വീഡിയോയിൽ നിന്നുമുള്ള ചിത്രം
നടൻ ടൈഗർ ഷ്രോഫിന് നേരെയുണ്ടായ വധശ്രമത്തിനും ജൽസയ്ക്ക് ലഭിച്ച ബോംബ് ഭീഷണിക്കും പിന്നാലെ, പ്രമുഖ ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ സുരക്ഷ കടുപ്പിച്ചു. പതിറ്റാണ്ടുകളായി തുടരുന്ന ഞായറാഴ്ചകളിലെ ആരാധക കൂട്ടായ്മയ്ക്ക് മുന്നിൽ ഇത്തവണ കനത്ത സുരക്ഷാ നിരീക്ഷണത്തിലാണ് അദ്ദേഹം എത്തിയത്.
ജുഹുവിലെ വസതിയായ 'ജൽസ'യ്ക്ക് മുന്നിൽ തടിച്ചുകൂടിയ ആരാധകരെ കാണാൻ, മൂന്ന് വശവും പ്രത്യേകം തയ്യാറാക്കിയ ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് കവചത്തിന് പിന്നിൽ നിന്നാണ് ബിഗ് ബി അഭിവാദ്യം ചെയ്തത്. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ഉൾപ്പെടെ ധരിച്ചാണ് അദ്ദേഹം എത്തിയതെന്നാണ് വിവരം.
മുംബൈ മേയർ ഋതു താവ്ഡെയ്ക്ക് ലഭിച്ച ഇമെയിൽ സന്ദേശത്തിൽ ജൽസയ്ക്ക് നേരെയും ഗായകൻ ദിൽജിത് ദോസാഞ്ചിന്റെ സംഗീത പരിപാടിക്കിടെയും സ്ഫോടനം നടത്തുമെന്ന് ഭീഷണിയുണ്ടായിരുന്നു.
തുടർന്ന് മുംബൈ പൊലിസും കേന്ദ്ര സുരക്ഷാ ഏജൻസികളും നഗരത്തിൽ ജാഗ്രത ശക്തമാക്കി. ഒക്ടോബർ 18-ന് ജുഹുവിൽ വച്ച് നടൻ ടൈഗർ ഷ്രോഫിന്റെ വാഹനത്തിന് നേരെ ഉണ്ടായ വെടിവെപ്പാണ് നിലവിലെ ആശങ്കകൾക്ക് തുടക്കമിട്ടത്. ആക്രമണത്തിൽ നിന്ന് ടൈഗർ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു.
സൽമാൻ ഖാനുമായുള്ള സൗഹൃദവും ബോളിവുഡ് മേഖലയിൽ ഭീതി പടർത്തലുമാണ് ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമാക്കി ലോറൻസ് ബിഷ്ണോയ് ഗ്യാങ് രംഗത്തെത്തിയിരുന്നു.
സംഭവത്തിന് മുന്നോടിയായി അക്രമികൾ അമിതാഭ് ബച്ചൻ, ഷാറൂഖ് ഖാൻ, ആമിർ ഖാൻ, അക്ഷയ് കുമാർ എന്നിവരുടെ വസതികളും നിരീക്ഷിച്ചിരുന്നതായി പൊലിസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
കേസിൽ ബീഹാർ, ഹരിയാന സ്വദേശികളായ പ്രധാന ഷൂട്ടർമാർ ഉൾപ്പെടെ പന്ത്രണ്ടോളം പേരെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി മുംബൈ പൊലിസ് അറസ്റ്റ് ചെയ്തു. സുരക്ഷാ ഭീഷണിയുടെ പശ്ചാത്തലത്തിൽ ബച്ചന്റെ വസതിക്ക് ചുറ്റും നിരീക്ഷണം കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.
Mumbai, Maharashtra: Bollywood actor Amitabh Bachchan is seen greeting fans from behind a protective bulletproof glass screen. https://t.co/4gyZ8oZqVs
— IANS (@ians_india) November 1, 2026
Tags : BishnoiGang AmitabhBachchan Jalsa BollywoodSecurity TigerShroff MumbaiPolice