ബംഗളൂരു : പുതിയ ആർട്ടിഫിഷൽ ഇന്റലിജൻസ് മോഡൽ വികസിപ്പിച്ച് ഗൂഗിൾ. ജെമ്മ 4 എന്ന ആർട്ടിഫിഷൽ ഇന്റലിജൻസ് മോഡലാണ് ഗൂഗിൾ വികസിപ്പിച്ചിരിക്കുന്നത്. ഏപ്രിൽ രണ്ടിന് അവതരിപ്പിക്കപ്പെട്ട ഈ മോഡൽ, ആർട്ടിഫിഷൽ ഇന്റലിജൻസ് സാങ്കേതികവിദ്യയെ സാധാരണക്കാരുടെ സ്മാർട്ട്ഫോണുകളിലേക്ക് നേരിട്ട് എത്തിക്കുന്നു.ചെറിയ പതിപ്പുകളിൽ ആഡിയോ സപ്പോർട്ടും ഈ പുതിയ മോഡലിൽ വികസിപ്പിച്ചിട്ടുണ്ട്.
മൾട്ടിമോഡൽ ശേഷിയും ഏത് സാഹചര്യത്തിലും ഉപയോഗിക്കാനുള്ള സൗകര്യവുമാണ് ഇതിന്റെ പ്രധാന സവിശേഷതകൾ. ടെക്സ്റ്റ്, ഇമേജ് എന്നിവ ഒരേസമയം പ്രോസസ്സ് ചെയ്യാനും ടെക്സ്റ്റ് ഔട്ട്പുട്ടുകൾ നൽകാനും ഈ മോഡലിന് സാധിക്കും.വലിയ കമ്പനികളുടെ ക്ലൗഡ് സെർവറുകളെ ആശ്രയിക്കാതെ തന്നെ അത്യാധുനിക എഐ സേവനങ്ങൾ ഇനി വിരൽത്തുമ്പിൽ ലഭ്യമാകും.
അപ്പാച്ചെ 2.0 ലൈസൻസിന് കീഴിൽ പുറത്തിറക്കിയിക്കുന്ന ജെമ്മ 4 ഒരു ഓപ്പൺ സോഴ്സ് മോഡലാണ്. ഡെവലപ്പർമാർക്കും ഉപയോക്താക്കൾക്കും മോഡലിന് മേൽ പൂർണ്ണ നിയന്ത്രണവും ഡിജിറ്റൽ പരമാധികാരവും ഉണ്ട്. നിങ്ങളുടെ ഡാറ്റ ക്ലൗഡിലേക്ക് അയക്കാതെ തന്നെ ഫോണിലെ പ്രോസസ്സർ ഉപയോഗിച്ച് പ്രവർത്തിപ്പിക്കാം എന്നതിനാൽ വിവരങ്ങളുടെ സ്വകാര്യത പൂർണ്ണമായും സംരക്ഷിക്കപ്പെടും.
മുൻ മോഡലുകളെ അപേക്ഷിച്ച് 60 ശതമാനം കുറവ് ബാറ്ററി മാത്രമേ ജെമ്മ 4 ഉപയോഗിക്കൂ.പ്രവർത്തന വേഗതയിൽ നാല് മടങ്ങ് വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മലയാളം ഉൾപ്പെടെ 140ലധികം ഭാഷകൾ ജെമ്മ 4 പിന്തുണയ്ക്കുന്നു.ടെക്സ്റ്റ് കൂടാതെ ചിത്രങ്ങൾ, വീഡിയോകൾ, ഓഡിയോ എന്നിവയും വിശകലനം ചെയ്യാൻ ഈ മോഡലിന് സാധിക്കും. ആൻഡ്രോയിഡ് ഫോണുകളിലും ലാപ്ടോപ്പ് ജിപിയുകളിലും ജെമ്മ 4 സുഗമമായി പ്രവർത്തിക്കുമെന്ന് ഗൂഗിൾ അറിയിച്ചു.സ്വന്തം സെർവറുകളിലോ ക്ലൗഡിലോ സുരക്ഷിതമായി എഐ ആപ്ലിക്കേഷനുകൾ നിർമിക്കാൻ ഇത് ഡെവലപ്പർമാരെ സഹായിക്കും.
ഡെൻസ് , മിക്സ്ചർ ഓഫ് എക്സ്പെർട്ട്സ് എന്നീ ആർക്കിടെക്ചറുകൾ സംയോജിപ്പിച്ചാണ് ഇത് നിർമിച്ചിരിക്കുന്നത്. കൂടാതെ, ലോക്കൽ ഗ്ലോബൽ പ്രോസസ്സിംഗ് കൂട്ടിയിണക്കുന്ന ഹൈബ്രിഡ് അറ്റൻഷൻ മെക്കാനിസം ഇതിന് മികച്ച വേഗതയും പ്രകടനവും നൽകുന്നു.ചിത്രങ്ങൾ വിശകലനം ചെയ്യുക, ഡോക്യുമെന്റുകൾ വായിക്കുക, ഗ്രാഫുകൾ മനസ്സിലാക്കുക തുടങ്ങിയ സങ്കീർണ്ണമായ ജോലികൾക്കും സ്പീച്ച് റെക്കഗ്നിഷൻ പോലുള്ള ഓഡിയോ സംബന്ധമായ കാര്യങ്ങൾക്കും ജെമ്മ 4 ഉപയോഗപ്രദമാണ്.
Tags : technology google gemma 4 multimodel AI Google gemma 4 AI Model