ന്യൂഡൽഹി: വലിയ ഗ്രൂപ്പുകൾ കൈകാര്യം ചെയ്യുന്ന ഉപയോക്താക്കൾക്ക് ആശ്വാസമായി വാട്സ്ആപ്പിന്റെ പുതിയ ഫീച്ചർ. വാട്സ്ആപ്പ് ഗ്രൂപ്പുകളിലെ അംഗങ്ങളുടെ പരമാവധി പരിധിയാണ് ഇപ്പോൾ ഉയർത്തിയത്. നിലവിലുണ്ടായിരുന്ന 1,024 എന്ന പരിധി 1,500 ആയാണ് വർധിപ്പിച്ചിരിക്കുന്നത്. ഇതോടെ പുതിയ ഗ്രൂപ്പുകൾ നിർമിക്കാതെ തന്നെ അഡ്മിൻമാർക്ക് 476 പേരെക്കൂടി നിലവിലുള്ള ഗ്രൂപ്പുകളിലേക്ക് ചേർക്കാൻ സാധിക്കും.
വലിയ കുടുംബ ഗ്രൂപ്പുകൾ, സ്കൂൾ കമ്മ്യൂണിറ്റികൾ, ഓഫീസ് ടീമുകൾ എന്നിവ കൈകാര്യം ചെയ്യുന്നവർക്ക് ഒരേ ഗ്രൂപ്പിൽ തന്നെ എല്ലാവരെയും ഉൾപ്പെടുത്തി വിവരങ്ങൾ പങ്കുവെക്കാൻ ഈ മാറ്റം സഹായകമാകും.
വാബീറ്റഇൻഫോ റിപ്പോർട്ട് പ്രകാരം ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളിലെ ഏറ്റവും പുതിയ പതിപ്പുകളിലാണ് വാട്സ്ആപ്പ് ഈ മാറ്റം അവതരിപ്പിച്ചു തുടങ്ങിയത്. സാധാരണ ഗ്രൂപ്പ് ചാറ്റുകൾക്കും വാട്സ്ആപ്പ് കമ്മ്യൂണിറ്റികൾക്കുള്ളിലെ ഗ്രൂപ്പുകൾക്കും പുതിയ പരിധി ബാധകമാണ്. അതേസമയം, കമ്മ്യൂണിറ്റി അനൗൺസ്മെന്റ് ഗ്രൂപ്പുകളിൽ നിലവിൽ തന്നെ 2,000 പേരെ ഉൾപ്പെടുത്താൻ സാധിക്കുന്നതിനാൽ അവയിൽ മാറ്റമുണ്ടാകില്ല.
മൂന്ന് വർഷത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് വാട്സ്ആപ്പ് സാധാരണ ഗ്രൂപ്പുകളിലെ അംഗങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുന്നത്. 2022ലാണ് കമ്പനി പരിധി 512-ൽ നിന്ന് 1,024 ആക്കി ഉയർത്തിയത്. അംഗസംഖ്യ പരിധി കടക്കുമ്പോൾ ഒന്നിലധികം ഗ്രൂപ്പുകൾ നിർമ്മിക്കേണ്ടി വരുന്ന ബുദ്ധിമുട്ട് ഇതോടെ ഒഴിവാകും.
പുതിയ പരിധി ലഭിക്കുന്നതിനായി ഗ്രൂപ്പ് അഡ്മിൻമാർ പ്രത്യേകിച്ച് സെറ്റിംഗുകളൊന്നും മാറ്റേണ്ടതില്ല. അഡ്മിന്റെ അക്കൗണ്ടിലേക്ക് അപ്ഡേറ്റ് എത്തുന്നതോടെ നിലവിലുള്ള ഗ്രൂപ്പുകളിലും സ്വാഭാവികമായി 1,500 പേരെ ചേർക്കാനുള്ള സൗകര്യം ലഭ്യമാകും. ഘട്ടം ഘട്ടമായാണ് പുതിയ അപ്ഡേറ്റ് പുറത്തിറക്കുന്നത്. അതിനാൽ എല്ലാവർക്കും ഒരേസമയം ഈ ഫീച്ചർ ലഭിച്ചേക്കില്ല. വരും ആഴ്ചകളിൽ ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പിൾ ആപ്പ് സ്റ്റോർ എന്നിവ വഴി വാട്സ്ആപ്പ് അപ്ഡേറ്റ് ചെയ്യുന്നതോടെ എല്ലാവർക്കും ഈ സൗകര്യം ലഭ്യമാകും.
പുതിയ മേധാവി കുനാൽ ഷായുടെ നേതൃത്വത്തിൽ ഗ്രൂപ്പ് ആശയവിനിമയങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനുള്ള വാട്സ്ആപ്പിന്റെ വിപുലമായ പദ്ധതികളുടെ ഭാഗമായാണ് ഈ നടപടി.
Tags : WhatsApp whatsappgroups members 1500members