വാഷിംഗ്ടൺ: സ്മാർട്ട് ഹോം ഉപകരണങ്ങളുടെ നിയന്ത്രണത്തിനായി ഉപയോഗിച്ചിരുന്ന 'നെസ്റ്റ് ആപ്പ്', 'ഗൂഗിൾ അസിസ്റ്റന്റ് ' എന്നിവ നിർത്തലാക്കാൻ തീരുമാനിച്ചതായി ഗൂഗിൾ. 2027 ജനുവരി 25ന് നെസ്റ്റ് ആപ്പിന്റെ പ്രവർത്തനം അവസാനിപ്പിക്കുമെന്നും, നിലവിലുള്ള എല്ലാ നെസ്റ്റ് ഉപകരണങ്ങളും 'ഗൂഗിൾ ഹോം' ആപ്പിലേക്ക് മാറ്റുമെന്നും കമ്പനി അറിയിച്ചു.
കൂടാതെ, 2027 ഓഗസ്റ്റ് 2-ഓടെ ഗൂഗിൾ അസിസ്റ്റന്റും പൂർണമായും പിൻവലിക്കും. ഇതോടെ സ്പീക്കറുകൾ, സ്മാർട്ട് ഡിസ്പ്ലേകൾ തുടങ്ങിയ എല്ലാ ഹോം ഡിവൈസുകളിലും 'ജെമിനി ഫോർ ഹോം' എന്ന പുതിയ വോയിസ് അസിസ്റ്റന്റായിരിക്കും പ്രവർത്തിക്കുക.
ആൻഡ്രോയിഡ് മൊബൈൽ ഫോണുകളിൽ നിന്ന് ഗൂഗിൾ അസിസ്റ്റന്റിനെ മാറ്റി കൂടുതൽ കരുത്തുറ്റ എഐ അസിസ്റ്റന്റായ ജെമിനി കൊണ്ടുവന്നതിന് പിന്നാലെയാണ് സ്മാർട്ട് ഹോം മേഖലയിലും ഗൂഗിളിന്റെ ഈ സുപ്രധാന നീക്കം. സ്മാർട്ട് ഹോം ആപ്പ് ഉപയോഗം കൂടുതൽ ലളിതമാക്കാനും സ്പീക്കറുകളിലും ഡിസ്പ്ലേകളിലും കൂടുതൽ മികച്ച വോയിസ് അസിസ്റ്റന്റ് സേവനം ലഭ്യമാക്കാനുമാണ് ഈ മാറ്റമെന്ന് ഗൂഗിൾ വ്യക്തമാക്കി.
ആൻഡ്രോയിഡ്, ഐഒഎസ് വെബ് പ്ലാറ്റ്ഫോമുകളിൽ 2027 ജനുവരി 25-ന് ശേഷം നെസ്റ്റ് ആപ്പ് ലഭ്യമാകില്ല. അതിനുമുൻപായി ഉപഭോക്താക്കൾ തങ്ങളുടെ ഉപകരണങ്ങൾ ഗൂഗിൾ ഹോം ആപ്പിലേക്ക് മാറ്റേണ്ടതുണ്ട്. 2027 ഓഗസ്റ്റ് 2-ന് ഗൂഗിൾ അസിസ്റ്റന്റ് വിടവാങ്ങും. 2025 ഒക്ടോബറിൽ ഗൂഗിൾ അവതരിപ്പിച്ച 'ജെമിനി ഫോർ ഹോം' ആയിരിക്കും പകരക്കാരൻ.
രണ്ടും എഐ അധിഷ്ഠിത വെർച്വൽ അസിസ്റ്റന്റുകളാണെങ്കിലും കൂടുതൽ സങ്കീർണമായ ജോലികൾ ചെയ്യാൻ ജെമിനിക്ക് സാധിക്കും. ജിമെയിൽ, മാപ്സ്, യൂട്യൂബ്, കലണ്ടർ തുടങ്ങിയ ആപ്പുകൾ ഉപയോഗിക്കാൻ രണ്ടിനും കഴിയുമെങ്കിലും, കോഡുകൾ എഴുതാനും വലിയ രേഖകൾ സംഗ്രഹിക്കാനും ചിത്രങ്ങളും വീഡിയോകളും നിർമിക്കാനും ജെമിനിക്ക് സാധിക്കും.
ഗൂഗിൾ അസിസ്റ്റന്റ് പൂർണമായും സൗജന്യമായിരുന്നെങ്കിൽ, ജെമിനി സൗജന്യമായും കൂടുതൽ ഫീച്ചറുകളോടെ പണമടച്ചുള്ള പതിപ്പായും ലഭ്യമാണ്. 2014-ൽ 3.2 ബില്യൺ ഡോളറിനാണ് സ്മാർട്ട് ഹോം കമ്പനിയായ നെസ്റ്റിനെ ഗൂഗിൾ ഏറ്റെടുത്തത്. പുതിയ മാറ്റങ്ങളിലൂടെ സ്മാർട്ട് ഹോം ഉപകരണങ്ങളുടെ പ്രവർത്തനം ഒരൊറ്റ കുടക്കീഴിലാക്കുകയാണ് ഗൂഗിൾ.
Tags : Google googlenestapp googlenest googleassistant geminiforhome smarthomeappliances