വാട്സ്ആപ്പ് ലോഗോ
ന്യൂഡൽഹി: വാട്സ്ആപ്പിന്റെ പുതിയ 'യൂസർനെയിം' ഫീച്ചറിന് ഇന്ത്യയിൽ താത്ക്കാലിക വിലക്ക്. ഫോൺ നമ്പർ വെളിപ്പെടുത്താതെ മറ്റുള്ളവരുമായി ചാറ്റ് ചെയ്യാൻ സഹായിക്കുന്ന ഈ ഫീച്ചർ രാജ്യത്ത് അവതരിപ്പിക്കുന്നത് നിർത്തിവെക്കാൻ കേന്ദ്ര ഐടി മന്ത്രാലയം വാട്സ്ആപ്പിനോട് ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് മൂന്ന് ദിവസത്തിനകം മറുപടി നൽകാൻ ആവശ്യപ്പെട്ട് മന്ത്രാലയം കമ്പനിക്ക് നോട്ടീസ് അയച്ചു. ചർച്ചകൾ പൂർത്തിയാകുന്നതുവരെ ഫീച്ചർ ഇന്ത്യയിൽ ലഭ്യമാക്കരുതെന്നാണ് നിർദ്ദേശം.
ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ, ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ, വ്യാജ അക്കൗണ്ടുകൾ വഴിയുള്ള ആൾമാറാട്ടം
എന്നിവ വർധിക്കാൻ ഈ ഫീച്ചർ കാരണമായേക്കാമെന്ന് സർക്കാർ കത്തിൽ ആശങ്ക പ്രകടിപ്പിച്ചു. ഫോൺ നമ്പർ ഇല്ലാതെ തന്നെ ആളുകളെ ബന്ധപ്പെടാൻ സാധിക്കുന്നത് കുറ്റവാളികൾക്ക് സഹായകരമാകുമെന്നും സർക്കാർ വിലയിരുത്തുന്നു.
സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടെന്ന് വാട്സ്ആപ്പ്,
യൂസർനെയിം ഫീച്ചർ സംബന്ധിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും ശക്തമായ സുരക്ഷാ സംവിധാനങ്ങൾ ഇതിനായി ഒരുക്കിയിട്ടുണ്ടെന്നും വാട്സാപ്പിന്റെ മാതൃകമ്പനിയായ മെറ്റാ വ്യക്തമാക്കി.
ഔദ്യോഗിക സർക്കാർ സ്ഥാപനങ്ങൾ, പൊതുപ്രവർത്തകർ, സെലിബ്രിറ്റികൾ, വെരിഫൈഡ് അക്കൗണ്ടുകൾ എന്നിവരുടെ പേരുകൾ മറ്റുള്ളവർ ദുരുപയോഗം ചെയ്യാതിരിക്കാൻ ഈ യൂസർനെയിമുകൾ വാട്സാപ്പ് മുൻകൂട്ടി മാറ്റിവെച്ചിട്ടുണ്ട്.
യൂസർനെയിമുകൾ പൊതുവായി സെർച്ച് ചെയ്ത് കണ്ടുപിടിക്കാൻ കഴിയില്ല. ഒരാളുടെ കൃത്യമായ യൂസർനെയിം അറിയാമെങ്കിൽ മാത്രമേ അവർക്ക് സന്ദേശം അയക്കാൻ സാധിക്കൂ. ഒരു യൂസർനെയിം വഴി ആദ്യമായി സന്ദേശം ലഭിക്കുമ്പോൾ, അയച്ചയാൾ പുതിയ അക്കൗണ്ടാണോ, നിങ്ങളുടെ കോൺടാക്റ്റിൽ ഉള്ളതാണോ, ഏത് രാജ്യത്ത് നിന്നുള്ളതാണ് തുടങ്ങിയ വിവരങ്ങൾ ഉപഭോക്താവിന് കാണാൻ സാധിക്കും.
ഫോൺ നമ്പർ ഇല്ലാതെ അക്കൗണ്ടുകൾ തുടങ്ങാൻ അനുവദിക്കുന്ന ടെലിഗ്രാം പോലുള്ള ആപ്പുകൾ വഴി വലിയ രീതിയിൽ സൈബർ തട്ടിപ്പുകൾ നടക്കുന്നുണ്ടെന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ടിന് പിന്നാലെയാണ് വാട്സാപ്പിനെതിരെയുള്ള സർക്കാരിന്റെ ഈ അടിയന്തര നീക്കം.
Tags : technology feature whatsapp username