National
ന്യൂഡൽഹി: രാജ്യത്തെ പെട്രോൾ, ഡീസൽ വില കുറയ്ക്കാൻ നീക്കം. അന്താരാഷ്ട്ര വിപണിയിൽ വില കുറയുന്നതും സൗദി അറേബ്യ ക്രൂഡ് ഓയിൽ വില കുറച്ചതുമാണ് എണ്ണക്കമ്പനികളുടെ തീരുമാനത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ.
ജൂലൈ 20ന് മുൻപായി വിലകുറയ്ക്കാനാണ് സാധ്യത. പാർലമെന്റ് സമ്മേളനം തുടങ്ങും മുമ്പ് വില കുറച്ചേക്കും. പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യത്തെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയർന്നതിനെ തുടർന്നാണ് ഇന്ധന വില വർധിപ്പിച്ചത്.
National
ന്യൂഡൽഹി: പശ്ചിമ ബംഗാളിലും മഹാരാഷ്ട്രയിലും ഉണ്ടായ അപ്രതീക്ഷിത രാഷ്ട്രീയ അട്ടിമറികളോടെ കേന്ദ്രത്തിലെ ഭരണകക്ഷിയായ എൻഡിഎ ലോക്സഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിലേക്ക് അടുക്കുന്നു. പ്രതിപക്ഷ നിരയിലെ വൻ പിളർപ്പുകൾ അനുകൂലമായതോടെ, വനിതാ സംവരണ പാക്കേജിന്റെ ഭാഗമായുള്ള മണ്ഡല പുനർനിർണയ ഭരണഘടനാ ഭേദഗതി ബിൽ പാസാക്കാൻ ആവശ്യമായ മാന്ത്രിക സംഖ്യയിലേക്ക് എൻഡിഎ സഖ്യം കുതിക്കുകയാണ്. കഴിഞ്ഞ ഏപ്രിലിൽ പ്രതിപക്ഷത്തിന്റെ കൂട്ടായ എതിർപ്പിനെത്തുടർന്ന് ലോക്സഭയിൽ 54 വോട്ടുകൾക്ക് പരാജയപ്പെട്ട ബില്ലാണ്, നിലവിലെ മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ വീണ്ടും പാർലമെന്റിൽ അവതരിപ്പിക്കാൻ മോദി സർക്കാർ ഒരുങ്ങുന്നത്.
പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് ദേശീയതലത്തിൽ തകരുകയാണ്. പാർട്ടിയുടെ 28 ലോക്സഭാ എംപിമാരിൽ 20 പേരും വിമതരായി മാറി 'നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യ' എന്ന പ്രാദേശിക പാർട്ടിയിൽ ലയിക്കുകയും എൻഡിഎ സഖ്യത്തിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ഇതിന് പിന്നാലെ മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെയുടെ ശിവസേനയിലെ 9 എംപിമാരിൽ 6 പേരും ഏക്നാഥ് ഷിൻഡെ പക്ഷത്തേക്ക് മാറാൻ സ്പീക്കർക്ക് കത്ത് നൽകിയിട്ടുണ്ട്. ഈ രണ്ട് നീക്കങ്ങളും വഴി കൂറുമാറ്റ നിരോധന നിയമത്തെ മറികടക്കാൻ വിമതർക്ക് സാധിക്കും.
നിലവിൽ 543 അംഗ ലോക്സഭയിൽ 3 സീറ്റുകൾ ഒഴിവുകിടക്കുന്നതിനാൽ ഭരണഘടനാ ഭേദഗതി പാസാക്കാൻ 360 പേരുടെ (മൂന്നിൽ രണ്ട് ഭൂരിപക്ഷം) പിന്തുണയാണ് വേണ്ടത്. തൃണമൂൽ വിമതർ ഉൾപ്പെടെ നിലവിൽ എൻഡിഎയ്ക്ക് 318 എംപിമാരുടെ പിന്തുണയുണ്ട്. ഇന്ത്യ സഖ്യവുമായി പിരിഞ്ഞ എം.കെ. സ്റ്റാലിന്റെ ഡിഎംകെ തങ്ങളുടെ 22 എംപിമാരുമായി സർക്കാരിനെ പിന്തുണയ്ക്കാൻ ചർച്ചകൾ നടത്തുന്നതായാണ് സൂചന. ഡിഎംകെയുടെ പിന്തുണ ഉറപ്പായാൽ ഭരണകക്ഷിയുടെ അംഗബലം 348 ആയി ഉയരും. ഭൂരിപക്ഷത്തിന് ആവശ്യമായ ബാക്കി 6 വോട്ടുകൾക്കായി സമാജ്വാദി പാർട്ടിയിലെയും പ്രതിപക്ഷ സഖ്യത്തിലെയും ചെറുകക്ഷികളിലെയും അതൃപ്തരായ എംപിമാരെ ലക്ഷ്യമിട്ടാണ് ബിജെപിയുടെ കരുനീക്കങ്ങൾ.
രാജ്യസഭയിലും മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന് (164 സീറ്റുകൾ) വെറും 6 വോട്ടുകൾ മാത്രമാണ് എൻഡിഎയ്ക്ക് കുറവുള്ളത്. തൃണമൂൽ എംപിമാരുടെ രാജിയെത്തുടർന്ന് വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകളിലൂടെ ഈ സംഖ്യയും എൻഡിഎ മറികടക്കുമെന്നാണ് കണക്കുകൂട്ടലുകൾ. ഭൂരിപക്ഷം കൈവരുന്നതോടെ വരാനിരിക്കുന്ന വർഷകാല സമ്മേളനത്തിൽ തന്നെ മണ്ഡല പുനർനിർണയ ബില്ലും, രാജ്യവ്യാപകമായി ഒരേസമയം തെരഞ്ഞെടുപ്പ് നടത്തുന്ന 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' ബില്ലും പാർലമെന്റിൽ പാസാക്കിയെടുക്കാൻ കേന്ദ്ര സർക്കാരിന് വഴിതുറക്കും.
National
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിനു പിന്നാലെ തൃണമൂൽ കോണ്‍ഗ്രസിലുണ്ടായ പിളർപ്പ് എംപിമാരിലേക്കും വ്യാപിച്ചതോടെ വരാനിരിക്കുന്ന വർഷകാല സമ്മേളനത്തിൽ മണ്ഡല പുനർനിർണയ ബിൽ ഉൾപ്പെടെ നിർണായക ബില്ലുകൾ കേന്ദ്രസർക്കാർ കൊണ്ടുവന്നേക്കും.
തൃണമൂലും തമിഴ്നാട്ടിൽനിന്നുള്ള ഡിഎംകെയും ഉൾപ്പെടെ പ്രതിപക്ഷം ഒറ്റക്കെട്ടായി നിന്നതോടെയാണ് കഴിഞ്ഞ ഏപ്രിലിൽ അവതരിപ്പിച്ച ഭരണഘടനാ ഭേദഗതി ബിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാതെ ലോക്സഭയിൽ പരാജയപ്പെട്ടത്.
എന്നാൽ പശ്ചിമബംഗാളിലെയും തമിഴ്നാട്ടിലെയും രാഷ്ട്രീയ സാഹചര്യം മാറിയതോടെ കൂടുതൽ എംപിമാരെ ഒപ്പം നിർത്താനുള്ള നീക്കമാണ് എൻഡിഎ അണിയറയിൽ നടത്തുന്നത്.
ലോക്സഭയിൽ ആകെയുള്ള 29 തൃണമൂൽ എംപിമാരിൽ 20 വിമത എംപിമാർ എൻഡിഎയ്ക്ക് പിന്തുണ നൽകുമെന്നാണ് കരുതുന്നത്. ലോക്സഭയിൽ 22 എംപിമാരുള്ള ഡിഎംകെയുമായി എൻഡിഎ ചർച്ച നടത്തുന്നുണ്ടെന്നാണ് സൂചന.
എന്നാൽ, സഖ്യത്തിന് തയാറല്ലെങ്കിലും തമിഴ്നാടിന്റെ താത്പര്യങ്ങൾ മുൻനിർത്തിയുള്ള തീരുമാനത്തിൽ എൻഡിഎയ്ക്ക് ഇവർ പിന്തുണ നൽകിയേക്കും. അതനുസരിച്ച് ബില്ലുകളിൽ വ്യത്യാസം വരുത്താൻ കേന്ദ്രസർക്കാർ തയാറാകുമെന്നാണ് കരുതുന്നത്.
540 എംപിമാരാണ് ലോക്സഭയിൽ ഇപ്പോഴുള്ളത്. മൂന്നു സീറ്റുകൾ ഒഴിവാണ്. ഭരണഘടനാ ഭേദഗതി ഉൾപ്പെടുന്ന ബില്ലുകൾ പാസാക്കാൻ 360 എംപിമാരുടെ പിന്തുണ ആവശ്യമാണ്. നിലവിൽ ലോക്സഭയിലെ എൻഡിഎയുടെ അംഗബലം 293 ആണ്.
തൃണമൂലിന്റെ വിമത എംപിമാർ കൂടി ചേരുന്പോൾ 313 ആകും. ഡിഎംകെയുടെ കൂടെ പിന്തുണ ലഭിച്ചാൽ 360 എന്ന മാന്ത്രികസംഖ്യയിലേക്ക് എത്താൻ എൻഡിഎയ്ക്ക് 25 എംപിമാരുടെ പിന്തുണ മാത്രം മതി. ആർക്കും ഒപ്പമല്ലാത്ത എംപിമാരുടെ പിന്തുണ ഉറപ്പിച്ചും വോട്ടെടുപ്പിൽനിന്ന് ആരെങ്കിലും വിട്ടുനിന്നാൽ ഭൂരിപക്ഷത്തിൽ ഉണ്ടാകാവുന്ന വ്യത്യാസം കണക്കാക്കിയും ഭരണഘടനാ ഭേദഗതി അവതരിപ്പിക്കാനാണ് എൻഡിഎ കണക്കുകൂട്ടുന്നത്.
148 എംപിമാരുടെ പിന്തുണയാണ് രാജ്യസഭയിൽ എൻഡിഎയ്ക്കുള്ളത്. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന് 164 പേരുടെ പിന്തുണ ആവശ്യമാണ്. തൃണമൂലിനും ഡിഎംകെയ്ക്കുമായി ഇപ്പോൾ 20 എംപിമാർ രാജ്യസഭയിലുണ്ട്. അവരെ ഒപ്പം നിർത്താനായാൽ ഭരണഘടനാ ഭേദഗതി ബില്ലുകൾ രാജ്യസഭയും കടക്കും.
മാന്ത്രികസംഖ്യക്കായി അണിയറ നീക്കം
ലോക്സഭ
എൻഡിഎ -293
തൃണമൂൽ വിമതർ -20
ഡിഎംകെ -22
മാന്ത്രിക സംഖ്യ -360
രാജ്യസഭ
എൻഡിഎ -148
തൃണമൂൽ -12
ഡിഎംകെ -08
മാന്ത്രിക സംഖ്യ -164
National
ന്യൂഡൽഹി: മമത ബാനർജിയെ ഞെട്ടിച്ചുകൊണ്ട് തൃണമൂൽ കോൺഗ്രസ് വിമത എംപിമാർ. പാർലമെന്റിൽ തങ്ങൾക്ക് പ്രത്യേക ബ്ലോക്ക് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇവർ ലോക്സഭ സ്പീക്കറെ കാണുമെന്ന് റിപ്പോർട്ടുകളുണ്ട്.
ബിജെപിയുമായി സഹകരിച്ച് പാര്‍ലമെന്റില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കാനാണ് എംപിമാരുടെ നീക്കം. ഭരണഘടന ബില്ലുകളിലടക്കം ബിജെപിക്ക് പിന്തുണ നല്‍കുമെന്നും സൂചനയുണ്ട്. ഇരുസഭകളിലുമായി 30 എംപിമാർ തങ്ങളുടെ പക്ഷത്തുണ്ടെന്നാണ് വിമതരുടെ അവകാശവാദം.
പാർട്ടി നേതൃത്വവുമായി ദീർഘനാളായി നിലനിൽക്കുന്ന ഭിന്നതയാണ് ഇപ്പോൾ പരസ്യമായ പിളർപ്പിലേക്ക് വഴിമാറുന്നത്. അഭിഷേക് ബാനര്‍ജിയെ അംഗീകരിക്കില്ലെന്നാണ് ഇവരുടെ നിലപാട്. തൃണമൂൽ കോൺഗ്രസ് ഔദ്യോഗികമായി കൈക്കൊള്ളുന്ന വിപ്പുകളിൽ നിന്നും തീരുമാനങ്ങളിൽ നിന്നും മാറി സ്വതന്ത്രമായ നിലപാട് സ്വീകരിക്കുകയാണ് ഇവരുടെ ലക്ഷ്യം.
International
ലണ്ടൻ: കുട്ടികളെ ലക്ഷ്യമിട്ട് നടക്കുന്ന ലൈംഗിക പീഡനങ്ങളെയും ഗ്രൂമിംഗ് ഗ്യാംഗുകളെയും കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുകെ എംപി റൂപർട്ട് ലോ. ക്രൂരതകളെ അതിജീവിച്ചവരുടെ വെളിപ്പെടുത്തലുകൾ അദ്ദേഹം പാർലമെന്റിൽ വായിച്ചു. സ്വതന്ത്ര അന്വേഷണത്തിൽ പുറത്തുവന്ന വിവരങ്ങൾ ലോകമറിയണമെന്നും ഇനിയെങ്കിലും ജനപ്രതിനിധികൾ ഇതിനെതിരെ രംഗത്തുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ ഗ്യാംഗുകൾക്ക് പാക് പശ്ചാത്തലമുണ്ടെന്നാണ് എംപി പറയുന്നത്.
ആസൂത്രിതമായ ലൈംഗിക അതിക്രമം, അതിക്രൂരമായ ആക്രമണം, പോലീസിന്റെ ഭാഗത്തു നിന്നുണ്ടായ ഗുരുതരമായ വീഴ്ചകൾ എന്നിവയെക്കുറിച്ച് അതിജീവിതകളുടെ വെളിപ്പെടുത്തലാണ് പാർലമെന്റിൽ വായിച്ചത്. റൂപർട്ട് ലോയുടെ നേതൃത്വത്തിൽ കഴിഞ്ഞ വർഷം നടന്ന സ്വതന്ത്ര അന്വേഷണത്തിൽ യുകെയിലെ 85-ലധികം പ്രദേശങ്ങളിൽ ഗ്യാംഗുകൾ കുട്ടികളെ ലൈംഗിക ചൂഷണം ചെയ്യുന്നതായി കണ്ടെത്തിയിരുന്നു. ഈ മാഫിയകളിൽ ഭൂരിഭാഗവും പാകിസ്താൻ പശ്ചാത്തലമുള്ള പുരുഷന്മാരാണെന്നും റിപ്പോർട്ടിൽ പറയുന്നു.
പെൺകുട്ടികളെ മയക്കുമരുന്നിനും മദ്യത്തിനും അടിമകളാക്കി ഭീഷണിപ്പെടുത്തി ദീർഘകാലം ചൂഷണം ചെയ്യുന്നതിനെയാണ് ‘ഗ്രൂമിംഗ് ഗ്യാംഗ്സ്' എന്ന് വിളിക്കുന്നത്. റോഥർഹാം, റോച്ച്ഡേൽ, ഓൾഡ്ഹാം തുടങ്ങിയ നഗരങ്ങളിൽ ഇത്തരം മാഫിയകളെ കണ്ടെത്തിയെന്നാണ് സ്വതന്ത്രാന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. വിഷയത്തിൽ തങ്ങൾ നടത്തിയ അന്വേഷണ റിപ്പോർട്ട് വരും ദിവസങ്ങളിൽ പുറത്തുവിടുമെന്ന് പറഞ്ഞാണ് റൂപർട്ട് ലോ പ്രസംഗം അവസാനിപ്പിച്ചത്.
Leader Page
ഇന്ത്യയിൽ സാമൂഹികനീതി ഉറപ്പാക്കാൻ സംവരണസംവിധാനങ്ങൾ രൂപീകരിച്ചിട്ട് ഏഴു പതിറ്റാണ്ടു പിന്നിട്ടിട്ടും 2.68 കോടി (2011 ലെ സെൻസസ് പ്രകാരം) ഭിന്നശേഷിക്കാരുടെ പ്രതിനിധിയായി ഒരാൾപോലും ലോക്സഭയിലോ നിയമസഭകളിലോ ഇല്ലെന്നതാണു വൈചിത്ര്യം.
33 ശതമാനം സ്ത്രീസംവരണം വേണമെന്നു മുറവിളി കൂട്ടുന്പോഴും ദേശീയ-സംസ്ഥാന പദവിയുള്ള ബഹുഭൂരിപക്ഷം രാഷ്ട്രീയ പാർട്ടികൾക്കും ഭിന്നശേഷിക്കാരുടെ പോഷകസംഘടന ഉണ്ടായിരുന്നിട്ടുപോലും നിയമനിർമാണസഭകളിൽ ഇത്തരമൊരു പ്രാതിനിധ്യത്തെക്കുറിച്ച് ചർച്ചപോലും നടക്കുന്നില്ല. ഉഗാണ്ട, കെനിയ, സിംബാബ്വേ, ഈജിപ്ത് തുടങ്ങി ലോകത്തിലെ പല രാജ്യങ്ങളിലും പാർലമെന്റുകളിൽ ഭിന്നശേഷിക്കാർക്കു പ്രാതിനിധ്യമുണ്ട്. ജനസംഖ്യാനുപാതത്തിൽ ഇന്ത്യയേക്കാൾ ഏറെ പിറകിലുള്ള ഉഗാണ്ടയിൽ അഞ്ചു സീറ്റാണ് ഇവർക്കായി നീക്കിവച്ചിരിക്കുന്നത്. നമ്മുടെ അയൽരാജ്യങ്ങളായ നേപ്പാൾ, പാക്കിസ്ഥാൻ എന്നിവിടങ്ങളിലും നാമനിർദേശംവഴി പ്രാതിനിധ്യം ഉറപ്പാക്കിയിട്ടുണ്ട്.
2.68 കോടി ഭിന്നശേഷിക്കാർ
2011ലെ സെൻസസ് പ്രകാരം ഇന്ത്യയിൽ 2.68 കോടി (2.21 ശതമാനം) ഭിന്നശേഷിക്കാരുണ്ട്. ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ - 41.57 ലക്ഷം. തൊട്ടുപിറകിലുള്ള മഹാരാഷ്ട്രയിലുമുണ്ട് 29.63 ലക്ഷം. എണ്ണത്തിന്റെ കാര്യത്തിൽ നമ്മുടെ കൊച്ചുകേരളം പതിമൂന്നാം സ്ഥാനത്താണ് - 7. 62 ലക്ഷം. രണ്ടേകാൽ ശതമാനത്തോളമുള്ള വലിയൊരു ന്യൂനപക്ഷ ജനവിഭാഗത്തിന് ഇന്ത്യൻ പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും പ്രാതിനിധ്യം നൽകാൻ നമ്മുടെ ജനപ്രതിനിധികൾക്ക് ഉത്തരവാദിത്വമില്ലേ? അതനുസരിച്ച് ഭരണഘടനാ ഭേദഗതികൾ കൊണ്ടുവരേണ്ടതല്ലേ?
2011ലെ സെൻസസ് പ്രകാരംതന്നെ ഇന്ത്യൻ ജനസംഖ്യയിൽ 16.6 ശതമാനമുള്ള പട്ടികജാതിക്കാർക്ക് 84 സീറ്റും (543ന്റെ 15.5 ശതമാനം) ജനസംഖ്യയുടെ 8.6 ശതമാനമുള്ള പട്ടികവിഭാഗക്കാർക്കു 47 സീറ്റും (543ന്റെ 8.6 ശതമാനം) സംവരണം ചെയ്തിട്ടുണ്ട്. ഇതേ അനുപാതത്തിലാണെങ്കിൽ ജനസംഖ്യയുടെ 2.21 ശതമാനമുള്ള ഭിന്നശേഷിക്കാർക്കു ലോക്സഭയിൽ രണ്ടുശതമാനം സീറ്റ് സംവരണം ചെയ്താൽപോലും കുറഞ്ഞത് 10 -11 (10. 86) സീറ്റുകൾ മാറ്റിവയ്ക്കേണ്ടിവരും.
സംസ്ഥാനങ്ങളുടെ സ്ഥിതിയും വിഭിന്നമല്ല. 2011ലെതന്നെ സെൻസസ് പ്രകാരം കേരളത്തിലെ പട്ടികജാതി ജനസംഖ്യ 30,39,573 (9.1 ശതമാനം) ആണ്. 140 അംഗ നിയമസഭയിൽ ഇവർക്കായി സംവരണം ചെയ്തിരിക്കുന്നത് 14 സീറ്റുകളാണ് (10 ശതമാനം). കേരള ജനസംഖ്യയിൽ 4,84,839 പേരുള്ള (1.5 ശതമാനം) പട്ടികവർഗവിഭാഗത്തിനും രണ്ടു സീറ്റുകൾ (1.5 ശതമാനം) നീക്കിവച്ചിട്ടുണ്ട്. സാമൂഹികക്ഷേമവകുപ്പിന്റെ 2015ലെ സെൻസസ് പ്രകാരം ഭിന്നശേഷിവിഭാഗക്കാരായ (22 വിഭാഗങ്ങളുംകൂടി) 7.94 ലക്ഷം പേരാണ് കേരളത്തിൽ ഉള്ളത്. ഇതു കേരള ജനസംഖ്യയുടെ 2.32 ശതമാനമാണ്. ഇത്തരത്തിൽ നോക്കിയാൽ കേരള നിയമസഭയിലെ 140 അംഗങ്ങളിൽ കുറഞ്ഞതു മൂന്നുപേരെങ്കിലും ഭിന്നശേഷിക്കാർ വേണം.
ആംഗ്ലോ ഇന്ത്യൻ പ്രാതിനിധ്യം
1952 മുതൽ 2020 വരെ രണ്ട് ആംഗ്ലോ ഇന്ത്യൻ അംഗങ്ങളെ ലോക്സഭയിൽ നാമനിർദേശം ചെയ്തിരുന്നു. 2020 ലെ 104-ാമതു ഭരണഘടനാ ഭേദഗതിയോടെയാണ് ഇത് അവസാനിച്ചത്. നിയമസഭകളിലും ഇതിന് ആനുപാതികമായി അംഗങ്ങളെ നാമനിർദേശം ചെയ്യാറുണ്ടായിരുന്നു. കേരള നിയമസഭയിൽ ഒരംഗമായിരുന്നു നാമനിർദേശം ചെയ്യപ്പെട്ടുകൊണ്ടിരുന്നത്. വളരെ ചെറിയ ന്യൂനപക്ഷമായ ആംഗ്ലോ ഇന്ത്യൻ സമൂഹത്തിനു നൽകിയിരുന്ന ഈ ആനുകൂല്യമെങ്കിലും ഇവിടത്തെ രണ്ടരക്കോടിയിലധികംവരുന്ന ഭിന്നശേഷിക്കാർക്കു നൽകേണ്ടതല്ലേ.
തമിഴ്നാട് മാതൃക
തമിഴ്നാട്ടിൽ 2025 സെപ്റ്റംബർ എട്ടിനാണ് ത്രിതല പഞ്ചായത്തുകളിൽ ഭിന്നശേഷിക്കാരെ നാമനിർദേശം ചെയ്യാൻ വ്യവസ്ഥ ചെയ്യുന്ന നിയമം പ്രാബല്യത്തിലായത്. ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലും നഗരസഭ, കോർപറേഷനുകളിലും ഒരു ഭിന്നശേഷിക്കാരനെ നാമനിർദേശം ചെയ്യാം. 100 അംഗങ്ങളിൽ കൂടുതലുള്ള കോർപറേഷനുകളിലോ മുനിസിപ്പാലിറ്റികളിലോ രണ്ട് അംഗങ്ങളെ നാമനിർദേശം ചെയ്യാനാകും എന്നതാണു നിയമം.
ഏറ്റവും കൂടുതൽ വികലാംഗരുള്ള ഉത്തർപ്രദേശിലോ മഹാരാഷ്ട്രയിലോ ഈ നിയമം പ്രാബല്യത്തിൽ വന്നിട്ടില്ലെന്നതാണ് തമിഴ്നാടിനെ മാതൃകാസംസ്ഥാനം എന്നു വിശേഷിപ്പിക്കാൻ കാരണം. വികലാംഗരുടെ എണ്ണത്തിൽ രാജ്യത്തു പത്താംസ്ഥാനത്തുള്ള തമിഴ്നാട്ടിൽ 11,79,963 പേർ മാത്രമാണുള്ളത്.
7.62 ലക്ഷം ഭിന്നശേഷിക്കാരുള്ള സാക്ഷരകേരളത്തിൽ ഭിന്നശേഷിക്കാർക്കായി പ്രത്യേക ഗ്രാമസഭകൾ നടത്തുന്നുണ്ടെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും നിയമസഭയിലും ഇവരുടെ പ്രാതിനിധ്യം ഉറപ്പുവരുത്താനുള്ള ചർച്ചകൾ ഇതുവരെയും ഉയർന്നുവന്നിട്ടില്ല.
Leader Page
ചാണക്യതന്ത്രങ്ങൾ എന്നു കേൾക്കാത്തവരുണ്ടാകില്ല. രാഷ്ട്രീയത്തിലും ബിസിനസിലും ചാണക്യതന്ത്രങ്ങൾ പയറ്റുന്നവർ നിരവധിയാണ്. അടിസ്ഥാന രാഷ്ട്രീയഗ്രന്ഥമായ അർഥശാസ്ത്രം രചിച്ചയാളാണ് ചാണക്യൻ.
മൗര്യ സാമ്രാജ്യത്തിന്റെ ഉദയത്തിനും നന്ദ രാജവംശത്തിന്റെ നാശത്തിനും നേതൃത്വം നൽകിയ പുരാതന ഇന്ത്യൻ തത്വചിന്തകൻ, സാന്പത്തിക ശാസ്ത്രജ്ഞൻ, നിയമജ്ഞൻ, രാജകീയ ഉപദേഷ്ടാവ് എന്നിങ്ങനെ പല വിശേഷണങ്ങളും ചാണക്യനു സ്വന്തം. ചന്ദ്രഗുപ്ത മൗര്യ ചക്രവർത്തിയുടെ മുഖ്യ ഉപദേഷ്ടാവായിരുന്ന ചാണക്യൻ പരന്പരാഗതമായി കൗടില്യൻ (ഗോത്രം) അല്ലെങ്കിൽ വിഷ്ണുഗുപ്തൻ (ജന്മനാമം) എന്നും അറിയപ്പെടുന്നു.
ക്രൂരമായ പ്രായോഗികതയ്ക്കും പേരുകേട്ടയാളാണ് ചാണക്യൻ. നൂറ്റാണ്ടുകളായി ചാണക്യന്റെ ആശയങ്ങൾ ഇന്ത്യയെ സ്വാധീനിച്ചു. അദ്ദേഹത്തിന്റെ ഉപദേശങ്ങൾ വിഖ്യാതമാണ്. ശത്രുവിന്റെ ബലഹീനത മനസിലാക്കി പ്രവർത്തിക്കുകയെന്നതാണ് ഇതിൽ മുഖ്യം. അത്യാവശ്യ ഘട്ടത്തിൽ ശത്രുവിനോടു സൗഹൃദം നടിക്കുന്നതിൽ തെറ്റില്ലെന്നും മറ്റുമുള്ള ചാണക്യസൂത്രങ്ങളോടു മൂല്യബോധമുള്ളവർ വിയോജിക്കും. സ്വന്തം ലക്ഷ്യങ്ങളും ബലഹീനതകളും മറ്റാരോടും പറയരുത്. ശത്രുക്കൾക്കിത് അവസരമുണ്ടാക്കും.
ചാണക്യൻ ഞെട്ടുന്ന തന്ത്രം
വിശാലമായ ചാരശൃംഖലയും സൈനികശക്തിയും ജനങ്ങളുടെ ക്ഷേമവും എല്ലാം ചേർന്നതാണു ചാണക്യന്റെ രാജ്യവികസനം. ചാണക്യനെപ്പോലെ മാസ്റ്റർ തന്ത്രജ്ഞരെ ഇന്ത്യൻ രാഷ്ട്രീയത്തിലും കണ്ടു.
“ചാണക്യൻ ജീവിച്ചിരുന്നെങ്കിൽ, നിങ്ങളുടെ തന്ത്രം കണ്ട് അദ്ദേഹം ഞെട്ടിയേനെ” എന്നാണ്, വനിതാ സംവരണത്തിന്റെ പേരിലുള്ള ലോക്സഭാ എംപിമാരുടെ എണ്ണം കൂട്ടാനുള്ള ഭരണഘടനാ ഭേദഗതി നിയമ ചർച്ചയ്ക്കിടെ കോണ്‍ഗ്രസ് എംപി പ്രിയങ്ക ഗാന്ധി പറഞ്ഞത്. അമിത് ഷായെ വിമർശിച്ചുകൊണ്ടായിരുന്നു പ്രിയങ്കയുടെ ഈ പരിഹാസം.
വീണിതല്ലോ കിടക്കുന്നു...
പ്രത്യേക സമ്മേളനത്തിൽ ബില്ലുകൾ പരാജയപ്പെട്ടതോടെ 2029ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വനിതാ സംവരണം നടപ്പാകുമോയെന്നതു വീണ്ടും ത്രിശങ്കുവിലായി! വെറും 298 എംപിമാരാണ് ബില്ലിനെ അനുകൂലിച്ചത്. 230 എംപിമാർ എതിർത്തു. മൂന്നിൽ രണ്ടു ഭൂരിപക്ഷമില്ലാത്തതിനാൽ ഭരണഘടനാ ഭേദഗതികൾ പരാജയപ്പെട്ടു. ചർച്ചയും വോട്ടെടുപ്പും രണ്ടാംദിവസം രാത്രി ഏഴരയും കടന്നിട്ടും സർക്കാരിനു രക്ഷയുണ്ടായില്ല. മൂന്നു ബില്ലുകളെയും എതിർത്തു തോൽപ്പിക്കുമെന്ന് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചപ്പോൾത്തന്നെ സർക്കാർ വെട്ടിലായിരുന്നു. പിന്നാക്ക വിഭാഗങ്ങൾക്ക് അർഹതപ്പെട്ടതു നിഷേധിക്കുന്നതും വനിതാ സംവരണത്തിന്റെ അന്തഃസത്ത തകർക്കുന്നതുമാണു ബില്ലുകളെന്നാണു പ്രതിപക്ഷ നേതാവ് പറഞ്ഞത്.
ഒരുപക്ഷേ കഴിഞ്ഞ 12 വർഷത്തിനിടെ ആദ്യമായി മോദി-ഷാ ദ്വയത്തിന്റെ ആസൂത്രണവും തന്ത്രവും ഫലിച്ചില്ല. പ്രതിപക്ഷത്തെ വനിതാ സംവരണം എന്ന കുരുക്കിലാക്കി നേട്ടം കൊയ്യാനുള്ള കേന്ദ്രത്തിന്റെ തന്ത്രമാണ് ഇന്നലെ ലോക്സഭയിൽ പാളിയത്. മോദിയെ വെല്ലുന്ന ചാണക്യതന്ത്രങ്ങളാണു പ്രതിപക്ഷം പയറ്റിയത്. മോദിയും ഷായും ഒരുക്കിയ വനിതാ സംവരണ കെണി ഒഴിവാക്കാൻ പ്രതിപക്ഷം ഉയർത്തിയ ജാതി സെൻസസിന്റെയും മണ്ഡല പുനർനിർണയ വിവാദത്തിന്റെയും കെണിയിൽനിന്ന് അപ്പാടെ തലയൂരാൻ ബിജെപിക്കായതുമില്ല. രാഷ്ട്രീയ കൗശലത്തിൽ പ്രതിപക്ഷം ഇക്കുറി ഭരണപക്ഷത്തിനു പിന്നിലായില്ല.
രാഷ്ട്രീയലാക്കിന്റെ തിടുക്കം
വനിതാ സംവരണ നിയമം ഭേദഗതി ചെയ്യാനും എംപിമാരുടെ എണ്ണം 50 ശതമാനം വർധിപ്പിക്കാനുമുള്ള 131-ാം ഭരണഘടനാ ഭേദഗതി ബിൽ, ലോക്സഭാ മണ്ഡലങ്ങളുടെ പുനർനിർണയത്തിനുള്ള ഡീലിമിറ്റേഷൻ ബിൽ, ജമ്മു കാഷ്മീരിനും മറ്റുമുള്ള കേന്ദ്രഭരണ പ്രദേശ നിയമ ഭേദഗതി ബില്ലുകളിൻമേൽ ലോക്സഭയിൽ നടന്ന ചർച്ച ഭരണ-പ്രതിപക്ഷങ്ങളുടെ ചാണക്യതന്ത്രങ്ങളുടെ നേർക്കാഴ്ചയായി. ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സീറ്റുകൾ സംവരണം ചെയ്യുന്നതിനായി 2023ൽ പാർലമെന്റ് ഏതാണ്ട് ഏകകണ്ഠമായി പാസാക്കിയ വനിതാ സംവരണ നിയമം പക്ഷേ മോദി സർക്കാരിനു കീറാമുട്ടിയായി.
2023ൽ പാർലമെന്റ് പാസാക്കിയ ‘നാരീശക്തി വന്ദൻ അധിനിയം’ എന്ന വനിതാ സംവരണ നിയമം പ്രാബല്യത്തിലാക്കിയതു കഴിഞ്ഞ ദിവസമാണ്. പാർലമെന്റിന്റെ പ്രത്യേക ത്രിദിന സമ്മേളനം വിളിച്ചു ചർച്ച തുടങ്ങിയ ശേഷമാണു പഴയ നിയമം പ്രാബല്യത്തിലാക്കിയ വിജ്ഞാപനം കേന്ദ്രസർക്കാർ പുറപ്പെടുവിച്ചത്. രാഷ്ട്രപതിയുടെ അംഗീകാരം കിട്ടിയിട്ടും വിജ്ഞാപനം ഇറക്കാതെ കേന്ദ്രം ഒളിച്ചുകളിച്ചു. പശ്ചിമബംഗാൾ, തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പുകൾക്കും 2029ലെ ലോക്സഭാ തെരഞ്ഞെടുപ്പിനും മുന്നോടിയായി ഇപ്പോൾ കാണിച്ച തിടുക്കത്തിനു രാഷ്ട്രീയദുഷ്ടലാക്ക് ആരോപിക്കുന്നവരെ കുറ്റപ്പെടുത്താനാകില്ല.
കണക്കില്ലാതെ കള്ളക്കളി
പുതിയ ജനസംഖ്യാ കണക്കെടുപ്പ് (സെൻസസ്) പൂർത്തിയാക്കിയശേഷം ലോക്സഭാ മണ്ഡലങ്ങളുടെ അതിർത്തി പുനർനിർണയം നടത്തുമെന്നായിരുന്നു കേന്ദ്രം പ്രഖ്യാപിച്ചത്. ലോക്സഭയിലും നിയമസഭകളിലും വനിതകൾക്കു മൂന്നിലൊന്നു സീറ്റുകൾ സംവരണം ചെയ്യുന്ന നിയമം, ഇവ രണ്ടും പൂർത്തിയാക്കിയ ശേഷമേ നടപ്പാക്കുകയുള്ളൂവെന്ന് ആഭ്യന്തരമന്ത്രി ഷാ പാർലമെന്റിൽ ഉറപ്പു നൽകിയതുമാണ്. പാർലമെന്റ് പാസാക്കിയ നിയമത്തിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. 2029ലെ പൊതുതെരഞ്ഞെടുപ്പിനായി രാഷ്ട്രീയ ഭൂപടം അനുകൂലമായി പുനർരൂപകൽപന ചെയ്യാനുള്ള ബിജെപിയുടെ ശ്രമമാണു പെട്ടെന്നുള്ള മനംമാറ്റത്തിനു പിന്നിലെന്നു പ്രതിപക്ഷം സംശയിക്കുന്നു. അതിൽ തെറ്റുമില്ല.
പുതിയ സെൻസസ് കണക്കുകളില്ലാതെ പാർലമെന്ററി നിയോജകമണ്ഡലങ്ങൾ പുനർനിർണയിക്കുന്നതിനുള്ള ഡീലിമിറ്റേഷൻ ബിൽ ഉൾപ്പെടെ മൂന്നു ബില്ലുകളാണു ലോക്സഭയിൽ ഇന്നലെ പരാജയപ്പെട്ടത്. മോദിക്കും ഷായ്ക്കും ബിജെപിക്കും കനത്ത തിരിച്ചടിയാണിത്. സംഘപരിവാർ ന്യായീകരണ തൊഴിലാളികളെ ഇറക്കിയാലും രക്ഷയില്ല. വേണ്ടത്ര കൂടിയാലോചനകളോ സമവായമോ ഇല്ലാതെ തെരക്കിട്ടു നടപ്പാക്കാനൊരുങ്ങിയതാണു പ്രതിപക്ഷം ചുരുട്ടിക്കൂട്ടിയത്. പ്രതിപക്ഷത്തെ ഭിന്നതകൾ മുതലെടുക്കാമെന്നും വനിതാ സംവരണത്തെ ആർക്കും എതിർക്കാനാകില്ലെന്ന അമിത ആത്മവിശ്വാസവുമാണു തകർന്നത്.
ചിതറിയവരെ ഒന്നിപ്പിച്ചു
കോണ്‍ഗ്രസും തൃണമൂലും ഡിഎംകെയും എസ്പിയും ഇടതുപാർട്ടികളും മുതൽ ആം ആദ്മി പാർട്ടി വരെയുള്ളവരെ ഒന്നിപ്പിക്കാൻ മാത്രമാണു പ്രത്യേക പാർലമെന്റ് സമ്മേളനം വഴിതെളിച്ചത്. ചിതറിയോടിയ പ്രതിപക്ഷത്തെ ഒന്നിപ്പിച്ചതിനുള്ള ക്രെഡിറ്റ് കേന്ദ്രസർക്കാരിലെ ഏതെങ്കിലുമൊരു മന്ത്രിയുടെ തലയിൽ ചാരി തടിതപ്പുകയേ രക്ഷയുള്ളൂ. പക്ഷേ, മോദിയും ഷായും മുന്നിൽനിന്നു നയിച്ച തന്ത്രം പാളിയതിനു വേറെയാരെയും പഴിചാരിയിട്ടു കാര്യമില്ല. രാഷ്ട്രീയ കുടിലതയുടെ തിരിച്ചടിയാണെന്നു പ്രതിപക്ഷം പരിഹസിക്കുന്നു.
കേന്ദ്രസർക്കാർ ഇന്നലെ നിർദേശിച്ച ഡീലിമിറ്റേഷനുള്ള 2011ലെ സെൻസസിൽ ജാതികണക്കെടുപ്പ് ഉണ്ടായിരുന്നില്ല. രാഹുൽ ഗാന്ധിയുടെയും നിതീഷ് കുമാറിന്റെയും നിലപാടുകളെ തുടർന്നാണ് ഈ വർഷത്തെ കാനേഷുമാരി പ്രക്രിയയിൽ ജാതികൂടി ഉൾപ്പെടുത്തിയത്. ഏഴു പതിറ്റാണ്ടിൽ ആദ്യമായാണിത്. ജാതി കണക്കെടുപ്പു നടക്കാത്തിടത്തോളം, സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും ശരിയായ പ്രാതിനിധ്യം ലഭിക്കില്ലെന്ന് രാഹുലും പ്രിയങ്കയും പറഞ്ഞതു സർക്കാരിനെ വെട്ടിലാക്കാൻകൂടിയായിരുന്നു. ജാതി സെൻസസിനെ ബിജെപി ഭയപ്പെടുന്നുവെന്നും ഇരുവരും ആരോപിച്ചു. കെ.സി. വേണുഗോപാൽ, ശശി തരൂർ, അഖിലേഷ് യാദവ്, കനിമൊഴി തുടങ്ങിയവരെല്ലാം പ്രതിപക്ഷ ആക്രമണത്തിനു മൂർച്ച കൂട്ടി.
മറഞ്ഞിരിക്കുന്ന ഗൂഢതന്ത്രം
വനിതാ സംവരണത്തിനു ശ്രമിക്കുകയും അനുകൂലിക്കുകയും ചെയ്തവരാണ് കോണ്‍ഗ്രസ്. സെൻസസിനു മുന്‍പുള്ള മണ്ഡല പുനർനിർണയത്തെയും പാർലമെന്റിലെ എംപിമാരുടെ സീറ്റുകൂട്ടലിനെയും എതിർത്തു. പ്രതിപക്ഷത്തെ പ്രധാന പാർട്ടികളെല്ലാം ഇക്കാര്യത്തിൽ ഒറ്റക്കെട്ടായി നിന്നു. പശ്ചിമബംഗാൾ, തമിഴ്നാട് തെരഞ്ഞെടുപ്പുകൾക്കു പിന്നാലെ സർവകക്ഷി യോഗം വിളിച്ചു ചർച്ച ചെയ്തശേഷമേ പുതിയ ബില്ലുകൾ അവതരിപ്പിക്കാവൂ എന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പാർലമെന്റിലും രണ്ടു തവണ കത്ത് മുഖേനയും ആവശ്യപ്പെട്ടത് അവഗണിച്ചായിരുന്നു കേന്ദ്രനീക്കം.
ലോക്സഭയുടെ നിലവിലെ 543 സീറ്റുകളിൽനിന്ന് 850 സീറ്റുകളിലേക്കു വർധിപ്പിക്കാനുള്ള മോദി സർക്കാരിന്റെ പദ്ധതികൾക്കു പിന്നിൽ മറഞ്ഞിരിക്കുന്നതു ദുഷ്ട രാഷ്ട്രീയ ലക്ഷ്യമാണെന്നു പ്രതിപക്ഷം പറയുന്നു. പതിനഞ്ചു വർഷം മുന്‍പുള്ള ജനസംഖ്യ മാത്രം അടിസ്ഥാനമാക്കി സീറ്റുകൾ കൂട്ടിയാൽ ബിജെപിക്കു ഭൂരിപക്ഷം നേടുക എളുപ്പമാകും.
ഉറപ്പാക്കണം തുല്യനീതി
നൂറ്റാണ്ടുകളായുള്ള ലിംഗ വിവേചനത്തിലൂടെ പാർലമെന്റിലും നിയമസഭകളിലും പുരുഷന്മാർ കൈവശപ്പെടുത്തിയിരിക്കുന്ന രാഷ്ട്രീയ ഇടങ്ങൾ സ്ത്രീകൾക്കായി ഒഴിയേണ്ടതുണ്ട്. അതിനു പകരം സീറ്റുകൾ കൂട്ടുന്നതിലൂടെ പുരുഷാധിപത്യം വീണ്ടും ഉറപ്പിക്കുന്നു. ഇതിലും കേന്ദ്രത്തിന്റെ ദുഷ്ടലാക്കുണ്ട്. നിലവിൽ 543 എംപിമാരിൽ 86 ശതമാനം പുരുഷന്മാരാണ്. നിർദേശിക്കപ്പെട്ട 816 അല്ലെങ്കിൽ 850 അംഗ പാർലമെന്റിൽ 300ൽ താഴെ സ്ത്രീകളുടെ ശബ്ദം വീണ്ടും തഴയപ്പെടും. വിവേചനങ്ങളില്ലാത്ത തുല്യനീതിയുടെ രാജ്യമാകണം ഇന്ത്യ.
National
ന്യൂഡൽഹി: 2029 മുതൽ വനിതാ സംവരണം നടപ്പാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വനിതാ സംവരണ ബില്ലിലും മണ്ഡല പുനർനിർണയ ബില്ലിലും പാർലമെന്റിൽ നടക്കുന്ന ചർച്ചകൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
ഇന്ത്യാ സഖ്യത്തിലെ ഓരോ എംപിമാരും വനിതാ സംവരണത്തെ എതിർക്കുകയാണ്. പ്രതിപക്ഷം എതിർക്കുന്നത് വനിതാ സംവരണത്തെയല്ല മറിച്ച് അത് നടപ്പിലാക്കുന്നതിനെയാണെന്നും അമിത് ഷാ പറഞ്ഞു. മണ്ഡല പുനർനിർണയത്തെ എതിർക്കുന്നവർ പട്ടികജാതി പട്ടികവർഗ സീറ്റുകൾ വർധിപ്പിക്കുന്നതിനേയും എതിർക്കുകയാണ്.
ലോക്സഭ സീറ്റുകൾ കൂടുമ്പോൾ സംവരണ സീറ്റുകൾ കൂടും. വനിതാ ശാക്തീകരണത്തിനും ഭരണഘടനാ പരിഷ്കരണത്തിനുമുള്ള സർക്കാരിന്റെയും നരേന്ദ്ര മോദിയുടെയും പ്രഥമ ലക്ഷ്യം ഇത് കൃത്യസമയത്ത് നടപ്പിലാക്കുക എന്നതാണ്.
2029ലെ തെരഞ്ഞെടുപ്പ് വനിതാ സംവരണത്തോടെ തന്നെ നടത്തണമെന്നും അമിത് ഷാ പറഞ്ഞു. മറുപടി ചർച്ച കഴിഞ്ഞാൽ വോട്ടെടുപ്പ് ഉണ്ടാകുമെന്നാണ് വിവരം. മൂന്നിൽ രണ്ട് ഭൂരിപക്ഷമാണ് ബില്ല് പാസാകാൻ വേണ്ടത്.
മറുപടി ചർച്ച കഴിഞ്ഞാൽ വോട്ടെടുപ്പ് ഉണ്ടാകുമെന്നാണ് വിവരം. മൂന്നിൽ രണ്ട് ഭൂരിപക്ഷമാണ് ബില്ല് പാസാകാൻ വേണ്ടത്. അതേസമയം വോട്ടെടുപ്പ് കഴിഞ്ഞ് ലോക്സഭ പിരിഞ്ഞതിനുശേഷം എൻഡിഎ എംപിമാരുടെ യോഗം പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേരും.
National
ന്യൂഡൽഹി: വനിതാ സംവരണബില്ല് ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മോദിയെ ജാലവിദ്യക്കാരനോട് ഉപമിച്ച രാഹുലിന്റെ പരാമർശം വിവാദമായതോടെ ഭരണപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി.
ജാലവിദ്യക്കാരൻ ഒടുവിൽ പിടിക്കപ്പെട്ടു. ബാലക്കോട്ടും ഓപ്പറേഷൻ സിന്ദൂറും ജാലവിദ്യയാണ്. മാജിക്കുകാരനും ബിസിനുകാരനും തമ്മിൽ ബന്ധമുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഇതോടെ കടുത്ത പ്രതിഷേധവുമായി ഭരണപക്ഷം രംഗത്തെത്തി.
രാഹുൽ മാപ്പ് പറയണമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ആവശ്യപ്പെട്ടു. സഭയിൽ ഇത്തരം പരാമർശങ്ങൾ അനുവദിക്കില്ലെന്ന് സ്പീക്കർ ഓം ബിർളയും പറഞ്ഞു. ജാലവിദ്യക്കാരൻ എന്ന വാക്ക് അൺപാർലമെന്ററിയാണെന്ന് സ്പീക്കർ വ്യക്തമാക്കി.
National
ന്യൂഡൽഹി: ലോക്സഭാ സീറ്റുകളുടെ എണ്ണം പരമാവധി 850 ആയി വർധിപ്പിച്ച് 2029ലെ പൊതുതെരഞ്ഞെടുപ്പ് മുതൽ വനിതാ സംവരണം നടപ്പാക്കുന്നതിനുള്ള ഭരണഘടനാ ഭേദഗതി ഉൾപ്പെടെ മൂന്നു ബില്ലുകൾ കേന്ദ്രസർക്കാർ ലോക്സഭയിൽ അവതരിപ്പിച്ചു. ബജറ്റ് സമ്മേളനത്തിന്റെ തുടർച്ചയായി ഇന്നലെ നടന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിലാണ് ബില്ലുകൾ അവതരിപ്പിച്ചത്.
185നെതിരേ 251 വോട്ടുകൾ ഭരണപക്ഷത്തിനു ലഭിച്ചതോടെ ബില്ലവതരണത്തിനുള്ള അനുമതി ലഭിച്ചു. പ്രതിപക്ഷാംഗങ്ങൾ ബില്ലവതരണത്തിന് ഡിവിഷൻ ആവശ്യപ്പെട്ടതോടെ സ്പീക്കർ ഓം ബിർള വോട്ടെടുപ്പ് നടത്താൻ തീരുമാനിക്കുകയായിരുന്നു. സഭയിലുണ്ടായിരുന്ന പ്രതിപക്ഷാംഗങ്ങൾ ആരുംതന്നെ വോട്ടെടുപ്പിൽനിന്ന് വിട്ടുനിൽക്കുകയോ എതിർത്ത് വോട്ട് ചെയ്യുകയോ ചെയ്തില്ല.
വനിതാ സംവരണത്തെ അനുകൂലിക്കുന്നെങ്കിലും അതു നടപ്പാക്കുന്നതിന്റെ പേരിൽ മണ്ഡല പുനർനിർണയം നടത്തുന്ന കേന്ദ്രസർക്കാർ നിലപാടിനെതിരേ പ്രതിപക്ഷം ഒറ്റക്കെട്ടായി നിൽക്കുന്നുവെന്നതിന്റെ സൂചനയാണ് വോട്ടെടുപ്പിൽ തെളിഞ്ഞത്. കറുപ്പു വസ്ത്രമണിഞ്ഞ് ലോക്സഭയിൽ എത്തിയാണ് തമിഴ്നാട്ടിൽനിന്നുള്ള പ്രതിപക്ഷ എംപിമാർ ബില്ലിനെതിരായ പ്രതിഷേധം അറിയിച്ചത്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും നിയമമന്ത്രി അർജുൻ റാം മേഘ്വാളുമാണ് ബില്ലുകൾ ലോക്സഭയിൽ അവതരിപ്പിച്ചത്. 12 മണിക്കൂർ നീണ്ട ചർച്ചയ്ക്കുശേഷം ഇന്ന് വോട്ടെടുപ്പ് നടത്തും. ലോക്സഭാ സീറ്റുകളുടെ എണ്ണം 850 ആയി ഉയർത്തുന്നതിന് 131-ാമത് ഭരണഘടനാ ഭേദഗതി ബിൽ ഉൾപ്പെടുന്നതിനാലാണു വോട്ടെടുപ്പ് നടത്തുന്നത്.
ഭരണഘടനാ ഭേദഗതിയായതിനാൽ വോട്ടെടുപ്പിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷം ഉണ്ടെങ്കിൽ മാത്രമേ ബിൽ ലോക്സഭ കടക്കുകയുള്ളൂ. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന് 362 എംപിമാരുടെ പിന്തുണ ആവശ്യമാണ്. 292 എംപിമാരാണ് എൻഡിഎയ്ക്കുള്ളത്.
നിലവിലെ സാഹചര്യത്തിൽ പ്രതിപക്ഷ പിന്തുണയില്ലാതെ ഈ ഭരണഘടനാ ഭേദഗതി ബിൽ പാസാക്കാൻ കേന്ദ്രസർക്കാരിനു സാധിക്കില്ല. മണ്ഡല പുനർനിർണയ കമ്മീഷൻ (ഡീലിമിറ്റേഷൻ കമ്മീഷൻ) രൂപീകരണത്തിനും നിയമസഭകളുള്ള കേന്ദ്രഭരണ പ്രദേശങ്ങളായ ഡൽഹി, പുതുച്ചേരി, ജമ്മുകാഷ്മീർ എന്നിവയ്ക്കു ബാധകമാകുന്ന വ്യവസ്ഥകൾ ഭേദഗതി ചെയ്യുന്നതിനുമുള്ള സാധാരണ ബില്ലുകളുമാണ് ഇന്നലെ അവതരിപ്പിച്ച മറ്റു രണ്ട് ബില്ലുകൾ.
National
ന്യൂഡൽഹി: വനിതാ സംവരണ ബില്ലിനോടനുബന്ധിച്ചുള്ള ഭരണഘടനാ ഭേദഗതിയെക്കുറിച്ചും മണ്ഡല പുനർനിർണയത്തെക്കുറിച്ചും ലോക്സഭയിൽ നടക്കുന്ന നിർണായക ചർച്ചകൾ സജീവമായി തുടരുന്നു. ഏപ്രിൽ 16ന് ഉച്ചയ്ക്ക് 1:00 മണിയോടെയാണ് ലോക്സഭയിൽ ഈ വിഷയത്തിൽ ഔദ്യോഗികമായ ചർച്ചകൾക്ക് തുടക്കമായത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിന് പിന്നാലെ പ്രതിപക്ഷാംഗങ്ങളും ചർച്ചയിൽ പങ്കുചേർന്നു.
നിലവിലെ തീരുമാനമനുസരിച്ച്, അംഗങ്ങളുടെ ബാഹുല്യം കണക്കിലെടുത്ത് രാത്രി 11:30 വരെ ചർച്ചകൾ നീണ്ടുനിൽക്കാൻ സാധ്യതയുണ്ട്. ഓരോ പാർട്ടിയിലെയും പ്രമുഖ നേതാക്കൾക്ക് സംസാരിക്കാൻ സമയം അനുവദിച്ചിട്ടുള്ളതിനാൽ അർദ്ധരാത്രിയോടെ മാത്രമേ വോട്ടെടുപ്പിലേക്കോ സമാപനത്തിലേക്കോ കടക്കുകയുള്ളൂ.
രാജ്യത്തെ സ്ത്രീശക്തിയെ ശാക്തീകരിക്കുന്നതിനായുള്ള ചരിത്രപരമായ നീക്കമാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവർത്തിച്ചു. മണ്ഡല പുനർനിർണയത്തിന് ശേഷം ലോക്സഭയിലെ സീറ്റുകൾ 850 ആയി വർദ്ധിക്കുന്നതോടെ ഒരു സംസ്ഥാനത്തിനും പ്രാതിനിധ്യം കുറയില്ലെന്ന് കേന്ദ്രം ഉറപ്പുനൽകി.
രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ ചർച്ചയിൽ സജീവമായി ഇടപെടുന്നു. സംവരണത്തിനൊപ്പം ജാതി സെൻസസ് കൂടി നടപ്പാക്കണമെന്നും ഒബിസി വിഭാഗത്തിന് അർഹമായ പ്രാതിനിധ്യം ഉറപ്പാക്കണമെന്നുമാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആവശ്യം.
തമിഴ്നാട്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ മണ്ഡല പുനർനിർണയത്തിലെ ആശങ്കകൾ ഉന്നയിച്ചു. ഇതിന് മറുപടിയായി കേരളത്തിന് 30 സീറ്റുകളും തമിഴ്നാടിന് 59 സീറ്റുകളും ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി.
വിപുലമായ ചർച്ചകൾക്ക് ശേഷം നാളെ രാവിലെ പുതിയ റിപ്പോർട്ടുകൾ സഭയിൽ സമർപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാളെ വൈകുന്നേരം നാല് മണിയോടെയാകും ബില്ലിൽ വോട്ടെടുപ്പ്.
National
ന്യൂഡൽഹി: വനിതാ സംവരണ ബില്ലിനോടനുബന്ധിച്ചുള്ള മണ്ഡല പുനർനിർണയ ചർച്ചകളിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രിയങ്ക ഗാന്ധി എംപി. എന്നാൽ പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് സീറ്റുകളുടെ കാര്യത്തിൽ ഒരു നഷ്ടവും സംഭവിക്കില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി നൽകി.
സ്വാതന്ത്ര്യത്തിന് പിന്നാലെ സ്ത്രീകൾക്ക് വോട്ടവകാശം ഉറപ്പാക്കിയതും തദ്ദേശ ഭരണസ്ഥാപനങ്ങളിൽ സംവരണം ഏർപ്പെടുത്തിയതും കോൺഗ്രസാണെന്ന് പ്രിയങ്ക ഓർമിപ്പിച്ചു. അന്ന് ബിജെപി സംവരണത്തെ എതിർക്കുകയായിരുന്നുവെന്നും അവർ ആരോപിച്ചു. ഒബിസി വിഭാഗത്തിന് അർഹമായ സംവരണം നൽകാൻ സർക്കാർ ഭയപ്പെടുകയാണ്. ജാതി സംവരണം ഒഴിവാക്കാനാണ് പഴയ സെൻസസ് കണക്കുകൾ ആധാരമാക്കുന്നത്. ഒബിസി വിഭാഗത്തിന്റെ അവകാശങ്ങൾ കവരാൻ അനുവദിക്കില്ലെന്നും അവർ വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ത്രീകളുടെ ചാമ്പ്യനാകാൻ ശ്രമിക്കുകയാണെന്നും എന്നാൽ നിലവിലെ 543 സീറ്റുകളിലും ഇപ്പോൾ തന്നെ സംവരണം നടപ്പാക്കാത്തത് എന്തുകൊണ്ടാണെന്നും പ്രിയങ്ക ചോദിച്ചു. മണ്ഡല പുനർനിർണയത്തിന് ശേഷം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ സീറ്റ് വിഹിതം കുറയുമെന്നത് വസ്തുതാവിരുദ്ധമാണ്. എല്ലാ സംസ്ഥാനങ്ങളിലും സീറ്റുകളുടെ എണ്ണത്തിൽ 50 ശതമാനം വർധനവുണ്ടാകും.
തമിഴ്നാടിന്റെ സീറ്റ് വിഹിതം 7.18 ശതമാനത്തിൽ നിന്ന് 7.23 ശതമാനമായി ഉയരും. കർണാടകയിലെ സീറ്റുകൾ 28-ൽ നിന്ന് 42 ആയി വർധിക്കും. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് നഷ്ടമുണ്ടാകില്ലെന്ന് ആഭ്യന്തര മന്ത്രി എന്ന നിലയിൽ ഉറപ്പ് നൽകുന്നുവെന്നും അമിത് ഷാ പറഞ്ഞു. നിലവിലെ മണ്ഡല പുനർനിർണയ ചട്ടങ്ങൾ യുപി.എ സർക്കാരിന്റെ കാലത്ത് പാസാക്കിയതാണെന്നും സർക്കാർ അത് പിന്തുടരുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വനിതാ സംവരണ ബില്ലിന്റെ ക്രെഡിറ്റ് തനിക്ക് വേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. എന്നാൽ ബില്ലിനെ എതിർക്കുന്നവരോട് രാജ്യത്തെ സ്ത്രീകൾ ക്ഷമിക്കില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. സംസ്ഥാനങ്ങൾക്ക് ഇപ്പോൾ ലോക്സഭയിലുള്ള സീറ്റ് അനുപാതം അതേപടി നിലനിർത്തുമെന്നും അദ്ദേഹം ഉറപ്പ് നൽകി.
അതേസമയം, ഭരണഘടനയെ ഹൈജാക്ക് ചെയ്ത് സംസ്ഥാനങ്ങളുടെ അവകാശം ഇല്ലാതാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് പ്രതിപക്ഷം തിരിച്ചടിച്ചു. വോട്ടെടുപ്പിന് ശേഷമാണ് ഭരണഘടനാ ഭേദഗതി ബിൽ ചർച്ചയ്ക്കെടുക്കാൻ സഭ അനുമതി നൽകിയത്. വരും ദിവസങ്ങളിൽ ഈ വിഷയത്തിൽ കൂടുതൽ വിശദമായ റിപ്പോർട്ട് സർക്കാർ സഭയിൽ സമർപ്പിക്കും.
National
ന്യൂഡൽഹി: വനിതാ സംവരണ ബിൽ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ബില്ലിനെ എതിർക്കുന്നവർക്ക് രാജ്യത്തെ സ്ത്രീകൾ മാപ്പ് നൽകില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ വികസനയാത്രയിലെ സുപ്രധാന നിമിഷമാകും വനിതാ സംവരണ ബിൽ പാസാക്കുന്നത്.
രാഷ്ട്രീയ കാരണങ്ങൾ കൊണ്ടാണ് ബില്ലിനെ പലരും എതിർക്കുന്നത്. നമ്മൾ ഒരുമിച്ച് നിന്നാൽ അതിലൂടെ ഇതിഹാസം രചിക്കാമെന്നും എംപിമാരോട് പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്യത്തെ ജനസംഖ്യയിൽ പകുതി വരുന്ന സ്ത്രീകളെ ഭരണത്തിന്റെ ഭാഗമാക്കാനുള്ള വലിയ അവസരമാണിത്.
ഈ അവസരം കളയരുതെന്നും പ്രധാനമന്ത്രി ലോക്സഭയിൽ ആവശ്യപ്പെട്ടു. രാജ്യത്തിന്റെ രാഷ്ട്രീയവും ദിശയും ഇത് മാറ്റി മറിയ്ക്കും. പഞ്ചായത്തിൽ സംവരണം അനുവദിച്ചവർ തന്നെ ലോക്സഭയിൽ ഇത് അനുവദിക്കാത്തത് വിരോധാഭാസമാണ്. സ്വന്തം സ്ഥാനം പോകും എന്ന ഭയമാണ് ചിലരെ നയിക്കുന്നതെന്നും പ്രധാനന്ത്രി വ്യക്തമാക്കി.
ബില്ലിനെ രാഷ്ട്രീയത്തിന്റെ അളവുകോൽവച്ച് കാണരുത്. ഇത് ദേശീയ താൽപര്യം മുൻനിർത്തിയുള്ള തീരുമാനമാണ്. തനിക്ക് ബില്ലിന്റെ ക്രെഡിറ്റ് വേണ്ട. ബിൽ പാസാൽ ക്രെഡിറ്റ് പ്രതിപക്ഷത്തിനു നൽകാമെന്നും നരേന്ദ്ര മോദി പറഞ്ഞു.
National
ന്യൂഡൽഹി: വനിതാ സംവരണ ബില്ലിനെതിരെ ലോക്സഭയിൽ പ്രതിപക്ഷ പ്രതിഷേധം. ബില്ല് അവതരിപ്പിക്കാൻ സ്പീക്കർ നീക്കം നടത്തിയതോടെയാണ് പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രതിപക്ഷ അംഗങ്ങളോട് സീറ്റിൽ ഇരിക്കാൻ സ്പീക്കർ നിർദേശിച്ചെങ്കിലും അവർ വഴങ്ങിയില്ല.
ബില്ലിനോട് സഹകരിക്കേണ്ടെന്നാണ് പ്രതിപക്ഷ തീരുമാനം. ഡിഎംകെ അംഗങ്ങൾ കറുത്ത വസ്ത്രം ധരിച്ചാണ് സഭയിൽ എത്തിയത്. വനിതാ ബിൽ ഭേദഗതി അവതരിപ്പിക്കാൻ സർക്കാർ അനുമതി തേടിയതോടെ കെ.സി. വേണുഗോപാൽ എംപി എതിർത്ത് സംസാരിച്ചു.
ഫെഡറൽ തത്വത്തിന് നേരെയുള്ള ആക്രമണമാണെന്നും ഭരണഘടനയെ ഹൈജാക്ക് ചെയ്യാനുള്ള നീക്കമാണെന്നും വേണുഗോപാൽ പറഞ്ഞു. ഇതോടെ സ്പീക്കർ ഇടപെട്ടു. എന്നാൽ സംസാരിക്കണമെന്ന ആവശ്യം പ്രതിപക്ഷം ഉയർത്തി. എല്ലാം സംസാരിക്കാൻ അവസരം നൽകുമെന്നും എല്ലാവർക്കും സമയം ലഭിക്കുമെന്നും സ്പീക്കർ പറഞ്ഞു.
ബിൽ അവതരിപ്പിക്കാൻ അനുവദിച്ചാൽ അല്ലേ ചർച്ച നടക്കൂവെന്നും ബില്ലിനെക്കുറിച്ച് അറിയാതെയാണ് പ്രതിപക്ഷം സംസാരിക്കുന്നതെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.
National
ന്യൂഡൽഹി: ഏപ്രിൽ 16 മുതൽ 18 വരെ നടക്കാനിരിക്കുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ പങ്കെടുക്കാൻ ബിജെപിക്കു പുറമെ എംപിമാർക്ക് വിപ്പ് നൽകി കോണ്‍ഗ്രസും.
സമ്മേളന കാലയളവിൽ സുപ്രധാന വിഷയങ്ങൾ സഭയിൽ ചർച്ചയ്ക്കും വോട്ടെടുപ്പിനും വിധേയമാകുമെന്നും അതിനാൽ എല്ലാ എംപിമാരും മൂന്നു ദിവസവും സമ്മേളനത്തിൽ പങ്കെടുക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
2023 ലെ "നാരി ശക്തി വന്ദൻ അധി നിയം’ നടപ്പിലാക്കുന്നതിനുള്ള ഭേദഗതി ബില്ലിൽ പാർട്ടിയുടെ നിലപാടിനെ പിന്തുണയ്ക്കണമെന്നും എംപിമാരോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ബിജെപി തങ്ങളുടെ എംപിമാർക്ക് ഞായറാഴ്ച വിപ്പ് നൽകിയിരുന്നു.
National
ന്യൂഡൽഹി: വനിതാ സംവരണം യാഥാർത്ഥ്യമാക്കുന്നതിനായുള്ള നിർണായകമായ ഭരണഘടനാ ഭേദഗതികൾക്കായി ഏപ്രിൽ 16 മുതൽ പാർലമെന്റിന്റെ മൂന്ന് ദിവസത്തെ പ്രത്യേക സമ്മേളനം ചേരും. 2023-ൽ പാസാക്കിയ 'നാരീശക്തി വന്ദൻ അധിനിയം' നടപ്പിലാക്കുന്നതിനായുള്ള ഭേദഗതി ബില്ലും ഡീലിമിറ്റേഷൻ (മണ്ഡല പുനർനിർണയം) ബില്ലുമാണ് ഈ സമ്മേളനത്തിൽ അവതരിപ്പിക്കുക.
നിയമസഭകളിലും ലോക്സഭയിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സെൻസസ് വൈകുന്ന സാഹചര്യത്തിൽ, 2011ലെ സെൻസസ് വിവരങ്ങൾ അടിസ്ഥാനമാക്കി മണ്ഡല പുനർനിർണ്ണയം നടത്തി സംവരണം നടപ്പിലാക്കാനാണ് കേന്ദ്ര സർക്കാരിന്റെ നീക്കം. മണ്ഡല പുനർനിർണയം പൂർത്തിയാകുന്നതോടെ ലോക്സഭയിലെ ആകെ സീറ്റുകളുടെ എണ്ണം 543-ൽ നിന്ന് 816 ആയി ഉയർന്നേക്കാം.
National
ന്യൂഡൽഹി: വനിതാ സംവരണ ബിൽ വ്യാഴാഴ്ച തുടങ്ങുന്ന പാർലമെന്റ് സമ്മേളനത്തിൽ യാഥാർഥ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നടന്ന നാരിശക്തി വന്ദൻ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വനിതാ സംവരണ ബില്ല് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനമാണ്. നാരി ശക്തിക്കായി ഈ ചരിത്രപരമായ നീക്കം സമർപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വനിതാ സംവരണ ബില്ലിന്റെ കാര്യത്തിൽ ഇന്ത്യ ഒറ്റക്കെട്ടായി നിലകൊള്ളുകയാണ്.
40 വർഷത്തിനു ശേഷമാണ് ബിൽ വരുന്നത്. ഇത് 2029 ഓടെ നടപ്പിലാക്കണം. 21-ാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനങ്ങളിലൊന്നാണിതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. 2023 ൽ രാഷ്ട്രീയ ഭേദമന്യേ ഒറ്റക്കെട്ടായാണ് പാർലമെന്റ് വനിതാ സംവരണ ബില്ല് പാസാക്കിയത്.
2029 ഓടെ നിയമം നടപ്പിലാക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം കൂടി പരിഗണിച്ചാണ് ബിൽ പാസാക്കാൻ സർക്കാർ മുൻകൈ എടുക്കുന്നത്. ഈ തീരുമാനം ഒരു പുതിയ യുഗത്തിന്റെ തുടക്കമാണ്. കൂടാതെ എല്ലാ രാഷ്ട്രീയ പാർട്ടികളും ഈ പരിശ്രമത്തിൽ അവരുടേതായ രീതിയിൽ സംഭാവന നൽകിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
National
ന്യൂഡൽഹി: പാർലമെന്റിലും നിയമസഭയിലും വനിതാ സംവരണം നടപ്പിലാക്കുന്നതിന് ആവശ്യമായ ഭരണഘടനാ ഭേദഗതി ബിൽ അവതരിപ്പിക്കുന്നതിനും പാസാക്കുന്നതിനുമായി വിളിച്ച പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് ബിജെപി എംപിമാർക്ക് മൂന്നു വരി വിപ്പ് നൽകി.
വിപ്പ് കർശനമായി പാലിക്കണമെന്നും സമ്മേളനം നടക്കുന്ന മൂന്നു ദിവസം അവധി അനുവദിക്കില്ലെന്നും എംപിമാരെ അറിയിച്ചു.2023ലെ നാരീശക്തി വന്ദൻ നിയമത്തിൽ മാറ്റം വരുത്താനാണ് കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുന്നത്.
നിലവിൽ വരാനിരിക്കുന്ന സെൻസസിന്റെയും ഡീലിമിറ്റേഷന്റെയും അടിസ്ഥാനത്തിൽ വനിതാ സംവരണം നടപ്പാക്കാനായിരുന്നു നിർദേശം. എന്നാൽ, അടുത്ത പൊതുതെരഞ്ഞെടുപ്പിൽ സംവരണം നടപ്പാക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നതിനാൽ 2011ലെ സെൻസസ് വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള ഭേദഗതി നിർദേശിക്കാനാണ് സർക്കാർ നീക്കം.
എന്നാൽ ബില്ലിനെ അനുകൂലിക്കുന്ന നിലപാട് സ്വീകരിച്ചെങ്കിലും കൂടിയാലോചനകൾ ഇല്ലാതെ ഏകപക്ഷീയ തീരുമാനത്തെ പ്രതിപക്ഷം പാർലമെന്റിന് അകത്തും പുറത്തും ചോദ്യം ചെയ്യും. ബംഗാളിലും തമിഴ്നാട്ടിലും നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ രാഷ്ട്രീയ മുതലെടുപ്പ് ലക്ഷ്യമിട്ടാണ് പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ച് ബിൽ പരിഗണിക്കുന്നത് എന്ന ആരോപണവും പ്രതിപക്ഷം ഉന്നയിക്കുന്നു.
പ്രത്യേക സമ്മേളനം വിളിക്കുന്നതിന് മുന്‍പ് പ്രതിപക്ഷവുമായി കൂടിയാലോചന നടത്താൻ സർക്കാർ പരാജയപ്പെട്ടു എന്നാരോപിച്ച് രാജ്യസഭാ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് അധ്യക്ഷനുമായ മല്ലികാർജുൻ ഖാർഗെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കഴിഞ്ഞ ദിവസം കത്തെഴുതിയിരുന്നു .
International
ആഥൻസ്: പതിനഞ്ചിനു താഴെ പ്രായമുള്ളവരുടെ സോഷ്യൽ മീഡിയ ഉപയോഗം നിരോധിക്കുമെന്ന് ഗ്രീക്ക് ഭരണകൂടം അറിയിച്ചു. ഇതിനുള്ള ബിൽ വൈകാതെ പാർലമെന്റിൽ അവതരിപ്പിക്കും.അടുത്ത ജനുവരി ഒന്നിനു നിയമം പ്രാബല്യത്തിലാകും.
ഫേസ്ബുക്ക്, ടിക്ടോക്, സ്നാപ്ചാറ്റ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്കു നിരോധനം ബാധകമായിരിക്കും. യുട്യൂബ്, വാട്ട്സാപ്പ്, വൈബർ, മെസഞ്ചർ തുടങ്ങിയ വീഡിയോ സ്ട്രീമിംഗ്, മെസേജിംഗ് ആപ്പുകളെ ഒഴിവാക്കും.
നിയമം പ്രാബല്യത്തിൽ വന്നുകഴിഞ്ഞാൽ പതിനഞ്ചിനു താഴെ പ്രായമുള്ളവർ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നില്ല എന്ന് ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്വം സോഷ്യൽ മീഡിയ കന്പനികൾക്കാണ്.
സോഷ്യൽ മീഡിയ ഉപയോഗം കുട്ടികളിൽ ഉത്കണ്ഠ, ഉറക്കമില്ലായ്മ, അടിമത്തം എന്നിവയ്ക്കു കാരണമാകുന്നതിനാലാണ് നടപടിയെന്നു ഗ്രീക്ക് പ്രധാനമന്ത്രി കിര്യാക്കോസ് മിറ്റ്സോതാക്കീസ് പറഞ്ഞു.
കുട്ടികളെ സോഷ്യൽ മീഡിയയിൽനിന്നു പുറത്താക്കിയ ആദ്യരാജ്യം ഓസ്ട്രേലിയയാണ്. ഡിസംബറിലാണ് ഓസ്ട്രേലിയയിൽ നിയമം പ്രാബല്യത്തിലായത്. ബ്രിട്ടൻ, മലേഷ്യ, ഫ്രാൻസ്, ഡെന്മാർക്ക്, പോളണ്ട് തുടങ്ങിയ രാജ്യങ്ങൾ സമാന നീക്കത്തിലാണ്.
National
ന്യൂഡൽഹി: അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനിടെ തിരക്കിട്ടു വനിതാ സംവരണം നടപ്പാക്കാനുള്ള പുതിയ ഭരണഘടനാ ഭേദഗതികളെച്ചൊല്ലി പാർലമെന്റിൽ ഭരണ-പ്രതിപക്ഷ പോര്.
ഇന്നലെ സമാപിക്കേണ്ടിയിരുന്ന പാർലമെന്റിന്റെ ബജറ്റ് സമ്മേളനം വനിതാ സംവരണത്തിനായുള്ള പുതിയ ഭേദഗതികൾക്കായി ഈ മാസം 16, 17, 18 തീയതികളിൽ വീണ്ടും ചേരാനുള്ള സർക്കാർ നീക്കമാണു രാഷ്ട്രീയ വാക്പോരിനു വഴിതെളിച്ചത്.
തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിലിരിക്കെ സർക്കാരിനു രാഷ്ടീയനേട്ടം ഉണ്ടാക്കാനായി സഭ പ്രത്യേകമായി വീണ്ടും സമ്മേളിക്കുന്നത് ശരിയല്ലെന്നു ചൂണ്ടിക്കാട്ടി രാജ്യസഭയിൽ കോണ്‍ഗ്രസ് ചീഫ് വിപ്പ് ജയ്റാം രമേശാണു വിഷയം ഉയർത്തിയത്.
ജയ്റാമിനു പുറമെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ, എഎപി നേതാവ് സഞ്ജയ് സിംഗ്, ആർജെഡി നേതാവ് മനോജ്കുമാർ ഝാ തുടങ്ങിയവർ സർക്കാരിന്റേതു രാഷ്ട്രീയപ്രേരിത നീക്കമെന്നു കുറ്റപ്പെടുത്തിയപ്പോൾ കേന്ദ്രമന്ത്രിമാരായ രാജ്യസഭാ നേതാവ് ജെ.പി. നഡ്ഡ, പിയൂഷ് ഗോയൽ, കിരണ്‍ റിജിജു എന്നിവർ സർക്കാരിനെ പ്രതിരോധിച്ചു.
എന്നാൽ, വനിതാ ഭേദഗതി ബില്ലുകൾ പരിഗണിക്കാനായി പാർലമെന്റ് ചേരുന്ന കൃത്യ തീയതികൾ പാർലമെന്ററികാര്യ മന്ത്രി റിജിജു പറഞ്ഞില്ല.
ആഴ്ചകൾക്കകം സമ്മേളിക്കുമെന്നു മാത്രമാണു മന്ത്രി പറഞ്ഞത്. വനിതകളോട് ആത്മാർഥതയുണ്ടായിരുന്നെങ്കിൽ ഇന്നലെ സമാപിച്ച ബജറ്റ് സമ്മേളനത്തിന്റെ രണ്ടു ഘട്ടങ്ങളിലും വനിതാ സംവരണ ഭേദഗതി ബില്ലുകൾ എന്തുകൊണ്ടു വന്നില്ലെന്ന് ഖാർഗെ ചോദിച്ചു.
തമിഴ്നാട്ടിലും പശ്ചിമബംഗാളിലും വോട്ടെടുപ്പ് പൂർത്തിയാക്കുന്ന 29നുശേഷം സർവകക്ഷി യോഗം വിളിച്ചു വിഷയം ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷനേതാവെന്ന നിലയിൽ രണ്ടുതവണ സർക്കാരിനു കത്തെഴുതിയിരുന്നുവെന്ന് ഖാർഗെയും ജയ്റാം രമേശും പറഞ്ഞു.
ഏപ്രിൽ 29നുശേഷം സർവകക്ഷി യോഗം ചേരണമെന്നും അതിനു പിന്നാലെ മാത്രമേ പാർലമെന്റിൽ നിയമഭേദഗതികൾ പാസാക്കാവൂ എന്നും പ്രതിപക്ഷനേതാവ് എഴുതിയിരുന്നതായി റിജിജു പറഞ്ഞു.
പ്രതിപക്ഷത്തിന്റെ അഭിപ്രായം കേൾക്കുമെങ്കിലും സർക്കാരാണു തീരുമാനിക്കുകയെന്ന് മന്ത്രി റിജിജു ചൂണ്ടിക്കാട്ടി. വനിതാ സംവരണത്തിന്റെ ക്രഡിറ്റ് പ്രധാനമന്ത്രി മോദിക്കു കിട്ടിക്കഴിഞ്ഞുവെന്നും നഡ്ഡ പറഞ്ഞു. എന്നാൽ, കോണ്‍ഗ്രസാണു വനിതാ സംവരണ ബിൽ ആദ്യം കൊണ്ടുവന്നതെന്നും കോണ്‍ഗ്രസിന്റെ പിന്തുണയിലാണ് ഏകകണ്ഠമായി ബിൽ പാസാക്കിയതെന്നും ഖാർഗെ പറഞ്ഞു.
വനിതാ സംവരണ നിയമം ഏകകണ്ഠമായി ലോക്സഭയിലും രാജ്യസഭയിലും പാസാക്കിയശേഷം രണ്ടര വർഷത്തിലേറെ അതിന്മേൽ സുഖമായി കിടന്നുറങ്ങിയവരാണ് തെരഞ്ഞെടുപ്പുകൾക്കിടയിൽ രാഷ്ട്രീയലാഭത്തിനായി പുതിയ നീക്കം നടത്തുന്നതെന്ന് ഖാർഗെയും ജയ്റാമും കുറ്റപ്പെടുത്തി.
National
ന്യൂഡൽഹി: സിആർപിഎഫ്, ബിഎസ്എഫ്, ഇന്തോ - ടിബറ്റൻ ബോർഡർ പോലീസ്, സശസ്ത്ര സീമബൽ എന്നീ കേന്ദ്ര സായുധസേനകളിലേക്കുള്ള നിയമനങ്ങളും ഡെപ്യൂട്ടേഷനും സ്ഥാനക്കയറ്റവും ക്രമീകരിക്കുന്നതിനായി കേന്ദ്ര സർക്കാർ അവതരിപ്പിച്ച സെൻട്രൽ ആംഡ് പോലീസ് ഫോഴ്സ് (ജനറൽ അഡ്മിനിസ്ട്രേഷൻ) ബിൽ ലോക്സഭ പാസാക്കി.
സ്റ്റാൻഡിംഗ് കമ്മിറ്റിക്കു വിടണമെന്ന പ്രതിപക്ഷ ആവശ്യം തള്ളിയാണ് ഇരുസഭകളും ശബ്ദവോട്ടോടെ ബിൽ പാസാക്കിയത്.
കേന്ദ്രസേനകളിലെ ഐജിയോ അതിനുമുകളിലോ ഉള്ള തസ്തികകളിലേക്ക് ഇന്ത്യൻ പോലീസ് സേനയിൽനിന്ന് 50 ശതമാനം പേരെയും അഡീഷണൽ ഡയറക്ടർ ജനറൽ തസ്തികകളിലേക്ക് കുറഞ്ഞത് 67 ശതമാനം പേരെയും സ്പെഷൽ ഡയറക്ടർ ജനറൽ, ഡയറക്ടർ ജനറൽ തസ്തികകളിലേക്കുള്ള നിയമനം പൂർണമായും ഡെപ്യൂട്ടേഷൻ വഴിയായിരിക്കണമെന്നുമാണ് ബില്ലിലെ വ്യവസ്ഥ.
ഐപിഎസ് ഉദ്യോഗസ്ഥർക്കു മേധാവിത്വമുള്ള ഈ സംവിധാനം സേനയ്ക്കുള്ളിൽനിന്നുള്ള ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റ സാധ്യതകളെ ഇല്ലാതാക്കുമെന്ന് ലോക്സഭയിൽ പ്രതിപക്ഷാംഗങ്ങൾ ചൂണ്ടിക്കാട്ടിയെങ്കിലും സർക്കാർ വഴങ്ങിയില്ല.
National
ന്യൂഡൽഹി: സ്വഭാവികനീതിക്കു വിരുദ്ധമായ വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതി ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പാർലമെന്റിനകത്തും പുറത്തും പ്രതിഷേധമുയർത്തി പ്രതിപക്ഷ എംപിമാർ.
‘എൻജിഒകളെയും സ്ഥാപനങ്ങളെയും ലക്ഷ്യമിടുന്നത് അവസാനിപ്പിക്കുക’ എന്നെഴുതിയ ബാനർ പാർലമെന്റിന്റെ പ്രധാന കവാടത്തിനു പുറത്ത് പ്രദർശിപ്പിച്ചുകൊണ്ട് പ്രതിഷേധിച്ച എംപിമാർ കേന്ദ്രസർക്കാർ നടപടിക്കെതിരേ മുദ്രാവാക്യങ്ങൾ മുഴക്കുകയും ബിൽ പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ബിൽ പാർലമെന്റിന്റെ പരിഗണനയ്ക്ക് ഇന്നലെ എത്തുമെന്ന് അറിഞ്ഞതോടെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിരക്കിലായിരുന്ന കേരള എംപിമാരോട് ഉൾപ്പെടെ ബില്ലിന്റെ ഗൗരവം കണക്കിലെടുത്ത് ഡൽഹിയിലെത്താൻ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടിരുന്നു.
രാവിലെ 11ന് പാർലമെന്റ് നടപടി ആരംഭിച്ചപ്പോൾത്തന്നെ പ്രതിപക്ഷ എംപിമാർ എഫ്സിആർഎ ബില്ല് പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുദ്രാവാക്യങ്ങൾ മുഴക്കി. ഇരിപ്പിടത്തിൽനിന്ന് എഴുന്നേറ്റ എംപിമാർ എന്നാൽ നടുത്തളത്തിലേക്ക് ഇറങ്ങിയില്ല.
പ്രതിഷേധം ശക്തമായതോടെ കേന്ദ്ര ന്യൂനപക്ഷ, പാർലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു ബില്ല് പരിഗണനയ്ക്കെടുക്കുന്നില്ലെന്ന് വ്യക്തമാക്കി. കഴിഞ്ഞദിവസം ബിൽ പാർലമെന്റിൽ അവതരിപ്പിച്ചതിനാലാണ് ഇന്നലെ വീണ്ടും പരിഗണനയ്ക്കെത്തിയത്.
രാജ്യസുരക്ഷയ്ക്കും ദേശതാത്പര്യം നിലനിർത്തുന്നതിനുമാണ് വിദേശ സംഭാവന നിയന്ത്രണ നിയമം ഭേദഗതി ചെയ്യാൻ സർക്കാർ തീരുമാനിച്ചത്. ഒരു സംഘടനയെയോ മതത്തെയോ ബില്ല് ലക്ഷ്യം വയ്ക്കുന്നില്ല. എന്നാൽ ഭേദഗതി സംബന്ധിച്ച തെറ്റായ പ്രചരണം കോണ്‍ഗ്രസും സിപിഎമ്മും കേരളത്തിൽ നടത്തുന്നതായും കേന്ദ്രമന്ത്രി ആരോപിച്ചു. തുടർന്ന് 12 വരെ സഭ നിർത്തിവയ്ക്കുന്നതായി സ്പീക്കർ അറിയിച്ചു.
കേരളത്തിൽനിന്ന് എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, എൻ.കെ. പ്രേമചന്ദ്രൻ, ബെന്നി ബെഹനാൻ, ഇ.ടി. മുഹമ്മദ് ബഷീർ, എം.കെ .രാഘവൻ, ഫ്രാൻസിസ് ജോർജ്, ആന്റോ ആന്റണി, ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, അബ്ദുൾ സമദാനി, ജെബി മേത്തർ, കെ. രാധാകൃഷ്ണൻ തുടങ്ങിയവർ പ്രതിഷേധത്തിൽ പങ്കെടുത്തു.
Kerala
കൊച്ചി: എഫ്സിആര്‍എ നിയമഭേദഗതിക്കെതിരെ കേരള കത്തോലിക്കാ മെത്രാന് സമിതി. ഭേദഗതിയില്‍ നീതി നിഷേധമുണ്ട്. ബിൽ ഭരണഘടനാ വിരുദ്ധമെന്നും കെസിബിസി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ബിൽ പാര്‍ലമെന്ററി സബ്ജക്ട് കമ്മിറ്റിക്ക് വിടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും അഭ്യന്തര മന്ത്രിക്കും കെസിബിസി കത്തയച്ചു.
ഭരണഘടന ഉറപ്പു നല്കുന്ന മൗലിക അവകാശങ്ങളും ന്യൂനപക്ഷ അവകാശങ്ങളും നിഷേധിക്കുന്നതാണ് ബിൽ. ജാതി-മത ഭേദമന്യേ സന്നദ്ധ സംഘടനകള്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റ് സ്ഥാപനങ്ങളും ആരാധനാലയങ്ങളും അനായാസമായി പിടിച്ചെടുക്കാനാകുന്ന അധികാര ദുര്‍വിനിയോഗത്തിന്റെ നിരവധി സാധ്യതകള്‍ ഈ ഭേദഗതിയിലൂടെ ഉണ്ടാവുന്നത് ആശങ്കാജനകമാണ്.
കത്തോലിക്ക സഭയുടേതുള്‍പ്പെടെ നിയമാനുസൃതമായി പ്രവര്‍ത്തിച്ചു വരുന്ന നിരവധി സന്നദ്ധ സംഘടനകളുടെ എഫ്സിആര്‍എ അക്കൗണ്ടുകള്‍ പുതുക്കി നല്‍കാത്ത സാഹചര്യമാണ് നിലവില്‍. അതിനു പുറമേ അനിയന്ത്രിത അധികാരത്തോട് കൂടിയുള്ള പുതിയ സംവിധാനങ്ങള്‍ സന്നദ്ധ സേവന മേഖലയില്‍ മതപരവും വര്‍ഗീയവുമായ പ്രതിസന്ധികള്‍ സൃഷ്ടിക്കാന്‍ ഇടയാകും.
ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന ബിൽ പൊതു സമൂഹത്തിലോ പാര്‍ലമെന്റിലോ വിശദമായ ചര്‍ച്ചയ്ക്ക് പോലും വന്നിട്ടില്ല. ആയതിനാല്‍ കൂടുതല്‍ പഠനത്തിനും ചര്‍ച്ചക്കുമായി ഈ ബില്ല് പാര്‍ലമെന്ററി സബ്ജക്ട് കമ്മിറ്റിക്ക് വിടണം എന്ന ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് കെസിബിസി പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും കത്തയച്ചു.
കെസിബിസി പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് വര്‍ഗീസ് ചക്കാലക്കല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കേരളത്തിലെ 32 കത്തോലിക്കാ രൂപതകളുടെയും മെത്രാന്മാര് പങ്കെടുത്തു.
National
ന്യൂഡൽഹി: എഫ്സിആർഎ നിയമഭേദഗതി ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള ആർഎസ്എസ് അജൻഡയാണെന്ന് ഡീൻ കുര്യാക്കോസ് എംപി. ഡൽഹിയിൽ ദീപിക ഒാൺലൈൻ പ്രതിനിധിയോടു സംസാരിക്കുകയായിരുന്നു എംപി.
ഒരു അഥോറ്റിയെ രൂപീകരിച്ച് ഏതെങ്കിലുമൊരു ചാരിറ്റി സ്ഥാപനത്തിനെതിരേയോ സംവിധാനങ്ങൾക്കെതിരെയോ നടപടിയെടുക്കാൻ കഴിയുംവിധമാണ് ഈ രൂപകല്പന ചെയ്തിരിക്കുന്നത്. ഇന്ത്യയിൽ ആകെമാനം നൂറു കണക്കിന് അനാഥാലയങ്ങളും അഗതിമന്ദിരങ്ങളുമെല്ലാം നടത്തുന്ന സഭാ സംവിധാനങ്ങൾക്കെതിരേയുള്ള നീക്കം തന്നെയാണ് ഇതിനു പിന്നിൽ. ക്രൈസ്തവർ പീഡാനുഭവ വാരം ആചരിക്കുന്ന ആഴ്ചയിൽതന്നെ ബിൽ ചർച്ചയ്ക്കെടുക്കാനായിരുന്നു സർക്കാരിന്റെ ശ്രമം.
എന്നാൽ, പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പിനെത്തുടർന്ന് തത്കാലം മാറ്റിവച്ചിരിക്കുകയാണ്. എംപിമാരുടെ കടുത്ത പ്രതിഷേധത്തെത്തുടർന്ന് പാർലമെന്ററികാര്യമന്ത്രി കിരൺ റിജിജു ബിൽ ചർച്ചയ്ക്കെടുക്കില്ലെന്ന് അറിയിക്കുകയായിരുന്നു. ബിൽ പിൻവലിക്കുകയോ സെലക്ട് കമ്മിറ്റിക്കു വിടുകയോ ചെയ്യണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
വിശദമായ ചർച്ചകൾക്കു ശേഷം ബില്ലിൽ ആശങ്കയുടെ സഭസംവിധാനങ്ങളുടെയും എൻജിഒകളുടെയുമൊക്കെ പ്രതിനിധികളുമായി ചർച്ചയ്ക്കു സർക്കാർ തയാറാകണം. ആതുരാലയങ്ങളും സ്കൂളുകളും അഗതിമന്ദിരങ്ങളുമൊക്കെ ഭയംകൂടാതെ നടത്തിക്കൊണ്ടുപോകാനുള്ള സാഹചര്യം സൃഷ്ടിക്കണം. അതുവരെ പ്രതിഷേധം തുടരുമെന്നും ഡീൻ കുര്യാക്കോസ് കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: പ്രതിഷേധങ്ങൾക്കും വിവാദങ്ങൾക്കും ഇടയിൽ വിദേശ സംഭാവന നിയന്ത്രണ (എഫ്സിആർഎ) നിയമഭേദഗതി ബിൽ പരിഗണിക്കുന്നതു നീട്ടി കേന്ദ്രം. ബിൽ ഇന്ന് പരിഗണിക്കില്ലെന്ന് സഭയെ പാർലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു അറിയിച്ചു. ബിൽ ക്രൈസ്തവർക്ക് എതിരല്ലെന്ന് കിരൺ റിജിജു പറഞ്ഞു.
അതേസമയം ബില്ലിനെതിരെ പാർലമെന്റിന് അകത്തും പുറത്തും പ്രതിഷേധം ശക്തമായി. സഭയിൽ പ്രതിപക്ഷ ബഹളത്തെ തുടർന്നു ലോക്സഭ നിർത്തിവച്ചു. ബില്ലിന്മേൽ മറ്റാരുമായി ഇനി ചർച്ചയില്ലെന്ന് കിരണ്‍ റിജിജു നേരത്തെ വ്യക്തമാക്കിയിരുന്നു.
കടുത്ത വ്യവസ്ഥകൾ
നിശ്ചിത സമയപരിധിക്കുള്ളിൽ എഫ്സിആർഎ ലൈസൻസ് പുതുക്കി കിട്ടാതിരിക്കുക, റദ്ദാക്കിയ ലൈസൻസ് പുനഃസ്ഥാപിക്കാതിരിക്കുക, നിലവിലെ ലൈസൻസ് സറണ്ടർ ചെയ്യുക തുടങ്ങിയ സാഹചര്യത്തിൽ വിദേശ ഫണ്ട് ഉപയോഗിച്ച് ആർജിച്ചെടുത്ത ആസ്തികൾ നിശ്ചിത അഥോറിറ്റിക്കു സ്ഥിരമായി ഏറ്റെടുക്കാമെന്നതുൾപ്പെടെയുള്ള കടുത്ത വ്യവസ്ഥകൾ ഉൾപ്പെടുത്തിയ ബില്ല് കഴിഞ്ഞ 25നാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ലോക്സഭയിൽ അവതരിപ്പിച്ചത്.
National
ന്യൂഡൽഹി: വലിയ പ്രതിഷേധങ്ങൾക്കിടയിലും വിവാദമായ വിദേശ സംഭാവന നിയന്ത്രണ (എഫ്സിആർഎ) നിയമ ഭേദഗതി ബിൽ ഇന്നു പാസാക്കാൻ കേന്ദ്രസർക്കാർ തീരുമാനം. പരിഗണനയ്ക്കും പാസാക്കലിനുമായി ബിൽ ലോക്സഭയുടെ ഇന്നത്തെ കാര്യപരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പ്രതിപക്ഷം എതിർത്താലും ശബ്ദവോട്ടോടെ ബിൽ പാസാക്കാൻ സർക്കാരിനു സാധിക്കും. പ്രതിപക്ഷവും ഭാരത കത്തോലിക്കാ മെത്രാൻ സമിതിയും (സിബിസിഐ) മതാധ്യക്ഷന്മാരും ആവശ്യപ്പെട്ടതു പ്രകാരം ബിൽ പാർലമെന്ററി സമിതിക്കു വിടണോയെന്ന കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ഇന്നു രാവിലെ അന്തിമ തീരുമാനമെടുക്കും.
ബിൽ ഇന്നുതന്നെ പാസാക്കാനാണ് സർക്കാരിന്റെ നേരത്തേയുള്ള തീരുമാനം. ബില്ലിന്മേൽ മറ്റാരുമായി ഇനി ചർച്ചയില്ലെന്ന് കേന്ദ്ര ന്യൂനപക്ഷ, പാർലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു ഇന്നലെ വ്യക്തമാക്കി.
എഫ്സിആർഎ ബിൽ പാസാക്കുന്നത് ശക്തമായി എതിർക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു. കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷയിൽ ഇന്നു രാവിലെ ചേരുന്ന ഇന്ത്യാ മുന്നണി യോഗം ഇക്കാര്യം ചർച്ച ചെയ്യും.
ബില്ലിനെതിരേ പാർലമെന്റിനകത്തും പുറത്തും പ്രതിഷേധിക്കുമെന്ന് കെ.സി. വേണുഗോപാൽ ദീപികയോട് പറഞ്ഞു. പാർലമെന്റിനു പുറത്ത് രാവിലെ 10.30ന് എംപിമാർ ധർണ നടത്തും.
മുതിർന്ന പ്രതിപക്ഷ നേതാക്കൾ ഉൾപ്പെടെ ഇന്ത്യ മുന്നണി എംപിമാർ പ്രതിഷേധത്തിൽ പങ്കെടുക്കും. തെരഞ്ഞെടുപ്പു പ്രചരണത്തിന്റെ തിരക്ക് മാറ്റിവച്ച് ബില്ലിന്റെ ഗൗരവം കണക്കിലെടുത്ത് കേരളത്തിൽനിന്നുള്ള എംപിമാർ ഇന്നു രാവിലെ പാർലമെന്റിലെത്തും.
നിശ്ചിത സമയപരിധിക്കുള്ളിൽ എഫ്സിആർഎ ലൈസൻസ് പുതുക്കി കിട്ടാതിരിക്കുക, റദ്ദാക്കിയ ലൈസൻസ് പുനഃസ്ഥാപിക്കാതിരിക്കുക, നിലവിലെ ലൈസൻസ് സറണ്ടർ ചെയ്യുക തുടങ്ങിയ സാഹചര്യത്തിൽ വിദേശ ഫണ്ട് ഉപയോഗിച്ച് ആർജിച്ചെടുത്ത ആസ്തികൾ നിശ്ചിത അഥോറിറ്റിക്കു സ്ഥിരമായി ഏറ്റെടുക്കാമെന്നതുൾപ്പെടെയുള്ള കടുത്ത വ്യവസ്ഥകൾ ഉൾപ്പെടുത്തിയ ബില്ല് കഴിഞ്ഞ 25നാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ലോക്സഭയിൽ അവതരിപ്പിച്ചത്.
Kerala
തിരുവനന്തപുരം: എഫ്സിആര്‍എ നിയമഭേദഗതി ബില്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് വരുമ്പോള്‍ ബില്ലിനെതിരേ കോണ്‍ഗ്രസ് ശക്തമായ നിലപാട് സ്വീകരിക്കുമെന്നു കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി.
കെപിസിസി ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തിലാണ് മനീഷ് തിവാരി പ്രതികരിച്ചത്. എഫ്സിആര്‍എ നിയമഭേദഗതി സംബന്ധിച്ച് രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ കടുത്ത ആശങ്കയാണ് നിലനില്‍ക്കുന്നത്.
ഈ സാഹചര്യത്തില്‍ ബില്ല് സബ്ജക്ട് കമ്മിറ്റിയില്‍ ഉള്‍പ്പെടെ ചര്‍ച്ചയ്ക്ക് വിടണമെന്ന ആവശ്യം ഉന്നയിക്കും. വേണ്ടിവന്നാല്‍ നിയമപോരാട്ടത്തിലേക്കും കടക്കുമെന്നും മനീഷ് തിവാരി കൂട്ടിച്ചേര്‍ത്തു.
Kerala
കോട്ടയം: എഫ്സിആർഎ വിഷയം ചൂടേറിയ ചർച്ചയായിരിക്കുന്നതിനിടയിൽ സാധാരണക്കാരെ ഇത് എങ്ങനെ ബാധിക്കുമെന്ന കുറിപ്പ് വൈറലാകുന്നു. ചങ്ങനാശേരി അതിരൂപതയിലെ വൈദികനായ ഫാ. ജയിംസ് കൊക്കാവയലിൽ എഴുതിയ കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. കുറിപ്പ് ഇങ്ങനെ:
എഫ്സിആർഎയുമായി ബന്ധപ്പെട്ട് എന്നെ ഏറ്റവും അധികം വേദനിപ്പിച്ച ഒരു പോസ്റ്റ് ഒരു സംഘടന ഇറക്കിയതാണ്. "FCRA നിയമഭേദഗതി സാധാരണക്കാരെ ഒരു തരത്തിലും ബാധിക്കുന്ന ഒന്നല്ല" എന്നതാണ് അതിലെ വാചകം. ആരാണ് സാധാരണ ക്രിസ്ത്യാനി? ആരാണ് അസാധാരണ ക്രിസ്ത്യാനി? സഭയിൽ വിഭാഗീയത ഉണ്ടാക്കാനായി ബോധപൂർവം നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണ് ഇത്. ക്രിസ്ത്യാനികളെ മാത്രമല്ല മറ്റു മതങ്ങളിലെ ആയിരക്കണക്കിനു സാധാരണക്കാരെക്കൂടി ബാധിക്കുന്ന പ്രശ്നമാണ് ഇതെന്നതാണ് യാഥാർഥ്യം.
എന്തായിരുന്നു ലക്ഷ്യം?
വിദേശസഹായങ്ങൾ കേരളസഭ/ഭാരതസഭ സ്വീകരിക്കാൻ ആരംഭിച്ചതിന്റെ പ്രധാനലക്ഷ്യം തന്നെ ദാരിദ്ര്യനിർമാർജനമായിരുന്നു. വിദേശസഹായത്തോടെ ഭക്ഷ്യധാന്യങ്ങളും പോഷകാഹാരങ്ങളും സഭ ധാരാളമായി വിതരണം ചെയ്യുകയും ഈ നാട്ടിൽനിന്നു പട്ടിണിയെ പടിയകറ്റുകയും ചെയ്തിരുന്നു. ഇതു സാധാരണകാരുടെയും പാവങ്ങളുടെയും ഇടയിലുള്ള പ്രവർത്തനമല്ലായിരുന്നോ?
സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആതുരാലയങ്ങളും ഉൾനാടൻ പ്രദേശങ്ങളിലെ സാധാരണക്കാർക്കുവേണ്ടി ആരംഭിച്ചവയാണ്. ഇവയ്ക്കു തുടക്കത്തിൽ വിദേശസഹായങ്ങൾ ലഭിച്ചിട്ടുണ്ട്. സഭയുടെ പ്രവർത്തനങ്ങൾ വഴിയായി ആ നാടും വളർന്നു സ്ഥാപനങ്ങളും വളർന്നു. ഇന്നും അവയിൽ ജോലി ചെയ്ത് ഉപജീവനം കഴിക്കുന്നതും അവയുടെ സേവനങ്ങൾ സ്വീകരിക്കുന്നതും സാധാരണക്കാരല്ലേ?
ഭാരതകത്തോലിക്കാ സഭയ്ക്ക് 5000ൽ പരം കാരുണ്യ ഭവനങ്ങൾ ഉണ്ട്. അനാഥരെയും വൃദ്ധരെയും ഭിന്നശേഷിക്കാരെയും മാനസികപ്രശ്നങ്ങൾ ഉള്ളവരെയും മറ്റും സംരക്ഷിക്കുന്ന ഈ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾക്കു വിദേശസഹായം ലഭിക്കുന്നുണ്ട്. ഇവയുടെ സേവനം സ്വീകരിക്കുന്ന അശരണരായ വ്യക്തികളെ സാധാരണക്കാരുടെ കൂട്ടത്തിൽ കൂട്ടിയിട്ടുണ്ടോ?
കുടിൽ വ്യവസായങ്ങൾ
എല്ലാ രൂപതകൾക്കും സോഷ്യൽ സർവീസ് സൊസൈറ്റികൾ ഉണ്ട്. ഇവ വഴി സാധാരണക്കാർക്ക് എത്രമാത്രം സഹായങ്ങൾ ലഭിക്കുന്നുണ്ട് എന്നത് എണ്ണിത്തിട്ടപ്പെടുത്തുക പ്രയാസകരമാണ്. ധാരാളം കൂടിൽ വ്യവസായങ്ങൾ തുടങ്ങി സാധാരണ വീട്ടമ്മമാർക്കും മറ്റും ജോലി കൊടുക്കാനും സ്വയം തൊഴിൽ നൽകാനും ഇവയ്ക്കു സാധിക്കുന്നു. ചങ്ങനാശേരി അതിരൂപതയിൽ വിദേശ സഹായത്തോടെ ഒരു ടിഷ്യു പേപ്പർ യൂണിറ്റ് ആരംഭിച്ചത് ഈ മാർച്ച് മാസത്തിലാണ്. ഇതുപോലെ നൂറുകണക്കിനു പ്രസ്ഥാനങ്ങൾ സാധാരണക്കാർക്കു തൊഴിൽ നൽകുന്നു. ലഹരി വിരുദ്ധ ഡി - അഡിക്ഷൻ സെന്ററുകളിലും വിദേശസഹായം ലഭിക്കുന്നുണ്ട്.
നിത്യജീവിതത്തിൽ
വിദേശസഹായത്തിന്റെ വലിപ്പം കണ്ട് കണ്ണുമിഴിച്ചു പോയത് 2018 ലെ പ്രളയകാലത്താണ്. Goonj എന്ന ഒരു എൻജിഒ കുട്ടനാട്ടിലെ പ്രളയബാധിതരെ സഹായിക്കാൻ മുന്നോട്ടുവന്നു. ചങ്ങനാശ്ശേരി അതിരൂപതാ കേന്ദ്രത്തിൽ അവർക്ക് പ്രവർത്തന സൗകര്യം കൊടുത്തു. അവർ ഭക്ഷ്യധാന്യങ്ങൾ, വസ്ത്രം, മറ്റ് അവശ്യസാധനങ്ങൾ തുടങ്ങിയവ ഇറക്കിവച്ചത് ഞാൻ താമസിക്കുന്ന കെട്ടിടത്തിന്റെ മുമ്പിലുള്ള മുറ്റത്തായിരുന്നു.
ഏതാണ്ട് പതിനായിരം സ്വയർഫീറ്റ് സ്ഥലത്തു രണ്ടുനില കെട്ടിടത്തിന്റെ വലിപ്പത്തിലായിരുന്നു സാധങ്ങൾ അടുക്കിയിരുന്നത്. ഇത് എന്നു വിതരണം ചെയ്തു തീരുമെന്ന് അതിശയിച്ചിട്ടുണ്ട്. തീരുന്തോറും വീണ്ടും വന്നു കൊണ്ടിരുന്നു. കുട്ടനാട്ടിൽ ധാരാളം കുടിവെള്ള പ്ലാന്റുകൾ നിർമിക്കാനും വീടുകൾ വയ്ക്കാനും ഒക്കെ ഈ കാലയളവിൽ വിദേശസഹായങ്ങൾ ലഭിച്ചിട്ടുണ്ട്. നാട്ടിൽനിന്നു ധാരാളം സഹായങ്ങൾ ഇപ്രകാരം ലഭിച്ചിട്ടുണ്ട്. ഇവയൊക്കെ സാധാരണക്കാരുടെ അനുദിന ജീവിതത്തിനു ലഭിച്ചിട്ടുള്ള സഹായങ്ങളാണ്.
നേരിട്ടു സഹായം
വിദേശസഹായത്തോടെ പ്രവർത്തിച്ചു സാധാരണക്കാർക്കും പാവങ്ങൾക്കു നേരിട്ട് ധനസഹായം നൽകുന്ന ഏതാനും പ്രോജക്ടുകളെക്കുറിച്ചു കൂടി പറയാം. Save a Family Plan എന്ന കനേഡിയൻ പ്രോജക്ട് വഴി കേരളത്തിലെ അതിദരിദ്രരായ പതിനായിരക്കണക്കിനു കുടുംബങ്ങൾക്കു ധനസഹായം നൽകിവരുന്നു.
ചങ്ങനാശേരി അതിരൂപതയിലെ ഒരു വൈദികൻ താൻ ജർമനിയിൽ ശുശ്രൂഷ ചെയ്ത കാലയളവിലെ സമ്പാദ്യം മുഴുവൻ ഉപയോഗിച്ച് ചങ്ങനാശേരി അതിരൂപതയിലെ അതിദരിദ്രരായ നൂറ് കുടംബങ്ങൾക്കു വർഷം 20000 (ഇരുപതിനായിരം) രൂപ വീതം നൽകുന്ന ഇരുപതു ലക്ഷം രൂപയുടെ വാർഷിക ബഡ്ജറ്റ് ഉള്ള ഡെയ്ലി ബ്രഡ് എന്ന പദ്ധതി നടപ്പാക്കിവരുന്നു.
ഫാ. സെബാസ്റ്റ്യൻ കുന്നത്ത് എന്ന വൈദികനും തന്റഫെ വിദേശശുശ്രൂഷയുടെ സമ്പാദ്യമുപയോഗിച്ചു പാവപ്പെട്ട കുട്ടികൾക്കു വിദ്യാഭ്യാസസഹായം നൽകിവരുന്നു. ഇവയൊക്കെ സാധാരണക്കാർക്കും പാവപ്പെടവർക്കും നേരിട്ടു സാമ്പത്തിക സഹായം നൽകുന്ന പദ്ധതികളാണ്.
ഇതുപേലെ നൂറുകണക്കിനു പദ്ധതികൾ വിവിധ രൂപതകളിൽ നടപ്പാക്കിവരുന്നു. അവയെല്ലാം പൂർണമായും എഴുതിത്തീർക്കാൻ സാധിക്കുകയില്ല. എത്ര ചെയ്താലും ആവശ്യക്കാർ ഇനിയും ബാക്കിയാണെന്നതും ലഭിച്ചവർ പലരും തൃപ്തരല്ല എന്നതുമാണ് യാഥാർഥ്യം. എല്ലാവരെയും തൃപ്തിപ്പെടുത്താൻ സാധിക്കില്ല എന്നറിഞ്ഞുകൊണ്ടും അസംതൃപ്തരുടെ വിമർശനങ്ങൾ ഏറ്റുവാങ്ങിക്കൊണ്ടുമാണ് ഈ സേവനം.
ഇത്തരം സേവനങ്ങൾക്കു പ്രതിസന്ധി നേരിടുന്ന ഘട്ടങ്ങൾ ഉണ്ടാകുമ്പോൾ, ഇവയൊന്നും ഞങ്ങളെ ബാധിക്കുന്നതല്ല, സാധാരണക്കാർക്ക് ഇവകൊണ്ട് ഒരു പ്രയോജനവുമില്ല എന്നൊക്കെയുള്ള വാദഗതികൾ ഉയർത്തിക്കൊണ്ട് നിസംഗരായി നിൽക്കുന്നതും വിമർശിക്കാൻ കിട്ടുന്ന അവസരം നഷ്ടപ്പെടുത്തേണ്ടതില്ല എന്നു ചിന്തിക്കുന്നതും ഈ സാധാരണക്കാരോടു ചെയ്യുന്ന ക്രൂരത കൂടിയാണ്.
വിദേശികളുടെ ഫണ്ട് മാത്രമല്ല
എഫ്സിആർഎ വഴി വിദേശ ഏജൻസികളുടെ ഫണ്ട് മാത്രമാണ് വരുന്നതെന്ന തെറ്റിദ്ധാരണ പലർക്കുമുണ്ട്. എന്നാൽ അങ്ങനെയല്ല. വിദേശത്തു ജോലി ചെയ്യുന്ന വൈദികരുടെയും സന്യസ്തരടെയും വരുമാനം രൂപതകൾക്കും സന്യാസസമൂഹങ്ങൾക്കും ലഭിക്കുന്നത് എഫ്സിആർഎ വഴിയാണ്. കൂടാതെ വിദേശത്തു ജോലി ചെയ്യുന്ന അല്മായർക്കും ഇടവകയെയോ രൂപതയെയോ ഏതെങ്കിലും പ്രവർത്തനങ്ങളെ അവിടെനിന്നു സഹായിക്കണമെങ്കിൽ ഈ അക്കൗണ്ട് വഴി മാത്രമാണ് പണം അയയ്ക്കാൻ സാധിക്കുന്നത്.
ഇപ്രകാരമുള്ള വസ്തുതകൾ മനസ്സിലാക്കാതെ എഫ്സിആർഎയ്ക്ക് സാധാരണക്കാരുമായി ബന്ധമില്ലെന്ന തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുന്നത് ദുരുദ്ദേശപരമാണ്. വിഭാഗീയത സൃഷ്ടിക്കാനുള്ള ശ്രമമാണ്. സഭയ്ക്ക് സ്ഥപനങ്ങളുണ്ട്. അവ സാധാരണക്കാരുടെ ഇടയിൽ പ്രവർത്തിക്കാനുള്ള ഉപകരണങ്ങളാണ്. അവകൊണ്ട് ഒത്തിരി സാധാരണക്കാർ ജീവിച്ചു പോകുന്നുണ്ട്. സഭാംഗങ്ങൾ മാത്രമല്ല, മറ്റു മതവിഭാഗങ്ങളിലുള്ളവരും അവകൊണ്ട് ജീവിക്കുന്നുണ്ട്. അവരെ പ്രതിസന്ധിയിലാഴ്ത്തരുത്.
Kerala
ന്യൂഡൽഹി: എഫ്സിആർഎ നിയമഭേദഗതിയുടെ മറവിൽ ന്യൂനപക്ഷ സ്ഥാപനങ്ങൾ പിടിച്ചെടുക്കാനുള്ള പുതിയ നിയമത്തിനെതിരേ ഭാരത കത്തോലിക്ക മെത്രാൻ സമിതി(സിബിസിഐ) കടുത്ത പ്രതിഷേധവും ആശങ്കയും രേഖപ്പെടുത്തി. ലോക്സഭയിൽ ഇന്നലെ അവതരിപ്പിച്ച വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബിൽ (FCRA Amendment Bill) അപകടകരമാണെന്നും പ്രത്യാഘാതങ്ങൾ ഭയപ്പെടുത്തുന്നതാണെന്നും സിബിസിഐ ചൂണ്ടിക്കാട്ടി.
ലൈസൻസ് പുതുക്കുന്നതിന്റെ മറവിൽ, ഭരണഘടനാപരമായി ഉറപ്പുനൽകുന്ന ന്യൂനപക്ഷ സ്വാതന്ത്ര്യത്തിന്മേൽ കടന്നുകയറാൻ നിർദിഷ്ട ഭേദഗതി വഴിയൊരുക്കുമെന്നു സിബിസിഐ വിലയിരുത്തി. ന്യൂനപക്ഷ സ്ഥാപനങ്ങളുടെയും സിവിൽ സൊസൈറ്റി സംഘടനകളുടെയും പ്രവർത്തനങ്ങളിൽ അനാവശ്യമായ ഇടപെടലുകൾക്ക് ഇതു കാരണമാകും.
ലൈസൻസ് പുതുക്കാൻ വിസമ്മതിക്കാനോ റദ്ദാക്കാനോ കേന്ദ്ര സർക്കാരിന് അധികാരം നൽകുന്ന വ്യവസ്ഥകളിൽ സിബിസിഐ ശക്തമായ എതിർപ്പ് രേഖപ്പെടുത്തി. ലൈസൻസ് റദ്ദാക്കുന്നതിലൂടെ ന്യൂനപക്ഷ സംഘടനകളുടെയും എൻജിഒകളുടെയും സ്ഥാപനങ്ങൾ, ഫണ്ടുകൾ, സ്വത്തുക്കൾ എന്നിവയുടെ നിയന്ത്രണം ഏറ്റെടുക്കാൻ പുതുതായി നിർദേശിച്ചിരിക്കുന്ന അഥോറിറ്റിക്കു സാധിക്കും. ഇത്തരം നടപടികൾ അംഗീകരിക്കാനാവില്ല.
നീതി, സുതാര്യത, ഉത്തരവാദിത്വം എന്നിവയിൽ ഗുരുതര ആശങ്ക ഉയർത്തുന്ന നിയമങ്ങളാണിത്. പാർലമെന്റിൽ പ്രതിപക്ഷാംഗങ്ങളുടെ പ്രതിഷേധം വകവയ്ക്കാതെ, മൗലികാവകാശങ്ങളെ ബാധിക്കുന്ന വിഷയത്തിൽ വിപുലമായ കൂടിയാലോചനകളോ ചർച്ചകളോ ഇല്ലാതെ ഏകപക്ഷീയമായി ബിൽ അവതരിപ്പിച്ചതിനെയും മെത്രാൻ സമിതി ചോദ്യംചെയ്തു.
ന്യൂനപക്ഷ സ്ഥാപനങ്ങളെ അമിതമായി കർശനമായ നിയന്ത്രണ സംവിധാനത്തിനു കീഴിൽ കൊണ്ടുവരാനുള്ള ശ്രമം ജനാധിപത്യ തത്വങ്ങളെ തകർക്കും. എഫ്സിആർഎ രജിസ്ട്രേഷൻ കാലാവധി കഴിയുന്നതോടെ എൻജിഒകളുടെ വിദേശ ഫണ്ടുകളുടെയും ആസ്തികളുടെയും നിയന്ത്രണം ഏറ്റെടുക്കാൻ കേന്ദ്രത്തെ അനുവദിക്കുന്ന വ്യവസ്ഥകൾ ജനാധിപത്യവിരുദ്ധവും ഭരണഘടനാ വിരുദ്ധവും സ്വാഭാവിക നീതിക്കു വിരുദ്ധവുമാണ്.
നിർദിഷ്ട ഭേദഗതികൾ പുനഃപരിശോധിക്കണമെന്നും വിവാദപരമായ വ്യവസ്ഥകൾ ബില്ലിൽനിന്നു നീക്കം ചെയ്യണമെന്നും സിബിസിഐ കേന്ദ്രസർക്കാരിനോട് അഭ്യർഥിച്ചു. എല്ലാ പൗരന്മാരുടെയും പ്രത്യേകിച്ച് ന്യൂനപക്ഷങ്ങളുടെയും ഭരണഘടനാപരമായ അവകാശങ്ങളും സ്വാതന്ത്ര്യവും പൂർണമായും സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും സിബിസിഐ ആവശ്യപ്പെട്ടു.
National
ന്യൂഡൽഹി: രാജ്യത്തു 2023 വരെ കാണാതായ 35,668 പെണ്‍കുട്ടികളെ കണ്ടെത്താനോ വീണ്ടെടുക്കാനോ കഴിഞ്ഞിട്ടില്ലെന്നു കേന്ദ്ര ആഭ്യന്തരമന്ത്രാലയം പാർലമെന്റിൽ അറിയിച്ചു.
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ കാണാതായതു സംബന്ധിച്ച് രാജ്യത്തു കഴിഞ്ഞ അഞ്ചു വർഷത്തിനിടെ റിപ്പോർട്ട് ചെയ്ത കേസുകൾ എത്രയെന്ന ചോദ്യത്തിനാണ് കേന്ദ്രം ലോക്സഭയിൽ മറുപടി നൽകിയിരിക്കുന്നത്.
2019ൽ രാജ്യത്തു കണ്ടെത്താനാകാത്ത പെണ്‍കുട്ടികളുടെ എണ്ണം 29,165 ആയിരുന്നെങ്കിൽ ഏറ്റവും ഒടുവിൽ കണക്കുകൾ ലഭ്യമായിരിക്കുന്ന 2023ൽ ഇത് 35,668 ആയി വർധിച്ചെന്നു കേന്ദ്രം ചൂണ്ടിക്കാട്ടി.
2023 വരെയുള്ള കണക്കനുസരിച്ച് ഏറ്റവും കൂടുതൽ പെണ്‍കുട്ടികളെ കണ്ടെത്താനുള്ളത് ഒഡീഷ, പശ്ചിമബംഗാൾ, ബിഹാർ, ഡൽഹി, മധ്യപ്രദേശ് എന്നിവിടങ്ങളിൽനിന്നാണ്. 6497, 5323, 4574, 3729, 3725 എന്നിങ്ങനെയാണ് യഥാക്രമം ഇനിയും കണ്ടെത്താനാകാത്ത പെണ്‍കുട്ടികളുടെ എണ്ണം.
അതേസമയം, ഓരോ വർഷവും കാണാതാകുന്ന പെണ്‍കുട്ടികളെ കണ്ടെത്തുന്ന കാര്യത്തിൽ കേരളം മറ്റു സംസ്ഥാനങ്ങളെക്കാൾ വളരെ മികച്ചതാണെന്ന് കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.
2019 വരെ കേരളത്തിൽ കണ്ടെത്താനാകാത്ത പെണ്‍കുട്ടികളുടെ എണ്ണം 65 ആയിരുന്നെങ്കിൽ 2023 അവസാനം ഇത് 35 ആയി കുറഞ്ഞു. ഈ അഞ്ചു വർഷ കാലയളവിനിടയിൽ പ്രായപൂർത്തിയാകാത്ത 4973 പെണ്‍കുട്ടികളെയാണു സംസ്ഥാനത്ത് കാണാതായതെങ്കിലും മുന്‍പ് കാണാതായവരെയുംകൂടി ചേർത്ത് ഇക്കാലയളവിൽ 5004 പെണ്‍കുട്ടികളെ കണ്ടെത്താൻ കേരളത്തിനു കഴിഞ്ഞു.
വലിയ ജനസംഖ്യയുള്ള സംസ്ഥാനങ്ങളെ അപേക്ഷിച്ചു കാണാതാകുന്ന പെണ്‍കുട്ടികളെ കണ്ടെത്തുന്ന കാര്യത്തിൽ ഏറ്റവും മികച്ച നിലയിലാണു കേരളത്തിന്റെ സംവിധാനമെന്ന് കേന്ദ്രത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
കാണാതായ കുട്ടികളെ കണ്ടെത്തുന്നതിനായി സംസ്ഥാനങ്ങളുമായി സഹകരിച്ച് മിഷൻ വാത്സല്യ പോർട്ടൽ വികസിപ്പിച്ചിട്ടുണ്ടെന്ന് കേന്ദ്രം അറിയിച്ചു. ഇവകൂടാതെ കുട്ടികളെ കണ്ടെത്തുന്നതിനായി ഖോയ പായ ആപ്ലിക്കേഷനും ട്രാക്ക് ചൈൽഡ് പോർട്ടലും വികസിപ്പിച്ചിട്ടുണ്ട്.
ഖോയ പായ ആപ്ലിക്കേഷനിലൂടെ ഏതൊരു ഇന്ത്യൻ പൗരനും കാണാതായ കുട്ടികളെക്കുറിച്ചും ശ്രദ്ധയിൽപ്പെടുന്ന കാണാനില്ലാത്ത കുട്ടികളെക്കുറിച്ചും റിപ്പോർട്ട് ചെയ്യാൻ സാധിക്കും.
National
ന്യൂഡൽഹി: ന്യൂനപക്ഷ സ്ഥാപനങ്ങളെ ലക്ഷ്യമിട്ടു കേന്ദ്രസർക്കാർ കൊണ്ടുവരുന്ന വിദേശ സംഭാവന നിയന്ത്രണ (എഫ്സിആർഎ) ഭേദഗതി ബില്ല് ലോക്സഭയിൽ അവതരിപ്പിച്ചു.
വിദേശ ഫണ്ട് ഉപയോഗിച്ചു വികസിപ്പിച്ച ആസ്തികൾ സർക്കാരിനു സ്ഥിരമായി ഏറ്റെടുക്കാൻ അനുവാദം നൽകുന്നതാണു ബില്ല്. നിശ്ചിത സമയപരിധിക്കുള്ളിൽ എഫ്സിആർഎ ലൈസൻസ് പുതുക്കി കിട്ടാതിരിക്കുക, റദ്ദാക്കിയ ലൈസൻസ് പുനഃസ്ഥാപിക്കാതിരിക്കുക, നിലവിലെ ലൈസൻസ് സറണ്ടർ ചെയ്യുക തുടങ്ങിയ സാഹചര്യത്തിലായിരിക്കും ഇത്തരത്തിൽ ആസ്തികൾ ഏറ്റെടുക്കുക.
ഏറ്റെടുക്കുന്ന ആസ്തികൾ സർക്കാരിനു വിൽക്കാനോ സർക്കാർ സ്ഥാപനങ്ങൾക്കു കൈമാറ്റം ചെയ്യാനോ സാധിക്കും. എന്നാൽ ലൈസൻസ് ശരിയാക്കുന്നതിനുള്ള സമയപരിധി ബില്ലിൽ വ്യക്തമാക്കിയിട്ടില്ല. കേന്ദ്രസർക്കാരിന് പിന്നീട് ഇതു കൂട്ടിച്ചേർക്കാനുള്ള അനുവാദം ബില്ലിൽ നൽകിയിട്ടുണ്ട്. സർക്കാർ നിശ്ചയിക്കുന്ന ഒരു അഥോറിറ്റിക്കാണ് ഇതുസംബന്ധിച്ച അധികാരം കൈമാറുന്നത്.
ഈ അഥോറിറ്റിക്ക് സിവിൽ കോടതിയുടെ അധികാരമുണ്ടാകും. കേന്ദ്രസർക്കാരിന്റെ പൊതുവായ നിർദേശങ്ങൾക്കനുസരിച്ചായിരിക്കും അഥോറിറ്റി പ്രവർത്തിക്കുക. അഥോറിറ്റിയുടെ ഉത്തരവിനെതിരേ പരാതിക്കാർക്ക് 90 ദിവസത്തിനുള്ളിൽ അതത് സ്ഥാപനം സ്ഥിതിചെയ്യുന്ന പരിധിയിലെ ജില്ലാ ജഡ്ജിക്ക് അപ്പീൽ നൽകാം.
ആരാധനാലയങ്ങൾ ഏറ്റെടുക്കാനും അനുമതി
ഏറ്റെടുക്കുന്ന ആസ്തികളിൽ ആരാധനാലയങ്ങൾ ഉണ്ടെങ്കിൽ അതിന്റെ മതപരമായ സ്വഭാവത്തിൽ മാറ്റം വരുത്താതെ സർക്കാർ നിശ്ചയിക്കുന്ന സ്ഥാപനത്തിനോ വ്യക്തിക്കോ കൈകാര്യം ചെയ്യാൻ നൽകാം. പിന്നീട് നിശ്ചിത സമയത്തിൽ ലൈസൻസ് ലഭിച്ചാൽ തിരികെ കിട്ടും.
വിദേശത്തുനിന്ന് ലഭിക്കുന്ന ഫണ്ടിന്റെ സുതാര്യത ഉറപ്പാക്കാനും ശരിയായ വിനിയോഗം നടപ്പാക്കാനുമാണ് ഭേദഗതി വരുത്തുന്നതെന്നു വ്യക്തമാക്കിക്കൊണ്ടാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ലോക്സഭയിൽ ബില്ല് അവതരിപ്പിച്ചത്. കഴിഞ്ഞയാഴ്ച ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം ബില്ലിന് അനുമതി നൽകിയിരുന്നു.
ഇതിനുപുറമെ എഫ്സിആർഎ ലൈസൻസുള്ള സ്ഥാപനങ്ങൾക്ക് വിദേശത്തുനിന്നു ലഭിക്കുന്ന ഫണ്ട് ഉപയോഗിക്കുന്നതിനുള്ള സമയപരിധി നിശ്ചയിക്കും. എന്നാൽ നിലവിൽ കേന്ദ്രസർക്കാർ അവതരിപ്പിച്ച ബില്ലിൽ ഈ സമയപരിധി വ്യക്തമാക്കിയിട്ടില്ല. പിന്നീട് കൂട്ടിച്ചേർക്കുന്ന തരത്തിലാണിത് അവതരിപ്പിച്ചിരിക്കുന്നത്.
റദ്ദാക്കിയ എഫ്സിആർഎ ലൈസൻസ് പുനഃസ്ഥാപിക്കാതിരിക്കുകയോ സറണ്ടർ ചെയ്യുകയോ ചെയ്താൽ മാത്രം വിദേശ ഫണ്ട് ഉപയോഗിച്ച് ആർജിച്ച സ്വത്തുക്കൾ താത്കാലികമായി സർക്കാരിന് ഏറ്റെടുക്കാമെന്ന നിയമത്തിനാണ് ഭേദഗതിയിലൂടെ കേന്ദ്രസർക്കാർ മാറ്റം കൊണ്ടുവരുന്നത്.
ലൈസൻസ് പുതുക്കാത്തതിന്റെയോ റദ്ദാക്കിയതിന്റെയോ പേരിൽ നേരത്തേ താത്കാലികമായി ഏറ്റെടുത്ത സ്ഥാപനങ്ങൾക്കും പുതിയ ഭേദഗതി ബാധകമാണ്. ഇത്തരം സ്ഥാപനങ്ങളുടെയും ആസ്തികൾ സർക്കാരിനു സ്ഥിരമായി ഏറ്റെടുക്കാൻ സാധിക്കും.
ഏറ്റെടുത്ത ആസ്തികൾ വിറ്റുകിട്ടുന്ന പണം സർക്കാരിന്റെ സഞ്ചിത നിധിയിലേക്കു മാറ്റും. നിലവിലെ ലൈസൻസ് പുതുക്കി ലഭിക്കാത്ത സാഹചര്യത്തിൽ സർക്കാരിന്റെ അനുമതിയില്ലാതെ ആ ആസ്തി കൈകാര്യം ചെയ്യാൻ സാധിക്കില്ല. കൂടാതെ എഫ്സിആർഎ നിയമപ്രകാരമുള്ള ഒരു കുറ്റകൃത്യത്തിന് കേന്ദ്രസർക്കാരിന്റെ അനുമതിയോടെ മാത്രമേ നടപടി സ്വീകരിക്കാൻ കഴിയൂവെന്നും പുതിയ ഭേദഗതിയിൽ പറയുന്നു.
National
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ ഇറാനും ഇസ്രയേലും തമ്മിലുള്ള യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാർ സർവ്വകക്ഷി യോഗം വിളിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് പാർലമെന്റ് ഹൗസിലാണ് യോഗം ചേരുന്നത്. മേഖലയിലെ നിലവിലെ സ്ഥിതിഗതികളെക്കുറിച്ചും ഇന്ത്യ സ്വീകരിക്കേണ്ട നിലപാടുകളെക്കുറിച്ചും രാഷ്ട്രീയ പാർട്ടികളെ ബോധ്യപ്പെടുത്തുകയാണ് യോഗത്തിന്റെ ലക്ഷ്യം.
വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പശ്ചിമേഷ്യയിലെ നിലവിലെ സൈനിക സാഹചര്യങ്ങളെക്കുറിച്ചും ഇന്ത്യയുടെ നയതന്ത്ര നീക്കങ്ങളെക്കുറിച്ചും വിവിധ പാർട്ടി നേതാക്കൾക്ക് വിശദീകരണം നൽകും. യുദ്ധമേഖലയിൽ കഴിയുന്ന ആയിരക്കണക്കിന് ഇന്ത്യക്കാരുടെ സുരക്ഷയും അവരെ ഒഴിപ്പിക്കാനുള്ള സാധ്യതകളും യോഗത്തിൽ ചർച്ചയാകും.
ഹോർമുസ് കടലിടുക്കിലെ സംഘർഷം മൂലം ആഗോള എണ്ണ വിതരണത്തിലുണ്ടായ തടസവും അത് ഇന്ത്യൻ സമ്പദ്വ്യവസ്ഥയിലുണ്ടാക്കാൻ ഇടയുള്ള ആഘാതങ്ങളും യോഗം വിലയിരുത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗത്തിൽ പങ്കെടുത്തേക്കുമെന്നും സൂചനയുണ്ട്.
National
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധം ആശങ്കാജനകമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ഇന്ധനവിതരണത്തെ കാര്യമായി ബാധിക്കാതിരിക്കാനും പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാനുമാണു സർക്കാരിന്റെ മുൻഗണനയെന്നും ലോക്സഭയിൽ നടത്തിയ പ്രസ്താവനയിൽ പ്രധാനമന്ത്രി പറഞ്ഞു. കർഷകരെ സഹായിക്കാനും വളം ലഭ്യമാക്കാനും നടപടിയെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
“യുദ്ധത്തിൽനിന്ന് ഉടലെടുക്കുന്ന സാഹചര്യം വളരെക്കാലത്തേക്ക് അനുഭവപ്പെടും. നമ്മൾ തയാറായിരിക്കണം. ഐക്യത്തോടെ തുടരേണ്ടതുണ്ട്. നമ്മൾ ഒരേ സ്വരത്തിൽ സംസാരിക്കണം.
പശ്ചിമേഷ്യൻ പ്രതിസന്ധിയുടെ ദീർഘകാല ആഘാതം കുറയ്ക്കുന്നതിനുള്ള തന്ത്രങ്ങൾക്കായി കേന്ദ്രം പ്രവർത്തിക്കുന്നുണ്ട്” - പ്രധാനമന്ത്രി മോദി പ്രസ്താവിച്ചു. സംഘർഷം ലഘൂകരിക്കാൻ ഇന്ത്യ ശ്രമിക്കുന്നുണ്ടെന്നും സംഭാഷണവും നയതന്ത്രവുമാണ് ഏക മാർഗമെന്നും പ്രധാനമന്ത്രി പറഞ്ഞു.
യുദ്ധം ആരംഭിച്ചശേഷം, ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ യാത്ര വെല്ലുവിളി നിറഞ്ഞതായി. എങ്കിലും പെട്രോൾ, ഡീസൽ, പ്രകൃതിവാതകം, പാചകവാതകം എന്നിവയുടെ വിതരണത്തെ സാരമായി ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ട്.
ഹോർമുസ് കടലിടുക്കു വഴി വലിയ അളവിൽ അസംസ്കൃത എണ്ണ, വാതകം, വളം, മറ്റ് അവശ്യവസ്തുക്കൾ എന്നിവ ഇന്ത്യയിലേക്കു വരുന്നുണ്ടെന്നു പ്രധാനമന്ത്രി പാർലമെന്റിനെ അറിയിച്ചു. വാണിജ്യ ഷിപ്പിംഗിലെ ആക്രമണങ്ങളും ഹോർമുസ് കടലിടുക്കു തടസപ്പെടുത്തലും സ്വീകാര്യമല്ലെന്ന് പാർലമെന്റിൽ നടത്തിയ 20 മിനിറ്റ് നീണ്ട പ്രസ്താവനയിൽ അദ്ദേഹം പറഞ്ഞു.
ഇതൊക്കെയാണെങ്കിലും രാജ്യത്തിന്റെ എൽപിജി ആവശ്യകതയുടെ 60 ശതമാനം ഇറക്കുമതി ചെയ്യുകയാണ്. വിതരണത്തിലെ അനിശ്ചിതത്വം കാരണം, ഗാർഹിക എൽപിജി ഉപഭോക്താക്കൾക്കു മുൻഗണന നൽകിയിട്ടുണ്ട്. എൽപിജിയുടെ ആഭ്യന്തര ഉത്പാദനം വർധിപ്പിച്ചിട്ടുമുണ്ട്.
രാജ്യത്തുടനീളം പെട്രോളിന്റെയും ഡീസലിന്റെയും വിതരണം സുഗമമായി തുടരുന്നുവെന്ന് ഉറപ്പാക്കാൻ തുടർച്ചയായ ശ്രമങ്ങളും നടത്തിയിട്ടുണ്ട്. - മോദി പറഞ്ഞു.
രാജ്യത്തിന് 53 ലക്ഷം മെട്രിക് ടണ്‍ പെട്രോൾ ശേഖരം ഉണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചു. എത്തനോൾ മിശ്രിതം കാരണം മുന്പത്തേക്കാൾ 4.5 കോടി ബാരൽ കുറവാണ് ഇന്ത്യയുടെ എണ്ണ ഇറക്കുമതി. ഊർജസ്രോതസുകൾ വിപുലപ്പെടുത്തിയതു നേട്ടമായി.
ഇന്ത്യ 41 രാജ്യങ്ങളിൽ നിന്ന് ഇന്ധനം ഇപ്പോൾ ഇറക്കുമതി ചെയ്യുന്നുണ്ട്. നേരത്തേയിത് 27 രാജ്യങ്ങളിൽനിന്നായിരുന്നു. വൈദ്യുതി വിതരണം തടസപ്പെടാതിരിക്കാൻ ആവശ്യമായ കൽക്കരി ശേഖരമുണ്ട്.
National
ന്യൂഡല്‍ഹി: വനിതാ സംവരണ ബില്‍ ഭേദഗതി ചെയ്യുന്നതിനുള്ള സമവായ ശ്രമങ്ങളിലേക്കു കടന്ന് കേന്ദ്രസര്‍ക്കാര്‍. 2011 ലെ സെന്‍സസിന്റെ അടിസ്ഥാനത്തില്‍ ലോക്സഭയുടെയും സംസ്ഥാന നിയമസഭകളുടെയും അംഗബലം വര്‍ധിപ്പിക്കുകയെന്ന നിര്‍ദേശമാണ് കേന്ദ്രം മുന്നോട്ടിവച്ചിരിക്കുന്നത്.
ലോക്സഭാ സീറ്റുകളുടെ എണ്ണം 543 ല്‍ നിന്ന് 816 ആക്കുന്നതോടെ വനിതകൾക്കു മതിയായ പ്രാതിനിധ്യം ഉറപ്പാനാകുമെന്നാണ് സർക്കാർ വാദം.
2011 ലെ സെന്‍സസിന്റെ അടിസ്ഥാനത്തില്‍ മണ്ഡലപുനര്‍നിര്‍ണയം നടത്തുന്നതോടെ സീറ്റുകളുടെ 816 ആയി ഉയരും. ഇതില്‍ 273 എണ്ണം വനിതാസംവരണ മണ്ഡലങ്ങളാകുമെന്നും കരുതുന്നു. ഇതനുസരിച്ച് കേരളത്തില്‍ ലോക്സഭാ സീറ്റുകള്‍ മുപ്പതായും നിയമസഭാ സീറ്റുകള്‍ 210 ആയും ഉയരും.
കേന്ദ്ര ആഭ്യന്തരമന്ത്രി അമത് ഷായുടെ അധ്യക്ഷതയിൽ ഇന്നലെ നടന്ന ആദ്യയോഗത്തില്‍ ബിജു ജനതാദള്‍, വൈഎസ്ആര്‍ കോണ്‍ഗ്രസ്, എന്‍സിപി (എസ്പി) ശിവസേന (യുബിറ്റി) എഐഎംഐഎം എന്നീ കക്ഷികളാണ് പങ്കെടുത്തത്.
കോണ്‍ഗ്രസ്, ഡിഎംകെ, എസ്പി തുടങ്ങിയ പ്രതിപക്ഷ കക്ഷികളുടെ പ്രതിനിധികളെ വരുംദിവസങ്ങളിൽ അമിത് ഷാ കാണും. സ്ത്രീകള്‍ക്കു 33 ശതമാനം സീറ്റുകള്‍ സംവരണം ഉറപ്പാക്കാത്തതെ ന്താണെന്ന് കേന്ദ്രസര്‍ക്കാരിനോട് അടുത്തിടെ സുപ്രീംകോടതി ചോദിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ചർച്ചകൾ വേഗത്തിലാക്കിയത്.
National
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷത്തിന്റെ വെളിച്ചത്തിൽ കർഷകരെ സഹായിക്കാൻ സർക്കാർ എല്ലാ ശ്രമങ്ങളും തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഇന്ത്യയ്ക്ക് ആവശ്യത്തിനു ധാന്യ സ്റ്റോക്ക് കർഷകർ ഉറപ്പാക്കിയിട്ടുണ്ടെന്നു പാർലമെന്റിൽ നടത്തിയ പ്രസ്താവനയിൽ മോദി പറഞ്ഞു. ഭക്ഷ്യധാന്യങ്ങളുടെ മതിയായ സ്റ്റോക്കുണ്ട്. കൊറോണ വൈറസ് പകർച്ചവ്യാധിയുടെ സമയത്തുപോലും കർഷകർ ബുദ്ധിമുട്ടുന്നില്ലെന്നു സർക്കാർ ഉറപ്പുവരുത്തിയെന്നു മോദി അവകാശപ്പെട്ടു.
കോവിഡ് കാലത്തു ലോകവിപണികളിൽ യൂറിയ വില ക്വിന്റലിന് 3,000 രൂപയായിരുന്നു. ഇന്ത്യയിൽ വില 300 രൂപയിൽ നിലനിർത്തി.യുഎസ് ഇസ്രയേൽ ഇറാൻ സംഘർഷം മൂലം ഊർജ, വള വ്യാപാര പാതകൾ തടസപ്പെടുന്നു. ഷിപ്പിംഗ് ഇൻഷ്വറൻസ് കർശനമാക്കി. ലോകമെന്പാടും ചെലവുകൾ വർധിക്കുകയും ചെയ്യുന്നു.
നിർണായകമായ ഹോർമുസ് കടലിടുക്കിലൂടെയാണു വളം അസംസ്കൃത വസ്തുക്കളും അന്തിമ ഉൽപന്നങ്ങളും നീങ്ങുന്നത്. ഇറക്കുമതിയെ ആശ്രയിക്കുന്ന പല രാജ്യങ്ങളിലും വിതരണക്ഷാമവും കാർഷിക ചെലവുകളും കുതിച്ചുയരുന്നതായി കാണുന്നു. എങ്കിലും, മുൻകാല പ്രതിസന്ധികളെ അപേക്ഷിച്ച് ഇന്ത്യ മികച്ച തയാറെടുപ്പിലാണ്.തദ്ദേശീയമായി ഉത്പാദിപ്പിക്കുന്ന യൂറിയയുടെ മുന്നേറ്റം ഇന്ത്യയ്ക്കു സഹായകമാണ്.
കഴിഞ്ഞ ദശകത്തിൽ ആറു യൂറിയ പ്ലാന്റുകൾ ആരംഭിച്ചു. ഇത് 76 ലക്ഷം മെട്രിക് ടണ്‍ യൂറിയ ഉത്പാദനത്തിലേക്കു നയിച്ചു. പുതിയതും പുനരുജ്ജീവിപ്പിച്ചതുമായ പ്ലാന്റുകൾ ആഭ്യന്തര വിതരണം ശക്തിപ്പെടുത്തിയിട്ടുണ്ട്. നെല്ല്, ഗോതന്പ്, കരിന്പ്, ചോളം അടക്കമുള്ളവയുടെ കൃഷിക്ക് നൈട്രജൻ സന്പുഷ്ട വളമായ യൂറിയ ആവശ്യമാണ്.
►3.75 ലക്ഷം പ്രവാസികളെത്തി
പശ്ചിമേഷ്യൻ യുദ്ധം ആരംഭിച്ചതിനുശേഷം 3.75 ലക്ഷത്തിലധികം ഇന്ത്യക്കാർ സുരക്ഷിതമായി തിരിച്ചെത്തി. ഗൾഫ് മേഖലയിലാകെ ഒരു കോടി ഇന്ത്യക്കാരുണ്ട്. ഇറാനിൽ നിന്ന് ആയിരത്തോളം ഇന്ത്യക്കാർ തിരിച്ചെത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
ഇറാനിൽ നിന്നെത്തിയവരിൽ എഴുനൂറിലധികം പേർ മെഡിക്കൽ വിദ്യാർഥികളാണ്. സാഹചര്യം കണക്കിലെടുത്ത്, ഗൾഫ് രാജ്യങ്ങളിലെ സ്കൂളുകളിൽ 10, 12 ക്ലാസുകളിലെ പരീക്ഷകൾ സിബിഎസ്ഇ റദ്ദാക്കി. വിദ്യാഭ്യാസം തടസമില്ലാതെ തുടരുന്നുവെന്ന് ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്.
National
ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഇന്നലെ പാർലമെന്റിൽ അവതരിപ്പിച്ച കോർപ്പറേറ്റ് നിയമ (ഭേദഗതി) ബിൽ 2026 കൂടുതൽ പരിശോധനയ്ക്കായി സംയുക്ത പാർലമെന്ററി സമിതിക്ക് (ജെപിസി) വിട്ടു.
കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയ ബിൽ ഇന്നലെ പാർലമെന്റിൽ അവതരിപ്പിച്ച ഉടൻ ജെപിസിക്ക് വിടാൻ മന്ത്രിതന്നെ നിർദേശിക്കുകയായിരുന്നു.
2008 ലെ ലിമിറ്റഡ് ലയബിലിറ്റി പാർട്ണർഷിപ്പ് ആക്ടിലും 2013ലെ കന്പനി ആക്റ്റിലും കൂടുതൽ ഭേദഗതികൾ വരുത്താൻ ലക്ഷ്യമിട്ടുകൊണ്ടാണ് കേന്ദ്ര സർക്കാർ ബിൽ അവതരിപ്പിച്ചത്.
ചെറിയ നടപടിക്രമ ലംഘനങ്ങൾക്ക് ക്രിമിനൽ ശിക്ഷയ്ക്കുപകരം പിഴ ഏർപ്പെടുത്തുക, പിഴ വ്യവസ്ഥകൾ യുക്തിസഹമാക്കുക, നിയന്ത്രണ നടപടിക്രമങ്ങൾ ലഘൂകരിക്കുക തുടങ്ങിയ ഭേദഗതികൾ ബില്ലിൽ നിർദേശിക്കുന്നുണ്ട്. ഇത്തരം നടപടികളിലൂടെ കൂടുതൽ ബിസിനസ് സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാനും ലക്ഷ്യമിടുന്നു.
രണ്ടുവർഷത്തെ സമഗ്രമായ ആലോചനകൾക്കു ശേഷമാണ് ബിൽ അവതരിപ്പിച്ചതെന്നും കന്പനി നിയമ സമിതിയുടെ (സിഎൽസി) ശിപാർശകളും റിപ്പോർട്ടുകളും പൂർണമായും ഉൾക്കൊണ്ടിട്ടുണ്ടെന്നും ബിൽ അവതരിപ്പിച്ചുകൊണ്ട് നിർമല പറഞ്ഞു.
അതേസമയം കന്പനികൾ നിർബന്ധമായും ലാഭത്തിന്റെ രണ്ടു ശതമാനം കോർപ്പറേറ്റ് സാമൂഹ്യ ഉത്തരവാദിത്ത (സിഎസ്ആർ) പ്രവർത്തനങ്ങൾക്ക് നൽകണമെന്ന നിയമ വ്യവസ്ഥ ദുർബലപ്പെടുത്താനാണ് ലക്ഷ്യമിടുന്നതെന്ന് ബിൽ അവതരണത്തെ എതിർത്തുകൊണ്ട് കോണ്‍ഗ്രസ് അംഗം മനീഷ് തിവാരി, തൃണമൂൽ കോണ്‍ഗ്രസിന്റെ സൗഗത റോയ്, ഡിഎംകെയുടെ തമിഴ്ച്ചി തങ്കപ്പാണ്ഡ്യൻ എന്നിവർ കുറ്റപ്പെടുത്തി.
സിഎസ്ആർ വ്യവസ്ഥ മൊത്തത്തിൽ ഭേദഗതി ചെയ്യാനല്ല, മറിച്ച് അറ്റ ലാഭം കണക്കാക്കുന്നതിനുള്ള മാനദണ്ഡം മാത്രം ഭേദഗതി ചെയ്യാനാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി വ്യക്തമാക്കി. തുടർന്ന് ബിൽ ജെപിസിയ്ക്ക് വിടാൻ നിർദേശിക്കുകയായിരുന്നു. എന്നാൽ ജെപിസി ആര് നയിക്കുമെന്നും അംഗങ്ങൾ ആരൊക്കെ എന്നതിൽ തീരുമാനം ആയിട്ടില്ല.
National
ന്യൂഡൽഹി: കേന്ദ്രം ഉടനെ പാർലമെന്റിൽ അവതരിപ്പിക്കാൻ തയാറെടുത്തിരിക്കുന്ന സെൻട്രൽ ആംഡ് പോലീസ് ഫോഴ്സസ് (ജനറൽ അഡ്മിനിസ്ട്രേഷൻ), 2026 ബില്ലിൽ ആശങ്കകൾ അറിയിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂർ.
ബില്ലിനെതിരെ വിവിധ കേന്ദ്ര സായുധ സേനകളുടെ (സിഎപിഎഫ്) സംഘടനകൾ ഉയർത്തിക്കാട്ടുന്ന ആശങ്കകൾ ഗൗരവമായി കാണണമെന്നും തിരുത്തൽ വേണമെന്നും ആവശ്യപ്പെട്ടു ശശി തരൂർ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്ത് നൽകി.
അതേസമയം, രാജ്യസഭയുടെ ലിസ്റ്റ് ഓഫ് ബിസിനസിൽ ഇന്നലെ ഉൾപ്പെട്ടിരുന്നെങ്കിലും ബിൽ അമിത് ഷാ ഇന്നലെ സഭയിൽ അവതരിപ്പിച്ചില്ല. കേന്ദ്ര സായുധസേനകളിലെ ഉന്നത തസ്തികകൾ ഇന്ത്യൻ പോലീസ് സർവീസ് (ഐപിഎസ്) ഉദ്യോഗസ്ഥർക്ക് ഉറപ്പാക്കുന്ന പുതിയ ബിൽ സായുധസേനകളെ ഒരൊറ്റ നിയമച്ചട്ടക്കൂടിലൂടെ ഏകീകൃതമാക്കുന്നതാണ്.
ഐപിഎസ് ഉദ്യോഗസ്ഥരുടെ ഡെപ്യൂട്ടേഷൻ ക്രോഡീകരിച്ചുകൊണ്ട്, സിഎപിഎഫിലെ അഡീഷണൽ ഡയറക്ടർ ജനറൽ (എഡിജി) പോസ്റ്റുകളുടെ 67 ശതമാനത്തിലും ഡെപ്യൂട്ടേഷനിലുള്ള ഐപിഎസ് ഉദ്യോഗസ്ഥരുടെ നിയമനമാണ് നടക്കേണ്ടതെന്ന് കരട് ബിൽ വ്യക്തമാക്കുന്നുണ്ട്.
ഇൻസ്പെക്ടർ ജനറൽ (ഐജി) തലത്തിലുള്ള 50 ശതമാനം തസ്തികകളും സ്പെഷൽ ഡയറക്ടർ ജനറൽ (എസ്ഡിജി), ഡയറക്ടർ ജനറൽ തസ്തികകളുടെ നൂറ് ശതമാനവും ഡെപ്യൂട്ടേഷനിലുള്ള ഐപിഎസുകാരിലേക്കാണെത്തുന്നതെന്ന് പുതിയ നിയമം ഉറപ്പാക്കുന്നു.
ഐജി റാങ്ക് വരെയുള്ള സിഎപിഎഫുകളിലെ ഐപിഎസ് ഡെപ്യൂട്ടേഷനുകൾ അടുത്ത രണ്ട് വർഷത്തിനുള്ളിൽ ’ക്രമേണ കുറയ്ക്കാൻ’ ആഭ്യന്തരമന്ത്രാലയത്തിനോട് ആവശ്യപ്പെട്ട 2025 മേയ് 23ലെ സുപ്രീം കോടതി വിധിയെ നിരാകരിക്കുന്നതാണ് ബിൽ.
ഇത് ചൂണ്ടിക്കാട്ടി സിഎപിഎഫ് ഉദ്യോഗസ്ഥരുടെ ആശങ്കകൾ ചൂണ്ടിക്കാട്ടി ബിൽ ഈ സമ്മേളനത്തിൽ അവതരിപ്പിക്കരുതെന്നും വിശദമായ പരിശോധനയ്ക്കായി പാർലമെന്ററി സ്റ്റാൻഡിംഗ് സമിതിക്ക് അയക്കണമെന്നും തരൂർ അമിത് ഷായ്ക്ക് അയച്ച കത്തിൽ ആവശ്യപ്പെടുന്നുണ്ട്.
National
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷം ആശങ്കാജനകമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുദ്ധത്തിനെതിരെ ഇന്ത്യ ഒറ്റക്കെട്ടായി സന്ദേശം നൽകണമെന്നും രാഷ്ട്ര തലവന്മാരുമായി സംസാരിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി ലോക്സഭയിൽ പറഞ്ഞു. ലോകസാമ്പത്തിക മേഖലയ്ക്ക് തന്നെ വെല്ലുവിളിയാണ് ഈ സംഘർഷം.
ഇന്ത്യയുമായി വ്യാപാരബന്ധമുള്ള രാജ്യങ്ങളിലെ സംഘർഷം അപ്രതീക്ഷിത വെല്ലുവിളിയാണ് ഉണ്ടാക്കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. പശ്ചിമേഷ്യയിലെ വിവിധ രാഷ്ട്രത്തലവൻമാരുമായി ആശയവിനിമയം നടത്തുന്നുണ്ട്. ആ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാർക്കും വിനോദസഞ്ചാരികൾക്കും സഹായം എത്തിച്ചുകൊണ്ടിരിക്കുകയാണ്.
സംഘർഷത്തിന്റെ സാഹചര്യത്തിൽ ദേശത്തും വിദേശത്തുമുള്ള പൗരൻമാരുടെ സുരക്ഷയ്ക്കാണ് പ്രഥമപരിഗണന. മൂന്നാഴ്ചയായി യുദ്ധം തുടരുകയാണ്. ലോക സാമ്പത്തിക വ്യവസ്ഥയിലും ജനങ്ങളിലും യുദ്ധം ബാധിക്കുന്നുണ്ട്. യുദ്ധം നടക്കുന്ന മേഖലയുമായി ഇന്ത്യയ്ക്ക് നല്ല വ്യാപാര ബന്ധമുണ്ട്.
ഇന്ത്യയിലേക്ക് വരുന്ന ക്രൂഡ് ഓയിലിൽ വലിയൊരു ഭാഗം ഈ മേഖലയിൽ നിന്നാണ്. ഒരു കോടി ഇന്ത്യക്കാർ ഈ മേഖലയിലുണ്ട്. കപ്പലുകളിലും നിരവധി ഇന്ത്യൻ പൗരൻമാരുണ്ട്. ഇന്ത്യൻ എംബസികൾ അവിടെയുള്ള പൗരന്മാർക്ക് എല്ലാ സഹായവും നൽകുന്നുണ്ട്.
ഹോർമുസ് കടലിടുക്കിലെ സംഘർഷം കാരണം അതുവഴിയുള്ള ചരക്കു നീക്കം പ്രതിസന്ധിയിലാണ്. 60 ശതമാനം പെട്രോളിയവും ഇറക്കുമതി ചെയ്യുന്നതാണ്. എൽപിജിയുടെ ക്ഷാമം കാരണം രാജ്യത്ത് എൽപിജി ഗാർഹികാവശ്യത്തിന് മാത്രമാണ് നൽകുന്നത്.
ഇന്ത്യയിലെ എൽപിജി ഉദ്പാദനവും വർധിപ്പിച്ചിട്ടുണ്ട്. രാജ്യത്ത് പെട്രോളിയം റിസർവും ഉണ്ട്. മറ്റ് രാജ്യങ്ങളിലെ എണ്ണ ഉത്പാദകരുമായും ബന്ധപ്പെടുന്നുണ്ട്. ഊർജ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ശ്രമം നടത്തുന്നുണ്ട്. 41 രാജ്യങ്ങളിൽനിന്ന് ഊർജം ഇറക്കുമതി ചെയ്യുന്നുണ്ട്.
പശ്ചിമേഷ്യയിൽ സമാധാനം ഉറപ്പുവരുത്താൻ ഇന്ത്യ നയതന്ത്ര മാർഗങ്ങളിലൂടെ ശ്രമിച്ചു. എന്നാൽ വാണിജ്യ കപ്പലുകൾക്കു നേരെയുള്ള ആക്രമണവും ഹോർമുസിലൂടെയുള്ള ഗതാഗതം തടസപ്പെടുന്നതും അംഗീകരിക്കാനാവില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
National
ന്യൂഡൽഹി: പാർലമെന്റ് മന്ദിരത്തിന്റെ പരിസരത്ത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മോശം പെരുമാറ്റം നടത്തിയെന്നാരോപിച്ച് വ്യാപക പ്രതിഷേധം. രാഹുൽ ഗാന്ധി പരസ്യമായി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വിരമിച്ച ഉദ്യോഗസ്ഥരും സൈനിക ഉദ്യോഗസ്ഥരും പൗര പ്രമുഖന്മാരും ഉൾപ്പെടെ 200-ലധികം പേർ ഒപ്പിട്ട കത്ത് പുറത്തിറക്കി.
പാർലമെന്റ് സമുച്ചയത്തിനുള്ളിൽ രാഹുൽ ഗാന്ധി പാലിക്കേണ്ട മര്യാദകൾ ലംഘിച്ചുവെന്നും ഇതു ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാർലമെന്റിനെ അവഹേളിക്കുന്നതിനു തുല്യമാണെന്നും നിവേദനത്തിൽ പറയുന്നു. പാർലമെന്റ് വളപ്പിൽ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി പ്രതിഷേധം സംഘടിപ്പിച്ചതും അവിടുത്തെ ചട്ടങ്ങൾ പാലിക്കാത്തതുമാണ് പ്രതിഷേധത്തിനു കാരണമായത്.
വിരമിച്ച ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർ, മുൻ സൈനിക മേധാവികൾ, സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവരാണ് നിവേദനത്തിൽ ഒപ്പിട്ടത്. ജനപ്രതിനിധി എന്ന നിലയിൽ ഉന്നതമായ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കേണ്ട രാഹുൽ ഗാന്ധി തന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയ്ക്കു രാജ്യത്തോടു മാപ്പ് പറയണമെന്നാണ് ഇവരുടെ ആവശ്യം. രാഹുൽ ഗാന്ധിയുടെ പെരുമാറ്റം യുവതലമുറയ്ക്കും മറ്റ് ജനപ്രതിനിധികൾക്കും തെറ്റായ സന്ദേശം നൽകുന്നുവെന്നും കത്തിൽ കുറ്റപ്പെടുത്തുന്നു.
National
ന്യൂഡൽഹി: കേരളമുൾപ്പെടെ അഞ്ചിടങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പാർലമെന്റിൽ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം ശാന്തം. തെരഞ്ഞെടുപ്പു പ്രചാരണത്തിലേക്കു കടന്നതോടെ പല എംപിമാരുടെയും ഇരിപ്പിടം കാലിയാണ്.
അതിനാൽത്തന്നെ ലോക്സഭയിൽ തിങ്കളാഴ്ച പ്രതിഷേധങ്ങളൊന്നുമുണ്ടായില്ല. ഇതോടെ കഴിഞ്ഞ ഒരാഴ്ചയായി തടസപ്പെട്ട ചോദ്യോത്തരവേള സുഗമമായി നടന്നു. ശൂന്യവേളയിൽ എംപിമാരുടെ സസ്പെൻഷൻ പിൻവലിക്കണമെന്ന ആവശ്യം കെ.സി. വേണുഗോപാൽ ഉന്നയിച്ചു. പശ്ചിമേഷ്യൻ സംഘർഷം, ഇന്ത്യയുടെ വിദേശ നയം, എൽപിജി ക്ഷാമം തുടങ്ങി വിവിധ വിഷയങ്ങളിൽ പാർലമെന്റ് കഴിഞ്ഞയാഴ്ച സ്തംഭിച്ചിരുന്നു.
പാർലമെന്റിൽ പ്രതിപക്ഷാംഗങ്ങൾ കൂടുതലുള്ള കേരളം, തമിഴ്നാട്, പശ്ചിമബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് അടുത്തമാസം തെരഞ്ഞെടുപ്പ് നടക്കുന്നത്. തമിഴ്നാട്ടിൽനിന്നുള്ള ഡിഎംകെയുടെയും ബംഗാളിൽനിന്നു തൃണമൂൽ കോണ്‍ഗ്രസിന്റെയും ഏതാനും അംഗങ്ങൾ മാത്രമാണ് തിങ്കളാഴ്ച സഭയിലെത്തിയത്.
സ്ഥാനാർഥി പട്ടിക സംബന്ധിച്ച ചർച്ച ഡൽഹിയിൽ നടക്കുന്നതിനാൽ കേരളത്തിലെ എംപിമാർ പലസമയങ്ങളിലായി സഭയിലെത്തി. എംപിമാർ മണ്ഡലങ്ങളിലേക്കു പ്രചാരണത്തിനു പോകുന്നതോടെ വരും ദിവസങ്ങളിലും പാർലമെന്റിലെ പ്രതിപക്ഷ ബെഞ്ച് ഏറെക്കുറെ ശൂന്യമായിരിക്കും. ഇതോടെ എൽപിജി പ്രതിസന്ധിയടക്കമുള്ള വിഷയത്തിൽ പാർലമെന്റിൽ സമരങ്ങളും പ്രതിഷേധങ്ങളും ഇല്ലാതാകും.
അതേസമയം, രാജ്യസഭയിൽ തിങ്കളാഴ്ച ശൂന്യവേളയിൽ കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സിപിഎം നേതാവ് ജോണ്‍ ബ്രിട്ടാസ്, ആംആദ്മി പാർട്ടി നേതാവ് സഞ്ജയ് സിംഗ് തുടങ്ങിയവർ എൽപിജി ക്ഷാമം ഉന്നയിച്ച് കേന്ദ്രത്തെ രൂക്ഷമായി വിമർശിച്ചു.
National
ന്യൂഡൽഹി: പാർലമെന്റിലെ ധനാഭ്യർത്ഥനകളിന്മേലുള്ള ചർച്ചകൾക്ക് മുന്നോടിയായി അതിന്റെ വിശദമായ പട്ടിക അംഗങ്ങൾക്ക് ലഭ്യമാക്കിയില്ലെന്ന് ആർഎസ്പി നേതാവ് എൻ.കെ. പ്രേമചന്ദ്രൻ എം.പി. സഭയിൽ ആരോപിച്ചു. സ്പീക്കറുടെ നിർദ്ദേശപ്രകാരം ചർച്ച തുടങ്ങുന്നതിന് രണ്ട് ദിവസം മുൻപ് തന്നെ ഇത്തരം രേഖകൾ അംഗങ്ങൾക്ക് നൽകേണ്ടതുണ്ട്.
എന്നാൽ അജണ്ട മുൻകൂട്ടി നിശ്ചയിച്ചിട്ടും വിശദമായ വിവരങ്ങൾ നൽകാത്ത സാഹചര്യത്തിൽ എങ്ങനെ ചർച്ചയിൽ പങ്കെടുക്കുമെന്ന് അദ്ദേഹം സഭയിൽ ചോദിച്ചു. പ്രേമചന്ദ്രന്റെ ആരോപണത്തിന് മറുപടിയുമായി പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു രംഗത്തെത്തി. കഴിഞ്ഞ രണ്ട് ദിവസമായി സഭയിലുണ്ടായ അസ്വാഭാവികമായ സാഹചര്യങ്ങളും ബഹളങ്ങളുമാണ് ആശയവിനിമയത്തിൽ തടസമുണ്ടാകാൻ കാരണമെന്ന് അദ്ദേഹം വിശദീകരിച്ചു. സഭാനടപടികൾ ഇപ്പോൾ ശാന്തമായ സാഹചര്യത്തിൽ ചർച്ചയുമായി മുന്നോട്ട് പോകുകയാണെന്നും അദ്ദേഹം അറിയിച്ചു.
പാചകവാതക ക്ഷാമം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പ്രതിപക്ഷ പ്രതിഷേധം ശക്തമായതിനെത്തുടർന്ന് തടസപ്പെട്ട സഭാനടപടികൾക്കിടയിലാണ് ധനാഭ്യർത്ഥനകൾ സംബന്ധിച്ച സാങ്കേതിക പ്രശ്നങ്ങളും ചർച്ചയായത്.
National
ന്യൂഡൽഹി: പാർലമെന്റ് ഒരു പാർട്ടിക്കുവേണ്ടി മാത്രമല്ലെന്നും മുഴുവൻ രാജ്യത്തെയും പ്രതിനിധീകരിക്കുന്നുവെന്നും ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി.
സ്പീക്കർ ഓം ബിർളയെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെക്കുറിച്ചുള്ള ചർച്ചയിൽ ഇടപെട്ടുകൊണ്ടാണ് രാഹുലിന്റെ പരാമർശം. പ്രധാനമന്ത്രി നരേന്ദ്ര മോദി വിട്ടുവീഴ്ചയ്ക്കു തയാറായെന്നും അതിന്റെ ഫലം എല്ലാവർക്കും അറിയാമെന്നും രാഹുൽ ആരോപിച്ചു.
പ്രതിപക്ഷനേതാവ് തന്റെ വാക്കുകൾ ശ്രദ്ധാപൂർവം വിലയിരുത്തണമെന്ന് ബിജെപി എംപി രവിശങ്കർ പ്രസാദ് പറഞ്ഞതോടെ പ്രതിപക്ഷമൊന്നാകെ ബഹളം വയ്ക്കുകയും രാഹുലിനെ സംസാരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
എന്നാൽ സഭ നയിച്ച സ്പീക്കർ പാനലിലെ അംഗം ദിലീപ് സൈകിയ അനുമതി നിഷേധിച്ചു. എന്നാൽ പ്രതിപക്ഷാംഗങ്ങൾ ബഹളം കടുപ്പിച്ചതോടെ പാർലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു ഇടപെട്ട് രാഹുലിനെ സംസാരിക്കാൻ അനുവദിക്കുകയായിരുന്നു.
തുടർന്നു സംസാരിച്ച രാഹുൽ പാർലമെന്റിൽ തന്നെ പലതവണ നിശബ്ദനാക്കിയതായി ആരോപിച്ചു. ജനാധിപത്യ പ്രക്രിയയെയും സ്പീക്കറുടെ പങ്കിനെയും കുറിച്ച് ചർച്ച നടക്കുന്പോൾ തന്നെ മോശമായി ചിത്രീകരിക്കാനാണു ബിജെപി ശ്രമിക്കുന്നത്. പ്രതിപക്ഷം സംസാരിക്കാൻ എഴുന്നേൽക്കുന്പോൾ നിശബ്ദമാക്കുന്നു. പ്രധാനമന്ത്രിയുടെ വിട്ടുവീഴ്ചയെപ്പറ്റി പലപ്പോഴും സഭയിൽ ചോദ്യമുന്നയിച്ചു.
മുൻ കരസേനാ മേധാവി എം.എം. നരവനെയുടെ വെളിപ്പെടുത്തൽ, എപ്സ്റ്റീൻ ഫയൽ, അമേരിക്കയുമായുള്ള വ്യാപാരം തുടങ്ങിയ വിഷയങ്ങൾ സഭയിൽ ഉന്നയിക്കാൻ ശ്രമിച്ചെങ്കിലും നിശബ്ദനാക്കിയതായി രാഹുൽ ആരോപിച്ചു.
National
ന്യൂഡൽഹി: ലോക്സഭയിൽ സ്പീക്കറെ നീക്കം ചെയ്യാനുള്ള പ്രമേയത്തിന്മേലുള്ള ചർച്ച ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിലുള്ള കടുത്ത രാഷ്ട്രീയ യുദ്ധമായി മാറി. പ്രതിപക്ഷ ബഹളത്തെ മറികടന്നാണ് അവിശ്വാസ പ്രമേയത്തിന്മേലുള്ള ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ പ്രസംഗം.
പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം വിളികളുമായി സഭയിൽ ബഹളം വെക്കുന്നതിനിടെയായിരുന്നു ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസംഗം. "സ്പീക്കറുടെ സത്യസന്ധതയെയും നിഷ്പക്ഷതയെയും ചോദ്യം ചെയ്യുന്നത് നമ്മുടെ ജനാധിപത്യത്തെ തന്നെ ചോദ്യം ചെയ്യുന്നതിന് തുല്യമാണ്. രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഭരണഘടനാ സ്ഥാപനങ്ങളെ തകർക്കാൻ പ്രതിപക്ഷം ശ്രമിക്കുകയാണെന്നും" അമിത് ഷാ പറഞ്ഞു.
എംപിമാരെ സസ്പെൻഡ് ചെയ്യുന്നത് സ്പീക്കറുടെ വ്യക്തിപരമായ തീരുമാനമല്ല, മറിച്ച് സഭയുടെ മര്യാദകൾ ലംഘിക്കുമ്പോൾ സ്വീകരിക്കേണ്ടി വരുന്ന അച്ചടക്ക നടപടിയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ചർച്ചകളിൽ തോൽക്കുമെന്ന് ഭയന്നാണ് പ്രതിപക്ഷം ബഹളം വെച്ച് സഭ തടസപ്പെടുത്താൻ ശ്രമിക്കുന്നതെന്ന് അമിത് ഷാ പരിഹസിച്ചു. പ്രതിപക്ഷ നേതാക്കളുടെ മൈക്ക് ഓഫാക്കുന്നുവെന്ന പരാതി സഭയിൽ വീണ്ടും ഉയർന്നു.
National
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ വിദേശ സുഹൃത്തുക്കളുടെ സമ്മർദത്തിന് വഴങ്ങി രാജ്യത്തിന്റെ ഊർജ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്തുവെന്ന ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ താത്പര്യങ്ങൾ സംരക്ഷിക്കാനാണ് ഇന്ത്യയിലെ സാധാരണക്കാരെ കടുത്ത ഗ്യാസ്-ഇന്ധന ക്ഷാമത്തിലേക്ക് സർക്കാർ തള്ളിവിട്ടതെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. പശ്ചിമേഷ്യൻ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ പ്രധാനമന്ത്രി പരാജയപ്പെട്ടതായും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
എന്നാൽ രാഹുൽ ഗാന്ധിയുടേത് തികച്ചും അടിസ്ഥാനരഹിതമായ ആരോപണമാണെന്ന് ബിജെപി എംപി രവിശങ്കർ പ്രസാദ് തിരിച്ചടിച്ചു. "ഇന്ത്യ ഒരു രാജ്യത്തിനും മുന്നിലും തലകുനിച്ചിട്ടില്ല. പ്രധാനമന്ത്രി മോദിയുടെ കീഴിൽ ആഗോള തലത്തിൽ ഇന്ത്യയുടെ പ്രതിച്ഛായ ഉയരുകയാണ് ചെയ്തത്. പാർലമെന്റിനെ തെറ്റിദ്ധരിപ്പിക്കാനാണ് രാഹുൽ ഗാന്ധി ശ്രമിക്കുന്നത്. വിദേശ രാജ്യങ്ങളിൽ പോയി ഇന്ത്യയെ അപമാനിക്കുന്ന ശീലം അദ്ദേഹം സഭയ്ക്കുള്ളിലും തുടരുകയാണെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു.
National
ന്യൂഡൽഹി: പാർലമെന്റിൽ പ്രതിപക്ഷത്തെ നിശബ്ദമാക്കാൻ സ്പീക്കർ ഓം ബിർള മൈക്ക് വരെ ആയുധമാക്കിയെന്നു പ്രതിപക്ഷം. ഇത്രയും നിരുത്തരവാദപരമായ പ്രതിപക്ഷം ഉണ്ടായിട്ടില്ലെന്നും പ്രധാനമന്ത്രിയെ കെട്ടിപ്പിടിക്കാൻ ഏതെങ്കിലും പ്രതിപക്ഷനേതാവ് ഓടിച്ചെല്ലുന്നതു കണ്ടിട്ടുണ്ടോയെന്നും ഭരണപക്ഷം.
ലോക്സഭയിൽ സ്പീക്കർ ഓം ബിർളയ്ക്കെതിരായി പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിന്മേൽ ഇന്നലെ നടന്ന നീണ്ട ചർച്ച രൂക്ഷമായ ആരോപണ- പ്രത്യാരോപണങ്ങൾക്കു വഴിതെളിച്ചു. ഉച്ചയ്ക്ക് 12.30 മുതൽ രാത്രി 7.30 വരെ നീണ്ട ചർച്ച ഇന്നു പൂർത്തിയാക്കും.
ഭരണപക്ഷത്തിന് ഭൂരിപക്ഷമുള്ളതിനാൽ പ്രമേയം പാസാകില്ല. എങ്കിലും പ്രതിപക്ഷത്തെ നിശബ്ദമാക്കാനുള്ള സ്പീക്കറുടെ സഹായത്തോടെയുള്ള സർക്കാർ നീക്കം ചർച്ചയാക്കുന്നതിൽ പ്രതിപക്ഷം വിജയിച്ചു. നിഷ്പക്ഷത നിലനിർത്തുന്നതിൽ ബിർള പരാജയപ്പെട്ടെന്ന് പ്രമേയം അവതരിപ്പിച്ച മുഹമ്മദ് ജാവേദ് പറഞ്ഞു.
ബിർളയ്ക്കെതിരായ അവിശ്വാസ പ്രമേയത്തിലേക്കു നയിച്ച പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ പ്രസംഗം തടസപ്പെടുത്താനിടയായ എപ്സ്റ്റീൻ ഫയലുകളിലെ കേന്ദ്രമന്ത്രി ഹർദീപ് പുരിക്കും വ്യവസായി അംബാനിക്കുമെതിരേയുള്ള പരാമർശങ്ങൾ, കരസേന മുൻ മേധാവിയുടെ ആരോപണം, അമേരിക്കയുമായുള്ള വ്യാപാര കരാർ തുടങ്ങിയവയെല്ലാം പ്രതിപക്ഷം ഇന്നലെ ചർച്ചയിൽ ഉയർത്തി.
ജനാധിപത്യവും പാർലമെന്റിന്റെ അന്തസും സംരക്ഷിക്കാനാണു സ്പീക്കർക്കെതിരേ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ നിർബന്ധിതരായതെന്ന് ചർച്ച തുടങ്ങിയ കോണ്‍ഗ്രസ് നേതാവ് ഗൗരവ് ഗൊഗോയ് പറഞ്ഞു.
ചർച്ചയിൽനിന്നു ചട്ടപ്രകാരം ഓം ബിർള വിട്ടുനിന്നു. സ്പീക്കറുടെ അഭാവത്തിൽ ഡെപ്യൂട്ടി സ്പീക്കർക്കാണു ചുമതല നൽകേണ്ടിയിരുന്നതെന്ന് കെ.സി. വേണുഗോപാൽ ചൂണ്ടിക്കാട്ടി. എന്നാൽ ഏഴു വർഷമായി ഡെപ്യൂട്ടി സ്പീക്കറുടെ പദവി ഒഴിച്ചിട്ട് സർക്കാർ ഭരണഘടനാപ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണെന്ന് വേണുഗോപാൽ പറഞ്ഞു. സ്പീക്കർ നിയമിച്ച പാനലിൽനിന്നുള്ള ബിജെപി എംപി ജഗദാംബിക പാൽ അധ്യക്ഷന്റെ കസേരയിലിരുന്നു സ്പീക്കർക്കെതിരായ പ്രമേയ ചർച്ച നിയന്ത്രിക്കുന്നതിനെ പ്രതിപക്ഷം ചോദ്യം ചെയ്തു.
കഴിഞ്ഞ മാസം രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള ചർച്ചയിൽ പ്രതിപക്ഷനേതാവ് രാഹുലിനെ 20 തവണ സ്പീക്കർ തടസപ്പെടുത്തിയെന്ന് ഗൊഗോയ് കുറ്റപ്പെടുത്തി. സത്യം പറയുന്നതിൽനിന്നാണ് പ്രതിപക്ഷനേതാവിനെ തടസപ്പെടുത്തിയത്.
ഇടയ്ക്ക് ഗൗരവ് ഗൊഗോയിയും മന്ത്രി കിരണ്‍ റിജിജുവും തമ്മിലുണ്ടായ വാഗ്വാദത്തിൽ മന്ത്രി അമിത് ഷാ ഇടപെട്ടതു ശ്രദ്ധേയമായി.
പ്രതിപക്ഷത്തെ ഏറ്റവുമധികം തടസപ്പെടുത്തിയ പാർലമെന്ററികാര്യ മന്ത്രിയെന്ന റിക്കാർഡ് കിരണ്‍ റിജിജുവിനാണെന്ന് ഗൊഗോയ് പരിഹസിച്ചു. സഭാചട്ടങ്ങൾ പാലിക്കാതെ ബഹളം വയ്ക്കുന്പോഴാണ് തനിക്ക് ഇടപെടേണ്ടിവരുന്നതെന്ന് റിജിജു പറഞ്ഞു. ഇത്രയും നിരുത്തവാദപരമായ പ്രതിപക്ഷമായതിനാൽ പാർലമെന്ററികാര്യ മന്ത്രിക്കു തടസപ്പെടുത്തേണ്ടിവരുമെന്ന് അമിത് ഷായും തിരിച്ചടിച്ചു.
ഏകദേശം നാലു പതിറ്റാണ്ടുകൾക്കുശേഷമാണ് ലോക്സഭാ സ്പീക്കർക്കെതിരായ അവിശ്വാസ പ്രമേയം പാർലമെന്റിൽ ചർച്ച ചെയ്യുന്നത്. ലോക്സഭയുടെ ചരിത്രത്തിലെ നാലാമത്തെ മാത്രം അവിശ്വാസ പ്രമേയമാണിത്.
ഓം ബിർളയ്ക്കെതിരായ പ്രമേയത്തിനുമുന്പ് 1987ൽ അന്നത്തെ സ്പീക്കർ ബൽറാം ജാക്കർക്കെതിരേയായിരുന്നു അവസാനത്തെ അവിശ്വാസ പ്രമേയം ചർച്ച ചെയ്തത്. രാജ്യത്തെ ആദ്യത്തെ സ്പീക്കർ ജി.വി. മാവ്ലങ്കറിനെതിരായി 1954ലും 1966ൽ ഹുകാം സിംഗിനെതിരായും പ്രതിപക്ഷം അവിശ്വാസപ്രമേയം കൊണ്ടുവന്നിരുന്നു.
പ്രതിപക്ഷത്തെ 118 എംപിമാർ ഒപ്പിട്ട സ്പീക്കർ ഓം ബിർളയെ നീക്കാനുള്ള പ്രമേയം കോണ്‍ഗ്രസ് എംപി മുഹമ്മദ് ജാവേദാണ് ഇന്നലെ ലോക്സഭയിൽ അവതരിപ്പിച്ചത്. കൊടിക്കുന്നിൽ സുരേഷും ഇതേ പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു.
National
ന്യൂഡൽഹി: ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്കെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതിനുള്ള പ്രമേയം കോൺഗ്രസ് എംപി മുഹമ്മദ് ജാവേദ് ചൊവ്വാഴ്ച പാർലമെന്റിൽ അവതരിപ്പിച്ചു.
അമ്പതിലധികം എംപിമാർ പ്രമേയത്തെ അനുകൂലിച്ച് മുന്നോട്ട് വന്നതിനെ തുടർന്ന് ബിജപി എംപി ജഗദംബികബപാൽ അവിശ്വാസ പ്രമേയത്തിനുള്ള അവതരണാനുമതി നൽകി. ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ സ്പീക്കറിനെതിരെ പ്രതിപക്ഷം നോട്ടീസ് നൽകിയിരുന്നു. 118 അംഗങ്ങളാണ് അവിശ്വാസ പ്രമേയത്തിൽ ഒപ്പിട്ടിരുന്നത്.
എന്നാൽ പ്രതിപക്ഷത്തിന്റെ എതിർപ്പുകൾ അടിസ്ഥാനരഹിതമാണെന്നാണ് ബിജെപി എംപിമാരായ രവിശങ്കർ പ്രസാദും നിഷികാന്ത് ദുബെയും പറഞ്ഞത്. കേന്ദ്ര പാർലമെന്ററി മന്ത്രി കിരൺ റിജിജുവും ഈ വിഷയത്തിൽ നിഷികാന്ത് ദുബെയെ പിന്തുണച്ചു. കിരൺ റിജിജുവാണ് പ്രമേയത്തിന്മേലുള്ള ചർച്ചയ്ക്ക് തുടക്കം കുറിച്ചത്. ബിജെപി എംപിമാരായ അനുരാഗ് സിംഗ് ഠാക്കൂർ, നിഷികാന്ത് ദുബെ, രവിശങ്കർ പ്രസാദ്, ഭർതൃഹരി മഹ്താബ് എന്നിവർ ഈ വിഷയത്തിൽ പ്രസ്താവനകൾ നടത്തും.
ലോക് ജനശക്തി പാർട്ടി (രാം വിലാസ്) ചിരാഗ് പാസ്വാനും ചർച്ചയ്ക്കിടെ സഭയെ അഭിസംബോധന ചെയ്യും. ലോക്സഭാ സ്പീക്കറെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുന്ന പ്രമേയത്തെ അനുകൂലിച്ച് കോൺഗ്രസ് എംപിമാരായ ഗൗരവ് ഗൊഗോയ്, മനീഷ് തിവാരി, ദീപേന്ദർ സിംഗ് ഹൂഡ, ജ്യോതിമണി എന്നിവർ ലോക്സഭയിൽ വാദങ്ങൾ അവതരിപ്പിക്കും.
National
ന്യൂഡൽഹി: പശ്ചിമേഷ്യൻ പ്രതിസന്ധിയെച്ചൊല്ലി പാർലമെന്റിൽ പ്രതിഷേധിക്കുന്ന പ്രതിപക്ഷ പാർട്ടികൾക്കെതിരെ ആഞ്ഞടിച്ച് ബിജെപി. പ്രതിപക്ഷം സഭാനടപടികളെ ബന്ദിയാക്കാൻ ശ്രമിക്കുകയാണെന്നും ജനാധിപത്യപരമായ കീഴ്വഴക്കങ്ങൾ ലംഘിക്കുകയാണെന്നും ബിജെപി എംപിമാർ ആരോപിച്ചു. ബഹളത്തെത്തുടർന്ന് ലോക്സഭ ഇന്നത്തേക്ക് പിരിഞ്ഞു.
ബിജെപി എംപി സംബിത് പത്ര, രവിശങ്കർ പ്രസാദ്, അനുരാഗ് സിംഗ് ഠാക്കൂർ, കങ്കണ റണാവത്ത് തുടങ്ങിയവരാണ് പ്രതിപക്ഷത്തിനെതിരെ രൂക്ഷ പ്രതികരണവുമായെത്തിയത്. സർക്കാർ ചർച്ചയ്ക്ക് തയ്യാറാണെന്നും എന്നാൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷം സഭയുടെ അന്തസ് കെടുത്തുകയാണെന്നും മുൻ മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. പ്രതിപക്ഷം സഭയെ 'ഹൈജാക്ക്' ചെയ്തിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിദേശകാര്യമന്ത്രി സഭയിൽ പ്രസ്താവന നടത്തുമ്പോൾ പ്ലക്കാർഡുകൾ ഉയർത്തുന്നത് അപക്വമാണെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് പറഞ്ഞു.
സ്പീക്കർ ഓം ബിർളയുടെ അഭാവത്തിൽ സഭ നിയന്ത്രിച്ച ജഗദംബിക പാൽ, പ്രതിപക്ഷം നികുതിദായകരുടെ പണം പാഴാക്കുകയാണെന്ന് വിമർശിച്ചു. ഉച്ചയ്ക്ക് 12 മണിക്കും പിന്നീട് മൂന്ന് മണിക്കും സഭ ചേർന്നുവെങ്കിലും പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചതോടെ നടപടികൾ മുന്നോട്ട് കൊണ്ടുപോകാനായില്ല. ഇതേത്തുടർന്നാണ് ലോക്സഭ ഇന്നത്തേക്ക് പിരിച്ചുവിട്ടത്.
International
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിലും ഇറാൻ പ്രതിസന്ധിയിലും കേന്ദ്ര സർക്കാർ പുലർത്തുന്ന മൗനത്തിനെതിരെ കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി രംഗത്ത്. ഇന്ത്യയുടെ വിദേശനയത്തിൽ പ്രകടമാകുന്ന അസ്വാഭാവികമായ മാറ്റങ്ങളും വൈരുദ്ധ്യങ്ങളും പാർലമെന്റിൽ അടിയന്തരമായി ചർച്ച ചെയ്യണമെന്ന് അവർ ആവശ്യപ്പെട്ടു.
രാജ്യത്തിന്റെ വിദേശനയത്തിൽ വലിയ മാറ്റങ്ങൾ സംഭവിക്കുമ്പോൾ പാർലമെന്റിൽ അത് ചർച്ച ചെയ്യാത്തത് ജനാധിപത്യവിരുദ്ധമാണെന്ന് സോണിയ ഗാന്ധി കുറ്റപ്പെടുത്തി. പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ ഇന്ത്യയുടെ നിലപാട് എന്താണെന്ന് സർക്കാർ വ്യക്തമാക്കണമെന്നും സോണിയാ ഗാന്ധി ആവശ്യപ്പെട്ടു.
മുൻകാലങ്ങളിൽ അന്താരാഷ്ട്ര വിഷയങ്ങളിൽ വ്യക്തമായ നിലപാടെടുത്തിരുന്ന ഇന്ത്യ, ഇപ്പോൾ പ്രധാനപ്പെട്ട പല കാര്യങ്ങളിലും നിശബ്ദത പാലിക്കുന്നത് രാജ്യത്തിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്ന് അവർ ചൂണ്ടിക്കാട്ടി.
ഇറാൻ പരമോന്നത നേതാവ് കൊല്ലപ്പെട്ടതും തുടർന്നുണ്ടായ യുദ്ധസാഹചര്യവും ലോകക്രമത്തെ തന്നെ മാറ്റുന്നതാണ്. ചർച്ചകൾ നടന്നുകൊണ്ടിരിക്കെ ഒരു രാഷ്ട്രത്തലവൻ വധിക്കപ്പെടുന്നത് അന്താരാഷ്ട്ര ബന്ധങ്ങളിലെ വലിയൊരു വിള്ളലാണെന്നും അവർ ആവർത്തിച്ചു. ഇന്ത്യയുടെ ഊർജ സുരക്ഷയെയും ലക്ഷക്കണക്കിന് പ്രവാസികളെയും നേരിട്ട് ബാധിക്കുന്ന വിഷയമായതിനാൽ, ഈ വിഷയത്തിൽ സർക്കാർ പുലർത്തുന്ന 'അനക്കമില്ലായ്മ' ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് സോണിയ ഗാന്ധി പറഞ്ഞു.
National
ന്യൂഡൽഹി: വിവാദ അമേരിക്കൻ ശതകോടീശ്വരനും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്സ്റ്റീനുമായി കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി നടത്തിയ കൂടിക്കാഴ്ചകളിൽ ദുരൂഹത ആരോപിച്ച് കോൺഗ്രസ്. 2014-നും 2016-നും ഇടയിൽ സർക്കാർ പദവികളൊന്നും വഹിക്കാതിരുന്ന പുരി, ആരുടെ നിർദ്ദേശപ്രകാരമാണ് എപ്സ്റ്റീനെ കണ്ടതെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര ചോദിച്ചു. വിഷയത്തിൽ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പാർലമെന്റ് നടപടികൾ സ്തംഭിപ്പിച്ചു.
2014 മുതൽ 2016 വരെയുള്ള കാലയളവിൽ ഹർദീപ് സിംഗ് പുരി സർക്കാരിൽ ഒരു പദവിയും വഹിച്ചിരുന്നില്ല. അക്കാലത്ത് എപ്സ്റ്റീനുമായി നടത്തിയ മൂന്നോ നാലോ കൂടിക്കാഴ്ചകൾ ഏത് ഔദ്യോഗിക പദവിയുടെ അടിസ്ഥാനത്തിലായിരുന്നു? രാജ്യത്ത് വിദേശകാര്യ മന്ത്രാലയവും മന്ത്രിയും ഉള്ളപ്പോൾ, ഇത്തരമൊരു കൂടിക്കാഴ്ച നടത്താൻ പുരിക്ക് ആരാണ് അനുമതി നൽകിയത്?
അന്ന് വെറുമൊരു മുൻ ഉദ്യോഗസ്ഥൻ മാത്രമായിരുന്ന പുരി, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക പ്രതിനിധിയായാണോ എപ്സ്റ്റീനെ കണ്ടതെന്നും പവൻ ഖേര ചോദിച്ചു.
"ഇന്ത്യയുടെ വികസന മാതൃകയെക്കുറിച്ച് സംസാരിക്കാനാണ് എപ്സ്റ്റീനെ കണ്ടതെന്നാണ് മന്ത്രി പറയുന്നത്. വിദേശകാര്യ മന്ത്രിയും എംബസിയും ചെയ്യേണ്ട കാര്യം ചെയ്യാൻ അന്ന് ഔദ്യോഗിക പദവി പോലുമില്ലാത്ത പുരിയെ ആരാണ് ചുമതലപ്പെടുത്തിയത്?" തുടങ്ങിയ ചോദ്യങ്ങളാണ് ഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തിൽ പവൻ ഖേര ചോദിച്ചത്.
എപ്സ്റ്റീൻ ഫയൽ വിവാദത്തിൽ കേന്ദ്ര സർക്കാർ മറുപടി നൽകാതെ ഒളിച്ചുകളിക്കുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷം ലോക്സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. രാഹുൽ ഗാന്ധി ഉന്നയിച്ച ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാത്തതിലും പ്രതിപക്ഷം അതൃപ്തി രേഖപ്പെടുത്തി. പ്രതിഷേധത്തെത്തുടർന്ന് സഭാ നടപടികൾ തടസപ്പെടുകയും ലോക്സഭ മാർച്ച് ഒൻപതിലേക്ക് പിരിയുകയും ചെയ്തു.
ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തിലും ഈ വിഷയം സജീവമായി നിലനിർത്താനാണ് പ്രതിപക്ഷത്തിന്റെ നീക്കം. എപ്സ്റ്റീൻ വിവാദത്തിന് പുറമെ, ഇന്ത്യ-അമേരിക്ക വ്യാപാര കരാറിലെ കർഷക വിരുദ്ധ വ്യവസ്ഥകളും വരും ദിവസങ്ങളിൽ സഭയിൽ ഉന്നയിക്കുമെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി.
National
ന്യൂഡൽഹി: ഇന്ത്യ-അമേരിക്ക വ്യാപാര കരാറിനെ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി പാർലമെന്റിൽ രൂക്ഷമായി വിമർശിച്ചതിനു പിന്നാലെ കരാറിനെതിരേ പ്രതിഷേധവുമായി ഇന്ത്യാ മുന്നണി എംപിമാർ.
പുതിയ തൊഴിൽ നിയമത്തിനെതിരേ നടന്ന ദേശീയ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചും പ്രതിപക്ഷ എംപിമാർ ഇന്നലെ ഉച്ചവരെ ലോക്സഭ സ്തംഭിപ്പിച്ചു. ഇന്നലെ രാവിലെ ലോക്സഭയിൽ നടപടികൾ ആരംഭിച്ചപ്പോൾത്തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി. അമേരിക്കയുമായുള്ള വ്യാപാര കരാറിനെ ’ട്രാപ് ഡീൽ’ എന്നു വിശേഷിപ്പിച്ച് മുദ്രാവാക്യങ്ങൾ മുഴക്കിയാണ് എംപിമാർ രംഗത്തെത്തിയത്.
സഭാനടപടികൾ ആരംഭിച്ചപ്പോൾ സ്പീക്കറുടെ ചെയറിലുണ്ടായിരുന്ന കൃഷ്ണപ്രസാദ് ടെന്നട്ടി ചോദ്യോത്തരവേള ആരംഭിക്കാൻ നിർദേശം നൽകി. എന്നാൽ പ്ലക്കാർഡുമായി മുദ്രാവാക്യം മുഴക്കി എംപിമാർ നടുത്തളത്തിൽ ഇറങ്ങിയതോടെ ഉച്ചവരെ സഭാനടപടികൾ നിർത്തിവച്ചു.
ഇന്ത്യ-അമേരിക്ക വ്യാപാര കരാർ സംബന്ധിച്ച് ഉയരുന്ന ആശങ്കകൾ പാർലമെന്റിൽ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അംഗം മനീഷ് തിവാരി അടിയന്തര പ്രമേയത്തിനുള്ള നോട്ടീസ് നൽകിയെങ്കിലും അനുമതി നൽകിയില്ല.
പാർലമെന്റ് നടപടികൾ ആരംഭിക്കുന്നതിനുമുന്പ് രാജ്യസഭ പ്രതിപക്ഷനേതാവ് മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിൽ ഇന്ത്യ മുന്നണിയിലെ നേതാക്കൾ പാർലമെന്റ് വളപ്പിൽ പ്രതിഷേധ മുദ്രാവാക്യങ്ങൾ മുഴക്കിയിരുന്നു.
National
ന്യൂഡൽഹി: അയോഗ്യനാക്കാനുള്ള ബിജെപി നീക്കത്തെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അവകാശലംഘന നോട്ടീസ് കൊണ്ടുവന്നാലോ കേസ് എടുത്താലോ തനിക്ക് ഒന്നും സംഭവിക്കില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
രാജ്യത്തെ കാർഷിക മേഖല മോദി വിറ്റെന്നും സത്യം പറഞ്ഞതിനാണ് തനിക്ക് എതിരായ നീക്കം എന്നും വീഡിയോ സന്ദേശത്തിൽ അദ്ദേഹം വ്യക്തമാക്കി.
ജനറൽ എം.എം. നരവനെയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകത്തിന്റെ ഭാഗങ്ങൾ പാർലമെന്റിൽ വായിച്ചതും ബജറ്റിനെതിരെ നടത്തിയ വിമർശനങ്ങളുടെയും പശ്ചാത്തലത്തിൽ ബിജെപി എംപി നിഷികാന്ത് ദുബെ ആണ് രാഹുലിനെതിരെ അവകാശലംഘന നോട്ടീസ് നല്‍കിയത്.
ബജറ്റ് ചര്‍ച്ചയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ അതി രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തിയ രാഹുല്‍ ഗാന്ധിക്കെതിരേ അവകാശ ലംഘന നോട്ടീസ് നല്‍കാനൊരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് പുതിയ നീക്കം.
രാജ്യത്തെ തകർക്കുക എന്ന ഉദ്ദേശത്തോടെ രാഹുലിന് ആരാണ് ധനസഹായം നൽകുന്നതെന്നും എവിടെനിന്നാണ് പ്രസിദ്ധീകരിക്കാത്ത പുസ്തകം രാഹുലിനു ലഭിച്ചതെന്നും ചോദിച്ച നിഷികാന്ത് ദുബെ, രാഹുൽ ഗാന്ധിയുടെ ലോക്സഭാ അംഗത്വം എടുത്തുമാറ്റണമെന്നും ആവശ്യപ്പെട്ടു.
National
ന്യൂഡൽഹി: അമേരിക്കയുമായുണ്ടാക്കിയതു വ്യാപാര കരാറിനെക്കാൾ അവരുടെ സാധനങ്ങൾ വാങ്ങാൻ മുൻകൂട്ടി സമ്മതിക്കുന്ന കച്ചവട ക്രമീകരണം (പ്രീ കമ്മിറ്റഡ് പർച്ചേസ്) ആണെന്ന് ലോക്സഭയിൽ ഡോ. ശശി തരൂർ എംപി. പരസ്പര സഹകരണത്തിന്റെ അടിസ്ഥാനതത്വങ്ങളെ ലംഘിക്കുന്ന കരാറിലൂടെ ഇന്ത്യക്കു നിലവിലുള്ള മുൻതൂക്കം ഇല്ലാതാക്കിയെന്നും കേന്ദ്രബജറ്റിനെക്കുറിച്ചുള്ള ചർച്ചയ്ക്കിടെ തരൂർ കുറ്റപ്പെടുത്തി. എയിംസും അതിവേഗ റെയിൽപാതയുമടക്കം നൽകാതെ ബജറ്റിൽ കേരളത്തെ അവഗണിച്ചതിലും തരൂർ രൂക്ഷ വിമർശനം നടത്തി.
സ്വപ്നങ്ങൾ മാത്രം വിൽക്കുന്നതും മിഥ്യാധാരണകൾ സൃഷ്ടിക്കുന്നതും അവസരങ്ങൾ പാഴാക്കിയതുമാണ് കേന്ദ്ര ബജറ്റെന്ന് കോണ്‍ഗ്രസ് പ്രവർത്തക സമിതിയംഗമായ തരൂർ ആരോപിച്ചു. രാജ്യം നേരിടുന്ന തൊഴിലില്ലായ്മയും വിലക്കയറ്റവും കഠിനദാരിദ്ര്യവും സ്തംഭനാവസ്ഥയിലായ ശന്പളം അടക്കമുള്ള പ്രശ്നങ്ങളെ അവഗണിച്ചതുമായ കേന്ദ്രബജറ്റ് നിരാശാജനകവും അസ്വസ്ഥയുണ്ടാക്കുന്നതുമാണ്. എട്ടു ദിവസമായി തുടർന്ന സ്തംഭനം അവസാനിപ്പിച്ച് ലോക്സഭയിൽ ഇന്നലെ ഉച്ചകഴിഞ്ഞു നടന്ന ബജറ്റ് ചർച്ചയിലാണു ധനമന്ത്രി നിർമലാ സീതാരാമനെ മുന്നിലിരുത്തി തരൂർ കടുത്ത വിമർശനം നടത്തിയത്. ബജറ്റ് നിർദേശങ്ങൾ നടപ്പിലാക്കാൻ നടപടികളില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യ-അമേരിക്ക വ്യാപാര കരാറിൽ കർഷകർക്കും ചെറുകിട വ്യവസായങ്ങൾക്കും (എംഎസ്എംഇകൾ) ഉള്ള സംരക്ഷണത്തെക്കുറിച്ച് പാർലമെന്റിന് അറിവില്ല. കർഷകർക്കുണ്ടാകുന്ന പ്രത്യാഘാതങ്ങൾ എന്താണെന്നു വ്യക്തമല്ല. അമേരിക്കൻ കാർഷികോത്പന്നങ്ങൾക്കായി ഇന്ത്യൻ വിപണികൾ തുറന്നുകൊടുക്കുമെന്നുള്ള അവകാശവാദങ്ങൾ ഗുരുതര ചോദ്യങ്ങൾ ഉയർത്തുന്നു. കരാറിന്റെ മുഴുവൻ വിവരങ്ങളും പാർലമെന്റിൽ വയ്ക്കണമെന്ന് തരൂർ ആവശ്യപ്പെട്ടു.
കാലിലെ പൊട്ടലിനെത്തുടർന്ന് വീൽചെയറിലെത്തി സീറ്റിലിരുന്നാണ് തരൂർ പ്രസംഗിച്ചത്. കേരളത്തിലെ കർഷകർ, തീരവാസികൾ തുടങ്ങിയവർക്കുവേണ്ടിയും എയിംസ്, അതിവേഗ പാത അടക്കമുള്ളവയ്ക്കുവേണ്ടിയും തരൂർ ശക്തമായി വാദിച്ചു. പ്രസംഗം പൂർത്തിയാക്കിയയുടൻ കെ.സി. വേണുഗോപാലും എൻ.കെ. പ്രേമചന്ദ്രനും അടക്കമുള്ളവർ തരൂരിന്റെ അടുത്തെത്തി അഭിനന്ദിച്ചു. അര മണിക്കൂർ നീണ്ട തരൂരിന്റെ പ്രസംഗം ധനമന്ത്രിയടക്കം ലോക്സഭാംഗങ്ങളാകെ പൂർണ ശ്രദ്ധയോടെ കേട്ടിരുന്നു.
കോർപറേറ്റ് വമ്പന്മാർക്ക് ആശ്വാസം
കോർപറേറ്റ് വന്പന്മാരേക്കാൾ ഇടത്തരക്കാരുടെ നികുതിഭാരം കൂട്ടുകയാണ് കേന്ദ്രസർക്കാരെന്ന് തരൂർ കുറ്റപ്പെടുത്തി. പത്തു വർഷം മുന്‍പ് കോർപറേറ്റുകളുടെ നികുതി വരുമാനം കൂടുതലും സാധാരണക്കാരുടെ വിഹിതം കുറവുമായിരുന്നു. ഇപ്പോഴതു മാറി. വ്യക്തികളുടെ നികുതിഭാരം കൂടിയത് അസ്വസ്ഥത സൃഷ്ടിക്കുന്നു. കോർപറേറ്റ് കന്പനികളുടേത് കുറഞ്ഞിട്ടുമുണ്ട്.
കേന്ദ്രബജറ്റിലെ അനുമാനങ്ങൾക്കു വ്യക്തത, സുതാര്യത, ഉത്തരവാദിത്വം എന്നിവയില്ലെന്നും തരൂർ ആരോപിച്ചു. അമേരിക്കയുമായുള്ള വ്യാപാരത്തിൽ പരിമിതമായെങ്കിലും ഇന്ത്യക്കുണ്ടായിരുന്ന വ്യാപാരമിച്ചം കമ്മിയാക്കി മാറ്റുന്നതാണു പുതിയ കരാർ. അഞ്ചു വർഷത്തിനുള്ളിൽ 500 ബില്യണ്‍ ഡോളറിന്റെ അമേരിക്കൻ സാധനങ്ങൾ വാങ്ങുമെന്ന ഇന്ത്യയുടെ ഉറപ്പ് ദോഷകരമാണ്. നിലവിലെ മിച്ചത്തെ ദീർഘകാല കമ്മിയാക്കി മാറ്റുന്നതാണിത്. അയൽരാജ്യങ്ങളേക്കാൾ ഒരു ശതമാനം തീരുവ കുറവാണെന്നു പറയുന്പോഴും ആ രാജ്യങ്ങൾക്കൊന്നും ഇത്തരത്തിലൊരു വാങ്ങൽനിബന്ധനയില്ലെന്നു മുൻ കേന്ദ്രമന്ത്രികൂടിയായ തരൂർ ചൂണ്ടിക്കാട്ടി.
തീരുവ കുറയ്ക്കൽ, കൃഷിതുറക്കൽ, ഡാറ്റ ലോക്കലൈസേഷനും ബൗദ്ധിക സ്വത്തവകാശ സംരക്ഷണവും നേർപ്പിക്കൽ, ഊർജ ഇറക്കുമതി വഴിതിരിച്ചുവിടൽ എന്നിവയെല്ലാം ആശങ്കകൾ ഉയർത്തുന്നവയാണെന്ന് തരൂർ പറഞ്ഞു. വ്യാപാര കരാർ പ്രധാനമാണെന്ന് അംഗീകരിക്കുന്പോൾത്തന്നെ, ഇന്ത്യ-യുഎസ് വ്യാപാരക്കരാറിൽ ഉത്തരം ലഭിക്കാത്ത ചോദ്യങ്ങൾ ഉയരുന്നുണ്ട്. വ്യക്തത ആവശ്യമാണ്. പ്രസിഡന്റ് ട്രംപിന്റെ ട്വീറ്റുകളും പത്രക്കുറിപ്പുകളും മാത്രമാണ് ഇതുവരെ ലഭ്യമായ വിവരങ്ങൾ. വിശദാംശങ്ങളൊന്നുമില്ല.
ഈ ബജറ്റ് വിവേകത്തിന് പ്രശംസിക്കപ്പെടുന്നു. എന്നാൽ കാഴ്ചപ്പാടോ നീതിയോ ഇല്ലാത്ത വിവേകം പൊള്ളയാണ്. ഫലങ്ങളിൽ അധിഷ്ഠിതമായ നയങ്ങളല്ല, മറിച്ച് ശ്രദ്ധാപൂർവം തയാറാക്കിയ മിഥ്യാധാരണകളാണ്. ഇന്ത്യയിലെ സാധാരണക്കാരുടെ ദൈനംദിന ജീവിതം മാറ്റമില്ലാതെ തുടരുന്നു. തൊഴിലില്ലായ്മ, വർധിച്ചുവരുന്ന ജീവിതച്ചെലവ്, അസമത്വം എന്നിവയെ ഇത് അവഗണിക്കുന്നു. സാധാരണക്കാരുടെ പോരാട്ടങ്ങളെയും അഭിലാഷങ്ങളെയും അഭിസംബോധന ചെയ്യുന്നില്ല. ക്ഷേമപദ്ധതികൾക്കു വകയിരുത്തിയ തുകപോലും മുൻവർഷങ്ങളിൽ ഉപയോഗിച്ചിട്ടില്ല. ഭരണപരമായ പരാജയമാണിത്.
കഴിഞ്ഞ വർഷം 53 പ്രധാന ക്ഷേമ, അടിസ്ഥാനസൗകര്യ പദ്ധതികൾക്കായി ബജറ്റിൽ വകയിരുത്തിയ അഞ്ചു ലക്ഷം കോടിയിലധികം രൂപയിൽ സാന്പത്തിക വർഷത്തിലെ ആദ്യ ഒന്‍പത് മാസങ്ങളിൽ 41 ശതമാനം മാത്രമേ ചെലവഴിച്ചിട്ടുള്ളൂ.
67,000 കോടി രൂപ അനുവദിച്ച ജൽ ജീവൻ മിഷനിൽ ഒന്‍പതു മാസത്തിനുള്ളിൽ 31 കോടി രൂപ മാത്രമേ ചെലവഴിക്കാൻ കഴിഞ്ഞുള്ളൂ. ഏറെ കൊട്ടിഘോഷിക്കപ്പെട്ട പിഎം സ്കൂൾസ് ഫോർ റൈസിംഗ് ഇന്ത്യ പദ്ധതിയുടെ 7,500 കോടി രൂപയിൽ 473 കോടി മാത്രമേ ചെലവഴിച്ചുള്ളൂ. പട്ടികജാതിക്കാരുടെ ഉന്നമനത്തിനായുള്ള പ്രധാനമന്ത്രി അനുശുചിത് ജാതി അഭ്യുദയ യോജനയ്ക്ക് 2,140 കോടി രൂപ വകയിരുത്തിയതിൽ 40 കോടി രൂപ മാത്രമേ വിനിയോഗിച്ചുള്ളൂവെന്നും തരൂർ ഓർമപ്പെടുത്തി.
ഒരിക്കൽ കറുത്ത സ്വർണമായി ആഘോഷിക്കപ്പെട്ട കുരുമുളക് അവഗണനയിൽ വാടിപ്പോകുന്നു. ബജറ്റിലൂടെ പ്രതീക്ഷ ആവർത്തിച്ച് വിൽക്കപ്പെടുന്നു. 2047ൽ വികസിത ഭാരതമെന്ന അഭിലാഷം നേടാനും വിശ്വസനീയമായ ഒരു മാർഗവും ബജറ്റിലില്ല. വിദ്യാഭ്യാസം വികസിപ്പിക്കേണ്ട സമയത്ത് കൃത്യമായി വെട്ടിക്കുറയ്ക്കപ്പെടുന്നു. ഒന്നര ലക്ഷം സ്കൂളുകൾ ഇപ്പോഴും വൈദ്യുതിയില്ലാതെ പ്രവർത്തിക്കുന്നു. എന്നിട്ടും വികസിത ഭാരതമെന്ന് അവകാശപ്പെടുന്നു. വെറും മിഥ്യയായി മാറുകയാണു പലതുമെന്ന് തരൂർ ആരോപിച്ചു.
ഇടിക്കുന്ന കാറിന്റെ എയർബാഗുകൾ പുനഃക്രമീകരിക്കുന്നതുപോലെയാണ് പുതിയ കേന്ദ്രബജറ്റെന്ന് ഡോ. ശശി തരൂരിന്റെ പരിഹാസം. ബ്രേക്ക് ശരിയാക്കാൻ കഴിഞ്ഞില്ല, അതിനാൽ ഹോണ്‍ കൂടുതൽ ഉച്ചത്തിലാക്കി എന്നു പറഞ്ഞ ഗാരേജ് മെക്കാനിക്കിനെ ഓർമിപ്പിക്കുന്നതാണ് 2025ലെ ധനകാര്യ ബില്ലെന്നും തരൂർ കളിയാക്കി.
നവകാലത്തെ പ്രണയങ്ങൾ പോലെയാണു കാർഷികമേഖലയിലെ ബജറ്റ് വാഗ്ദാനങ്ങളെന്നും തരൂർ പറഞ്ഞു. വലിയ വാഗ്ദാനങ്ങളുണ്ട്. പക്ഷേ അതൊന്നും പാലിക്കാൻ സംവിധാനമോ പ്രതിജ്ഞാബദ്ധതയോ ഇല്ല. വാഗ്ദാനങ്ങൾ ഫലങ്ങളാക്കി മാറ്റുന്നത് ഔദാര്യമല്ല. അതൊരു തെരഞ്ഞെടുപ്പല്ല. അതു കർത്തവ്യമാണെന്നും ധനമന്ത്രി നിർമലാ സീതാരാമനോട് തരൂർ ഓർമിപ്പിച്ചു.
ഹോണ്‍ നിശബ്ദമാക്കിയിട്ടുണ്ടെങ്കിലും ആവശ്യത്തിന് ചലനമുണ്ടാക്കിയിട്ടില്ലെന്നു കാണുന്പോൾ സങ്കടമുണ്ട്. കാരണം ഈ ബജറ്റും പാഴാക്കിയ അവസരമായി. ഇടിക്കുന്ന കാറിന്റെ എയർബാഗുകൾ പുനഃക്രമീകരിക്കുന്നതിന് തുല്യമാണ്. അതേസമയം, ഷാസി ഉറപ്പുള്ളതാണെന്നും പിന്നീട് അവർക്ക് സുഖം തോന്നുമെന്നും യാത്രക്കാർക്ക് ഉറപ്പുനൽകുകയാണെന്നും തരൂർ അഭിപ്രായപ്പെട്ടു.
National
ന്യൂഡൽഹി: ലോക്സഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് സംസാരിക്കാൻ അനുമതി നിഷേധിക്കുന്നതിനെച്ചൊല്ലി സഭ ഇന്നും പ്രക്ഷുബ്ധം. രാവിലെ സഭാനടപടികൾ ആരംഭിച്ചപ്പോൾ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. കോൺഗ്രസ് അംഗങ്ങൾ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതിനെത്തുടർന്ന് സഭാ നടപടികൾ ഉച്ചയ്ക്ക് രണ്ടുവരെ നിർത്തിവച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് എന്നിവർക്കെതിരായ മുൻ കരസേന മേധാവി ജനറൽ എം.എം. നരവനെയുടെ പുസ്തകത്തിലെ പരാമർശങ്ങൾ ഉദ്ധരിക്കാൻ ശ്രമിച്ചതോടെയാണ് രാഹുൽ ഗാന്ധിക്ക് സ്പീക്കർ വിലക്കേർപ്പെടുത്തിയത്. ബജറ്റിന്മേലുള്ള ചർച്ചകൾ നടക്കുന്നതിനാൽ മറ്റ് വിഷയങ്ങൾ അനുവദിക്കില്ലെന്നാണ് സ്പീക്കറുടെ നിലപാടെങ്കിലും, രാഹുൽ ഗാന്ധിയെ മനഃപൂർവം തടയുകയാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
അതേസമയം, സ്പീക്കറുടെ നിലപാടിൽ പ്രതിഷേധിച്ച് അദ്ദേഹത്തിനെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നൽകാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിക്കുന്നില്ല, പ്രതിഷേധിച്ച എട്ട് എംപിമാർക്ക് സമ്മേളന കാലം മുഴുവൻ സസ്പെൻഷൻ നൽകി, പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധിച്ച വനിതാ എംപിമാർക്കെതിരെ തെറ്റായ പ്രചാരണം നടത്തി തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സ്പീക്കറെ നീക്കുന്നതിനുള്ള പ്രമേയം സഭയിൽ കൊണ്ടുവരാൻ പ്രതിപക്ഷം നീക്കം നടത്തുന്നത്.
ലോക്സഭാ സെക്രട്ടറി ജനറലിന് നൽകുന്ന ഈ നോട്ടീസിൽ തൃണമൂൽ കോൺഗ്രസ് ഒപ്പുവയ്ക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. സ്പീക്കറെ നീക്കാനുള്ള നോട്ടീസ് സാധാരണ ഡെപ്യൂട്ടി സ്പീക്കർക്കാണ് നൽകേണ്ടത്. നിലവിൽ സഭയിൽ ഡെപ്യൂട്ടി സ്പീക്കർ ഇല്ലാത്തതിനാലാണ് ഇത് ലോക്സഭാ സെക്രട്ടറി ജനറലിനു നല്‍കുന്നത്.
ഇന്ത്യാ സഖ്യം യോഗം ചേർന്നാണ് സ്പീക്കറെ നീക്കാനുള്ള നോട്ടീസ് നൽകാൻ തീരുമാനിച്ചത്. എന്നാൽ, മമത ബാനർജി കോൺഗ്രസിനോട് ഇടഞ്ഞു നിൽക്കുന്ന സാഹചര്യത്തിലാണ് തൃണമൂൽ ഒപ്പുവയ്ക്കില്ലെന്ന് അറിയിച്ചത്.
National
ന്യൂഡല്‍ഹി: ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയെ പദവിയില്‍നിന്നു നീക്കാനുള്ള പ്രമേയം പാര്‍ലമെന്റില്‍ കൊണ്ടുവരാന്‍ പ്രതിപക്ഷനീക്കം. ഭരണഘടനയുടെ 94 (സി) അനുച്ഛേദ പ്രകാരം സ്പീക്കര്‍ക്കെതിരേ പ്രമേയം അവതരിപ്പിക്കാനാണു ശ്രമം.
ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം വെള്ളിയാഴ്ച അവസാനിക്കുന്നതിനാല്‍ രണ്ടാം ഘട്ടത്തില്‍ പ്രമേയാവതരണത്തിന് അനുമതി തേടി പ്രതിപക്ഷ എംപിമാര്‍ ഒപ്പിട്ട നോട്ടീസ് നല്‍കിയേക്കും. ഇതിനായുള്ള ഒപ്പുശേഖരണം ആരംഭിച്ചതായാണു സൂചന. ഡെപ്യൂട്ടി സ്പീക്കറില്ലാത്ത സാഹചര്യത്തില്‍ പ്രമേയാവതരണത്തിനുള്ള നോട്ടീസ് ലോക്സഭാ സെക്രട്ടറി ജനറലിനായിരിക്കും കൈമാറുക.
ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്റില്‍ സംസാരിക്കാന്‍ അനുവദിക്കുന്നില്ല, പാര്‍ലമെന്റില്‍ പ്രതിഷേധിച്ച എട്ട് എംപിമാരെ ബജറ്റ് സമ്മേളന കാലാവധി മുഴുവനും സസ്പെൻഡ് ചെയ്തു, പ്രധാനമന്ത്രിക്കെതിരേ പ്രതിഷേധിച്ച വനിതാ എംപിമാര്‍ അദ്ദേഹത്തെ അപായപ്പെടുത്താന്‍ ശ്രമിച്ചു എന്ന തെറ്റായ പ്രചാരണം സഭയില്‍ നടത്തി തുടങ്ങിയ ആരോപങ്ങളാണു സ്പീക്കര്‍ക്കെതിരേ പ്രതിപക്ഷം ഉന്നയിക്കുന്നത്. ഇതോടൊപ്പം സഭാനടപടികള്‍ ലംഘിച്ച ബിജെപി അംഗം നിഷികാന്ത് ദുബെയ്ക്കെതിരേ നടപടിയെടുക്കാത്തതും സ്പീക്കറുടെ ഏകപക്ഷീയ നിലപാടായി പ്രതിപക്ഷം ആരോപിക്കുന്നു.
ഇന്നലെ രാവിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ചേംബറില്‍ നടന്ന പ്രതിപക്ഷാംഗങ്ങളുടെ യോഗത്തിലാണ് സ്പീക്കറുടെ ഏകപക്ഷീയ നിലപാടിനെതിരേ പ്രമേയം കൊണ്ടുവരാൻ തീരുമാനിച്ചത്. ഇന്ത്യാ മുന്നണിയിലെ എംപിമാർക്കുപുറമെ മുന്നണിയുടെ ഭാഗമല്ലാത്ത തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തു.
ലോക്സഭയില്‍ പ്രതിപക്ഷം ആദ്യമായാണു സ്പീക്കർക്കെതിരേ ഇത്തരമൊരു നീക്കം നടത്തുന്നത്. മുന്‍ രാജ്യസഭാധ്യക്ഷൻ ജഗ്ദീപ് ധന്‍കര്‍ക്കെതിരേ അവിശ്വാസ പ്രമേയത്തിനുള്ള നോട്ടീസ് പ്രതിപക്ഷം കൈമാറിയിരുന്നു.
എന്നാല്‍, പ്രമേയ അവതരണത്തിന് 14 ദിവസം മുമ്പല്ല പ്രതിപക്ഷം നോട്ടീസ് നല്‍കിയതെന്നു ചൂണ്ടിക്കാട്ടി രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവംശ് പ്രമേയം അവതരിപ്പിക്കുന്നതിനുള്ള അനുമതി നിഷേധിക്കുകയായിരുന്നു.
ഭൂരിപക്ഷ അംഗബലം ഇല്ലാത്ത സാഹചര്യത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സ്പീക്കറെ ലക്ഷ്യം വയ്ക്കുന്ന അവിശ്വാസപ്രമേയം പാസാകില്ല. സ്പീക്കറുടെ ഏകപക്ഷീയ നടപടിക്കെതിരേ പ്രതിഷേധം അറിയിക്കുകയാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ളവരുടെ ലക്ഷ്യം.
National
ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റ് അവതരണത്തിനുശേഷം തുടര്‍ച്ചയായ അഞ്ചാം ദിനവും പ്രതിപക്ഷ ബഹളത്തത്തുടര്ന്ന് ലോക്സഭ നിര്‍ത്തിവച്ചു. രാവിലെ 11ന് സഭ സമ്മേളനം ആരംഭിച്ചെങ്കിലും വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ നടുത്തളത്തിലിറങ്ങി ബഹളം കടുപ്പിച്ചതോടെ 12 മണിവരെ സ്പീക്കര്‍ ഓം ബിര്‍ള സഭാ നടപടികള്‍ നിര്‍ത്തിവയ്ക്കുന്നതായി അറിയിച്ചു. പിന്നീട് സഭ ചേര്‍ന്നെങ്കിലും സമാന സ്ഥിതി തുടരുകയായിരുന്നു.
12 മണിക്ക് ചേര്‍ന്നപ്പോള്‍ പ്ലക്കാര്‍ഡുകളുമായി നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷ അംഗങ്ങള്‍ വിവിധ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി മുദ്രാവാക്യങ്ങള്‍ മുഴക്കി സഭാ നടപടികള്‍ തടസപ്പെടുത്തി. തുടര്‍ന്ന് അധ്യക്ഷസ്ഥാനം വഹിച്ച സ്പീക്കര്‍ പാനലിലുള്ള കൃഷ്ണപ്രസാദ് ടെന്നറ്റി സഭാ നടപടികള്‍ നിര്‍ത്തിവയ്ക്കുന്നതായി അറിയിച്ചു. തിങ്കളാഴ്ചയാണ് ഇനി സമ്മേളനം നടക്കുക.
ജനുവരി 28ന് ബജറ്റ് സമ്മേളനം ആരംഭിച്ചെങ്കിലും രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗവും സാമ്പത്തിക സര്‍വെ റിപ്പോർട്ട് ലോക്സഭയില്‍ വയ്ക്കുന്നതും ബജറ്റ് അവതരണവും ഒഴികെയുള്ള ബാക്കി നടപടികള്‍ പ്രതിപക്ഷ ബഹളത്തില്‍ മുങ്ങുകയായിരുന്നു.
പ്രതിപക്ഷത്തിന്റെ ഈ നിലപാട് മൂലം ശേഷം 19 മണിക്കൂറും 13 മിനിറ്റും നഷ്ടപ്പെട്ടതായി ഇന്നലെ രാവിലെ സമ്മേളനം ആരംഭിച്ചപ്പോള്‍ സ്പീക്കര്‍ ചൂണ്ടിക്കാട്ടി. ബജറ്റിനു മേലുള്ള ചര്‍ച്ചയുടെ രണ്ടാംദിനമായിരുന്നു ഇന്നലെ. എന്നാല്‍, ബജറ്റ് ചര്‍ച്ച ആരംഭിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല.
മുന്‍ കരസേനാ മേധാവി എം.എം. നരവനയുടെ ഓർമക്കുറിപ്പിലെ വെളിപ്പെടുത്തലിനെപ്പറ്റി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ ലോക്സഭയില്‍ സംസാരിക്കാന്‍ അനുവദിക്കാത്തതാണ് പ്രതിഷേധത്തിന് കാരണം.
തുടർന്ന് പ്രതിപക്ഷം ലോക്സഭയ്ക്കുള്ളില്‍ പ്രതിഷേധം ശക്തമാക്കിയതോടെ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന് മറുപടി നല്കാന് പ്രധാനമന്ത്രി നരേന്ദ്ര മോദി സഭയിലെത്തിയില്ല. പ്രതിപക്ഷം വാക്ക് ഔട്ട് നടത്തിയെങ്കിലും രാജ്യസഭയിലാണ് അദ്ദേഹം മറുപടി നല്‍കിയത്.
National
ന്യൂഡൽഹി: നന്ദി പ്രമേയ ചർച്ചയിൽ പ്രസംഗിക്കാൻ ലോക്സഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്താത്തതിൽ വിശദീകരണവുമായി സ്പീക്കർ ഓംബിർള. പ്രധാനമന്ത്രി എത്തിയാൽ അദ്ദേഹത്തെ ആക്രമിക്കാൻ പ്രതിപക്ഷം പദ്ധതിയിട്ടിരുന്നു.
ഇത് അറിഞ്ഞ് താനാണ് മാറി നില്ക്കാൻ മോദിയോട് നിർദ്ദേശിച്ചതെന്നും സ്പീക്കർ വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ ഇരിപ്പിടത്തിന് അടുത്തേക്ക് വനിതാ എംപിമാർ നീങ്ങിയത് കണ്ടപ്പോൾ താനറിഞ്ഞത് സത്യമാണെന്ന് മനസിലായെന്ന് സ്പീക്കർ ചൂണ്ടിക്കാട്ടി.
എന്നാൽ സ്പീക്കറുടെ പരാമർശത്തിൽ വസ്തുതയില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കി. നന്ദി പ്രമേയ ചർച്ചയ്ക്ക് പ്രധാനമന്ത്രി മറുപടി നൽകുമെന്ന് സർക്കാർ അറിയിച്ചിരുന്നു. അതേസമയം നന്ദിപ്രമേയം മറുപടിയില്ലാതെ ഇന്ന് പാസാക്കി.
നരേന്ദ്ര മോദി അധികാരമേറ്റ ശേഷം ഇതാദ്യമായാണ് നന്ദിപ്രമേയം മറുപടിയില്ലാതെ പാസാക്കേണ്ടി വന്നത്. മോദി സ്പീക്കർക്ക് പിന്നിൽ ഒളിക്കുകയാണെന്ന് പ്രിയങ്ക ഗാന്ധി ആരോപിച്ചു. രണ്ടു സ്ത്രീകൾ മുന്നിൽ വന്ന് നിന്നതു കൊണ്ട് പ്രധാനമന്ത്രി ഭയന്ന് മാറി നില്‍ക്കുമോയെന്നും പ്രിയങ്ക ഗാന്ധി ചോദിച്ചു.
എന്നാൽ ഇതിനെക്കുറിച്ച് പ്രതികരിക്കാൻ പ്രധാനമന്ത്രി തയാറായില്ല. ഇന്ദിര ഗാന്ധിയേയും സോണിയ ഗാന്ധിയേയും അപമാനിച്ച നിഷികാന്ത് ദുബെക്കെതിരെയാണ് എംപിമാർ പ്രതിഷേധിച്ചതെന്ന് കോൺഗ്രസ് വ്യക്തമാക്കി.
National
ന്യൂഡൽഹി: പ്രതിപക്ഷ ബഹളം തുടരുന്ന സാഹര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പതിവ് മറുപടി പ്രസംഗം ഇല്ലാതെ രാഷ്ട്രപതിയുടെ നയപ്രസംഗത്തിനുള്ള നന്ദി പ്രമേയം ലോക്സഭ പാസാക്കി.
പ്രതിപക്ഷ ബഹളം തുടർന്ന സാഹചര്യത്തിൽ സ്പീക്കർ ഓം ബിർള ഉച്ചയ്ക്ക് രണ്ട് മണി വരെ സഭ നടപടികൾ നിർത്തി വച്ചു. സാധാരണയിൽ നിന്നും വ്യത്യസ്തമായാണ് ഇത്തരമൊരു നടപടി. സാധാരണ ചർച്ച നടന്ന ശേഷം പ്രധാനമന്ത്രി അവസാനം മറുപടി നൽകുകയാണ് പതിവ്.
എന്നാൽ ലോക്സഭ പ്രതിപക്ഷ നേതാവിന്റെ പ്രസംഗം പൂർത്തിയാക്കാതെ പ്രധാനമന്ത്രിയെ സംസാരിക്കാൻ അനുവദിക്കില്ലെന്ന നിലപാട് പ്രതിപക്ഷം സ്വീകരിച്ചതോടെ ലോക്സഭയിൽ പ്രധാനമന്ത്രി പ്രസംഗിക്കാതെ നന്ദി പ്രമേയം പാസാക്കി. ഇന്ന് വൈകുന്നേരം അഞ്ചിന് പ്രധാനമന്ത്രി രാജ്യസഭയിൽ മറുപടി പ്രസംഗം നടത്തിയേക്കും.
പ്രതിപക്ഷം സഹകരിച്ചാൽ ഉച്ചയ്ക്ക് ശേഷം ലോക്സഭയിൽ ബജറ്റ് ചർച്ച ആരംഭിക്കും. ബുധനാഴ്ച വൈകുന്നേരം അഞ്ചിന് പ്രധാനമന്ത്രി ലോക്സഭയിൽ മറുപടി പ്രസംഗം നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ സഭയിലെ പ്രധാനമന്ത്രിയുടെ ഇരിപ്പിടത്തിൽ വരെ പ്രതിപക്ഷ പ്രതിഷേധം എത്തിയതോടെ പ്രസംഗത്തിനായി അദ്ദേഹം സഭയിലെത്തിയില്ല.
പ്രതിപക്ഷത്തിന്റെ ഈ നടപടിക്കെതിരെ ഇന്ന് രാവിലെ സഭ സമ്മേളിച്ചപ്പോൾ സ്പീക്കർ ഓം ബിർള രൂക്ഷമായ വിമർശനം ഉന്നയിച്ചിരുന്നു. പാർലമെന്റിന്റെ അന്തസിന് യോജിച്ച നടപടിയല്ലെന്നും സ്ഥാപിതമായ മര്യാദയുടെ ലംഘനമാണ് പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും അദ്ദേഹം വിമർശിച്ചു.
2020ൽ അതിർത്തിയിൽ ചൈന നടത്തിയ സൈനിക നടപടിയെക്കുറിച്ച് മുൻ കരസേനാ മേധാവി ജനറൽ എം.എം. നരവനെയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകത്തെ ഉദ്ധരിക്കാൻ രാഹുൽ ഗാന്ധിയെ അനുവദിക്കാതിരുന്നതും അദ്ദേഹത്തിന്റെ പ്രസംഗം പൂർത്തിയാക്കാൻ അനുവദിക്കാത്തതുമാണ് പ്രതിപക്ഷ ബഹളത്തിന് കാരണം.
National
ന്യൂഡൽഹി: പാർലമെന്റിൽനിന്നു സസ്പെൻഡ് ചെയ്യപ്പെട്ട എംപിമാരുടെ പ്രതിഷേധത്തിനിടെ, ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും കേന്ദ്രമന്ത്രിയും മുൻ കോണ്‍ഗ്രസ് നേതാവുമായിരുന്ന രവനീത് ബിട്ടുവും തമ്മിൽ വാക്കുതർക്കം.
ബിട്ടുവിനെ ചതിയനായ സുഹൃത്ത് എന്നുവിളിച്ച് രാഹുൽ കൈകൊടുത്തപ്പോൾ രാജ്യദ്രോഹിയെന്ന് ബിട്ടു തിരിച്ചുവിളിച്ചു.
ചൊവ്വാഴ്ച സസ്പെൻഡ് ചെയ്യപ്പെട്ട എംപിമാർ സഭാ കവാടത്തിൽ നടത്തിക്കൊണ്ടിരിക്കുന്ന ധർണയെ അഭിസംബോധന ചെയ്യുന്നതിന് സമ്മേളനം ആരംഭിക്കുന്നതിനുമുന്പ് എത്തിയതായിരുന്നു രാഹുൽ.
പാലമെന്റിലേക്കെത്തിയ ബിട്ടു എംപിമാരെ നോക്കി "യുദ്ധം ജയിച്ചവരെപ്പോലെ ഇരിക്കുന്നു’ എന്നു പറഞ്ഞതോടെ "ഇതാ ചതിയൻ നടക്കുന്നു, അയാളുടെ നടത്തത്തിന്റെ വേഗത നോക്കൂ’എന്നു പറഞ്ഞുകൊണ്ട് രാഹുൽ കൈകൊടുക്കാൻ ശ്രമിച്ചു.
എന്നാൽ"കോണ്‍ഗ്രസ് രാജ്യത്തെ വിറ്റു’വെന്നു പരിഹസിച്ചുകൊണ്ട് രാഹുലിന് കൈകൊടുക്കാതെ ബിട്ടു പാർലമെന്റിനുള്ളിലേക്കു കയറിപ്പോയി. കോണ്‍ഗ്രസ് നേതാവും പഞ്ചാബ് മുൻ മുഖ്യമന്ത്രിയുമായ ബിയാന്ത് സിംഗിന്റെ ചെറുമകനാണ് രവനീത് ബിട്ടു.
നേരത്തേ ലുധിയാന, അനന്ത്പുർ സാഹിബ് മണ്ഡലങ്ങളിൽനിന്നു കോണ്‍ഗ്രസ് ടിക്കറ്റിൽ ലോക്സഭയിലേക്ക് വിജയിച്ചിരുന്നു. 2021ൽ കോണ്‍ഗ്രസ് സഭാ കക്ഷി നേതാവായിരുന്ന ബിട്ടു 2024ലെ പൊതു തെരഞ്ഞെടുപ്പിനു മുന്‍പാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്.
National
ന്യൂഡൽഹി: പാർലമെന്റിനു പുറത്തെ പടിക്കെട്ടിൽ തെന്നിവീണ് തിരുവനന്തപുരം എംപി ശശി തരൂർ. ഇന്ന് ഉച്ചയോടെയാണ് സംഭവം. ഫോണിൽ സംസാരിച്ച് കൊണ്ട് നടക്കുന്നതിനിടെയാണ് പടിക്കെട്ടിൽ നിന്ന് ശശി തരൂർ തെന്നിവീണത്.
ശശി തരൂർ വീഴുന്നത് കണ്ട് സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരും അഖിലേഷ് യാദവും ചേർന്ന് അദ്ദേഹത്തെ പിടിച്ചെഴുന്നേൽപ്പിച്ചു.
തരൂരിന് കാര്യമായ പരിക്കുകൾ ഇല്ല. ബജറ്റ് സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായാണ് ശശി തരൂർ പാർലമെന്റിലെത്തിയത്.
National
ന്യൂഡൽഹി: യുഎസുമായുള്ള വ്യാപാര കരാർ വിഷയത്തിൽ, മോദി ട്രംപിനു കീഴടങ്ങി എന്ന വാദം പാർലമെന്റിൽ ശക്തമാക്കി പ്രതിപക്ഷം. "സറണ്ടർ മോദി' എന്ന മുദ്രാവാക്യവുമായി പ്രതിപക്ഷം ഇരുസഭകളിലും നടുത്തളത്തിൽ ഇറങ്ങി.
ലോക്സഭാ നടപടികള്‍ ആരംഭിച്ചപ്പോള്‍ തന്നെ, ഇന്ത്യ-യുഎസ് വ്യാപാര കരാറില്‍ പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ട് പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധം ആരംഭിച്ചു. കെ.സി. വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ എംപിമാര്‍ വ്യാപാര കരാറിനെക്കുറിച്ച് ചര്‍ച്ച ആവശ്യപ്പെട്ട് അടിയന്തര പ്രമേയങ്ങള്‍ അവതരിപ്പിച്ചു.
മോദി സര്‍ക്കാര്‍ പാര്‍ലമെന്റിനെ വിശ്വാസത്തിലെടുക്കണമെന്നും യൂറോപ്യന്‍ യൂണിയന്, യുഎസ് വ്യാപാര കരാറുകള്‍ ഇരുസഭകളുടെയും മേശപ്പുറത്ത് വയ്ക്കണമെന്നും ചര്‍ച്ച ചെയ്യണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
ശിവസേന (യുബിടി), തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ്വാദി പാര്‍ട്ടി, ഇടതു പാര്‍ട്ടികള്‍ ഉൾപ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ വ്യാപാര കരാറിന്റെ വിഷയം ഉന്നയിച്ച് സര്‍ക്കാരിനെ ചോദ്യം ചെയ്ത് രംഗത്തെത്തി. ഇന്ത്യയുടെ നയം പ്രഖ്യാപിക്കാൻ ആരാണ് ഡോണൾഡ് ട്രംപിന് പുറം കരാർ നല്‍കിയെന്ന് ചോദിച്ച് പ്രതിപക്ഷം ബഹളം വച്ചതോടെ ലോക്സഭാ നടപടികൾ സ്പീക്കർ ഓം ബിർള നിർത്തിവച്ചു.
കരാറിൽ ഒന്നും മൂടിവയ്ക്കാനില്ലെന്നും പാർലമെന്റിൽ വിശദമായ ചർച്ചയ്ക്ക് തയ്യാറെന്നും സർക്കാർ അറിയിച്ചു. മറ്റു വിഷയങ്ങൾ ഇല്ലാത്തത് കൊണ്ടാണ്ട് കോൺഗ്രസ് വ്യാപാര കരാറിനെതിരെ പ്രതിഷേധിക്കുന്നതെന്നും സർക്കാർ തിരിച്ചടിച്ചു.
അതേസമയം ഇന്ത്യ - യുഎസ് വ്യാപാര കരാറിനായുള്ള ധാരണയിൽ എത്തിയതിൽ പ്രധാനമന്ത്രിയെ എൻഡിഎ പാർലമെന്ററി പാർട്ടി യോഗം അഭിനന്ദിച്ചു. മുദ്രാവാക്യം വിളിയോടെ എൻഡിഎ അംഗങ്ങൾ പ്രധാനമന്ത്രിയെ വരവേറ്റു.
കരാർ ഇന്ത്യയ്ക്ക് നിർണായകമെന്നും വളർച്ചയ്ക്ക് സഹായിക്കുമെന്നും നരേന്ദ്ര മോദി എൻഡിഎ പാർലമെന്ററി പാർട്ടി യോഗത്തെ അറിയിച്ചു. ലോകക്രമം മാറുന്നു എന്നും ഉത്പാദന രംഗത്ത് ഇത് വലിയ നേട്ടമാകുമെന്നും നരേന്ദ്ര മോദി പറഞ്ഞു.