വയോധികയ്ക്ക് ലോട്ടറിയടിച്ചു ! പക്ഷെ 100 വയസുവരെ ജീവിക്കണം...
Tuesday, September 12, 2023 3:54 PM IST
അപ്രതീക്ഷിതമായി ലോട്ടറിയടിച്ചതിന്റെ അമ്പരപ്പിലാണ് ഇംഗ്ലണ്ടിലെ ഡോര്‍ക്കിംഗില്‍ നിന്നുള്ള 70 വയസുകാരി ഡോറിസ് സ്റ്റാന്‍ബ്രിഡ്ജ്.
എന്നാൽ ലോട്ടറിയുടെ തുക മുഴുവനായി കിട്ടണമെങ്കിൽ ഇവർ 100 വയസുവരെ ജീവിക്കണമെന്നതാണ് കൗതുകം.
അടുത്ത 30 വര്‍ഷത്തേക്ക് മാസം 10,000 പൗണ്ട്( ഏകദേശം 10.37 ലക്ഷം രൂപ) വച്ചാണ് ഇവര്‍ക്ക് ലഭിക്കുക.
തന്റെ എഴുപതാം പിറന്നാൾ ആഘോഷിക്കുന്ന വേളയിലാണ് സ്റ്റാൻബ്രിഡ്ജ് ലോട്ടറിയെടുത്തത്. അതിനു പിന്നിൽ ഒരു കാരണവുമുണ്ട്.
മൂന്നു പെണ്‍മക്കള്‍ക്കൊപ്പം ഒരു വീട്ടിലാണ് സ്റ്റാന്‍ബ്രിഡ്ജ് താമസിക്കുന്നത്. ഒരു ദിവസം സ്റ്റാന്‍ബ്രിഡ്ജ് ഏതാനും മണി സ്പൈഡറു(കണ്ടാല്‍ പണം ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്ന ചിലന്തികള്‍)കളെ വീട്ടിലും തൊടിയിലുമൊക്കെ കാണുകയുണ്ടായി. ഈയൊരു വിശ്വാസത്തിന്റെ പുറത്താണ് മൊബൈല്‍ ആപ്പിലൂടെ ഇവര്‍ ടിക്കറ്റ് വാങ്ങുന്നത്.
ഒരാഴ്ച കഴിഞ്ഞപ്പോള്‍ നാഷണല്‍ ലോട്ടറിയില്‍ നിന്ന് സ്റ്റാന്‍ബ്രിഡ്ജിന് ഒരു ഇ-മെയില്‍ വന്നു. ഉടന്‍ തന്നെ ആപ്പില്‍ ലോഗിന്‍ ചെയ്ത അവര്‍ ആദ്യം വിചാരിച്ചത് തനിക്ക് അടിച്ചത് വെറും 10 പൗണ്ട് ആണെന്നാണ്.
തുടര്‍ന്ന് ഇ-മെയില്‍ വായിച്ചപ്പോള്‍ അതില്‍ ഇങ്ങനെ എഴുതിയിരുന്നു.'' അഭിനന്ദനങ്ങള്‍ നിങ്ങള്‍ അടുത്ത 30 വര്‍ഷത്തേക്ക് 10,000 പൗണ്ട് വീതം ലഭിക്കാന്‍ അര്‍ഹയായിരിക്കുന്നു'. സ്റ്റാന്‍ബ്രിഡ്ജിന് ഇത് വിശ്വസിക്കാനായില്ല.
ഇക്കാര്യം അവര്‍ തന്റെ മരുമകനോടു പങ്കുവെച്ചു. തന്റെ പിറന്നാളിനു കിട്ടിയ ഷാമ്പെയ്ന്‍ പൊട്ടിച്ചാണ് അവര്‍ ലോട്ടറി വിജയം ആഘോഷിച്ചത്.
പിറ്റെദിവസം രാവിലെ നാഷണല്‍ ലോട്ടറിയില്‍ നിന്ന് ഔദ്യോഗിക സ്ഥിരീകരണവുമെത്തി. ഇത് വളരെ വിചിത്രമായ അനുഭവമാണെന്നും 100 വയസുവരെ ജീവിക്കാന്‍ ഇത് തന്നെ പ്രേരിപ്പിക്കുമെന്നും അവര്‍ നാഷണല്‍ ലോട്ടറി അധികൃതരോടു തമാശയായി പറയുകയും ചെയ്തു.
പുതിയൊരു കിടക്കയും എയര്ഫ്രൈയറും വാങ്ങിയാണ് സ്റ്റാന്ബ്രിഡ്ജും ഭര്‍ത്താവ് കീത്തും കോണ്‍വാളില്‍ തങ്ങളുടെ മുഴുവന്‍ കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിച്ചത്.
തങ്ങളുടെ 50 വര്‍ഷം പഴക്കമുള്ള വീട് പുതുക്കിപ്പണിയാനും ഇവര്‍ക്ക് പദ്ധതിയുണ്ട്. വിദേശത്ത് കുടുംബത്തോടൊപ്പം അടിച്ചുപൊളിക്കാനും ആലോചിക്കുന്നുണ്ട്.
ഇത് തങ്ങളുടെ ചെറുമകന്റെ ആദ്യ വിമാനയാത്രയാകുമെന്നും അവര്‍ പറയുന്നു. സ്വിമ്മിംഗ്പൂളുള്ള പുതിയൊരു വില്ല വാങ്ങണമെന്നും ഇവര്‍ക്ക് ആഗ്രഹമുണ്ട്.