ചെന്നൈ: ലോകമെമ്പാടുമുള്ള ഗെയിമിംഗ് പ്രേമികൾ ആവേശത്തോടെ കാത്തിരുന്ന 'ഗ്രാൻഡ് തെഫ്റ്റ് ഓട്ടോ 6' (GTA 6) പുറത്തിറങ്ങിയതിന്റെ ആഘോഷമായി ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ച് ചെന്നൈ ആസ്ഥാനമായുള്ള കമ്പനി.
പ്രമുഖ ഇന്റീരിയർ ഡിസൈൻ സ്ഥാപനമായ 'ഇൻഡെ ബൈ ചെയേഴ്സ് കാർട്ടെ' ആണ് വ്യാഴാഴ്ച സ്ഥാപനത്തിലെ ജീവനക്കാർക്കും ഇന്റേണുകൾക്കും ഫ്രീലാൻസർമാർക്കും അവധി നൽകിയത്.
കമ്പനി സ്ഥാപകനും സിഇഒയുമായ കിഷോർ ഷൺമുഖമാണ് ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ അവധി വിവരം ഔദ്യോഗികമായി അറിയിച്ചത്. വർഷങ്ങളായുള്ള കാത്തിരിപ്പിനൊടുവിലാണ് പുതിയ പതിപ്പ് എത്തുന്നതെന്നും, വൈസ് സിറ്റിയും ജിടിഎ 5-ഉം കളിച്ചു വളർന്ന തങ്ങൾക്ക് ഈ ദിവസം വെറുമൊരു വ്യാഴാഴ്ചയായി കാണാൻ കഴിയില്ലെന്നും അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കി. നീണ്ട 13 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് റോക്ക്സ്റ്റാർ ഗെയിംസ് ജിടിഎ 6 ആഗോളതലത്തിൽ പുറത്തിറക്കിയത്.
ഫ്ലോറിഡയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമിച്ച 'ലിയോണിഡ' എന്ന സാങ്കൽപ്പിക സംസ്ഥാനത്തെ 'വൈസ് സിറ്റി' പശ്ചാത്തലമാക്കിയാണ് പുതിയ ഗെയിം ഒരുക്കിയിരിക്കുന്നത്. ലൂസിയ കാമിനോസ്, ജേസൺ ഡുവൽ എന്നീ രണ്ട് കേന്ദ്ര കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയാണ് ഗെയിമിന്റെ കഥ വികസിക്കുന്നത്. ഗെയിം പുറത്തിറങ്ങിയതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ മീമുകളും ഗെയിംപ്ലേ വീഡിയോകളും ആരാധകരുടെ ആവേശപ്രകടനങ്ങളും നിറഞ്ഞിരിക്കുകയാണ്.
Tags : GrandTheftAutoVI gaming gta6 chennai holiday employees