വീഡിയോ കോളിൽ ഡോക്ടറുടെ സഹായത്തോടെ പ്രസവം; രാം മന്ദിർ സ്റ്റേഷൻ കണ്ട ധീരന്റെ പേര് "വികാസ് ബെദ്രെ'
Thursday, October 16, 2025 5:51 PM IST
ട്രെയിൻ യാത്രയ്ക്കിടെ മുംബൈയിലെ രാം മന്ദിർ റെയിൽവേ സ്റ്റേഷനിൽ പ്രസവവേദന കൊണ്ട് പുളഞ്ഞ യുവതിക്ക് രക്ഷകനായത് വികാസ് ബെദ്രെ എന്ന യുവാവ്. കാഴ്ചക്കാരിലൊരാൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോ അതിവേഗം പ്രചരിച്ചതോടെ നിരവധി ആളുകൾ വികാസിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തി.
"ട്രെയിനിലെ സഹയാത്രികനായിരുന്ന വികാസ് ബെദ്രെ, യുവതിയുടെ ബുദ്ധിമുട്ട് കണ്ടറിഞ്ഞ് മറ്റൊന്നും ചിന്തിക്കാതെ ട്രെയിനിന്റെ ചങ്ങല വലിച്ചു. ട്രെയിൻ രാം മന്ദിർ സ്റ്റേഷനിൽ നിർത്തിയതോടെ സഹായത്തിനായി മറ്റ് യാത്രക്കാരും ഓടിയെത്തി.
ദൃക്സാക്ഷിയുടെ വാക്കുകൾ പ്രകാരം, പ്രസവം ഏതാണ്ട് പകുതിയിലെത്തിയിരുന്നു.കുഞ്ഞ് പുറത്തേക്ക് വരുന്ന, അതീവ ഗുരുതരമായ ഒരവസ്ഥ. ആ നിമിഷം വികാസ് ദൈവത്തിന്റെ പ്രതിപുരുഷനായി അവർക്ക് മുന്നിൽ അവതരിച്ചതുപോലെ തോന്നി.' എന്ന് സോഷ്യൽ മീഡിയ പോസ്റ്റിൽ പറയുന്നു.
അടിയന്തര സഹായത്തിനായി എല്ലാവരും ഡോക്ടർമാരെ വിളിക്കുകയും ആംബുലൻസിനായി ശ്രമിക്കുകയും ചെയ്തെങ്കിലും സമയം ഒരുപാട് വൈകി. ആംബുലൻസ് എത്താൻ കാത്തുനിൽക്കാതെ, അവസാനം ഒരു ഡോക്ടറെ വീഡിയോ കോളിൽ ബന്ധപ്പെടുകയും, അവരുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് വികാസ് ബെദ്രെ പ്രസവമെടുക്കാൻ തയ്യാറാവുകയും ചെയ്തു.
"ഇതാദ്യമായാണ് ഞാൻ ഇങ്ങനെയൊന്ന് ചെയ്യുന്നത്. എനിക്ക് വല്ലാത്ത ഭയമുണ്ടായിരുന്നു, പക്ഷേ വീഡിയോ കോളിൽ മാഡം എന്നെ ഒരുപാട് സഹായിച്ചു,' കുഞ്ഞിനെ വിജയകരമായി പുറത്തെടുത്ത ശേഷം വികാസ് പ്രതികരിച്ചു. അതൊരു ആൺകുഞ്ഞാണെന്ന സന്തോഷ വാർത്തയും അദ്ദേഹം അവിടെ കൂടിയവരെ അറിയിച്ചു.
പ്രസവാനന്തരം സ്റ്റേഷനിൽ തടിച്ചുകൂടിയ യാത്രക്കാരും പോലീസ് ഉദ്യോഗസ്ഥരും വികാസിന്റെ ധീരമായ പ്രവൃത്തിയെ പ്രശംസിച്ചു. പ്രസവവേദനയെ തുടർന്ന് അടുത്തുള്ള ആശുപത്രിയിൽ പോയ യുവതിയുടെ കുടുംബത്തിന് അവിടെനിന്നും സഹായം നിഷേധിക്കപ്പെട്ടതിനെ തുടർന്ന് ട്രെയിനിൽ തിരികെ വീട്ടിലേക്ക് പോവുകയായിരുന്നു.
പ്രസവിക്കാൻ കഴിയില്ലെന്ന് പറഞ്ഞ് ആശുപത്രി അധികൃതർ കൈയ്യൊഴിഞ്ഞ സാഹചര്യം ലജ്ജാകരമാണെന്നും, യുവാവിന്റെ സമയോചിതമായ ഇടപെടൽ അമ്മയുടെയും കുഞ്ഞിന്റെയും ജീവൻ രക്ഷിച്ചെന്നും ദൃക്സാക്ഷി കുറിച്ചു. തുടർന്ന്, അവിടെയുണ്ടായിരുന്ന എല്ലാവരുടെയും സഹായത്തോടെ, അമ്മയെയും കുഞ്ഞിനെയും സുരക്ഷിതമായി ആശുപത്രിയിലെത്തിക്കാൻ സാധിച്ചു.
സോഷ്യൽ മീഡിയയിൽ വൈറലായ ഈ വീഡിയോ ലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം കണ്ടത്. വികാസ് ബെദ്രെയുടെ ധീരതയെ വാഴ്ത്തിയും, സഹായം നിഷേധിച്ച ആശുപത്രിയെ വിമർശിച്ചുകൊണ്ടുമുള്ള കമന്റുകൾ പോസ്റ്റിന് താഴെ നിറയുന്നുണ്ട്.