മെസേജിംഗ് ആപ്പായ സിഗ്നൽ
സാൻ ഫ്രാൻസിസ്കോ: സ്വകാര്യ വിവരങ്ങളും സന്ദേശങ്ങളും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഏജന്റുകൾ വായിച്ചെടുക്കുന്നത് തടയാൻ ആൻഡ്രോയിഡ്, ഐഒഎസ് ഉപകരണങ്ങളിൽ സ്ക്രീൻഷോട്ട് എടുക്കുന്നതിന് നിയന്ത്രണമേർപ്പെടുത്തി മെസേജിംഗ് ആപ്പായ സിഗ്നൽ.
ഉപയോക്താക്കളെക്കുറിച്ച് കൂടുതൽ മനസിലാക്കുന്നതിനായി സ്ക്രീനിലെ വിവരങ്ങൾ വിശകലനം ചെയ്യുന്ന ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലെ എഐ ഫീച്ചറുകൾ, ഉപയോക്താക്കളുടെ സ്വകാര്യത ഉറപ്പുനൽകാനുള്ള സിഗ്നലിന്റെ കഴിവിനെ ദുർബലപ്പെടുത്തുന്നുവെന്ന് സിഗ്നൽ പ്രസിഡന്റ് മെറിഡിത്ത് വിറ്റേക്കർ ബ്ലോഗ് പോസ്റ്റിലൂടെ വ്യക്തമാക്കി.
എഐ ഏജന്റുകൾക്ക് ഏതൊക്കെ വിവരങ്ങൾ ലഭ്യമാകണമെന്ന് നിയന്ത്രിക്കാൻ ആപ്പ് ഡെവലപ്പർമാർക്ക് എളുപ്പത്തിൽ സാധിക്കുന്ന സംവിധാനങ്ങൾ ഒരുക്കണമെന്നും അവർ ഓപ്പറേറ്റിംഗ് സിസ്റ്റം ദാതാക്കളോട് ആവശ്യപ്പെട്ടു.
"ആപ്ലിക്കേഷൻ തലത്തിലുള്ള സ്വകാര്യതയെ എഐ ഏജന്റുകൾ തകർക്കുന്നത് തടയാൻ സിഗ്നലിനും മറ്റ് ആപ്പ് ഡെവലപ്പർമാർക്കും ശക്തമായ സംവിധാനങ്ങളില്ല എന്നത് ഗുരുതരമായ പ്രശ്നമാണ്.
എഐ ഡാറ്റാ ആക്സസ് കണ്ടെത്താനും തടയാനും ഞങ്ങൾക്ക് കഴിയുന്ന ഇടങ്ങളിൽ പോലും, ഉപയോക്തൃ അനുഭവത്തിൽ വലിയ വിട്ടുവീഴ്ചകൾ വരുത്താതെ ഇവ നിയന്ത്രിക്കാനുള്ള മാർഗങ്ങൾ ഗൂഗിൾ, ആപ്പിൾ, മൈക്രോസോഫ്റ്റ് തുടങ്ങിയ കമ്പനികൾ നൽകുന്നില്ല. ഇക്കാരണത്താലാണ് നിലവിൽ മാക് ഒഎസിൽ ഈ സുരക്ഷാ ക്രമീകരണങ്ങൾ നടപ്പിലാക്കാൻ കഴിയാത്തത്," വിറ്റേക്കർ പറഞ്ഞു.
സ്വകാര്യതാ ആശങ്കകൾ പരിഹരിക്കുന്നതിനായി ഐഒഎസ് 27 , ആൻഡ്രോയിഡ് പ്ലാറ്റ്ഫോമുകളിൽ ആപ്പിനുള്ളിൽ സ്ക്രീൻഷോട്ട് എടുക്കുന്നത് സിഗ്നൽ തടഞ്ഞിരിക്കുകയാണ്. ഇതിലൂടെ സിരി , ജെമിനി തുടങ്ങിയ എഐ അസിസ്റ്റന്റുകൾ സ്ക്രീനിലെ വിവരങ്ങൾ വായിക്കുന്നത് തടയാൻ സാധിക്കും.
ഉപയോക്താക്കൾക്ക് വേണമെങ്കിൽ സിഗ്നൽ ആപ്പ് സെറ്റിംഗ്സിൽ പോയി സ്ക്രീൻഷോട്ട് സൗകര്യം വീണ്ടും ഓൺ ചെയ്യാവുന്നതാണ്. എന്നാൽ, അങ്ങനെ ചെയ്യുന്നത് നിങ്ങളുടെയും നിങ്ങളുമായി സംവദിക്കുന്നവരുടെയും സ്വകാര്യ വിവരങ്ങൾ എഐ ഏജന്റുകൾക്ക് മുന്നിൽ തുറന്നുകൊടുക്കുന്നതിന് തുല്യമാണെന്നും, അത് സിഗ്നലിന്റെ സ്വകാര്യതാ ഉറപ്പുകൾ ഇല്ലാതാക്കുമെന്നും വിറ്റേക്കർ മുന്നറിയിപ്പ് നൽകുന്നു.
Tags : Signal App screenshot signal siri gemini aiagent blockedaiagent