മരണം ഒരുനാള്‍ എത്തുമെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ നിനയാത്ത നേരത്ത് എത്തുന്ന അപകടങ്ങളില്‍നിന്നും ചിലര്‍ അത്ഭുതകരമായി രക്ഷപ്പെടാറുണ്ട്. അത്തരമൊരു അത്ഭുതകരമായ രക്ഷപ്പെടലിന്‍റെ കാര്യമാണിത്.

എന്നാലിതിത്ര ചര്‍ച്ചയാകാന്‍ കാരണം ഒരു എലിയാണ്. രാജസ്ഥാനിലെ ധോല്‍പൂര്‍ ജില്ലയിലാണ് സംഭവം.

രാജ്ഖേഡ പ്രദേശത്തെ സിക്രോഡ ഗ്രാമത്തിലെ ഒരുവീട് തകര്‍ന്നുവീഴുകയുണ്ടായി. ഈ സംഭവം നടക്കുന്നതിന് നിമിഷങ്ങള്‍ക്കുമുമ്പുവരെ വീട്ടിലുള്ള എല്ലാവരും അവിടെ ഉറങ്ങുകയായിരുന്നു.

എന്നാല്‍ ഉറങ്ങി കിടന്ന ഒരാളുടെ മുകളിലേക്ക് എലിവന്ന് വീഴുകയും പരിഭ്രാന്തരായ വീട്ടുകാരെല്ലാവരും പുറത്തേക്ക് ഓടുകയുമുണ്ടായി. ഇവര്‍ പുറത്തെത്തി നിമിഷങ്ങള്‍ക്കകം അപകടം ഉണ്ടാവുകയും ചെയ്തു. വീടിന്‍റെ ഒരുഭാഗം തകര്‍ന്നെങ്കിലും ആര്‍ക്കുംതന്നെ പരിക്കേറ്റില്ല. മാത്രമല്ല വീട്ടുകാര്‍ മുറ്റത്ത് കെട്ടിയിരുന്ന മൃഗങ്ങളെയും കെട്ടഴിച്ചുവിടുകയും ചെയ്തു.


ജയപ്രകാശ്, നിഹാല്‍ സിംഗ്, ഇന്ദിര, ബബിത, ബന്ധു നത്തിലാല്‍ പുറൈനി എന്നിവരാണ് അപകട സമയം വീട്ടിലുണ്ടായിരുന്നത്. ഈ സംഭവത്തോടെ എലി ദൈവത്തിന്‍റെ സന്ദേശവാഹകനാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നാണ് വീട്ടുകാര്‍ പറയുന്നത്.

അപകടം നിമിത്തം വീട്ടുസാധനങ്ങളൊക്കെ നശിച്ചതിന്‍റെ പ്രയാസവും അവര്‍ പങ്കുവയ്ക്കുന്നു. ഏതായാലും ഈ എലിയുടെ വാര്‍ത്ത സോഷ്യല്‍ മീഡിയയിലും വൈറലായി മാറി.