ജിടിഎ6
അംബരചുംബിയായ ബുർജ് ഖലീഫയുടെ നിർമാണ ചെലവിനോളം തുകയ്ക്ക് പുറത്തിറക്കിയ ഗ്രാൻഡ് തെഫ്റ്റ് ഓട്ടോ-6(GTA-6) ന് വൻ വരവേൽപ്പാണ് ലോകമെന്പാടും ലഭിച്ചിരിക്കുന്നത്. നവംബർ19ന് ഗെയിം പുറത്തിറങ്ങുമെന്ന റിപ്പോർട്ടുകൾ വന്നതിന് പിന്നാലെ മൾട്ടി നാഷണൽ കമ്പനികളിൽ പോലും ജീവനക്കാർ ജിടിഎ 6 കളിക്കാനായി കൂട്ടത്തോടെ അവധിയെടുത്തതായി വാർത്തകൾ പുറത്തുവന്നിരുന്നു.
എന്തിനേറെ പറയുന്നു ജോർജിയയിലെ അമേരിക്കൻ ആർമിയുടെ ഒമ്പതാം ബ്രിഗേഡ് ബെറ്റാലിയൻ രണ്ടുവർഷത്തെ പുനഃർനിയമനക്കരാറിൽ ഒപ്പുവയ്ക്കുന്ന സൈനികർക്ക് നാല് ദിവസത്തെ അവധിയാണ് ജിടിഎ 6 പുറത്തിറങ്ങുമ്പോൾ അനുവദിച്ചത്. റിപ്പോർട്ടുകൾ അനുസരിച്ച് ജിടിഎ 6 പുറത്തിറങ്ങിയതിന് പിന്നാലെ അതിന്റെ നിർമാണ ചെലവിനേക്കാൾ പണം സമ്പാദിച്ചിട്ടുണ്ട്.
ജിടിഎ തുടക്കം
1997 നവംബർ 28ന് ആണ് സ്കോട്ട്ലാൻഡ് ആസ്ഥാനമായ ഡിഎംഎ ഡിസൈൻ അവതരിപ്പിച്ച ആദ്യ ജിടിഎ ഗെയിം പുറത്തിറങ്ങുന്നത്. പിന്നീട് അത് അമേരിക്കൻ കമ്പനിയായ റോക്ക്സ്റ്റാർ ഉടമസ്ഥതയിലായി. കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തിലുള്ള ആക്ഷൻ അഡ്വഞ്ചർ ഗെയിമായ ജിടിഎയിൽ വിവിധ വാഹനങ്ങൾ മുതൽ ആയുധങ്ങളും ഹെലികോപ്ടറും വരെ ഉണ്ടായിരുന്നു എന്നതാണ് ഏറെ വ്യത്യസ്തത പുലർത്തിയത്.
അമേരിക്കൻ പശ്ചാത്തലത്തിലുള്ള ഒരു സാങ്കൽപിക നഗരത്തിലെ കഥാപാത്രമായി ജീവിക്കാൻ സാധിക്കുന്ന ഗെയിമിൽ ദൗത്യങ്ങൾ കൂടാതെ ഇഷ്ടപ്പെട്ട കാറുകളും വാഹനങ്ങളുമായി സ്വതന്ത്രമായി വിഹരിക്കാനും അവസരമുണ്ട്.
വമ്പൻ തിരിച്ചുവരവ്
13 വർഷങ്ങൾക്ക് ശേഷമാണ് ജിടിഎ തിരിച്ചുവരവ് നടത്തുന്നത്. 13 വർഷങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ ജിടിഎ 5ൽ അമേരിക്കയിലെ ലോസ് ആഞ്ചൽസിനെ മാതൃകയാക്കി സൃഷ്ടിച്ച സാങ്കൽപിക നഗരമായ ലോസ് സാന്റോസായിരുന്നു പശ്ചാത്തലം. എന്നാൽ ഒടുവിൽ പുറത്തിറങ്ങിയിരിക്കുന്ന ജിടിഎ 6ൽ വൈസ് സിറ്റി ആരാധകർക്ക് പരിചിതമായ മയാമിയെ മാതൃകയാക്കിയ സാങ്കൽപിക നഗരമാണ്.
ലൂസിയ കാമിനോസ്, ജേസൺ ഡുവൽ എന്നിങ്ങനെ രണ്ട് കഥാപാത്രങ്ങളാണ് ജിടിഎ 6ലുള്ളത്. ഫ്ലോറിഡയെ മാതൃകയാക്കിയുള്ള ലിയോനിഡ എന്ന സാങ്കൽപിക നഗരത്തിലൂടെ മുന്നോട്ടുപോകുന്ന ഇരുവരും ക്രിമിനൽ ലോകത്തേക്ക് കടക്കുന്നതോടെയുണ്ടാകുന്ന വഴിത്തിരിവുകളും ദൗത്യങ്ങളുമാണ് ജിടിഎ 6ലുള്ളത്.
നിർമാണ ചെലവ്
ലോകത്ത് ഇതുവരെ നിർമിച്ചിട്ടുള്ളതിൽ ഏറ്റവും ചെലവേറിയ ഗെയിമാണ് ജിടിഎ 6. എന്നാൽ ഇതിന്റെ കൃത്യമായ നിർമാണ ചെലവ് പുറത്തുവിടാൻ റോക്ക്സ്റ്റാർ ഗെയിംസ് ഇതുവരെ തയാറായിട്ടില്ല. അതേസമയം ജിടിഎ 6 പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ അതിന്റെ പ്രീ ഓർഡറുകളിലൂടെ ബജറ്റിനേക്കാൾ പണം നേടിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഒരു ബില്യണിലേറെ ഡോളർ കമ്പനി ജിടിഎ 6ന് ആയി ചെലവഴിച്ചതായാണ് പ്രചരിക്കുന്ന റിപ്പോർട്ടുകൾ. 1.5 ബില്യൺ ഡോളറായിരുന്നു ബുർജ് ഖലീഫയുടെ നിർമാണ ചെലവ് എന്നതാണ് ജിടിഎ 6നെ ആഢംബര നിർമിതിയുമായി താരതമ്യം ചെയ്യുന്നതിന് കാരണം.
എന്നാൽ ഗവേഷണ സ്ഥാപനമായ സെൻസർ ടവറിന്റെ കണക്കുകൾ പ്രകാരം നവംബർ 19 വ്യാഴാഴ്ച ഗെയിം ലൈവ് ആകുന്നതിന് മുമ്പ് ജിടിഎ 6, 17 ദശലക്ഷത്തിലധികം കോപ്പികൾ വിറ്റു. ഈ വിൽപന ഗെയിമിന്1.65 ബില്യൺ ഡോളർ വരുമാനം നൽകിയതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ഗെയിം കളിക്കാൻ അവധി നൽകിയ പ്രമുഖർ
അമേരിക്കൻ സൈന്യത്തിലെ ഒരു വിഭാഗത്തിന് ഗെയിം പുറത്തിറങ്ങുമ്പോൾ നാല് ദിവസത്തെ അവധി നൽകിയെന്നത് ഏറെ കൗതുകകരമായ റിപ്പോർട്ട് ആയിരുന്നു. എന്നാൽ സ്വിസ് അമേരിക്കൻ ടെക് കമ്പനിയായ ലോഗിടെക്, കനേഡിയൻ ഇലക്ട്രിക് ട്രക്ക് നിർമാതാക്കളായ എഡിസൺ മോട്ടോഴ്സ്, കാലിഫോർണിയൻ കമ്പനിയായ ബർഗർ മോട്ടോർസ്പോർട്സ്, പോകറ്റ്പെയർ എന്ന ജാപ്പനീസ് ഗെയിം നിർമാതാക്കൾ കൂടാതെ ചെന്നൈ ആസ്ഥാനമായുള്ള ഇൻഡെ ബൈ ചെയർകാർട്ടെ എന്ന ഇന്റീരിയർ ഡിസൈൻ സ്ഥാപനം തുടങ്ങിയ പ്രമുഖരും ഗെയിം കളിക്കാനായി തങ്ങളുടെ ജീവനക്കാർക്ക് അവധി നൽകിയിട്ടുണ്ട്.
എവിടെ കിട്ടും എത്രയാകും
നിങ്ങളുടെ പിസിയിലൂടെ നിലവിൽ അമേരിക്കൻ സാങ്കൽപിക നഗരത്തിലിറങ്ങാൻ സാധിക്കില്ല. പ്ലേസ്റ്റേഷൻ 5, എക്സ്ബോക്സ് സീരീസ് എക്സ്, എസ് എന്നീ പ്ലാറ്റ്ഫോമുകളിലാണ് നിലവിൽ ജിടിഎ 6 ലഭിക്കുക. സ്റ്റാൻഡേർഡ് എഡിഷന് 5,999 രൂപയും അൾട്ടിമേറ്റ് എഡിഷന് 7,499 രൂപയുമാണ് വില.
റിവ്യൂ അഗ്രഗേറ്റർ മെറ്റാക്രിട്ടിക്കിൽ ജിടിഎ 6ന് നൽകിയിരിക്കുന്ന റേറ്റിംഗ് 100ൽ 99 ആണ്. ഇത് സാധാരണ ഗെയിമർമാരുടെ വിലയിരുത്തൽ അല്ല. തികച്ചും പ്രൊഫഷണലുകൾ നൽകിയിരിക്കുന്ന സ്കോർ ആണ്.
വിൽപനയിൽ ഒന്നാമതെത്തുമോ?
ലോകത്ത് ഇതുവരെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ഗെയിം ജിടിഎ അല്ല. 350 ദശലക്ഷത്തിലധികം കോപ്പകൾ വിറ്റഴിച്ച മൈൻക്രാഫ്റ്റ് ആണ് ലോകത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ഗെയിം. എന്നാൽ രണ്ടാം സ്ഥാനത്തുള്ളത് ജിടിഎ 5ആണ്.
235 ദശലക്ഷം കോപ്പികൾ വിൽപന നടത്തിയാണ് ജിടിഎ 5 രണ്ടാം സ്ഥാനത്തുള്ളത്. ജിടിഎ 6 മൈൻക്രാഫ്റ്റിനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തലുകൾ. 2027 മാർച്ചോടെ ജിടിഎ 6ന്റെ വിൽപന 65 ദശലക്ഷത്തിലെത്തുമെന്നാണ് കണക്കുകൂട്ടൽ. എന്നാൽ മൈൻക്രാഫ്റ്റിനെ മറികടക്കാൻ ജിടിഎ 6ന് ഏറെ ദൂരം പോകാനുണ്ട്.