കടലിലെ സഞ്ചരിക്കുന്ന കൊട്ടാരം: 400 രൂപയ്ക്ക് ആഢംബര ക്രൂയിസ് അനുഭവം നൽകി എംടുഎം ഫെറി
Wednesday, October 15, 2025 6:17 PM IST
മുംബൈയിൽ നിന്നും അടുത്തുള്ള വിനോദസഞ്ചാര കേന്ദ്രമായ അലിബാഗിലേക്ക് കടൽമാർഗം യാത്ര ചെയ്യുക എന്നത് ഒരനുഭവം തന്നെയാണ്. എംടുഎം ഫെറീസ് ഈ ഹ്രസ്വ തീരദേശ യാത്രയെ തികച്ചും ആഡംബരപൂർണമായ അനുഭവമാക്കി മാറ്റിയിരിക്കുന്നു. പുതിയതും നവീകരിച്ചതുമായ ഫെറി സർവീസ്, യാത്രക്കാർക്ക് വേഗതയേറിയ സേവനവും, പഞ്ചനക്ഷത്ര നിലവാരത്തിലുള്ള ഇരിപ്പിടങ്ങളും, കപ്പലിനുള്ളിലെ പ്രത്യേക ലോഞ്ചുകളും നൽകി, പുതിയൊരു യാത്രാനുഭവമാണ് ഒരുക്കുന്നത്.
ഈ അത്യാധുനിക ഫെറിയുടെ സൗകര്യങ്ങൾ പരിചയപ്പെടുത്തുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടിയിരിക്കുകയാണ്. ഫെറിയുടെ ഉൾവശം ഒരു ആഢംബര ക്രൂയിസ് കപ്പലിനോട് സാമ്യം പുലർത്തുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
"ഇതൊരു വിമാനമല്ല, മുംബൈ-അലിബാഗ് റൂട്ടിലെ പുതിയ എംടുഎം ഫെറിയാണ്,' എന്ന കുറിപ്പോടെയാണ് വീഡിയോ ആരംഭിക്കുന്നത്. ഉള്ളിലെ സ്റ്റൈലിഷ് ഡിസൈൻ, വിവിധതരം ഇരിപ്പിടങ്ങൾ, പ്രീമിയം സൗകര്യങ്ങൾ എന്നിവയെല്ലാം വീഡിയോയിൽ വിശദമായി കാണിക്കുന്നുണ്ട്.
"ഇതൊരു എക്സ്ക്ലൂസീവ് കാഴ്ചയാണ്,' എന്ന് വിശേഷിപ്പിച്ച ഇൻഫ്ലുവൻസർ, യാത്രാ വേളയിലെ ജീവനക്കാരുടെ ആതിഥേയ മര്യാദയ്ക്ക് പത്തിൽ പത്ത് മാർക്കും നൽകി. ഒരു വിമാനത്തിലെന്നപോലെ, ഈ ഫെറിയിൽ യാത്രക്കാർക്കായി നാല് വ്യത്യസ്ത സീറ്റിംഗ് വിഭാഗങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
സ്കോഡ കുഷാഖ് സോൺ, സ്കോഡ ക്ലിയാഖ് ഡെക്ക്, സ്കോഡ സ്ലാവിയ ലോഞ്ച്, സ്കോഡ കോഡിയാഖ് ലോഞ്ച് എന്നിവയാണവ. ചില വിഭാഗങ്ങളിൽ യാത്രക്കാർക്ക് കൂടുതൽ സുഖസൗകര്യങ്ങൾക്കായി ചാരിയിരിക്കാവുന്ന സീറ്റുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
യാത്രക്കൂലി വെറും 400 രൂപയിൽ ആരംഭിക്കുന്നതിനാൽ, ആർക്കും താങ്ങാനാവുന്ന ചെലവിൽ പ്രീമിയം അനുഭവം ആസ്വദിക്കാൻ സാധിക്കും. കൂടുതൽ വേഗതയുള്ള ഈ ഫെറി, യാത്രയുടെ ദൈർഘ്യം കുറയ്ക്കുന്നു എന്നതിലുപരി, വാഹനങ്ങൾ കൊണ്ടുപോകാനുള്ള സൗകര്യവും നൽകുന്നുണ്ട്. അതായത്, അലിബാഗിലേക്ക് സ്വന്തം കാറിൽ ഒരു ചെറിയ യാത്ര പ്ലാൻ ചെയ്യുന്നവർക്ക് ഇനി അധികം ബുദ്ധിമുട്ടേണ്ടിവരില്ല.
യാത്രക്കാർക്ക് കാറുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ഫെറിയിൽ കയറ്റാൻ സാധിക്കും. കൂടാതെ, ഈ സർവീസ് വളർത്തുമൃഗങ്ങളെ അനുവദിക്കുന്നതാണ് എന്നൊരു പ്രത്യേകതയുമുണ്ട്, ഇതിനായി പ്രത്യേക "പെറ്റ് സോൺ' ലഭ്യമാണ്. ടിക്കറ്റ് നിരക്കിൽ ഭക്ഷണമോ പാനീയങ്ങളോ ഉൾപ്പെടുത്തിയിട്ടില്ലെങ്കിലും, യാത്രക്കാർക്കായി കപ്പലിൽ കഫറ്റീരിയ സൗകര്യമുണ്ട്.