ഗൂഗിൾ വിഡ്സ്
ഉപഭോക്താക്കൾക്ക് അവരുടെ സ്വന്തം എഐ വീഡിയോകളിൽ സ്വയം കഥാപാത്രങ്ങളാകാൻ അവസരമൊരുക്കി ഗൂഗിൾ. തങ്ങളുടെ എഐ അധിഷ്ഠിത വീഡിയോ നിർമാണ ടൂളായ 'ഗൂഗിൾ വിഡ്സ്' ൽ വരുത്തിയ ഏറ്റവും പുതിയ അപ്ഡേറ്റിലൂടെയാണ് ഈ സൗകര്യം ലഭ്യമാക്കുക.
ഉപഭോക്താക്കൾ അപ്ലോഡ് ചെയ്യുന്ന ഒരു സെൽഫിയും ശബ്ദരേഖയും വിശകലനം ചെയ്ത്, അവരെപ്പോലെ തന്നെ കാണപ്പെടുകയും സംസാരിക്കുകയും ചെയ്യുന്ന ഒരു 'ഡിജിറ്റൽ അവതാർ' നിർമിക്കാൻ ഇനി ഗൂഗിൾ വിഡ്സിലൂടെ സാധിക്കും. ഓപ്പൺ എഐയുടെ വീഡിയോ ജനറേഷൻ ടൂളായ 'സോറ' പ്രവർത്തനം നിർത്തിയ പശ്ചാത്തലത്തിലാണ് ഗൂഗിളിന്റെ ഈ നിർണായക നീക്കം.
ഈ അപ്ഡേറ്റിനൊപ്പം ഗൂഗിൾ തങ്ങളുടെ മൾട്ടി-മോഡൽ എഐ മോഡലായ 'ജെമിനി ഒമ്നി' വിഡ്സിലേക്ക് കൂട്ടിച്ചേർത്തിട്ടുണ്ട്. ഉപഭോക്താക്കൾ നൽകുന്ന എഴുതിയ നിർദ്ദേശങ്ങളും ചിത്രങ്ങളും ഒന്നിപ്പിച്ച് മികച്ച എഐ വീഡിയോകൾ നിർമിക്കാൻ ജെമിനി ഒമ്നിക്ക് സാധിക്കും.
മൊബൈൽ ഫോണിൽ ചിത്രീകരിച്ച വീഡിയോകളുടെ പശ്ചാത്തലം മാറ്റാനും, വെളിച്ചം ക്രമീകരിക്കാനും , പുതിയ ഇഫക്റ്റുകൾ നൽകാനും ഈ ഫീച്ചർ സഹായിക്കും. ഒരു വീഡിയോയിൽ മാറ്റങ്ങൾ വരുത്താൻ ഇനി ആദ്യം മുതൽ ചെയ്യേണ്ടതില്ല. പടിപടിയായി ആവശ്യമുള്ള ഭാഗങ്ങൾ മാത്രം എഡിറ്റ് ചെയ്യാനുള്ള സൗകര്യവും ഒമ്നി നൽകുന്നുണ്ട്.
ഓഫീസ് ആവശ്യങ്ങൾക്കായുള്ള ഒരു പ്രസന്റേഷൻ ടൂൾ എന്ന നിലയിലാണ് ഗൂഗിൾ വിഡ്സ് ആദ്യം അവതരിപ്പിക്കപ്പെട്ടതെങ്കിലും, പുതിയ അപ്ഡേറ്റുകളോടെ ഇതൊരു സമ്പൂർണ വീഡിയോ നിർമാണ പ്ലാറ്റ്ഫോമായി മാറിയിരിക്കുകയാണ്. കമ്പനികളിലെ ജീവനക്കാർക്കുള്ള പരിശീലന വീഡിയോകൾക്കും ഔദ്യോഗിക അറിയിപ്പുകൾക്കുമായി ഗൂഗിൾ വർക്ക്സ്പേസിന്റെ ഭാഗമായി ഈ ടൂൾ ഉപയോഗിക്കാം.
അതോടൊപ്പം തന്നെ വ്യക്തിഗത അവതാറുകൾ സൃഷ്ടിക്കാനുള്ള സൗകര്യം നിലവിലുള്ള ഹേജെൻ , സിന്തേഷ്യ, ക്യാപ്ഷൻസ് തുടങ്ങിയ മുൻനിര എഐ സ്റ്റാർട്ടപ്പുകളോട് മത്സരിക്കാൻ ഗൂഗിളിനെ സഹായിക്കും. വ്യാജ എഐ വീഡിയോകൾ തടയുന്നതിനായി കർശനമായ സുരക്ഷാ മാനദണ്ഡങ്ങളാണ് ഗൂഗിൾ ഒരുക്കിയിട്ടുള്ളത്.
ഓരോ വ്യക്തിഗത അവതാറും അതാത് ഉപഭോക്താവിന്റെ ഗൂഗിൾ അക്കൗണ്ടുമായി കൃത്യമായി ബന്ധിപ്പിച്ചിരിക്കും.വ്യാജ വീഡിയോകൾ തിരിച്ചറിയാൻ ഇവയിൽ തരംതിരിച്ചറിയാനാകാത്ത വിധം ഇൻവിസിബിൾ വാട്ടർമാർക്ക് ഉൾപ്പെടുത്തിയിട്ടുണ്ടാകും. ഈ പുതിയ ഫീച്ചർ 18 വയസിന് മുകളിലുള്ളവർക്ക് ചില പ്രത്യേക രാജ്യങ്ങളിൽ മാത്രമായിരിക്കും ആദ്യ ഘട്ടത്തിൽ ലഭ്യമാവുക.
Tags : technology artificialintelligence googlevids aivideos avatar