ഛത്തീസ്ഗഢിലെ റായ്പൂരിലുള്ള അവിനാഷ് മാഗ്നെറ്റോ മാളിൽ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ഭക്തരുടെയും സന്ദർശകരുടെയും മനംകവരുന്ന അപൂർവമായൊരു കലാസൃഷ്ടി ഒരുങ്ങിയിരിക്കുകയാണ്.
ഏകദേശം രണ്ടര ലക്ഷത്തിലധികം വെളുത്ത മുത്തുകളും മണികളും കോർത്തെടുത്ത് നിർമ്മിച്ച 20 അടി ഉയരമുള്ള ശ്രീ ഹനുമാന്റെ ഇൻസ്റ്റലേഷനാണ് ഇവിടെ പ്രധാന ആകർഷണം. പരമ്പരാഗതമായ ശിലാവിഗ്രഹങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായി വായുവിൽ ഒഴുകിനടക്കുന്ന പ്രതീതി ജനിപ്പിക്കുന്ന രീതിയിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഡിജിറ്റൽ ഹോളോഗ്രാം സാങ്കേതികവിദ്യകൾ ഉപയോഗിക്കാതെ തന്നെ, ലംബമായി തൂക്കിയിട്ടിരിക്കുന്ന നൂറുകണക്കിന് മുത്തുച്ചരടുകളുടെ സവിശേഷമായ വിന്യാസം കൊണ്ടാണ് ഈ ത്രീഡി-ഫോർഡി കാഴ്ചാനുഭവം സാധ്യമാക്കിയിരിക്കുന്നത്.
മാളിനുള്ളിലൂടെ നടക്കുന്ന സന്ദർശകർക്ക് അത് കാണുന്ന കോണുകൾക്കനുസരിച്ച് രൂപത്തിന്റെ ഭാവത്തിലും തലത്തിലും മാറ്റങ്ങൾ അനുഭവപ്പെടും. വിദഗ്ദ്ധരായ കലാകാരന്മാർ 300 മണിക്കൂറിലധികം കഠിനാധ്വാനം ചെയ്താണ് ഈ ഭീമൻ കലാരൂപം നിർമ്മിച്ചത്.
പ്രധാന ഹനുമാൻ ഇൻസ്റ്റലേഷന് തൊട്ടടുത്തായി ഒന്നര ലക്ഷത്തോളം മുത്തുകൾ ഉപയോഗിച്ച് തീർത്ത ശ്രീരാമ ദർബാറിന്റെ ദൃശ്യാവിഷ്കാരവും സജീകരിച്ചിട്ടുണ്ട്. ശ്രീരാമൻ, സീതാദേവി, ലക്ഷ്മണൻ, ഹനുമാൻ എന്നിവർ ഉൾപ്പെടുന്ന രാജസഭയുടെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഈ സൃഷ്ടിക്ക് കൈകൊണ്ട് വരച്ച കൊട്ടാര മാതൃകയിലുള്ള മനോഹരമായ ആർച്ചും പ്രത്യേക വെളിച്ചവിതാനങ്ങളും കൂടുതൽ ശോഭ നൽകുന്നു.
വ്യാവസായിക കേന്ദ്രങ്ങൾക്കുള്ളിൽ ഒരുക്കിയിട്ടുള്ള ഏറ്റവും വലിയ ഭക്തിനിർഭരമായ കലാരൂപങ്ങളില ഒന്നാണിതെന്ന് മാൾ മാനേജ്മെന്റ് വ്യക്തമാക്കി. കലയും ഭക്തിയും ഒരുപോലെ സമന്വയിപ്പിച്ച ഈ പ്രദർശനം കാണാൻ നിരവധി ഭക്തരും ഫോട്ടോയെടുക്കാൻ ആഗ്രഹിക്കുന്നവരും മാളിലേക്ക് എത്തുന്നുണ്ട്. മാളിന്റെ സാധാരണ പ്രവർത്തന സമയമായ രാവിലെ 11 മുതൽ രാത്രി 10 വരെയുള്ള സമയങ്ങളിൽ പൊതുജനങ്ങൾക്ക് സൗജന്യമായി ഇത് കണ്ടാസ്വദിക്കാവുന്നതാണ്.
Tags : DevotionalArt Raipur HanumanStatue AvinashMagnetoMall PearlArt 4DInstallation