ബാങ്കോക്കിൽ പിസ്റ്റൾ ലൈറ്റർ കാട്ടി ഭീഷണി: ഇന്ത്യൻ പൗരൻ പിടിയിൽ; വീഡിയോ വൈറൽ
Sunday, October 19, 2025 6:21 PM IST
തായ്ലൻഡിന്റെ തലസ്ഥാനമായ ബാങ്കോക്കിൽ പൊതുസ്ഥലത്ത് വഴിയാത്രക്കാർക്ക് നേരെ തോക്കിനോട് സാമ്യമുള്ള ലൈറ്റർ കാട്ടി ഭീഷണി മുഴക്കി പൊതുജനശല്യമുണ്ടാക്കിയ സംഭവത്തിൽ ഇന്ത്യൻ പൗരൻ അറസ്റ്റിലായി.
നഗരത്തിലെ പ്രധാന ഷോപ്പിംഗ് കേന്ദ്രമായ സിയാം സ്ക്വയറിലാണ് ഈ അസാധാരണ സംഭവം അരങ്ങേറിയത്. സാഹിൽ റാം തഡാനി (41) എന്നയാളാണ് നിയമനടപടി നേരിടുന്നത്. തഡാനി റോഡിൽ നൃത്തം ചെയ്യുകയും ഉറക്കെ ആക്രോശിക്കുകയും പരിസരത്തുള്ളവരെ അധിക്ഷേപിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്.
ഇയാൾ തോക്കിന്റെ രൂപത്തിലുള്ള ലൈറ്റർ ആളുകൾക്ക് നേരെ ചൂണ്ടി ഭീഷണിപ്പെടുത്തിയത് പൊതുജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ അതിവേഗം പ്രചരിച്ചു.
വീഡിയോയിൽ, സുരക്ഷാ ജീവനക്കാർ സ്ഥലത്തെത്തിയിട്ടും ഇയാൾ തറയിൽ ഇരിക്കുന്നതും അവരുടെ നിർദ്ദേശങ്ങൾ അവഗണിക്കുന്നതും കാണാം. എഴുന്നേൽക്കാൻ ആവശ്യപ്പെട്ടിട്ടും വഴങ്ങാതെ വന്നതോടെ, സുരക്ഷാ ഉദ്യോഗസ്ഥർക്ക് ഇയാളെ ബലപ്രയോഗത്തിലൂടെ വലിച്ചിഴച്ച് മാറ്റേണ്ടി വന്നു.
ഈ സമയത്ത് ഇയാൾ കരയുന്നതും പോലീസിനെ വിളിക്കാൻ ആവശ്യപ്പെടുന്നതും പിന്നീട് തന്റെ പ്രവൃത്തിക്ക് ക്ഷമ ചോദിക്കുന്നതും വീഡിയോയിലുണ്ട്. പോലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്ത് പതും വാൻ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.
ഭീഷണിപ്പെടുത്തൽ, പൊതുജനശല്യം ഉണ്ടാക്കൽ എന്നീ കുറ്റങ്ങളാണ് തഡാനിക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇയാളുടെ അക്രമാസക്തമായ പെരുമാറ്റത്തിന് കാരണം കഞ്ചാവ് ഉപയോഗിച്ചതിലൂടെയുണ്ടായ വിഭ്രാന്തികളാണെന്നാണ് പ്രാഥമിക അന്വേഷണത്തിൽ പോലീസ് വിലയിരുത്തുന്നത്.
കൂടുതൽ അന്വേഷണത്തിൽ, ഇയാൾ ഇന്ത്യയിൽ പ്രവർത്തനം നിലച്ച മൂന്ന് കമ്പനികളുടെ മുൻ ഡയറക്ടറായിരുന്നു എന്നും പോലീസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.