2025-ലെ മികച്ച വിവാഹാഭ്യർഥന: എഐ സിനിമ ട്രെയിലർ വഴി കാമുകിയെ ഞെട്ടിച്ച് യുവാവ്
Thursday, October 16, 2025 3:43 PM IST
സാങ്കേതികവിദ്യയുടെയും പ്രണയത്തിന്റെയും അവിസ്മരണീയമായൊരു കൂടിച്ചേരലാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമായിരിക്കുന്നത്. ഡിസ്നി ഫെയറിടെയിലിലെ രംഗങ്ങളെ അനുസ്മരിപ്പിക്കുന്ന രീതിയിൽ, പൂർണമായും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് രൂപകൽപ്പന ചെയ്ത സിനിമാ ട്രെയിലറിലൂടെ കാമുകിയോട് വിവാഹാഭ്യർഥന നടത്തിയ യുവാവിന്റെ വീഡിയോയാണ് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ആകർഷിച്ചത്.
സിനിമാ കണ്ടുകൊണ്ട് സോഫയിൽ ഒരുമിച്ചിരിക്കുന്നതിനിടെയാണ് യുവതിക്ക് തന്റെ പങ്കാളിയുടെ സർപ്രൈസ് ലഭിക്കുന്നത്. ടെലിവിഷനിൽ സിനിമാറ്റിക് ട്രെയിലർ പ്രത്യക്ഷപ്പെടുകയും, അതിൽ ഇരുവരുടെയും പ്രണയകഥയുടെ ദൃശ്യങ്ങൾ തെളിയുകയും ചെയ്തു.
ഡിസ്നി സിനിമയുടെ മാന്ത്രിക ഭാവത്തോടെ, സാങ്കൽപിക ലോകത്ത് എഐ സൃഷ്ടിച്ച ദമ്പതികളുടെ അതിമനോഹരമായ ദൃശ്യങ്ങളാണ് ട്രെയിലറിൽ അവതരിപ്പിച്ചത്. സൗഹൃദത്തിൽ തുടങ്ങി പ്രണയത്തിലേക്ക് വളർന്ന അവരുടെ ജീവിതത്തിലെ മനോഹര നിമിഷങ്ങൾ ട്രെയിലറിൽ വിവരിച്ചു.
ട്രെയിലറിന്റെ ക്ലൈമാക്സിൽ, "എന്നെ വിവാഹം കഴിക്കുമോ?' എന്ന ഹൃദയം തൊടുന്ന ചോദ്യമെത്തി. അതോടൊപ്പം, ഇരുവരും സമാനമായി സോഫയിൽ ഇരുന്ന് സിനിമ കാണുന്ന രംഗം എഐ സൃഷ്ടിച്ച വീഡിയോയിൽ ദൃശ്യമായി. ആ രംഗത്തിലെ യുവാവ് പെട്ടെന്ന് ഒരു മോതിരം യഥാർഥ ജീവിതത്തിലേക്ക് വലിച്ചെറിയുന്നതുപോലെ ട്രെയിലർ അവസാനിച്ചു.
ആ അപ്രതീക്ഷിത നിമിഷത്തിൽ തന്നെ, കാമുകൻ പോക്കറ്റിൽ ഒളിപ്പിച്ച അതേ മോതിരം പുറത്തെടുത്ത് മുട്ടുകുത്തി നിന്ന് തന്റെ കാമുകിയോട് വിവാഹാഭ്യർഥന നടത്തി. അത്ഭുതം കൊണ്ട് എഴുന്നേറ്റ്, കണ്ണീരണിഞ്ഞ കാമുകി ഉടൻ തന്നെ സന്തോഷത്തോടെ സമ്മതം മൂളി.
ഈ വികാരനിർഭരമായ നിമിഷം പകർത്തിയ വീഡിയോ പിന്നീട് ദമ്പതികൾ അവരുടെ ഇൻസ്റ്റാഗ്രാം വഴി പങ്കുവെച്ചതോടെയാണ് വൈറലായത്. യുവാവിന്റെ ഈ ക്രിയാത്മകതയെയും, വിവാഹാഭ്യർഥനയ്ക്കായി സാങ്കേതികവിദ്യ ഉപയോഗിച്ചതിനെയും സോഷ്യൽ മീഡിയ ഉപയോക്താക്കൾ പ്രശംസിച്ചു.
ഇത് "2025-ലെ ഏറ്റവും മികച്ച വിവാഹാഭ്യർഥനയാണെന്ന് ചിലർ അഭിപ്രായപ്പെട്ടപ്പോൾ, എഐയുടെ സഹായത്തോടെ സൃഷ്ടിച്ച ദൃശ്യങ്ങളുടെ ഭംഗിയും സിനിമാറ്റിക് നിലവാരവും കണ്ട് മറ്റ് ചിലർ അത്ഭുതം പ്രകടിപ്പിച്ചു.
"ഒരു പുരുഷന് തന്റെ കാമുകിയെ മനസിലാക്കി, അവൾക്കിഷ്ടമുള്ള രീതിയിൽ ആകർഷിക്കാൻ കഴിയുന്നതാണ് ഏറ്റവും വലിയ കാര്യം' എന്നുമെല്ലാം കമന്റുകൾ വന്നു. സാങ്കേതികവിദ്യയുടെ സഹായത്തോടെ മനോഹരമായ രൂപത്തിൽ അവതരിപ്പിച്ച ഈ പ്രണയം , കാഴ്ചക്കാരുടെ ഹൃദയം കീഴടക്കി മുന്നോട്ട് പോവുകയാണ്.