കോളജ് യൂണിയൻ ചെയർപേഴ്സൺ അമാന എന്നിവർ പ്രസംഗിച്ചു. ക്രിസ്മസ് ഹാർമണി ഫാഷൻ ഷോയിൽ തൃശൂർ സെന്റ് തോമസ് കോളജും കരോൾ ഗാന മത്സരത്തിൽ സെന്റ് ജോസഫ് ചർച്ച് വേലൂപ്പാടം ഒന്നാംസ്ഥാനവും നേടി. വിദ്യാർഥികളുടെ വിവിധ സ്റ്റാളുകളും ഉണ്ടായി.
District News
കയ്പമംഗലം: കൂരിക്കുഴി കമ്പനിക്കടവ് ബീച്ചിൽ വീണ്ടും അനധികൃത മീൻപിടിത്തം. തീരത്തോടുചേർന്ന് കണ്ണിവലുപ്പം കുറഞ്ഞ വലകള്‍ ഉപയോഗിച്ച് അനധികൃത മത്സ്യബന്ധനം നടത്തിയ ബോട്ടുകൾ ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് സംഘം പിടികൂടി.
തീരക്കടലിൽ കമ്പനിക്കടവ് പടിഞ്ഞാറ് ഭാഗത്ത് നിന്നാണ് അനധികൃതമായി കരവലി നടത്തിയ ഗബ്രിയേൽ, ഗമാലിയേൽ എന്നീ രണ്ടു ബോട്ടുകൾ മിന്നൽ കോബിംഗിൽ പിടിച്ചെടുത്തത്. ബോട്ടിലുണ്ടായിരുന്ന മത്സ്യം മുനക്കക്കടവ് ഹാർബറിൽ പരസ്യ ലേലം ചെയ്ത് ലഭിച്ച 3,24,600 രൂപ സർക്കാരിലേക്ക് കണ്ടുകെട്ടുകയും രണ്ടു ബോട്ടിനും കൂടി അഞ്ചുലക്ഷം രൂപ പിഴ ഈടാക്കുകയും ചെയ്തു.
തീരക്കടലിലും അഴിമുഖങ്ങളിലും വിവിധ ഹാർബറുകളിലും ഫിഷ് ലാന്റിംഗ് സെന്ററുകളിലും അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടർ കെ.പി. ഗ്രേസിയുടെയും നാട്ടിക ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ അശ്വിൻ രാജിന്റെയും നേതൃത്വത്തിൽ നടത്തിയ പ്രത്യേക കോമ്പിംഗ് ഓപ്പറേഷന്റെ ഭാഗമായാണ് ബോട്ടുകൾ പിടിച്ചെടുത്തത്.
കമ്പനിക്കടവ് നിന്നും ഓപ്പറേറ്റ് ചെയ്യുന്ന പ്രത്യേക സംഘത്തിൽ എഎഫ്ഇഒ സമ്ന ഗോപൻ, മെക്കാനിക് മനോജ് തെടാത്തറ, മറൈൻ എൻഫോഴ്സ്മെന്റ് ആൻഡ് വിജിലൻസി വിഭാഗം ഓഫീസർമാരായ വി.എൻ. പ്രശാന്ത്കുമാർ, വി.എം. ഷൈബു, ഇ.ആർ. ഷിനിൽകുമാർ, റെസ്ക്യു ഗാർഡുമാരായ കൃഷ്ണപ്രസാദ്, ശ്രേയസ്, സിജീഷ്, ഡ്രൈവർ അഷറഫ് എന്നിവർ ഉണ്ടായിരുന്നു.
District News
കൊരട്ടി: ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻ കൊരട്ടി ഏരിയ നാലുകെട്ട് യൂണിറ്റ് കൺവൻഷന്റെ കൊരട്ടി സർവീസ് സഹകരണ ബാങ്ക് ഹാളിൽ സംഘടിപ്പിച്ചു.
ജില്ലാ കമ്മിറ്റി അംഗവും മാള ഏരിയ സെക്രട്ടറിയുമായ കെ.കെ. യൂസഫ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് മോളി ബാബു അധ്യക്ഷത വഹിച്ചു. കൊരട്ടി ഏരിയ സെക്രട്ടറി സുജാത ജയേഷ് സംഘടന റിപ്പോർട്ടും യൂണിറ്റ് സെക്രട്ടറി സജന സുനിൽ പ്രവർത്തനറിപ്പോർട്ടും അവതരിപ്പിച്ചു.
സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അക്രമങ്ങൾ തടയണമെന്നും തയ്യൽ തൊഴിലാളികളെ ഇഎസ്ഐയിൽ ഉൾപ്പെടുത്തണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സിജി സുരേഷ്, പ്രീത സിബി, ഇന്ദിരാ പുരുഷോത്തമൻ, മധുകുമാർ എന്നിവർ പ്രസംഗിച്ചു.
District News
കൊരട്ടി: തിരുമുടിക്കുന്ന് ഗാന്ധിഗ്രാം ത്വക് രോഗാശുപത്രിയിലെ അന്തേവാസികളോടൊപ്പം കൊരട്ടി റീജിയൺ ഫ്രാൻസിസ്കൻ അത്മായസഭ അംഗങ്ങളുടെ ക്രിസ്മസ് കരോൾ നടത്തി.
ഗാന്ധിഗ്രാം സെന്റ് മേരീസ് ചാപ്പലിൽ നടന്ന ആഘോഷമായ പാട്ടുകുർബാനയ്ക്ക് എസ്എഫ്ഒ എറണാകുളം- അങ്കമാലി അതിരൂപത റീജണൽ സ്പിരിച്ച്വൽ അസിസ്റ്റന്റ് ഫാ. രഞ്ജിത്ത് ചക്കാട്ടിൽ ഒഎഫ്എം കാർമികത്വം വഹിച്ചു. തിരുമുടിക്കുന്ന് ചെറുപുഷ്പം ഇടവക വികാരി ഫാ. പോൾ മൂഞ്ഞേലി ക്രിസ്മസ് സന്ദേശം നൽകി. തുടർന്ന് അസിസ്റ്റന്റ് വികാരി ഫാ. ജെയിംസ് അമ്പലത്തിൽ ക്രിസ്മസ് കേക്ക് മുറിച്ച് കരോൾ ഉദ്ഘാടനം ചെയ്തു.
പിന്നീട് ആശുപത്രി വാർഡുകളിലേക്ക് വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടന്ന ക്രിസ്മസ് കരോളിന് കൊരട്ടി റീജിയൺ മിനിസ്റ്റർ ഡേവീസ് ഇരിമ്പൻ, ആനിമേറ്റർ ആശാനികേതൻ സിസ്റ്റർ എലൈസ് മേരി എഫ്സിസി, തിരുമുടിക്കുന്ന് എസ്എഫ്ഒ. യൂണിറ്റ് പ്രസിഡന്റ് ജോർജ് പാറേക്കാടൻ, വൈസ് പ്രസിഡന്റ് ജോണി കളപ്പുരയ്ക്കൽ, സെക്രട്ടറി സ്റ്റീഫൻ തരകൻ എന്നിവർ നേതൃത്വം നൽകി.
രോഗികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. തുടർന്ന് തിരുമുടിക്കുന്ന് പള്ളി പാരീഷ് ഹാളിൽ സ്നേഹവിരുന്നും ഉണ്ടായിരുന്നു.
കിഡ്സ് പൂമൊട്ടുകളുടെ ക്രിസ്മസ് ആഘോഷം
കോട്ടപ്പുറം: കോട്ടപ്പുറം ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് സൊസൈറ്റിയുടെ കുട്ടികളുടെ വിഭാഗമായ ‘പൂമൊട്ടുകൾ’ സംഘടിപ്പിച്ച സെന്റർതല ക്രിസ്മസ് ആഘോഷം ‘ജിംഗിൾ റ്റോഡ്സ്’ നടത്തി. കിഡ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. നിമേഷ് അഗസ്റ്റിൻ കാട്ടാശേരി അധ്യക്ഷത വഹിച്ച യോഗം കൊടുങ്ങല്ലൂർ ഡിവൈഎസ്പി ബിജുകുമാർ ഉദ്ഘാടനം ചെയ്തു.
മുഖ്യാതിഥിയായ റവ. ഡോ. ഡൊമിനിക് പിൻ ഹീറോ കുട്ടികൾക്ക് ക്രിസ്മസ് സമ്മാനങ്ങൾ വിതരണം ചെയ്തു. ജിയോ ടെലികോം കൊടുങ്ങല്ലൂർ ബ്രാഞ്ച് മാനേജർ എം.എസ്. സൂരജ് ആശംസകൾ അർപ്പിച്ചു. കിഡ്സിന്റെ അസിസ്റ്റന്റ് ഡയറക്ടർമാരായ ഫാ. നിഖിൽ മുട്ടിക്കൽ, വിനു പടമാട്ടുമ്മൽ, പൂമൊട്ട് പ്രതിനിധി അനേയൻ, സിസ്റ്റർ ഷൈനിമോൾ എന്നിവർ പ്രസംഗിച്ചു.
ലെജൻഡ്സ് ഓഫ് ഇരിങ്ങാലക്കുട ക്രിസ്മസ് ആഘോഷം
ഇരിങ്ങാലക്കുട: ലെജൻഡ്സ് ഓഫ് ഇരിങ്ങാലക്കുട 24ന് വൈകീട്ട് ഏഴിന് ചന്തക്കുന്ന് ജംഗ്ഷനില്‍ സംഘടിപ്പിക്കുന്ന ക്രിസ്മസ് ആഘോഷവും ആദരണസമ്മേളനവും എം.പി ജാക്സണ് ഉദ്ഘാടനം ചെയ്യും.
നഗരസഭ കൗണ്‍സിലര്‍ പി.വി. ശിവകുമാര്‍ ചികിത്സാസഹായവിതരണവും കൗണ്‍സിലര്‍ ജോസഫ് ചാക്കോ ആദരണവും കൗണ്‍സിലര്‍ പ്രവീണ്‍സ് ഞാറ്റുവെട്ടി ഭക്ഷ്യ കിറ്റ് വിതരണവും ഇന്നസെന്റ് സോണറ്റ് സമ്മാനപദ്ധതി ഉദ്ഘാടനവും നിര്‍വഹിക്കും. 200 ഓളം നിര്‍ധനകുടുംബങ്ങള്‍ക്ക് ക്രിസ്മസ് ഭക്ഷ്യ കിറ്റ് വിതരണം നടത്തും. തുടര്‍ന്ന് വോയ്സ് ഓഫ് തൃശൂരിന്റെ നേതൃത്വത്തില്‍ ഗാനസന്ധ്യ.
ലഹരിവിരുദ്ധ ക്രിസ്മസ്കരോള്‍ സന്ദേശയാത്ര
ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ മദ്യവിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ ക്രിസ്മസ് കരോള്‍ സന്ദേശയാത്ര ഇന്നു നടക്കും. വൈകീട്ട് ആറിന് പള്ളി അങ്കണത്തില്‍നിന്ന് ആരംഭിച്ച് ചന്തക്കുന്ന്, തെക്കേ അങ്ങാടി, കുരിശങ്ങാടി വഴി ബിഷപ് ഹൗസിനു മുന്നിലൂടെ രാത്രി എട്ടിന് എത്തിച്ചേരുന്നു. കത്തീഡ്രല്‍ വികാരി റവ. ഡോ. ലാസര്‍ കുറ്റിക്കാടന്‍ ക്രിസ്മസ് സന്ദേശം നല്‍കും.
മദ്യവിരുദ്ധ സമിതി വര്‍ക്കിംഗ് ഡയറക്ടര്‍ ഫാ. ബെല്‍ഫിന്‍ കോപ്പുള്ളി, കണ്‍വീനര്‍ ജോബി പള്ളായി, ജോയിന്റ് കണ്‍വീനര്‍ സൈമണ്‍ കാട്ടൂക്കാരന്‍, പ്രസിഡന്റ് ബാബു ആന്റണി, സെക്രട്ടറി സെലിന് ജോളി, ട്രഷറര്‍ ജോയ് ആലപ്പാട്ട് എന്നിവര്‍ നേതൃത്വം നല്‍കും.
District News
ചാലക്കുടി: മർച്ചന്റ് അസോസിയേഷൻ ടൗൺ അമ്പ് കമ്മറ്റി ഓഫീസിന്റെ ഉദ്ഘാടനം സനീഷ്കുമാർ ജോസഫ് എംഎൽഎ നിർവഹിച്ചു. മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് ജോയ് മൂത്തേടൻ അധ്യക്ഷത വഹിച്ചു. സെന്റ് മേരീസ് ഫൊറോന വികാരി ഫാ. വർഗിസ് പാത്താടൻ അനുഗ്രഹപ്രഭാഷണം നടത്തി. എച്ച്ഒ എം.കെ.സജീവ് ആദ്യസംഭാവന സ്വീകരിച്ചു. യോഗത്തിൽ എൻ. കുമാരനെ എംഎൽഎ പൊന്നാട അണിയിച്ചു.
നഗരസഭ ചെയർപേഴ്സൻ ഷിബു വാലപ്പൻ, പ്രതിപക്ഷനേതാവ് സി.എസ്. സുരേഷ്, സെന്റ് മേരീസ് പള്ളി തിരുനാൾ കമ്മിറ്റി കൺവീനർ ജോഷി പുത്തരിക്കൽ, ബിനു മഞ്ഞളി, ഷൈന ജോർജ്, ലിന്റോ തോമസ്, സിന്ധു ബാബു, ജോണി മേച്ചേരി, എ.കെ. സുഗതൻ, ടൗൺ അമ്പ് കമ്മിറ്റി ചെയർമാൻ ഷൈജു പുത്തൻപുരയ്ക്കൽ, ജനറൽ കൺവീനർ ജയിൻ ചിറ്റിലപ്പിള്ളി എന്നിവർ പ്രസംഗിച്ചു.
District News
കൊടുങ്ങല്ലൂർ: കെഎൽസിഎ രൂപത വാർഷിക ജനറൽ കൗൺസിൽ കോട്ടപ്പുറം വികാസ് ആൽബർടൈൻ ആനിമേഷൻ സെന്ററിൽ സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി കരുമാഞ്ചേരി ഉദ്ഘാടനം ചെയ്തു. രൂപത പ്രസിഡന്റ് അനിൽ കുന്നത്തൂർ അധ്യക്ഷത വഹിച്ചു. രൂപത സമിതിയുടെ 2026- 28 വർഷങ്ങളിലേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു.
അനിൽ കുന്നത്തൂർ- പ്രസിഡന്റ്, ജോൺസൺ വാളൂർ-ജനറൽ സെക്രട്ടറി, ജോൺസൺ മങ്കുഴി - ഖജാൻജി, ജോസഫ് കോട്ടപറമ്പിൽ, ജെയിംസ് ഇലഞ്ഞിവേലിൽ, കൊച്ചുത്രേസ്യ ഫ്രാൻസിസ്, ഡഗ്ലസ് ആന്റണി -വൈസ് പ്രസിഡന്റുമാർ, ജിനി ജയ്സൺ, ടോമി തൗണ്ടശേരി, സാബു അവിട്ടംപിള്ളി, പോൾസൺ ചക്കാലക്കൽ -സെക്രട്ടറിമാർ എന്നിവരെ ജനറൽ കൗൺസിൽ തെരഞ്ഞെടുത്തു.
സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ജസ്റ്റിൻ കരിപ്പാട്ട്, ജോയ് ഗോതുരുത്ത് എന്നിവർ തെരഞ്ഞെടുപ്പിനു നേതൃത്വം നൽകി. മുൻ രൂപത പ്രസിഡന്റുമാരായ ഇ.ഡി. ഫ്രാൻസിസ്, അലക്സ് താളുപാടത്ത് എന്നിവർ പ്രസംഗിച്ചു.
District News
പാലക്കാട്: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ബഡ്സ് സ്ഥാപനങ്ങളിലെ കുട്ടികൾക്കായി ജില്ലാതല കായിക മത്സരം പറളി ഹൈസ്കൂളിൽ നടന്നു. ബഡ്സ് സ്ഥാപനങ്ങളിൽ പഠിക്കുന്ന കുട്ടികളുടെ ചലനാത്മകത, ശാരീരികക്ഷമത, ഏകാഗ്രത എന്നിവ മികച്ചതാക്കുക എന്ന ലക്ഷ്യത്തോടെയാണ്ബഡ്സ് സ്ഥാപനത്തിലെ കുട്ടികൾക്കായി കായികമത്സരത്തിന് കുടുംബശ്രീ വേദിയൊരുക്കിയത്. ജില്ലയിൽ രണ്ടാംതവണയാണ് ‘ബഡ്സ് ഒളിന്പിയ’ സംഘടിപ്പിക്കുന്നത്.
കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ പി. സുഭാഷ് സ്വാഗതം പറഞ്ഞു. ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ പി. ഉണ്ണികൃഷ്ണന്റെ അധ്യക്ഷതയിൽ കെ. ശാന്തകുമാരി എംഎൽഎ പരിപാടി ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ എസ്. അനുരാധ, പറളി ഹയർ സെക്കൻഡറി സ്കൂൾ കായികാധ്യാപകൻ പി.ജി. മനോജ് എന്നിവർ പ്രസംഗിച്ചു.
മാർച്ച് പാസ്റ്റോടെ ആരംഭിച്ച കായിക മത്സരത്തിൽ സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നീ വിഭാഗങ്ങളിലായി ഓട്ടമത്സരം, നടത്തമത്സരം, റിലേ, ലോംഗ് ജംപ്, ബോൾത്രോ, സോഫ്റ്റ് ബോൾ ത്രോ, ബാസ്കറ്റ്ബോൾ ത്രോ, ഷോട്ട് പുട്ട്, വീൽചെയർ റേസ് എന്നിങ്ങനെ 35 മത്സരയിനങ്ങളാണ് ഉണ്ടായിരുന്നത്.
280 ഓളം കുട്ടികളാണ് മത്സരങ്ങളിൽ പങ്കെടുത്തത്. 46 പോയിന്റുമായി ആലത്തൂർ ബഡ്സ് സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 36 പോയിന്റുമായി അഗളി ബഡ്സ് സ്കൂൾ രണ്ടാം സ്ഥാനവും 29 പോയിന്റുമായി മൂന്നാം സ്ഥാനം തൃത്താല ബിആർസിയും വിളയൂർ ബിആർസിയും കരസ്ഥമാക്
District News
പാലക്കാട്: എലപ്പുള്ളി ബ്രൂവറി വിധി നീതിയുടെ വിജയമാണെന്ന് ഉദ്ഘോഷിച്ചും ബ്രൂവറിയെ പൂർണമായും വിലക്കുന്നത് വരേയും തുടർസമരം പ്രഖ്യാപിച്ചും കേരള മദ്യനിരോധന സമിതി പാലക്കാട് അഞ്ചുവിളക്കിൽ മദ്യവിരുദ്ധ ജില്ലാ പൊതുയോഗവും പ്രകടനവും നടത്തി.
പ്രദേശവാസികളുടെ ആശങ്ക തുടർന്നും ഉൾക്കൊണ്ട് വേണ്ടി വന്നാൽ സുപ്രീംകോടതി വരെ പോരാട്ടം തുടരാനും യോഗം തീരുമാനിച്ചു. എലപ്പുള്ളിയിൽ ബ്രൂവറിയുമായി മുന്നോട്ടുപോകാനുള്ള തീരുമാനം സംസ്ഥാന സർക്കാർ ഉപേക്ഷിക്കണമെന്നും അല്ലാത്തപക്ഷം ബഹുജനസമരം ശക്തമാക്കുമെന്നും യോഗം പ്രഖ്യാപിച്ചു. കേരള മദ്യനിരോധനസമിതി ജില്ലാ വൈസ് പ്രസിഡന്റ് ബാലൻ തൃത്താല അധ്യക്ഷത വഹിച്ചു.
ജില്ലാ പ്രസിഡന്റ് വിളയോടി വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കണ്‍വീനർ പി.വി. സഹദേവൻ, ജില്ലാ ഭാരവാഹികളായ ടി.എൻ. ചന്ദ്രൻ, എച്ച്. അക്ബർ ബാദുഷ, കെ. കാദർ മൊയ്തീൻ, എം. സുഭാഷ് കുമാർ, കനകൻ പാടത്ത് വീട്, എം. ശാന്തി നടരാജൻ, സന്തോഷ് മലന്പുഴ, പി. സിദ്ധാർഥൻ, പ്രവർത്തകസമിതി ഭാരവാഹികളായ പിരായിരി സെയ്ത് മുഹമ്മദ്, അന്പലക്കാട് വിജയൻ, ടി.പി. കനകദാസ്, ഗോപാലൻ മലന്പുഴ, എസ്. സഹാബുദ്ദീൻ, കെ.ടി. പുഷ്പവല്ലി നന്പ്യാർ, മല്ലിക കൃഷ്ണൻ, ടി.എച്ച്. തങ്കം പ്രസംഗിച്ചു.
District News
ചിറ്റൂർ: നെൽപ്പാടങ്ങളിൽ പായൽ പടരുന്നത് താലൂക്കിൽ വ്യാപിക്കുന്നു.
പൊൽപ്പുള്ളി പഞ്ചായത്ത് കൊള്ളുപ്പറമ്പ് പാടശേഖര സമിതി സെക്രട്ടറി അരവിന്ദാക്ഷന്റെ വയലിൽ രണ്ടേക്കർ നെൽവയലിലാണ് പായൽ മൂടിയിരിക്കുന്നത്. നല്ലേപ്പിള്ളി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലും മുന്‍പ് ഉണ്ടാകാത്തവിധം പായൽ മൂടുന്ന പ്രതിഭാസം കാണുന്നുണ്ട്.
ഇത്തരം പായൽ മൂടിയ പാടങ്ങളിൽ വളപ്രയോഗം നടത്തിയാലും നെൽച്ചെടികൾക്ക് ഉപയോഗപ്പെടാത്ത വിധം നിഷ്ക്രിയമാക്കുമെന്നാണ് കർഷകർ പറയുന്നത്. ഇത്തരം പായൽ കാണപ്പെടുന്ന വയലുകളിൽ 50 ശതമാനംവരെ വിളവ് കുറയുമെന്നാണ് വിലയിരുത്തൽ.
വയലുകളിൽ കെട്ടിനിൽക്കുന്ന ജലം തുറന്നുവിട്ടാൽ പായൽ നിയന്ത്രിക്കാമെങ്കിലും ഇത് നെൽച്ചെടിക്കു ദോഷകരമാവുമെന്നതിനാൽ ഫലപ്രദമല്ല.
District News
കൊഴിഞ്ഞാമ്പാറ: എരുത്തേമ്പതിയിൽ വർങ്ങളായി സമീപവാസികൾ കാൽനടയ്ക്കായി ഉപയോഗിച്ചു വന്ന പൊതുവഴി സ്വകാര്യ വ്യക്തി കൈയേറി ഗേറ്റ് സ്ഥാപിച്ച് സഞ്ചാര തടസമുണ്ടാക്കിയതായി പരാതി. എരുത്തേമ്പതി പഞ്ചായത്ത് ഓഫീസിനു മുൻപിൽ നിന്ന് പിടാരിമേട് കുളം വരെയുള്ള ഒന്നര കിലോമീറ്റർ ദൂരപരിധിയിലാണ് കയ്യേറ്റം നടന്നതായി പരാതി ഉയർന്നത്.
പൊതുവഴി തടസപ്പെട്ടതോടെ കാർഷിക സാമഗ്രികളുമായി വാഹനങ്ങൾ പോകാനാവാതെ 150 ഏക്കറോളം കൃഷിഭൂമി ഉപയോഗ ശൂന്യമാകുമെന്നാണ് നാട്ടുകാരുടെ ആരോപണം. പിടാരിമേട്ടിൽ നിന്ന് പത്തിലധികം വർഷങ്ങളായി എരുത്തേമ്പതിയിൽ എളുപ്പത്തിൽ എത്താൻ സഞ്ചരിച്ചിരുന്ന വഴിയാണിത്. ഈ വഴി തടസപ്പെട്ടതോടെ രണ്ട് കിലോമീറ്ററിലധികം ചുറ്റി സഞ്ചരിക്കേണ്ടതായ ഗതികേടിലാണ് സമീപവാസികൾ. പത്തു മീറ്റർ വീതിയുള്ള ഒരു കനാലും ഇവിടെയുണ്ട്.
ഈ കനാലിന്റെ ഇരുവശത്തും വാഹനങ്ങൾ പോകാൻ പാകത്തിനുള്ള വഴിയുമുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. പുറമ്പോക്ക് ഭൂമിയിലെ സ്വകാര്യ വ്യക്തിയുടെ കൈയേറ്റം ഒഴിപ്പിച്ച് തരിശു കിടക്കുന്ന കൃഷിഭൂമി ഉപയോഗിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മന്ത്രിമാർ പങ്കെടുത്ത ‘കരുതലും കൈത്താങ്ങും' അദാലത്തിൽ പരാതിയും നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ചിറ്റൂർ താലൂക്ക് സർവേയർ സ്ഥലത്തെത്തി അളന്നു തിട്ടപ്പെടുത്തി കൈയേറ്റമുണ്ടെന്നു കണ്ടെത്തുകയും പുറമ്പോക്ക് ഭൂമിയുടെ അതിർത്തി നിശ്ചയിച്ച് കല്ല് സ്ഥാപിക്കുകയും ചെയ്തിട്ടുമുണ്ട് .
എന്നാൽ ഈ കല്ലുകൾ പിഴുതെറിഞ്ഞതായാണ് നാട്ടുകാരുടെ ആരോപണം. ഇതേത്തുടർന്ന് പഞ്ചായത്ത് സെക്രട്ടറി ആർ. ശിവാനാന്ദൻ കൊഴിഞ്ഞാമ്പാറ പോലീസിൽ നൽകി. ബുധനാഴ്ച പോലീസ് സ്ഥലത്തെത്തിയിരുന്നെങ്കിലും ഉടമയില്ലാത്തതിനാൽ നടപടികൾ സ്വീകരിക്കാൻ കഴിഞ്ഞിട്ടില്ല.
District News
പാലക്കാട്: ഭാരതമാത ഹയർസെക്കൻഡറി സ്കൂളിൽ ക്രിസ്മസ് ആഘോഷം നടത്തി. മാങ്കാവ് നിത്യസഹായമാത പള്ളി വികാരി ഫാ. ഗിൽബർട്ട് എട്ടൊന്നിൽ ഉദ്ഘാടനം ചെയ്തു. മാനേജർ റവ.ഡോ. ആന്റണി പുത്തനങ്ങാടി അധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പൽ ഫാ. ഫിലിപ്സ് പനയ്ക്കൽ സ്വാഗതം പറഞ്ഞു. അഡ്മിനിസ്ട്രേറ്റർ ഫാ. ഫിജോ ചിറ്റിലപ്പിള്ളി, പിടിഎ പ്രസിഡന്റ് ഷെരീഫ് എന്നിവർ പ്രസംഗിച്ചു. നറുക്കെടുപ്പിലൂടെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. വിവിധ കലാപരിപാടികളും നടന്നു.
District News
മുണ്ടൂർ: യുവക്ഷേത്ര കോളജ് ആന്വൽ സ്പോർട്സ് മീറ്റ് ഫോർട്ടിയസ് 2025 അത്ലറ്റ് എം.ഡി. താര ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. ടോമി ആന്റണി അധ്യക്ഷനായിരുന്നു. ഡയറക്ടർ റവ.ഡോ. മാത്യു ജോർജ് വാഴയിൽ മുഖ്യപ്രഭാഷണം നിർവഹിച്ചു.
വൈസ് പ്രിൻസിപ്പൽ റവ.ഡോ. ജോസഫ് ഓലിക്കൽകൂനൽ, ഫാ. ഷൈജു പരിയത്ത്, ഫിസിക്കൽ എഡ്യുക്കേഷൻ വിഭാഗം മേധാവി എം. രോഹിത്, യൂണിയൻ ചെയർമാൻ അജയ് എന്നിവർ ആശംസകളർപ്പിച്ചു.
അസി. ഡയറക്ടറും ട്രെയിനിംഗ് ആൻഡ് പ്ലേസ്മെന്റ് ഓഫീസറുമായ റവ.ഡോ. ലിനോ സ്റ്റീഫൻ ഇമ്മട്ടി സ്വാഗതവും ജനറൽ ക്യാപ്റ്റൻ ശ്രീരാഗ് നന്ദിയും പറഞ്ഞു.
District News
കുഴൽമന്ദം: സാൻജോ സെൻട്രൽ സ്കൂളിന്റെ ദശാബ്ദിയാഘോഷം വർണാഭമായി നടത്തി. വെള്ളപ്പാറ സാൻജോ കാന്പസിൽ നടന്ന പരിപാടി സാൻജോ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് രക്ഷാധികാരിയും രൂപതാധ്യക്ഷനുമായ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ ഉദ്ഘാടനം ചെയ്തു. മ്യൂസിക് ഫെയിം മേഘ്ന സുമേഷ് വിശിഷ്ടാഥിതിയായി.
സാൻജോ ഗ്രൂപ്പ് ജനറൽ മാനേജർ മോണ്‍ ജീജോ ചാലയ്ക്കൽ അധ്യക്ഷനായി. സാൻജോ ഗ്രൂപ്പ് ഫിനാൻസ് ഓഫീസർ ഫാ. റെന്നി കാഞ്ഞിരത്തിങ്കൽ, സാൻജോ കോളജ് ഓഫ് ഫർമസ്യൂട്ടിക്കൽ പ്രിൻസിപ്പൽ ഡോ.കെ.ആർ.വിനോദ്, സാൻജോ സ്കൂൾ എഫ്പിടിഎ പ്രസിഡന്റ് സിജു മാത്യു, എംപിടിഎ പ്രസിഡന്റ് എം. പുഷ്കല എന്നിവർ പ്രസംഗിച്ചു. സ്കൂൾ ഹെഡ്ബോയ് അദ്വൈത്, ഹെഡ്ഗേൾ മിസ്രിയ എന്നിവർ നന്ദി പറഞ്ഞു.
പാഠ്യ-കലാ-കായിക രംഗങ്ങളിൽ ജില്ലാതലത്തിലും സംസ്ഥാനതലത്തിലും ദേശീയതലത്തിലും വിജയികളായ വിദ്യാർഥികളെ അനുമോദിച്ചു. വിവിധ കലാപരിപാടികളും നടന്നു. സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാ. നിതിൻ മണിയൻകേരികളം സ്വാഗതവും പ്രിൻസിപ്പൽ ഫാ. സനിൽ ജോസ് നന്ദിയും പറഞ്ഞു. കുട്ടികളുടെ വിവിധ കലാപരിപാടികൾക്ക് വിനീത, ബ്രിഞ്ജു, സ്മ്രിണ എന്നിവർ നേതൃത്വം നൽകി. പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളും അധ്യാപകരും അനധ്യാപകരും ആഘോഷപരിപാടികൾക്ക് നേതൃത്വം നൽകി.
District News
വണ്ടിത്താവളം: പാറക്കളം ആയുർവേദ ആശുപത്രിയിൽ സ്ഥിരം ഡോക്ടറുടെ അഭാവത്തിൽ ചികിത്സക്കെത്തുന്നവർ തിരിച്ചുപോകുന്നതായി പരാതി. നിലവിലുണ്ടായിരുന്ന ഡോക്ടർ ജില്ലാ ആശുപത്രിയിലേക്ക് സ്ഥലം മാറിപ്പോയതിനുശേഷം പകരം ഡോക്ടറെ നിയമിച്ചിട്ടില്ല
. ഇപ്പോൾ തത്തമംഗലം ആശുപത്രി ഡോക്ടറാണ് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ ഡപ്യൂട്ടേഷനിൽ പാറക്കളത്തേക്ക് വരുന്നത്. ഇക്കഴിഞ്ഞ ചൊവ്വ, ശനി ദിവസങ്ങളിൽ ഡോക്ടർ വരാത്തതിനാൽ ദൂരദിക്കിൽനിന്നു ചികത്സക്കെത്തിയ നിരവധി പേർ തിരിച്ചുപോകേണ്ടി വന്നു. പ്രധാന പാതയിൽനിന്നും 150 രൂപ ചെലവഴിച്ച് ഓട്ടോയിലാണ് ആശുപത്രിയിലെത്തുന്നത്. ഇതുവഴി നിലവിൽ ബസ് സർവീസ് ഇല്ലാത്തതിനാൽ യാത്രാദുരിതവും രൂക്ഷമാണ്.
പഞ്ചായത്തുകൾതോറും ആയുർവേദ ഡിസ്പെൻസറികൾ ഉണ്ടെങ്കിലും രണ്ടു ദിവസത്തേക്കുള്ള മരുന്നു മാത്രമെ നൽകാറുള്ളു. മാത്രമല്ല പല മരുന്നുകളും പുറമെനിന്നും വാങ്ങേണ്ടതായി വരുന്നു. സാധാരണക്കാർക്ക് വില കൂടിയ മരുന്നുകൾ പുറമെനിന്ന് വാങ്ങാനും കഴിയുകയുമില്ല. ഇക്കാരണത്താൽതന്നെ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽനിന്നും മുതിർന്ന പൗരന്മാർ ഉൾപ്പെടെ നിരവധിപേർ എത്താറുണ്ട്.
ചുള്ളിപ്പെരുക്കമേടു മുതൽ പാറക്കളം നിലമ്പതിപ്പാലം വരെ പ്രധാനമന്ത്രിയുടെ ഗ്രാമീണ വികസന പദ്ധതിയിൽ സഞ്ചാര യോഗ്യമായ റോഡ് നാലു വർഷം മുൻപ് തന്നെ നിർമിച്ചിട്ടുമുണ്ട്. ഈ പ്രദേശത്ത് ആയിരത്തിലധികം കുടുംബങ്ങൾക്ക് യാത്രാസൗകര്യത്തിനായി ബസ് ഗതാഗതം തുടങ്ങണമെന്ന നാട്ടുകാരുടെ ആവശ്യം ഇതുവരേയും നടപ്പിലായിട്ടുമില്ല .
വണ്ടിത്താവളം, കച്ചേരിമേട് എന്നിവിടങ്ങളിൽ ദീർഘനേരം വിശ്രമത്തിനു നിർത്തിയിടുന്ന ബസുകൾ പാറക്കളംവരെ ദീർഘിപ്പിച്ചാൽ ആശുപത്രിയിലേക്കും സമീപത്തു തന്നെയുള്ള സ്കൂൾ വിദ്യാർഥികൾക്കും ഏറെ യാത്രസൗകര്യം ലഭിക്കും. പാറക്കളം സ്കൂളിലേക്ക് ജോലിക്കെത്തുന്ന അധ്യാപക - ഇതര ജീവനക്കാരും യാത്രസൗകര്യമില്ലാതെ ദുരിതത്തിലാ
District News
വടക്കഞ്ചേരി: കെ-ടെറ്റ് വിഷയത്തിൽ അധ്യാപകർക്കുള്ള ആശങ്കകൾ സർക്കാർ ഉടൻ പരിഹരിക്കണമെന്ന് കെപിഎസ്ടിഎ സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് ബി. സുനിൽകുമാർ ആവശ്യപ്പെട്ടു. കെപിഎസ്ടിഎ ആലത്തൂർ ഉപജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഈ വിഷയത്തിൽ അധ്യാപകർക്ക് അനുകൂലമായ നിലപാട് എടുക്കണമെന്നും അധ്യാപകരെ മുൾമുനയിൽ നിർത്തുന്നത് അവസാനിപ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ഉപജില്ലാ പ്രസിഡന്റ് പോൾ വർഗീസ് അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി ശ്രീജിത്ത്, സംസ്ഥാന കമ്മിറ്റി അംഗം ബിജു വർഗീസ്, സംസ്ഥാന കൗൺസിലർ പി. ജയശങ്കർ, പാലക്കാട് വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് സി. സജീവ്, ജില്ലാ വൈസ് പ്രസിഡന്റ് പി.എസ്. മീരാൻഷാ, ജില്ലാ ഓഡിറ്റർ പി.കെ. ജയകുമാർ, വി. രാജേഷ് കുമാർ, ജിജോ ജോൺ പ്രസംഗിച്ചു.
ഭാരവാഹികളായി വി. രാജേഷ് കുമാർ - പ്രസിഡന്റ്, പി.കെ.ജയകുമാർ - സെക്രട്ടറി, ബിനോയ് തോമസ് - ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.
District News
ഒറ്റപ്പാലം: മാർക്കറ്റ് വിലയുടെ 90% വരെ വായ്പ നൽകുന്ന വിവിധ വായ്പാ പദ്ധതികൾ 22 മുതൽ ഒറ്റപ്പാലം അർബൻ ബാങ്കിൽ ആരംഭിക്കും.
വ്യാപാര ആവശ്യങ്ങൾക്ക് ഉദ്യം രജിസ്ട്രേഷൻ ഉള്ളവർക്ക് മാർക്കറ്റ് വിലയുടെ 90% വായ്പയായി അനുവദിക്കും. അൾട്ടിമേറ്റ് ഗോൾഡ് ലോണ്‍ എന്ന പേരിലുള്ള ഈ വായ്പ പദ്ധതിയിൽ 1 കിലോഗ്രം സ്വർണം വരെ പണയമായി സ്വീകരിക്കും.
6 മാസ കാലാവധിയുള്ള സുവർണ 1 ലോണിൽ 2.5 ലക്ഷം രൂപവരെ മാർക്കറ്റ് വിലയുടെ 85% വും, സുവർണ 2 ലോണിൽ 5 ലക്ഷം രൂപവരെ മാർക്കറ്റ് വിലയുടെ 80%വും, സുവർണ 3 ലോണിൽ 5 ലക്ഷത്തിനു മുകളിൽ മാർക്കറ്റ് വിലയുടെ 75% വും അനുവദിക്കും.
ഒരു വർഷ കാലാവധിയുള്ള അക്ഷയ 1 ലോണിൽ 2.5 ലക്ഷം രൂപവരെ മാർക്കറ്റ് വിലയുടെ 85% വും, അക്ഷയ 2 ലോണിൽ 5 ലക്ഷം രൂപവരെ മാർക്കറ്റ് വിലയുടെ 80% വും, അക്ഷയ 3 ലോണിൽ 5 ലക്ഷത്തിനു മുകളിൽ മാർക്കറ്റ് വിലയുടെ 75% വും അനുവദിക്കും. കനകധാര ഗോൾഡ് ലോണ്‍ ഓവർഡ്രാഫ്ട് 9.5% പലിശയിൽ മാർക്കറ്റു വിലയുടെ 75% വരെ 12 മാസ കാലാവധിയിൽ അനുവദിക്കും. നിലവിൽ ബാങ്കിൽനിന്ന് വായ്പ കൈപ്പറ്റിയവർക്ക് പുതിയ നിരക്കിലുള്ള അധികവായ്പാ തുക കൈപ്പറ്റാനും മറ്റു ധനകാര്യ സ്ഥാപനങ്ങളിൽ പണയപ്പെടുത്തിയ ഗോൾഡ് ലോണുകൾ ചുരുങ്ങിയ പലിശയുള്ള അർബൻ ബാങ്കിലെ പുതിയ സ്കീമുകളിലേക്കു മാറ്റാനും അവസരമുണ്ട് .
ബാങ്കിന്റെ മെയിൻ ബ്രാഞ്ച്, ലക്കിടി, ഒറ്റപ്പാലം 12 മണിക്കൂർ, അന്പലപ്പാറ, അനങ്ങനടി, കൂനത്തറ, പത്തിരിപ്പാല, വാണിയംകുളം, മണ്ണൂർ തുടങ്ങി 9 ബ്രാഞ്ചുകളിലും പുതിയ വായ്പാപദ്ധതികൾ ലഭ്യമാണ്.
District News
നെന്മാറ: മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന വിബി ജി രാം ജി ബിൽ വികസിത് ഭാരത് ഗാരന്റി ഫോർ റോസ്കർ ആൻഡ് ആജീവിക മിഷൻ ഗ്രാമീൺബില് പാസാക്കിയതിനെതിരേ എൻആർജി വർക്കേഴ്സ് യൂണിയൻ എലവഞ്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിങ്കുളത്ത് ജനവിരുദ്ധബില്ല് കത്തിച്ചു കൊണ്ടുള്ള പ്രതിഷേധസമരം ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പി.വി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.സി. ജ്യോതി അധ്യക്ഷത വഹിച്ചു. സിപിഎം എൽസി സെക്രട്ടറി ശിവരാമൻ, കെഎസ്കെടിയു പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി ആർ. കൃഷ്ണൻ, പി.എൻ. വിശ്വനാഥൻ, സതീശൻ എന്നിവർ പ്രസംഗിച്ചു.
District News
കോയമ്പത്തൂർ: കോയമ്പത്തൂരിലെ മാർത്തോമാ പാരമ്പര്യമുള്ള എപ്പിസ്കോപ്പൽ സഭകളുടെ കൂട്ടായ്മയായ കോയമ്പത്തൂർ ക്രിസ്ത്യൻ എക്യുമെനിക്കൽ ഫെലോഷിപ്പ് (സിസിഇഎഫ്) മലയാളി ക്രൈസ്തവ കൂട്ടായ്മ സംഘടിപ്പിക്കുന്ന ക്രിസ്തുജയന്തി ജൂബിലിയും ക്രിസ്മസ് ആഘോഷങ്ങളും ഇന്ന് കുനിയമുത്തൂർ സെന്റ് മാർക്സ് ദേവാലയത്തിൽ നടക്കും.
മാർത്തോമാ പൈതൃകം പേറുന്ന വ്യത്യസ്ത സഭകളിൽനിന്നും കോയമ്പത്തൂരിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നുമായി 22 ൽപരം ഗായകസംഘങ്ങളുടെ ക്രിസ്മസ് കരോൾ ഗാനങ്ങളും സ്കിറ്റുകളും ഉണ്ടാകും. വൈകുന്നേരം 4 മുതൽ 8 വരെ നടക്കുന്ന ആഘോഷ പരിപാടികളിൽ വിശിഷ്ടാതിഥിയായി രാമനാഥപുരം രൂപതാ മെത്രാൻ മാർ പോൾ ആലപ്പാട്ട് ക്രിസ്മസ് സന്ദേശം നൽകും.
സിസിഇഎഫ് പ്രസിഡന്റ് ഫാ. ജോൺസൺ വീപ്പാട്ടുപറമ്പിൽ, സെക്രട്ടറി ഡെന്നി സി. ചാക്കോ, കോ-ഓർഡിനേറ്റർ എം.എ. ജെയിംസ്, ട്രഷറർ ജീൻ ജോൺ, ക്രിസ്മസ് ആഘോഷ കമ്മിറ്റി കൺവീനറും കുനിയമുത്തൂർ ഇടവക വികാരിയുമായ ഫാ. ബിജോ പാലായിൽ, പ്രോഗ്രാം കോ-ഓർഡിനേറ്റർ മനോജ് അഗസ്റ്റിൻ, ഫിൽജോ പോൾസൻ, സണ്ണി ജോസഫ്, ഇടവക കൈകാരന്മാരായ ജിജോ ജോർജ്, വർഗീസ് മലമേൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും. സഭകൾ തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കാനും ഇടവകകൾ തമ്മിലുള്ള ഐക്യത്തിന്റെ പ്രതീകമായി സംഘടിപ്പിക്കുന്ന ക്രിസ്മസ് ആഘോഷപരിപാടികളുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി അറിയിച്ചു.
District News
മണ്ണാർക്കാട്: നിലവിൽ ജോലിയിലുള്ള അധ്യാപകർ ടെറ്റ് യോഗ്യത നേടണമെന്ന സുപ്രീം കോടതി വിധിയുടെ സാഹചര്യത്തിൽ കേരളത്തിൽ അധ്യാപകരുടെ പ്രമോഷൻ, ഗ്രേഡ് തുടങ്ങിയ ആനുകൂല്യങ്ങൾ തടയാനുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നീക്കത്തിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് കെപിഎസ്ടിഎ സംസ്ഥാന വ്യാപകമായി ഡിജിഇ, ഡിഡിഇ, ഡിഇഒ, എഇഒ എന്നീ ഉദ്യോഗസ്ഥർക്ക് നിവേദനം നൽകി. മണ്ണാർക്കാട് വിദ്യാഭ്യാസജില്ലാ ഓഫീസർക്ക് വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി ഡോ.എൻ.വി. ജയരാജനും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് ഉപജില്ലാ സെക്രട്ടറി പി.കെ. രാജീവനും നിവേദനം നൽകി.
തുടർന്ന് ഈ ആവശ്യമുന്നയിച്ചു മണ്ണാർക്കാട് എഇഒ, ഡിഇഒ ഓഫീസുകൾക്ക് മുന്നിൽ നടത്തിയ പ്രതിഷേധസമരം കെപിഎസ്ടിഎ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ബിജു ജോസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതി അംഗം ജാസ്മിൻ കബീർ മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് കെ. സജിത്ത് അധ്യക്ഷനായി.
ഡോ. ജയരാജൻ എൻ.വി. മനോജ് ചന്ദ്രൻ, നൗഫൽ താളിയിൽ, പി. രമ, ബിന്ദു പി. ജോസഫ്, എം. പ്രദീപ്, പി.കെ. രാജീവൻ, ബെന്നി എം. ജോസഫ്, ഗിരീഷ് ലാൽ, കെ. ഹംസക്കുട്ടി, പി. പുഷ്പലത എന്നിവർ പ്രസംഗിച്ചു.
District News
പാലക്കാട്: സ്വകാര്യകന്പനിയായ ഒയാസിസിനു ബ്രൂവറി കന്പനി തുടങ്ങാൻ സംസ്ഥാന സർക്കാർ നൽകിയ പ്രാഥമികാനുമതി റദ്ദാക്കിയ ഹൈക്കോടതി നടപടിയെ എലപ്പുള്ളി ബ്രൂവറി വിരുദ്ധ സമര ഐക്യദാർഢ്യ സമിതി സ്വാഗതം ചെയ്തു. അനുമതി നൽകിയ സംസ്ഥാന സർക്കാരിന്റെ മുഖത്തേറ്റ അടിയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധി.
സർക്കാർ ഇനിയെങ്കിലും ഇത്തരം വിനാശകരമായ പദ്ധതികൾ ആരംഭിക്കുന്നതിനു മുൻപ് ജനവികാരവും കൃത്യമായ പഠനങ്ങളും നടത്തണമെന്നുള്ള വ്യക്തമായ മുന്നറിയിപ്പാണ് വിധി നൽകുന്ന സൂചന. നടപടിക്രമങ്ങൾ പാലിക്കാതെ പരിസ്ഥിതിക്കും പ്രത്യേകിച്ച് കാർഷികമേഖലക്കും വൻ ആഘാതം സൃഷ്ടിക്കാൻ സാധ്യതയുള്ള എലപ്പുള്ളി ഒയാസിസ് കന്പനിയുടെ പ്രവർത്തനം ഹൈക്കോടതി നിർത്തിവെപ്പിച്ചത് എലപ്പുള്ളിയിലെ നാട്ടുകാരും കർഷകരും പ്രതീക്ഷയോടെയാണ് കാണുന്നത്.
എലപ്പുള്ളി ബ്രൂവറി വിരുദ്ധ സമരഐക്യദാർഢ്യ സമിതി സംസ്ഥാന ചെയർമാൻ അഡ്വ.പി.എ. പൗരൻ അധ്യക്ഷനായ യോഗത്തിൽ ജനറൽ കണ്‍വീനർ പുതുശേരി ശ്രീനിവാസൻ, ഖജാൻജി എസ്. സജീഷ് കുത്തനൂർ, റെയ്മണ്ട് ആന്റണി, ആറുമുഖൻ പത്തിച്ചിറ, എൻ. പത്മനാഭൻ, വി.എം. ഷണ്മുഖദാസ്, സുധാകരബാബു പ്രസംഗിച്ചു.
District News
തൊടുപുഴ: ഇടുക്കിയില്‍ മഞ്ഞുപെയ്യുന്ന ദിനങ്ങള്‍ വരവായി. കുളിരിന്റെ പിടിയിലമര്‍ന്ന് മൂന്നാറില്‍ താപനില മൈനസ് ഡിഗ്രിയായി. കടുത്ത ശൈത്യത്തിന്റെ പിടിയിലാണ് ഹൈറേഞ്ചിലെ വിവിധ പ്രദേശങ്ങള്‍.
മഞ്ഞും തണുപ്പും ആവോളം ആസ്വദിക്കാന്‍ ജില്ലയിലേക്കു വിദേശ, ആഭ്യന്തര വിനോദ സഞ്ചാരികളും ധാരാളമായി എത്തിത്തുടങ്ങി. മഞ്ഞില്‍ കുളിച്ചു നില്ക്കുന്ന സൂര്യോദയ-അസ്തമയ ദൃശ്യങ്ങള്‍ ചേതോഹരമായ അനുഭവമാണ് സമ്മാനിക്കുന്നത്. മഞ്ഞില്‍ പുതഞ്ഞു നില്ക്കുന്ന മരങ്ങളുടെയും പുല്‍മേടുകളുടെയും കാഴ്ച അപൂര്‍വമായ ദൃശ്യവിരുന്നാണ് ഒരുക്കുന്നത്.
ഹൈറേഞ്ച് തണുപ്പിന്റെ പിടിയിലമരുന്നത് പതിവാണെങ്കിലും ലോ റേഞ്ചില്‍ ഇത് അപൂര്‍വമായി മാത്രം കണ്ടുവരുന്ന പ്രതിഭാസമാണ്. ഇത്തവണ പുലര്‍ച്ചയ്ക്കും സന്ധ്യാസമയത്തും തണുപ്പിന്റെ കാഠിന്യം ഏറെ വര്‍ധിച്ചിട്ടുണ്ട്. ലോ റേഞ്ചിലെ പല പ്രദേശങ്ങളും മഞ്ഞണിഞ്ഞു നില്ക്കുന്ന കാഴ്ചയാണ് കണ്ടുവരുന്നത്.
രാവിലെയാണ് കൂടുതല്‍ തണുപ്പ് അനുഭവപ്പെടുന്നത്. പ്രഭാത നടത്തത്തിനിറങ്ങുന്നവരും ഇരുചക്ര വാഹന യാത്രക്കാരുമാണ് തണുപ്പിന്റെ സ്പര്‍ശം കൂടുതലായി അനുഭവിക്കുന്നത്. മഞ്ഞുമൂടിയ താഴ്വാരങ്ങളുടെ അസുലഭമായ കാഴ്ചകള്‍ കാണാനും ശീതളിമ നുകരാനും എത്തുന്ന യുവജനങ്ങളുടെ എണ്ണം ഏറെ വര്‍ധിച്ചിട്ടുണ്ട്. ദുരെ സ്ഥലങ്ങളില്‍നിന്നുപോലും കോടമഞ്ഞിന്റെ കാഴ്ച ആസ്വദിക്കാന്‍ ആളുകളെത്തുന്നുണ്ട്.
District News
മൂലമറ്റം: തമിഴ്നാട്ടില്‍നിന്നു ഗൂഗിള്‍ മാപ്പ് നോക്കി എത്തിയ തടി ലോറി തൊടുപുഴ - വാഗമണ്‍ റോഡിലെ കുത്തനെയുള്ള ഇറക്കത്തില്‍ നിയന്ത്രണംവിട്ട് തിട്ടയിലിടിച്ച് മറിഞ്ഞു. ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ വന്‍ ദുരന്തം ഒഴിവായി.
തേനിയില്‍നിന്നു പെരുമ്പാവൂരിലേക്ക് തടിയുമായി പോകുകയായിരുന്നു ലോറി. കുമളിയില്‍നിന്നു കുട്ടിക്കാനം വഴി ദേശീയപാതയിലൂടെ പോകേണ്ട ലോറി വഴി തെറ്റിയാണ് ഇതുവഴിയെത്തിയത്. ഇന്നലെ രാവിലെ പത്തോടെ പുള്ളിക്കാനത്തിന് സമീപം കുമ്പങ്കാനം വളവിലായിരുന്നു അപകടം. വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിനിടയാക്കിയത്. തേനി വത്തലഗുണ്ട് സ്വദേശികളായ കാശിരാജ്, കാര്‍ത്തി എന്നിവരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്.
കുത്തനെയുള്ള ഇറക്കം ഇറങ്ങിവരുന്നതിനിടെ ബ്രേക്ക് നഷ്ടപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ട ഡ്രൈവര്‍ കാശിരാജ് കാട്ടിയ മനോധൈര്യമാണ് വലിയൊരു ദുരന്തം ഒഴിവാക്കിയത്. നിയന്ത്രണം നഷ്ടപ്പെട്ട ലോറിക്ക് മുന്പില് വാഗമണ്ണിലേക്ക് പോകുകയായിരുന്ന ഒരു കാര്‍ ഉണ്ടായിരുന്നു. വലതുവശത്തെ കൊക്കയിലേക്കു പതിക്കാതിരിക്കാനും മുന്നിലെ കാറിലേക്കു പാഞ്ഞുകയറാതിരിക്കാനുമായി ഡ്രൈവര്‍ ഇടതുവശത്തെ തിട്ടയിലേക്കു ലോറി ഇടിച്ചുകയറ്റുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ലോറി സമീപത്തെ പുതുപ്പടിക്കല് സജിയുടെ വീട്ടുമുറ്റത്തേക്ക് മറിയുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ സജിയും കുടുംബാംഗങ്ങളും ചേര്‍ന്ന് ലോറിയുടെ മുന്‍വശത്തെ ഗ്ലാസ് തകര്‍ത്താണ് ഡ്രൈവറെയും സഹായിയെയും പുറത്തെടുത്തത്. ഇരുവരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
കുത്തനെയുള്ള ഇറക്കവും കൊടുംവളവുകളും നിറഞ്ഞ ഈ പാതയെക്കുറിച്ച് ധാരണയില്ലാതെ ഗൂഗിള്‍മാപ്പിനെ മാത്രം ആശ്രയിച്ച് വാഹനം ഓടിച്ചതാണ് അപകടത്തിന് കാരണമായത്. സംഭവമറിഞ്ഞ് മൂലമറ്റം ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി. തടികള്‍ റോഡിലേക്കു വീഴാതിരുന്നതിനാല്‍ വാഹന ഗതാഗതം തടസപ്പെട്ടില്ല. ഭാരം കയറ്റിയ ലോറികള്‍ സാധാരണയായി ഈ വഴി കടന്നുപോകാറില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.
District News
അടിമാലി: കല്ലാര്‍കുട്ടി മേഖലയിലെ ടൂറിസംസാധ്യതകൾ പ്രയോജനപ്പെടുത്താന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ തയാറാകുന്നില്ലെന്ന് ആക്ഷേപം.
കല്ലാര്‍കുട്ടി അണക്കെട്ടില്‍ ബോട്ടിംഗ് ആരംഭിച്ചിരുന്നെങ്കിലും പിന്നീട് നിലച്ചു. കല്ലാര്‍കുട്ടിക്ക് പുറമേ സമീപ പ്രദേശങ്ങളുടെ സാധ്യതകൾകൂടി പ്രയോജനപ്പെടുത്തിയാല്‍ സഞ്ചാരികളെ കൂടുതലായി ആകര്‍ഷിക്കാനാകുമെന്നാണ് വിലയിരുത്തല്‍. തോട്ടാപ്പുരയിലെ തുരങ്കം സഞ്ചാരികളെ ആകര്‍ഷിക്കാനുതകുന്ന നിര്‍മിതിയാണ്.
കരമാര്ഗത്തിനു പുറമേ ക്രമീകരണമൊരുക്കിയാല് ഇവിടേക്ക് ജലമാര്‍ഗവും സഞ്ചാരികൾക്കെത്താനാകും.
ആളൊഴിഞ്ഞു കിടക്കുന്ന കല്ലാര്‍കുട്ടി മേഖലയിലെ കെഎസ്ഇബി കെട്ടിടങ്ങളും വിനോദസഞ്ചാരികളുടെ ആവശ്യങ്ങൾക്കായി പ്രയോജനപ്പെടുത്താവുന്നതാണ്. നായ്കുന്ന് മേഖലയിലെ ആളുകള്‍ അണക്കെട്ടിന് കുറുകെ കടന്ന് കല്ലാര്കുട്ടിയിലേക്കെത്തുന്നത് വള്ളം ഉപയോഗിച്ചാണ്. ഇവിടൊരു തൂക്കുപാലം നിര്മിച്ചാലത് സഞ്ചാരികളെ ആകര്‍ഷിക്കുന്ന നിര്‍മിതിയാകും.
കൊന്നത്തടി പഞ്ചായത്തിലെ വിവിധ വ്യൂപോയിന്റുകള്‍ ടൂറിസംസാധ്യത തുറന്നിടുന്നവയാണ്.കല്ലാര്‍കുട്ടി മേഖലയില്‍ തരിശായി കിടക്കുന്ന വൈദ്യുതി വകുപ്പിന്റെ ഭൂമിയില്‍ ഉദ്യാനം നിര്‍മിച്ചാല്‍ അതും കല്ലാര്‍കുട്ടിയുടെ വിനോദസഞ്ചാരസാധ്യതക്ക് കരുത്ത് പകരുന്നതാകുമെന്നും പ്രദേശവാസികൾ ചൂണ്ടിക്കാണിക്കുന്നു.
District News
നെടുങ്കണ്ടം: നെടുങ്കണ്ടം വിദ്യാഭ്യാസ ഉപജില്ലയിലെ സ്കൂള്‍ പാചകത്തൊഴിലാളികള്‍ മാറ്റുരച്ച പാചക മത്സരത്തില്‍ നെടുങ്കണ്ടം എസ്എസ് യുപിഎസിലെ കെ.വി. വിജിതയ്ക്ക് ഒന്നാം സ്ഥാനം. വലിയതോവാള സിആര്എച്ച്എസിലെ ബിന്ദു വര്‍ഗീസ്, നെടുങ്കണ്ടം എസ്എസ് യുപിഎസിലെ ലിസി ബിജു എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
നെടുങ്കണ്ടം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ജെന്‍സിമോള്‍ സി. മാങ്കോട്ടില്‍ ഉദ്ഘാടനം ചെയ്തു. എം.എം. മണി എംഎൽഎ സമ്മാനങ്ങൾ വിതരണം ചെയ്തു. നെടുങ്കണ്ടം പഞ്ചായത്ത് യുപി സ്കൂളില്‍ നടന്ന പാചകമത്സരം പ്രധാനമന്ത്രി പോഷന്‍ പദ്ധതിയുടെ ഭാഗമായാണ് നടന്നത്. മത്സരത്തില്‍ ഏഴു തൊഴിലാളികള്‍ പങ്കെടുത്തു. പച്ചക്കറികളും ഇലകളും നാട്ടു കാര്‍ഷികോത്പന്നങ്ങളും ഉള്‍പ്പെടെ ഉപയോഗിച്ചാണ് മത്സരാര്‍ഥികള്‍ പോഷക സമ്പുഷ്ടമായ വിഭവങ്ങള്‍ ഒരുക്കിയത്.
സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി കൂടുതല്‍ പോഷകസമൃദ്ധമാക്കാനാണ് പാചകമത്സരം സംഘടിപ്പിച്ചത്. അധ്യാപക-വിദ്യാര്‍ഥി പ്രതിനിധികള്‍, ന്യൂട്രീഷന്‍, പാചക വിദഗ്ധന്‍ എന്നിവരടങ്ങിയ നാലംഗ പാനലാണ് വിധി നിര്‍ണയിച്ചത്.
District News
തൊടുപുഴ: തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ച ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ ഇന്നു രാവിലെ പത്തിന് വിവിധ കേന്ദ്രങ്ങളില്‍ നടക്കും. സത്യപ്രതിജ്ഞയുടെ എല്ലാ ഒരുക്കവും പൂര്‍ത്തിയായി. തെരഞ്ഞെടുക്കപ്പെട്ടവരില്‍ മുതിര്‍ന്ന അംഗം ആദ്യം സത്യപ്രതിജ്ഞ ചൊല്ലും. പിന്നീട് ഇദ്ദേഹം മറ്റുള്ളവര്‍ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കും. തുടര്‍ന്നു മുതിര്‍ന്ന അംഗത്തിന്റെ അധ്യക്ഷതയില്‍ ആദ്യയോഗം ചേരും. 26നു നഗരസഭാ ചെയര്മാന്, വൈസ് ചെയര്മാന്മാരെയും 27നു ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്കും തെരഞ്ഞെടുപ്പ് നടക്കും.
ഇതേസമയം, അധ്യക്ഷ സ്ഥാനത്തേക്ക് പലയിടത്തും ചരടുവലിയും ആരംഭിച്ചിട്ടുണ്ട്. പ്രാദേശിക തലത്തില്‍ തീരുമാനമാകാത്ത ഇടങ്ങളില്‍ ഡിസിസിയിലേക്കും ഇവിടെയും സമവായമുണ്ടാകാത്ത ഇടങ്ങളില്‍ സംസ്ഥാന തലത്തിലും തീരുമാനമുണ്ടാക്കുന്നതിനായി ചര്‍ച്ചകള്‍ സജീവമായി നടന്നുവരികയാണ്. ഏതെല്ലാം തദ്ദേശ സ്ഥാപനങ്ങളില്‍ മുന്നണിയിലെ കക്ഷികള്‍ക്ക് സ്ഥാനം നല്‍കണം എന്നതു സംബന്ധിച്ചും ആലോചനകള്‍ ആരംഭിച്ചിട്ടുണ്ട്.
ആദ്യ ടേമിനെച്ചൊല്ലിയും പലയിടത്തും അവകാശവാദം ഉന്നയിക്കുന്നുണ്ട്. മുന്നണിക്കുള്ളിലും ഘടകകക്ഷികള്‍ തമ്മിലുള്ള തര്‍ക്കത്തിനു പുറമേ അതതു പാര്‍ട്ടികളിലെ ആര്‍ക്ക് പദവി നല്കണമെന്നതു സംബന്ധിച്ചും അസ്വാരസ്യം രൂപപ്പെട്ടിട്ടുണ്ട്. പലയിടത്തും പിന്‍സീറ്റ് ഭരണത്തിനായി പല നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. ഇതിനായി ഇവരുടെ ഇഷ്ടക്കാര്‍ക്ക് സ്ഥാനം ഉറപ്പിക്കാനും അണിയറനീക്കം സജീവമാണ്.
അതേസമയം, യുഡിഎഫിനു ലഭിച്ച തിളക്കമാര്‍ന്ന വിജയത്തിന്റെ മാറ്റ് കുറയ്ക്കാതെ പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കാനാണ് ജില്ലാനേതൃത്വത്തിനും പ്രാദേശിക ഘടകങ്ങള്‍ക്കും നല്‍കിയിരിക്കുന്ന നിര്‍ദേശമെന്നറിയുന്നു. ചിലയിടങ്ങളിലെങ്കിലും മുന്നണിയിലെ പടലപ്പിണക്കങ്ങള്‍ മുതലെടുക്കാന്‍ പ്രതിപക്ഷവും രംഗത്തുണ്ട്. നേരിയ സീറ്റുകളുടെ ഭൂരിപക്ഷത്തില്‍ ഭരണം നേടിയ പഞ്ചായത്തുകളില്‍ അട്ടിമറി സാധ്യതയും തള്ളിക്കളയാനാവില്ല. ഇതിനാല്‍ ജാഗ്രതയോടെ നീങ്ങാനാണ് പ്രാദേശിക നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്.
അനുഭാവികളുടെ ആത്മവിശ്വാസം തകര്‍ക്കുന്ന തരത്തിലുള്ള ഒരു പ്രവര്‍ത്തനവും നടത്തരുതെന്ന കര്‍ശന നിര്‍ദേശവും സംസ്ഥാനതല നേതാക്കള്‍ നല്‍കിയിട്ടുണ്ട്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനെ ദോഷകരമായി ബാധിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകരുതെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതിനുള്ള പ്രവര്‍ത്തനമാകും ഭരണം ലഭിച്ച പഞ്ചായത്തുകളില്‍ ഉള്‍പ്പെടെ നടത്തുക. കൃത്യമായ പദ്ധതി തയാറാക്കി സമയബന്ധിതമായി വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി ജനങ്ങളില്‍നിന്ന് അഭിപ്രായ സ്വരൂപണം നടത്താനും ആലോചനയുണ്ട്.
District News
തൊടുപുഴ: മൂവാറ്റുപുഴ-പുനലൂര്‍ സംസ്ഥാന പാതയോരത്ത് സ്ഥാപിച്ചിരുന്ന സോളാര്‍ വഴിവിളക്ക് നശിപ്പിച്ചതായി പരാതി ഉയരുന്നു.
പാതയിലെ വെങ്ങല്ലൂര്‍-കോലാനി ബൈപാസിൽ വസ്ത്രവ്യാപാര ശാലയ്ക്കു സമീപമുണ്ടായിരുന്ന സോളാര്‍ വഴിവിളക്കാണ് പോസ്റ്റ് സഹിതം നശിപ്പിച്ചത്. ഇതിന്റെ അവശിഷ്ടങ്ങള്‍ ഇവിടെ കൂട്ടിയിട്ടിട്ടുണ്ട്. ഇതു റോഡിലൂടെ ആക്രിപെറുക്കി നടക്കുന്നവര്‍ കൈവശപ്പെടുത്തുകയും ചെയ്യും. ഇതോടെ തെളിവുകളും ഇല്ലാതാകും. എന്നാല്‍ പോസ്റ്റിന്റെ ചുവടുഭാഗം നശിപ്പിക്കാനായിട്ടില്ല. ഇതു തെളിവായി ഇവിടെ അവശേഷിക്കുന്നുണ്ട്.
സംസ്ഥാനപാതയുടെ നിര്‍മാണം പൂര്‍ത്തിയായ മുറയ്ക്കാണ് ലക്ഷക്കണക്കിനു രൂപ ചെലവഴിച്ച് പാതയില്‍ സോളാര്‍ വഴിവിളക്കുകള്‍ സ്ഥാപിച്ചത്. ഇതില്‍ പലതും നിലവില്‍ ഉപയോഗശൂന്യമാണ്. വാഹനം ഇടിച്ചും മറ്റും പല വിളക്കുകള്‍ക്കും നാശം സംഭവിച്ചിരുന്നു.
ചില സ്ഥാപനങ്ങള്‍ തങ്ങളുടെ പാര്‍ക്കിംഗ് സൗകര്യം വര്‍ധിപ്പിക്കുന്നതിനു പോസ്റ്റ് തടസമായതിനാല്‍ ഇവ നശിപ്പിക്കുന്ന പ്രവണതയുമുണ്ട്. ഇതിനു ചിലരുടെ ഒത്താശകൂടി ലഭിക്കുന്നതോടെ പൊതുജനങ്ങളും യാത്രക്കാരും ദുരിതമനുഭവിക്കേണ്ട അവസ്ഥയാണുള്ളത്.
District News
കഞ്ഞിക്കുഴി: കളഞ്ഞുകിട്ടിയ സ്വര്‍ണമാല തിരികെ നല്കിയ കുട്ടിപ്പോലീസിന് കഞ്ഞിക്കുഴി പോലീസ് നല്‍കിയത് വലിയ സമ്മാനം. പഴയരിക്കണ്ടം ഗവ. എച്ച്എസ്എസിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളായ അഭിനവ്, സജി, അഭിമന്യു വിനോദ്, ശ്രേയസ് ബാബുരാജ് എന്നിവരാണ് കളഞ്ഞുകിട്ടിയ സ്വര്‍ണമാല തിരിച്ചേല്‍പ്പിച്ച് വിശ്വസ്തതയുടെ മാറ്റ് തെളിയിച്ചത്. പഴയരിക്കണ്ടം തട്ടേക്കല്ല് ഭാഗത്തുനിന്നും ലഭിച്ച മാല കഞ്ഞിക്കുഴി പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഉടന്‍തന്നെ പോലീസ് യഥാര്‍ഥ അവകാശിയെ കണ്ടെത്തി മാല തിരികെ നല്കി.
കുട്ടിപ്പോലീസുകാരെ അഭിനന്ദിക്കാന്‍ സബ് ഇന്‍സ്പെക്ടറും സംഘവും ചേര്‍ന്ന് അവരുടെ ഇഷ്ടവിഭവമായ ബിരിയാണി തന്നെ വാങ്ങി നല്‍കുകയായിരുന്നു. കുട്ടികള്‍ ചെറുപ്പത്തില്‍തന്നെ മൂല്യബോധത്തില്‍ വളരുന്നത് അഭിനന്ദനാര്‍ഹമാണെന്നും സമൂഹത്തിന് ഇതു നല്ല മാതൃകയാണ് നല്‍കുന്നതെന്നും പോലീസ് അധികൃതര്‍ പറഞ്ഞു. ഇതോടൊപ്പം കുട്ടികളെ മൂല്യബോധത്തില്‍ വളര്‍ത്തിയ അധ്യാപകരെയും മാതാപിതാക്കളെയും എസ്പിസി ഡ്രില്‍ ഇന്‍സ്പെക്ടറെയും അഭിനന്ദിക്കാനും പോലീസ് ഉന്നത ഉദ്യോഗസ്ഥര്‍ തയാറായി.
District News
മൂലമറ്റം: സ്കൂട്ടര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് രണ്ടു പേര്‍ക്ക് പരിക്കേറ്റു. കോലാഹലമേട് ചെയ്ഞ്ചറകുഴിയില് കിഷോര്‍ (29), വാഗമണ്‍ പെരിയവിള ജെയ്സണ്‍ (30) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
വാഗമണ്ണില്‍നിന്നു മൂലമറ്റത്തേക്കു വന്ന ഇവര്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടറിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് ഇടാട് അന്ത്യന്‍പാറയില്‍ ക്രാഷ് ബാരിയറില്‍ ഇടിച്ച് 30 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. രണ്ട് പേര്‍ക്കും സാരമായി പരിക്കേറ്റു. കിഷോറിനെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിലും ജെയ്സനെ തൊടുപുഴയിലെ ആശുപത്രിയിലേക്കും മാറ്റി. ഓടിക്കൂടിയ നാട്ടുകാരും മൂലമറ്റത്തു നിന്നെത്തിയ ഫയര്‍ഫോഴ്സും ചേര്‍ന്നാണ് ഇവരെ കൊക്കയില്‍നിന്നു കയറ്റി ആശുപത്രിയില്‍ എത്തിച്ചത്.
District News
നെടുങ്കണ്ടം: കെട്ടിടം ക്രമവത്കരിച്ച് നല്‍കുന്നതിനായി 50,000 രൂപ കൈക്കൂലി വാങ്ങിയ പഞ്ചായത്ത് ഓവര്‍സിയറെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. ഉടുമ്പന്‍ചോല പഞ്ചായത്തില്‍ അഡീഷണല്‍ ചാര്‍ജുള്ള പാമ്പാടുംപാറ പഞ്ചായത്ത് ഓവര്‍സിയര്‍ സേനാപതി നാരുവെള്ളിയില്‍ എച്ച്. വിഷ്ണു (36) ആണ് പിടിയിലായത്.
ഉടുമ്പന്‍ചോല ചതുരംഗപ്പാറയിലെ കൃഷിക്കാരനായ അനീഷ്കുമാറിന്റെ സ്ഥലത്തുള്ള കടമുറി വിപുലീകരിക്കുന്നതിന് അപേക്ഷ നല്‍കിയിരുന്നു. ഇതിനായി ഓവര്‍സിയറെ നേരില്‍ കണ്ടിരുന്നു. അധികമായി നിര്‍മിക്കുന്ന ഭാഗം റഗുലറൈസ് ചെയ്യാന്‍ വിഷ്ണു 50,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഈ വിവരം അനീഷ്കുമാര്‍ ഇടുക്കി വിജിലന്‍സ് ഡിവൈഎസ്പിയെ അറിയിച്ചു. വിജിലന്‍സിന്റെ ആവശ്യപ്രകാരം പണം കൈമാറുന്നതിനിടെ വിഷ്ണുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോട്ടയം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.
District News
തൊടുപുഴ: മുതലക്കോടം ഹോളിഫാമിലി ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ 23നു വൈകുന്നേരം ആറിന് തൊടുപുഴ ടൗണില്‍ ക്രിസ്മസ് കരോള്‍ സംഘടിപ്പിക്കുമെന്ന് അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ മേരി ആലപ്പാട്ട് പത്രസമ്മേളനത്തില്‍ അറിയിച്ചു. കരോള്‍ പരിപാടിയില്‍ 500ഓളം പേര് പങ്കെടുക്കും. കരോളില്‍ വാഹനത്തില്‍ പ്രത്യേകം തയാറാക്കിയ ഫ്ളോട്ടുകളും അവതരിപ്പിക്കും.
തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയങ്കണത്തില്‍നിന്ന് ആരംഭിക്കുന്ന കരോള്‍ വികാരി ഫാ. ജോസ് പൊതൂര്‍ ഉദ്ഘാടനം ചെയ്യും. ഹൈറേഞ്ച് സ്ക്വയര്‍, സിവില്‍ സ്റ്റേഷന്, മാര്‍ക്കറ്റ് റോഡ്, മങ്ങാട്ടുകവല ബസ് സ്റ്റാൻഡ് വഴി ഹോളിഫാമിലി ആശുപത്രിയില്‍ സമാപിക്കും. മുതലക്കോടം സെന്റ് ജോര്‍ജ് ഫൊറോന പള്ളി വികാരി ഫാ. സെബാസ്റ്റ്യന്‍ ആരോലിച്ചാലില്‍ സമാപന സന്ദേശം നല്‍കും.
ക്രിസ്മസിനോടനുബന്ധിച്ച് സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന 50 വൃക്കരോഗികള്‍ക്ക് സൗജന്യ ഡയാലിസിസ് ചികിത്സാസഹായവും 50 പേര്‍ക്ക് തിമിര ശസ്ത്രക്രിയയും നടത്തും. പത്രസമ്മേളനത്തില്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോ. ജോളി ജോര്‍ജ്, നഴ്സിംഗ് സൂപ്രണ്ട് സിസ്റ്റര്‍ ജോസി, കോ-ഓര്‍ഡിനേറ്റര്‍ അനൂപ് പി. ജോസ് എന്നിവര്‍ പങ്കെടുത്തു.
District News
തൊടുപുഴ: സാധാരണക്കാരുടെ ജീവിതങ്ങളെ അസാധാരണ മിഴിവോടെ അവതരിപ്പിച്ച തിരക്കഥാകൃത്തും നടനും സംവിധായകനുമായിരുന്നു ശ്രീനിവാസൻ എന്ന് കേരള കോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫ് എംഎൽഎ.
ആക്ഷേപഹാസ്യത്തിന്റെ സാധ്യതകൾ സൂക്ഷ്മമായിത്തന്നെ ഉപയോഗിച്ച ശ്രീനിവാസന്റെ സിനിമകൾ സാധാരണ മനുഷ്യരുടെ ജീവിതത്തിന്റെ നിസഹായതകളും സങ്കടങ്ങളും മിഴിവോടെ ആവിഷ്കരിച്ചു. സത്യൻ അന്തിക്കാടിനൊപ്പം അദ്ദേഹം ചെയ്ത വരവേൽപ്പ് അടക്കമുള്ള സിനിമകൾ മലയാളിയുടെ ഒരു കാലഘട്ടത്തിന്റെ ചരിത്രവും ജീവിതവും പറയുന്നവയാണ്. ശ്രീനിവാസൻ എഴുതി സംവിധാനം ചെയ്ത് അഭിനയിച്ച ചിന്താവിഷ്ടയായ ശ്യാമള, വടക്കുനോക്കിയന്ത്രം എന്നീ ചിത്രങ്ങൾ ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ നേടി.
1991 ൽ പുറത്തിറങ്ങിയ "സന്ദേശ'ത്തിന്റെ രാഷ്ട്രീയവും കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹിക മണ്ഡലങ്ങളിൽ ഇന്നും ചർച്ച ചെയ്യപ്പെടുന്നെന്നും അനുശോചനസന്ദേശത്തിൽ പി.ജെ. ജോസഫ് പറഞ്ഞു.
District News
ചെങ്ങന്നൂര്‍: പ്രവര്‍ത്തനം നിലച്ച് പതിറ്റാണ്ടുകള്‍ പിന്നിട്ട ചെറിയനാട് പവര്‍ലൂം വര്‍ക്കേഴ്സ് ഇന്‍ഡസ്ട്രിയല്‍ വര്‍ക്ഷോപ്പ് ലിക്വിഡേഷനിലേക്ക്. നാളെ താലൂക്ക് സര്‍വേയറുടെ നേതൃത്വത്തില്‍ സ്ഥലത്തിന്റെ അതിര്‍ത്തി അളന്നു തിട്ടപ്പെടുത്തും.
ചെങ്ങന്നൂര്‍ താലൂക്ക് ഇന്‍ഡസ്ട്രീസ് ജൂണിയര്‍ കോ-ഓപ്പറേറ്റീവ് ഇന്‍സ്പെക്ടറുടെ കത്തു പ്രകാരമാണ് സര്‍വേ നടപടികള്‍ ആരംഭിക്കുന്നത്. അളവ് പൂര്‍ത്തിയാക്കിയ ശേഷം മൂല്യനിര്‍ണയം നടത്തിയ റിപ്പോര്‍ട്ട് സഹകരണ വകുപ്പിന് കൈമാറും.ലിക്വിഡേഷന് നടപടികളുടെ ഭാഗമായാണ് അളവ് നടക്കുന്നതെന്നാണ് ഉദ്യോഗസ്ഥര്‍ നല്കുന്ന വിവരം.
അതേസമയം, പ്രദേശത്തെ തൊഴിലില്ലായ്മ പരിഹരിക്കാന്‍ ഈ ഭൂമി പ്രയോജനപ്പെടുത്തണമെന്നും ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
അരനൂറ്റാണ്ട് മുന്‍പ് പ്രദേശത്തെ യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുക എന്ന ലക്ഷ്യത്തോടെ 37 സെന്റ് സ്ഥലത്താണ് ഈ നെയ്ത്തുകേന്ദ്രം ആരംഭിച്ചത്. തൊഴിലാളികളും ഉടമകളും ഒന്നുചേര്‍ന്ന വേറിട്ട സഹകരണ മാതൃകയായിരുന്നു ഇത്.
24 തറികളിലായി നൂറിലധികം തൊഴിലാളികള്‍ ഇവിടെ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്നു.
തമിഴ്നാട്ടില്‍നിന്ന് നൂല് എത്തിച്ച് മുണ്ടും തോര്‍ത്തും നെയ്ത് തിരികെ നല്കുന്ന രീതിയിലായിരുന്നു പ്രവര്‍ത്തനം. അക്കാലത്ത് രണ്ടു രൂപ മുതല്‍ അഞ്ചു രൂപ വരെയായിരുന്നു തൊഴിലാളികളുടെ ദിവസവേതനം.
സ്ഥാപനത്തിന്റെ തകര്‍ച്ചയ്ക്കു പിന്നില്‍ പ്രധാനമായും ഭരണപരമായ പാളിച്ചകളാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. തൊഴിലാളികള്‍ ഉത്പാദിപ്പിച്ച തുണിത്തരങ്ങള്‍ നാട്ടില്‍ തുണിക്കച്ചവടം നടത്തുന്നവര്‍ വീടുകളില്‍ കൊണ്ടുപോയി വിറ്റെങ്കിലും അതിന്റെ പണം കൃത്യമായി സംഘത്തില്‍ തിരിച്ചെത്തിയില്ല.
ഇതിനൊപ്പം കൂലിയെ ചൊല്ലിയുള്ള തര്‍ക്കങ്ങളും പ്രവര്‍ത്തനത്തെ ബാധിച്ചു. പ്രവര്‍ത്തം നിലച്ച സ്ഥാപനത്തിനു സാമ്പത്തിക പ്രതിസന്ധിമൂലം കെഎസ്ഇബിയില്‍ ലക്ഷങ്ങളുടെ കുടിശികയായി മാറി.
ഈ കടബാധ്യതകളും ഷെയര്‍ഹോള്‍ഡര്‍മാരുടെ ഓഹരി മൂല്യവുമാണ് പുതിയ പദ്ധതികള്‍ തുടങ്ങുന്നതിന് നിലവില്‍ തടസമായി നില്‍ക്കുന്നത്.
നിലവില്‍ കെട്ടിടം പൂര്‍ണമായും തകര്‍ന്ന് കാടുമൂടി ഇഴജന്തുക്കളുടെ താവളമായി മാറി.
District News
ആലപ്പുഴ: നഗരത്തില്‍ നിര്‍മാണ പ്രവര്‍ത്തനം നടന്നുവരുന്ന ജില്ലാക്കോടതി പാലത്തിനു സമീപം പടിഞ്ഞാറ് ഭാഗത്ത് നിര്‍മിക്കുന്ന താത്കാലികപാലം ഇന്ന് ജനങ്ങള്‍ക്കു തുറന്നുകൊടുക്കും.
ആലപ്പുഴയുടെ ജനകീയ ഉത്സവമായ മുല്ലയ്ക്കല്, കിടങ്ങാംപറമ്പ് ചിറപ്പ് ഉത്സവങ്ങളോടനുബന്ധിച്ച് നഗരത്തിലെ വ്യാപാരി വ്യവസായികളുടെയും മുല്ലയ്ക്കല്, കിടങ്ങാംപറമ്പ് ക്ഷേത്രഭാരവാഹികളുടെയും രാഷ്ട്രീയ സാമൂഹ്യസംഘടനകളുടെയും ആവശ്യം പരിഗണിച്ചാണ് താത്കാ ലിക നടപ്പാലം നിര്‍മിക്കാന്‍ തീരുമാനിച്ചത്.
താത്കാലിക നടപ്പാലം ഇന്ന് ഉച്ചയ്ക്കുശേഷം തുറന്നു നല്‍കും. താത്കാലിക പാലം നിര്‍മിച്ചിരിക്കുന്നതിനാൽ അതുവഴി കാൽനടയാത്രയ്ക്ക് സൗകര്യമൊരുങ്ങി. പിന്നീട് പൊളിച്ചുനീക്കി ജില്ലാക്കോടതിപാലത്തിന്റെ നിര്‍മാണപ്രവര്‍ത്തനം സുഗമമായി നടത്തുന്നതിന് അവസരം ഒരുക്കു.
District News
അമ്പലപ്പുഴ: പുന്നപ്ര പറവൂർ ഐഎംഎസ് ധ്യാന കേന്ദ്രത്തിൽനിന്ന് ഫാ. പ്രശാന്ത് ഐഎംഎസ് വേർപിരിയുമ്പോൾ ഇരുട്ടിലായിരുന്ന ഒരു നാടിന് വെളിച്ചമേകിയ ആത്മീയ ഗുരുവാണ് നഷ്ടമാകുന്നത്. ഇന്ത്യൻ മിഷണറി സൊസൈറ്റിയുടെ ഡൽഹി പ്രൊവിൻസിന്റെ കീഴിൽ പ്രർത്തിക്കുന്ന ഐഎംഎസ് ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടാറായ ഫാ. പ്രശാന്തിന്റെ മരണവാർത്ത അറിഞ്ഞതോടെ നാടിന്റെ നാനാഭാഗത്തുനിന്നു ജാതിമതഭേദമെന്യേ ആയിരങ്ങളാണ് ഐഎംഎസ് ധ്യാന കേന്ദ്രത്തിലേക്ക് ഒഴുകിയെത്തുന്നത്.
പ്രശാന്തച്ചൻ മുൻകൈയെടുത്ത അഭിഷേകാഗ്നി ധ്യാനം നടക്കുന്നതിനിടയിലായിരുന്നു മരണം. ഒരു കാലഘട്ടത്തിൽ ഒരു ചെറു ദേവാലയവും വൈദികർക്കു പ്രാർഥനാ കേന്ദ്രവുമായാണ് ഇവിടം പ്രവർത്തിച്ചിരുന്നത്. പിന്നീടു ഫാ. പ്രശാന്ത് വന്നതോടെയാണ് ഐ എംഎസിൽ നിത്യാരാധന തുടങ്ങുന്നത്. ഇതിനുവേണ്ടി പരിശുദ്ധ കന്യാമറിയവും ഉണ്ണിയേശുവും ഇരിക്കുന്ന പ്രാർഥനാ ഗീതങ്ങൾ അടങ്ങിയ കവർ പേജുള്ള ഒരു പ്രാർഥനാ പുസ്തകവുംഇറക്കി.
ഐഎംഎസ് ഗീതങ്ങൾ എന്ന് പേരിട്ട ഈ പ്രാർഥനാ പുസ്തകങ്ങൾ ഇന്ന് ലക്ഷങ്ങളായ വിശ്വാസികളുടെ വീട്ടിലുണ്ട്. ഐഎംഎസ് ധ്യാനകേന്ദ്രത്തിൽ കേരളത്തിന്റെ നാനാഭാഗത്തുനിന്നു നൂറുകണക്കിനു വിശ്വാസികൾ എത്തിയതോടെ പറവൂർ എന്നപ്രദേശത്തിനും വികസനമുണ്ടായി. അടച്ചുപൂട്ടേണ്ട പല വ്യാപാര സ്ഥാപനങ്ങളും തഴച്ചുവളർന്നു. ഇതിനെല്ലാം കാരണക്കാരനായ പ്രശാന്തച്ചൻ പെട്ടന്ന് മരിച്ചതോടെ കഴിഞ്ഞ ദിവസം തുടങ്ങിയ അഭിഷേകാഗ്നി ധ്യാനവും നിർത്തിവച്ചു. 23നാണ് സംസ്കാരച്ചടങ്ങുകൾ നടക്കുക.
District News
ആലപ്പുഴ: ആലപ്പുഴ സീവ്യു വാർഡിൽ ബിഷപ് ഹൗസിനു സമീപം സെന്റ് സേവ്യേഴ്സ് പള്ളി മുറ്റത്ത് സൂക്ഷിച്ചിരുന്ന തടിമുറിക്കുന്ന മെഷീനുകൾ ഇന്നലെ രാത്രി കത്തിയതായി പരാതി.
എങ്ങനെയാണ് അഗ്നിബാധ ഉണ്ടായതെന്ന് വ്യക്തമല്ല. ആരെങ്കിലും ബോധപൂർവം കത്തിച്ചതാണോയെന്ന് സംശയിക്കുന്നതായി ബന്ധപ്പെട്ടവർ പറയുന്നു. സംഭവത്തിൽ ഇടവകജനവും പൊതുസമൂഹവും ആശങ്കയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. സംഭവത്തിന്റെ യഥാർഥ കാരണം കണ്ടെത്തണമെന്ന് ആവശ്യമുയർന്നു. പോലീസ് സംഭവസ്ഥലത്ത് എത്തി മേൽനടപടികൾ സ്വീകരിച്ചു.
District News
ചേര്‍ത്തല: ശിവഗിരി തീർഥാടനത്തിന്റെ ഭാഗമായ കൊടിക്കയര്‍ പദയാത്ര 23ന് കളവംകോടം ശക്തീശ്വര ക്ഷേത്രത്തില്‍നിന്നു തുടങ്ങും. 93-ാമത് തീര്‍ഥാടന നഗരിയില്‍ പതാക ഉയര്‍ത്താനുള്ള കൊടിക്കയര്‍ പരമ്പരാഗതവിധിപ്രകാരം ആചാരാനുഷ്ഠാനങ്ങളോടെ വര്‍ഷങ്ങളായി ചേര്‍ത്തലയിലാണ് ഒരുക്കുന്നത്. 100 പേരണിനിരക്കുന്ന പദയാത്ര 29ന് ശിവഗിരിയിലെത്തി ശിവഗിരിമഠം പ്രസിഡന്റ് സച്ചിതാനന്ദസ്വാമിക്ക് കൊടിക്കയര്‍ കൈമാറും.
ചേര്‍ത്തല താലൂക്ക് സമാധിദിനാചരണകമ്മിറ്റി നേതൃത്വത്തില്‍ നടക്കുന്ന പദയാത്രക്കായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജാഥാക്യാപ്റ്റന് വിജയഘോഷ് ചാരങ്കാട്ട്, കണ്‍വീനര്‍ കെ.ആര്. രാജു, പി.എം. പുഷ്കരന്, ജയധരന്‍ തിരുനല്ലൂര്‍, പി.പി. ലെനിന്, പ്രദീപ് ചെങ്ങണ്ട എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
23ന് രാവിലെ പടിഞ്ഞാറെ മനക്കോടം ഗുരുക്ഷേത്രത്തില്നിന്നു വിളംബരപദയാത്ര. 11.30ന് കളവംകോടം ശക്തീശ്വര ക്ഷേത്രത്തില്‍ നടക്കുന്ന സമ്മേളനം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. ശിവഗിരിമഠം എക്സിക്യുട്ടീവംഗം വിശാലാനന്ദ സ്വാമികള്‍ കൊടിക്കയര്‍ പൂജിച്ച് കൈമാറും. പദയാത്ര 29ന് വൈകിട്ട് നാലിന് വര്‍ക്കലയില്‍ ശ്രീനിവാസപുരം പൗരസമിതിയുടെ വരവേല്പ്. ആറിന് ശിവഗിരിമഹാസമാധിമണ്ഡപത്തില് കൊടിക്കയര്‍ സമര്‍പ്പിക്കും.
District News
മാവേലിക്കര: താലൂക്ക് ഓഫീസിനായി നിർമിച്ച പുതിയ മൂന്ന് നില കെട്ടിടസമുച്ചയത്തിലേക്ക് ആവശ്യമായ ഫര്‍ണീച്ചറുകള്‍ വാങ്ങാന്‍ ഫണ്ടനുവദിച്ചതായി എം.എസ്. അരുൺകുമാർ എംഎൽഎ അറിയിച്ചു.
ഇതോടെ ഇപ്പോള്‍ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക് ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറുന്നതിനുളള തടസം നീങ്ങി.സിഡ്കോ തയാറാക്കിയ എസ്റ്റിമേറ്റ് അനുസരിച്ച് 61,06,449 രൂപയാണ് കെട്ടിടസമുച്ചയത്തിലേക്ക് ഫര്‍ണീച്ചറുകള്‍ വാങ്ങുന്നതിനായി അനുവദിച്ചത്.
നടപ്പുസാമ്പത്തിക വര്‍ഷത്തെ കേരളത്തിലെ സ്മാര്‍ട്ട് റവന്യു ഓഫീസുകളുടെ നവീകരണം എന്ന പദ്ധതി ഘടകത്തിലുള്‍പ്പെടുത്തിയാണ് പണം അനുവദിച്ചത്.
ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാനകാലത്താണ് പതിനായിരം ചതുരശ്ര അടിയില്‍ പുതിയ കെട്ടിടം നിര്‍മിക്കുവാൻ റീബില്‍ഡ് കേരളയില്‍പ്പെടുത്തി 5.2 കോടി രൂപ അനുവദിച്ചത്. കെട്ടിടനിര്‍മാണത്തിന് തുക അനുവദിച്ചപ്പോള്‍ ഫര്ണിച്ചറുകള്ക്കുളള വിഹിതം അതില്‍ ഉള്‍പ്പെട്ടിരുന്നില്ല.
ഫര്‍ണിച്ചര്‍ വാങ്ങുന്നതിനായി സര്‍ക്കാര്‍ ഏജന്‍സിയായ സിഡ്കോ തയാറാക്കിയ എസ്റ്റിമേറ്റ് പ്രകാരം പണമനുവദിക്കണമെന്നാവശ്യപ്പെട്ട് എം.എസ്. അരുണ്‍കുമാര്‍ എംഎല്‍എ സംസ്ഥാന റവന്യു മന്ത്രി കെ. രാജന് നിവേദനം നല്‍കിയിരുന്നു.
എംഎല്‍എയുടെ നിവേദനവും ഇതു സംബന്ധിച്ച് ലാന്‍ഡ് റവന്യു കമ്മീഷണറുടെ റിപ്പോര്‍ട്ടും പരിഗണിച്ചാണ് ഫര്‍ണീച്ചര്‍ വാങ്ങാന്‍ തുക അനുവദിച്ച് സർക്കാർ ഉത്തരവിറങ്ങിയത്.
District News
ചങ്ങനാശേരി: ഈശോയുടെ മനുഷ്യാവതാര ജൂബിലി ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ചങ്ങനാശേരി അതിരൂപതയിലെ കുടുംബകൂട്ടായ്മകളില്‍ വചനപഠനത്തിന് പുതിയ ആവേശം പകരുന്ന ക്രിസ്മസ് ഫാമിലി ഫ്രണ്ട് “നൂറുമേനി’’ സമ്മാന പദ്ധതി അതിരൂപതാതലത്തില്‍ ഉദ്ഘാടനം ചെയ്തു.
അതിരൂപത വികാരി ജനറാള്‍ മോണ്‍. സ്കറിയാ കന്യാകോണില്‍ ഡോ. ആന്റണി മാത്യു വട്ടക്കളത്തിനും കുടുംബത്തിനും കെസിബിസി ബൈബിള്‍ കമ്മീഷന് സെക്രട്ടറി റവ.ഡോ. ജോജു കോക്കാട്ട് ചങ്ങനാശേരി ഫൊറോന കുടുംബകൂട്ടായ്മ ജനറല്‍ കണ്‍വീനര്‍ ജോബി തൂമ്പുങ്കലിനും കുടുംബത്തിനും നൂറുമേനി സീസണ് -4 പഠനപുസ്തകം സമ്മാനമായി നല്‍കിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.
ക്രിസ്മസ് മുതല്‍ അടുത്ത ഈസ്റ്റര്‍ വരെ കുടുംബക്കൂട്ടായ്മയിലെ ഒരു കുടുംബം തങ്ങള്ക്കേല്പ്പിച്ചിരിക്കുന്ന കുടുംബത്തിനുവേണ്ടി മധ്യസ്ഥം വഹിച്ചു പ്രാര്‍ഥിക്കുകയും തങ്ങള്‍ക്കു ലഭിച്ച കുടുംബത്തിന് നൂറുമേനി സീസണ്-4 പഠനപുസ്തകം ഈശോയുടെ മനുഷ്യാവതാര ജൂബിലി സമ്മാനമായി നല്‍കുകയും ചെയ്യും.
കത്തീഡ്രല്‍ വികാരി ഫാ. ജോസഫ് വാണിയപുരയ്ക്കല്‍ അധ്യക്ഷത വഹിച്ചു. ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ കുടുംബക്കൂട്ടായ്മ, സണ്ഡേസ്കൂള് തലങ്ങളിലുള്ള വചനപഠന മത്സരങ്ങള്‍ നടക്കും.
ഇടവകതല മത്സരങ്ങള്‍ മുതിര്‍ന്നവര്‍ക്ക് മാര്‍ച്ച് 22നും സണ്ഡേസ്കൂള് കുട്ടികള്‍ക്ക് ഏപ്രില്‍ ഏഴിനും നടക്കും. നൂറുമേനി സീസണ് ഫോര്‍ പഠന പുസ്തകം അതിരൂപത കുടുംബക്കൂട്ടായ്മ ഓഫീസില്‍ ലഭ്യമാണ്. വിശദ വിവരങ്ങള്‍ക്ക് ഫോൺ: +91 99613 69380, +91 73062 08356
District News
ഹരിപ്പാട്: സ്കൂട്ടറിൽ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിമുക്തഭടൻ മരിച്ചു. കരുവാറ്റ ശ്രീമംഗലത്ത് രാമസ്വാമി -ലീലമ്മാൾ ദമ്പതികളുടെ മകൻ ഹരികൃഷ്ണൻ (48) ആണ് മരിച്ചത്. തെരഞ്ഞെടുപ്പിന്റെ പിറ്റേന്ന് രാത്രി 10ന് ദേശീയപാത 66ൽ കരുവാറ്റ ടിബി ജംഗ്ഷനു തെക്ക് ശക്തി ഹോട്ടലിന് സമീപത്ത് ഇദ്ദേഹം സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ബൈക്ക് ഇടിക്കുകയായിരുന്നു.
സാരമായി പരിക്കേറ്റ ഇദ്ദേഹം തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച വെളുപ്പിനെ മരണപ്പെട്ടു. മൃതദേഹം ഇന്നു രാവിലെ 10ന് വീട്ടുവളപ്പിൽ സംസ്കരിക്കും. ഭാര്യ: ശ്രീദേവി (വിദ്യാഭ്യാസ വകുപ്പ് അമ്പലപ്പുഴ) മകൻ: അരവിന്ദ്.
District News
ചേർത്തല: ക്രിസ്മസ് ആഘോഷം വർണാഭമാക്കാൻ സ്വന്തമായി കേക്ക് നിർമിച്ചും കേക്കുണ്ടാക്കാൻ പരിശീലനം നൽകിയും ചേർത്തല ബിആർസി ഓട്ടിസം സെന്ററിലെ വിദ്യാർഥികളും അധ്യാപകരും രക്ഷാകർത്താക്കളും.
തിങ്കളാഴ്ച ഓട്ടിസം സെന്ററിൽ നടക്കുന്ന ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും വിതരണം ചെയ്യുന്നതിനുവേണ്ടിയാണ് കേക്ക് സ്വന്തമായി നിർമിക്കാൻ തീരുമാനിച്ചത്. ഇതിനായി ചേർത്തല ഗവ. ബോയ്സ് ഹൈസ്കൂളിലെ ക്രിയേറ്റീവ് കോർണറിൽ പ്രത്യേകം തയാറാക്കിയ ടേബിളിലാണ് കേക്ക് നിർമാണം നടത്തിയത്.
ചേർത്തല ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികളാണ് കേക്ക് നിർമിച്ചതും ഒപ്പം രക്ഷകർത്താക്കൾക്കും വിദ്യാർഥികൾക്കും അധ്യാപകർക്കും കേക്ക് നിർമാണ പരിശീലനം നൽകിയതും. ഭാവിയിൽ ഓട്ടിസം സെന്ററിലെ രക്ഷാകർത്താക്കൾക്ക് കേക്ക് നിർമിച്ച് വരുമാനം കണ്ടെത്തുന്നതിനുള്ള മാർഗമാക്കി മാറ്റാനുള്ള ശ്രമം കൂടിയാണ് പരിശീലനമെന്ന് ചേർത്തല ബിആർസി ബിപിസി ടി.ഒ. സൽമോർ പറഞ്ഞു.
ചേർത്തല ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികളായ പി.എം. വിമൽ കുമാർ, കെ. ഷെഫ്ന, ആർ. അക്ഷര, യു. ഹരികൃഷ്ണൻ, എസ്. അഭയ് കൃഷ്ണ എന്നിവരാണ് കേക്ക് നിർമാണത്തിനു പരിശീലനം നൽകിയത്. പിടിഎ പ്രസിഡന്റ് കെ. മനോജ്, അധ്യാപകരായ ഇ.ഡി. മേരിദയ, എ. രമ്യ, സോഫിയ, ലക്ഷ്മി, മഞ്ജുഷ എന്നിവർ നേതൃത്വം നൽകി.
District News
ചേര്‍ത്തല: തെരഞ്ഞെടുപ്പിലെ തിരിച്ചടികള്‍ അന്വേഷിക്കാന്‍ സിപിഎം. ശനിയാഴ്ച നടന്ന ചേര്‍ത്തല ഏരിയാ കമ്മിറ്റിയോഗം നഗരസഭയില്‍ ചെയര്മാന് സ്ഥാനാര്‍ഥിയായിരുന്ന എന്‍.ആര്. ബാബുരാജിന്റെയും ഏരിയാ കമ്മിറ്റിയംഗം കെ.പി. പ്രതാപന്റെയും തോല്‍വിയും പെരുമ്പളത്ത് പ്രസിഡന്റ് സ്ഥാനാര്‍ഥിയായിരുന്ന പി.കെ. രാജന്റെയും തൈക്കാട്ടുശേരിയില്‍ ദീപാ സജീവിന്റെയും ബ്ലോക്ക് പഞ്ചായത്ത് വാഴത്തറ ഡിവിഷനില്‍ നിര്‍മലാ ശെല്‍വരാജിന്റെയും അരൂക്കുറ്റി ലോക്കല്‍ സെക്രട്ടറി വിനു ബാബുവിന്റെയും തോല്‍വി പരിശോധിക്കാന്‍ തീരുമാനിച്ചു.
തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയുണ്ടായ പള്ളിപ്പുറത്തെ രണ്ടു ലോക്കല്‍ കമ്മിറ്റികള്ക്കുമെതിരേ കടുത്ത നടപടി സ്വീകരിക്കും. ഇവിടെ കമ്മിറ്റിക്കും നേതൃത്വം നല്കിയവര്ക്കും ഗുരുതര വീഴ്ചയുണ്ടായതായാണ് കണ്ടെത്തല്‍. ഏരിയാകമ്മിറ്റിയും ജില്ലാ സംസ്ഥാന നേതൃത്വവും നല്കിയ നിര്‍ദേശങ്ങള്‍ പോലും അവഗണിച്ച് ഏകപക്ഷീയമായ പ്രവര്ത്തനങ്ങളുണ്ടായതായും നിര്‍ദേശിച്ച കൂട്ടിച്ചേര്‍ക്കലുകള്‍ അട്ടിമറിച്ചതായും വിമര്‍ശനമുണ്ടായി. ബിജെപിക്കാണ് ഇതു ഗുണമായത്.
പള്ളിപ്പുറം വടക്കിലടക്കം ന്യൂനപക്ഷങ്ങളെ അകറ്റുന്ന പ്രവര്‍ത്തനങ്ങളുണ്ടായി. തെക്കുകമ്മിറ്റിയില് നാലു വാര്‍ഡുകള്‍ വിജയിച്ചെങ്കിലും വീഴ്ചകളുണ്ടായി. വടക്ക് കമ്മിറ്റിയില്‍ സമ്പൂര്‍ണ പരാജയമായിരുന്നെന്നാണ് വിലയിരുത്തല്‍. കമ്മിറ്റികള്‍ പിരിച്ചുവിടണമെന്ന ആവശ്യംവരെ ഉയര്‍ന്നു.
തൈക്കാട്ടുശേരിയില്‍ ചില നേതാക്കള്‍ നേരിട്ടിറങ്ങി വോട്ടുമറിച്ചതായ പരാതി അന്വേഷിക്കാനും യോഗം നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ കേരളകോണ്‍ഗ്രസ്-എം പാര്‍ട്ടിക്കു നല്കിയ പരാതികളും പരിശോധിച്ചു.