ജൈവൻ വന്നു, ഇനി പ്ലാസ്റ്റിക്കിന് ഗുഡ്ബൈ; പഴത്തോടുകളില്‍ ജ്യൂസ് നല്കി കടയുടമ
Tuesday, February 11, 2020 12:54 PM IST
പ്ലാസ്റ്റിക്കിനെ അകറ്റി നിര്‍ത്തി പ്രകൃതിക്ക് കോട്ടമുണ്ടാകാത്ത വിധം കച്ചവടം നടത്തി മാതൃകയാകുകയാണ് "ഈറ്റ് രാജ' ജ്യൂസ് കട. ബംഗളൂരുവിലെ മല്ലേശ്വരത്താണ് ഈ കടയുള്ളത്. സാധാരണ കടകളില്‍ ഉപഭോക്താക്കള്‍ക്ക് പ്ലാസ്റ്റിക് ഉത്പന്നങ്ങളില്‍ ഭക്ഷ്യവസ്തു കൈമാറുമ്പോൾ പഴങ്ങളുടെ തോടുകളില്‍ നിറച്ചാണ് ഇവിടെ നല്‍കുന്നത്.
ഉപയോഗിച്ച തോടുകള്‍ കന്നുകാലികള്‍ക്ക് ഭക്ഷണമായി നല്കുന്നതിനാല് ഇവിടെയുള്ള ഒരു വസ്തുവും മാലിന്യമായി മാറുന്നില്ല. കൂടാതെ പുകവലി ഉപേക്ഷിക്കുവാനും പരിസ്ഥിത നന്നായി പരിപാലിക്കുവാനും ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി സൗജന്യ ജ്യൂസും ഈറ്റ് രാജ വാഗ്ദാനം ചെയ്യുന്നു.
ജ്യൂസ് കുടിക്കുവാനായി സ്വന്തമായി സ്റ്റീല്‍ കപ്പുകള്‍ കൊണ്ടുവരുന്നവര്‍ക്ക് 20 രൂപയ്ക്ക് ജ്യൂസ് നല്‍കും. സോഷ്യല്‍മീഡിയയില്‍ ഏറെ ചര്‍ച്ചാവിഷയമായ ഈ ജ്യൂസ് കടയെ തേടി എത്തുന്നത് കുറച്ചുപേരൊന്നുമല്ല. ജനത്തിനും പ്രകൃതിക്കും ഏറെ ഉപകാരപ്രദമായ ഈ സംരംഭവം ഏവരും ഏറ്റെടുത്തിരിക്കുകയാണ്. നിരവധിയാളുകളാണ് ഈ കട സ്ഥിരമായി സന്ദര്‍ശിക്കുന്നത്.
