ലോക പര്യടനത്തിനിടെ കാൾ ബുഷ്ബി
യാത്രാചരിത്രത്തിൽ അപൂർവമായി മാത്രം സംഭവിക്കുന്ന ഒരു മഹാസാഹസികതയ്ക്ക് വിരാമമിട്ടുകൊണ്ട് ബ്രിട്ടീഷ് സ്വദേശിയായ കാൾ ബുഷ്ബി ഒടുവിൽ സ്വന്തം നാട്ടിൽ തിരിച്ചെത്തി. യാതൊരുവിധ ഗതാഗതമാർഗങ്ങളും ഉപയോഗിക്കാതെ, ഭൂഗോളത്തിലുടനീളം മുപ്പത്തൊനായിരത്തിലധികം മൈലുകൾ കാൽനടയായി മാത്രം പിന്നിട്ടാണ് അദ്ദേഹം ഈ ചരിത്രനേട്ടം കൈവരിച്ചത്.
ഇംഗ്ലണ്ടിലെ തന്റെ ജന്മനാടായ ഹളിൽ എത്തിയ കാളിനെ സ്വീകരിക്കാൻ നൂറുകണക്കിന് ആളുകളാണ് തടിച്ചുകൂടിയത്. നവംബർ രണ്ടിന് നടന്ന ആ വൈകാരിക നിമിഷത്തിൽ, നീണ്ട മൂന്ന് പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ സ്വന്തം വീടിന് മുന്നിൽ വെച്ച് അമ്മ മകനെ ആലിംഗനം ചെയ്തത് കണ്ടുനിന്നവരുടെ കണ്ണുകളെ ഈറനണിയിച്ചു.
1998 നവംബറിലാണ് 'ഗോലിയാത്ത് എക്സ്പെഡിഷൻ' എന്ന് പേരിട്ട ഈ പര്യടനത്തിന് കാൾ തുടക്കമിടുന്നത്. ദക്ഷിണ ചിലിയിലെ പുന്താ അരീനാസിൽ നിന്ന് ഒരു ചെറിയ ബാഗും ടെന്റും ക്യാമറയുമായി ഇറങ്ങിത്തിരിക്കുമ്പോൾ, വാഹനങ്ങളൊന്നും ആശ്രയിക്കാതെ ജന്മനാട്ടിൽ തിരിച്ചെത്തുക എന്ന കഠിനമായ ലക്ഷ്യം മാത്രമായിരുന്നു അദ്ദേഹത്തിന്റെ മനസിൽ.
യാത്രയിലുടനീളം പ്രകൃതിയും ഭൂമിശാസ്ത്രവും ഉയർത്തിയ കടമ്പകൾ ചെറുതായിരുന്നില്ല. കൊളംബിയയെയും പനാമയെയും ബന്ധിപ്പിക്കുന്ന അതിസാന്ദ്രമായ ഡാരിയൻ ഗ്യാപ് വനമേഖല, തണുത്തുറഞ്ഞ ബെറിംഗ് കടലിടുക്ക്, കാസ്പിയൻ കടൽ തുടങ്ങി ലോകത്തിലെ ഏറ്റവും അപകടം പിടിച്ച ഭൂപ്രദേശങ്ങളിലൂടെയെല്ലാം അദ്ദേഹം നടന്നു നീങ്ങി.
യാത്രയിലുടനീളം തനിക്ക് തണലായത് ലോകമെമ്പാടുമുള്ള സാധാരണ മനുഷ്യരുടെ കരുണയാണെന്ന് 57 കാരനായ കാൾ ഓർത്തെടുക്കുന്നു. വഴിയോരങ്ങളിൽ കണ്ടുമുട്ടിയ 99 ശതമാനത്തിലധികം ആളുകളും സ്നേഹത്തോടെയാണ് പെരുമാറിയതെന്നും, അപരിചിതരായ മനുഷ്യരുടെ സഹായവും വിവിധ രാജ്യങ്ങളുടെ പിന്തുണയുമാണ് ഏത് പ്രതികൂല സാഹചര്യത്തിലും തന്നെ മുന്നോട്ട് നയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ശാരീരികക്ഷമതയ്ക്കപ്പുറം മനുഷ്യബന്ധങ്ങളുടെയും മാനവികതയുടെയും വലിയൊരു അനുഭവപാഠമാണ് ഈ യാത്ര തനിക്ക് സമ്മാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
ചെറുപ്പകാലത്ത് നേരിട്ട വെല്ലുവിളികളാണ് കാളിനെ ഈയൊരു തീരുമാനത്തിലെത്തിച്ചതിൽ പ്രധാന പങ്ക് വഹിച്ചത്. 13 -ാം വയസിൽ ഡിസ്ലെക്സിയ ബാധിതനായതിനെത്തുടർന്ന് സ്കൂളിൽ കടുത്ത പരിഹാസങ്ങൾ നേരിടേണ്ടി വന്ന അദ്ദേഹം, പ്രകൃതിയോട് ചേർന്നുനിന്നാണ് അതിനെയെല്ലാം മറികടന്നത്.
പിന്നീട് ബ്രിട്ടീഷ് സൈന്യത്തിൽ പാരാട്രൂപ്പറായി സേവനമനുഷ്ഠിച്ച 11 വർഷങ്ങളാണ് ഏത് പ്രതിസന്ധിയെയും നേരിടാനുള്ള മാനസിക കരുത്ത് അദ്ദേഹത്തിന് നൽകിയത്. വ്യക്തിപരമായ ജീവിതത്തിലുണ്ടായ വേർപിരിയലുകളും മകനിൽ നിന്ന് അകന്നു കഴിയേണ്ടി വന്ന സങ്കടവുമെല്ലാം ഇത്തരമൊരു അസാധാരണ ദൗത്യം പൂർത്തിയാക്കാൻ അദ്ദേഹത്തിന് പ്രചോദനമായി.
യാത്ര വിജയകരമായി പൂർത്തിയാക്കിയതോടെ തന്റെ അനുഭവങ്ങൾ ലോകത്തിന് മുന്നിൽ പങ്കുവെക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ സാഹസികൻ. ഈ അവിശ്വസനീയമായ യാത്രയെ ആസ്പദമാക്കി ഒരു ഡോക്യുമെന്ററിയും, വരും ആഴ്ചകളിൽ ഇംഗ്ലണ്ടിലുടനീളമുള്ള പ്രഭാഷണ പരമ്പരകളും സംഘടിപ്പിക്കാൻ അദ്ദേഹം പദ്ധതിയിടുന്നുണ്ട്. അതിരുകളില്ലാത്ത ഇച്ഛാശക്തിയുടെയും നന്മയുടെയും പ്രതീകമായി കാൾ ബുഷ്ബിയുടെ ഈ യാത്ര ചരിത്രത്തിൽ എന്നും ഓർമ്മിക്കപ്പെടും.
Karl Bushby, the man who spent 28 years walking 36,000 miles from Chile to his mother's house in the UK, has finally returned home. The first words from his tearful mom after a dangerous journey across 30 countries were: "Where have you been"? https://t.co/cSu1BGWNhC
— Pubity (@pubity) November 2, 2026
Karl Bushby, the man who spent 28 years walking 36,000 miles from Chile to his mother's house in the UK, has finally returned home. The first words from his tearful mom after a dangerous journey across 30 countries were: "Where have you been"? https://t.co/cSu1BGWNhC
— Pubity (@pubity) November 2, 2026
Tags : KarlBushby GoliathExpedition WorldWalk 31000Miles 28YearJourney ExtremeAdventurer