വീഡിയോയിൽ നിന്നുമുള്ള ചിത്രം
ബംഗളൂരു ഇന്ദിരാനഗറിലെ തിരക്കേറിയ നൂറു അടി റോഡിൽ പട്ടാപ്പകലുണ്ടായ നടുക്കുന്ന കവർച്ചാശ്രമത്തിന്റെ ഞെട്ടലിലാണ് നഗരം. കഴിഞ്ഞ ഒക്ടോബർ 31 ന് നടന്ന ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് വലിയ തോതിലുള്ള ചർച്ചകൾക്കും സുരക്ഷാ ആശങ്കകൾക്കും വഴിവെച്ചിരിക്കുന്നത്.
ഹെൽമറ്റും കൈയുറകളും ധരിച്ച് പ്രമുഖ ലെതർ റിപ്പയറിങ് കടയിലെത്തിയ നാൽപ്പതുകാരനായ പ്രഭുരാജ് എന്ന രാജ്, തനിക്ക് പിന്നിൽ കൊലയാളികൾ ഉണ്ടെന്ന് പറഞ്ഞ് ജീവനക്കാരിയായ ഇരുപത്തിമൂന്നുകാരിയുടെ സഹായം അഭ്യർഥിച്ച് അകത്തേക്ക് കടക്കുകയായിരുന്നു.
കടയ്ക്കുള്ളിൽ ആ സമയത്ത് മറ്റാരും ഉണ്ടായിരുന്നില്ല. എന്നാൽ അല്പസമയത്തിനകം കൈയിൽ കരുതിയ കത്തി പുറത്തെടുത്ത പ്രതി യുവതിയുടെ കഴുത്തിൽ വെച്ച് ഭീഷണിപ്പെടുത്തുകയും, നാലര ലക്ഷത്തോളം രൂപ വിലമതിക്കുന്ന 35 ഗ്രാം സ്വർണമാല ആവശ്യപ്പെടുകയും ചെയ്തു.
ബഹളം വെക്കുന്നത് തടയാൻ യുവതിയുടെ വായ തുണികൊണ്ട് മൂടുകയും, ഫെവിക്വിക് ഉപയോഗിച്ച് കൈകൾ മേശയിൽ ഒട്ടിച്ചുവെക്കാൻ ശ്രമിക്കുകയും ചെയ്ത ശേഷം ഇയാൾ യുവതിയെ കടയ്ക്ക് പുറത്തേക്ക് വലിച്ചിഴച്ചുകൊണ്ട് ഓട്ടോയിൽ രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.
യുവതിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരും സമീപത്തെ വ്യാപാരികളും ജീവൻ പണയം വെച്ച് നടത്തിയ ഇടപെടലാണ് വലിയൊരു ദുരന്തം ഒഴിവാക്കിയത്. പ്രതിയുടെ ഭീഷണികൾ വകവെയ്ക്കാതെ ധൈര്യശാലികളായ നാട്ടുകാർ ഇയാളെ വളഞ്ഞിട്ട് കീഴ്പ്പെടുത്തുകയും പൊലിസിൽ ഏൽപ്പിക്കുകയുമായിരുന്നു.
കവർച്ചാശ്രമത്തിന് കേസെടുത്ത ഇന്ദിരാനഗർ പൊലിസ് പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിട്ടുണ്ട്. തിരക്കേറിയ വാണിജ്യ കേന്ദ്രത്തിൽ ഇത്തരത്തിലുള്ള ആക്രമണങ്ങൾ ഉണ്ടാകുന്നത് നഗരത്തിലെ സ്ത്രീകളുടെ സുരക്ഷയെക്കുറിച്ച് വീണ്ടും ഗൗരവകരമായ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്.
@indiranagarpolice swiftly acted in an attempted chain-snatching case With timely assistance from the public, the suspect was apprehended and subsequently remanded to judicial custody, victim is safe & unharmed. @BlrCityPolice remains vigilant and committed to public safety. https://t.co/ab2DaJbW1X
— DCP EAST (@DcpEastBcp) November 3, 2026
Tags : ViralVideo BengaluruNews Indiranagar CrimeNews WomensSafety BengaluruPolice