ലോക്കോ പൈലറ്റിന്റെ ക്യാബിൻ ലക്ഷ്യമാക്കി കല്ലെറിഞ്ഞ് വയോധിക; സംഭവം ഈസ്റ്റേൺ റെയിൽവേയിൽ
Saturday, October 18, 2025 12:13 PM IST
ഓടിക്കൊണ്ടിരുന്ന ലോക്കൽ ട്രെയിനിന്റെ വാതിൽക്കൽ നിന്ന് എതിർവശത്തെ ട്രാക്കിലൂടെ വന്ന മറ്റൊരു ട്രെയിനിന് നേർക്ക് ഒരു വൃദ്ധ കല്ലെറിയുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്. സംഭവം മുംബൈയിൽ നിന്നാണെന്ന തരത്തിൽ പ്രചരിച്ചതോടെ നിരവധിപേർ വീഡിയോ പങ്കുവെക്കുകയും മുംബൈ പോലീസിനോട് നടപടി ആവശ്യപ്പെടുകയും ചെയ്തു.
ഓടുന്ന ട്രെയിനിന്റെ വാതിൽക്കൽ നിന്നുകൊണ്ട്, എതിർ വശത്തു നിന്ന് വരുന്ന ട്രെയിനിലെ ലോക്കോമോട്ടീവ് ഡ്രൈവറുടെ ക്യാബിൻ ലക്ഷ്യമാക്കി, ഒരു സ്ത്രീ വലിയ കല്ല് എറിയുന്നത് വീഡിയോയിൽ വ്യക്തമാണ്. കല്ലെറിഞ്ഞ ശേഷം അവർ ശബ്ദമുയർത്തി എന്തോ പറയുന്നുമുണ്ട്.
യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയെ ചോദ്യം ചെയ്യുന്ന ഈ പ്രവൃത്തി കാഴ്ചക്കാരിൽ വലിയ ഞെട്ടലുണ്ടാക്കി. തുടക്കത്തിൽ തെറ്റിദ്ധരിക്കപ്പെട്ട മുംബൈ പോലീസിന്റെ ഔദ്യോഗിക ഹാൻഡിൽ പോലും വിഷയം അന്വേഷിക്കുന്നതിനായി മുംബൈ ഗവൺമെന്റ് റെയിൽവേ പോലീസിന് കൈമാറിയിരുന്നു.
എന്നാൽ, റെയിൽവേ വിദഗ്ധരും വസ്തുതാ പരിശോധകരും ഈ വീഡിയോ മുംബൈയിലേതല്ലെന്ന് തെളിയിക്കുന്ന നിർണായകമായ വിവരങ്ങൾ പുറത്തുവിട്ടു. ദൃശ്യങ്ങളിൽ കാണുന്ന ട്രെയിനിന്റെ മുൻവശത്തുള്ള രൂപകൽപ്പന, ഡബ്ല്യൂആർ (വെസ്റ്റേൺ റെയിൽവേ), സിആർ(സെൻട്രൽ റെയിൽവേ) വിഭാഗങ്ങളിൽ പ്രവർത്തിക്കുന്ന മുംബൈ ലോക്കൽ ട്രെയിനുകളുമായി യാതൊരു സാമ്യവുമില്ലാത്തതാണ്.
പകരം, ട്രെയിനിൽ "ഇആർ' (ഈസ്റ്റേൺ റെയിൽവേ) എന്ന അടയാളം പതിച്ചിരിക്കുന്നത് വ്യക്തമായി കാണാം. ഇത് കിഴക്കൻ റെയിൽവേയുടെ പ്രവർത്തന പരിധിയിലാണ് സംഭവസ്ഥലമെന്ന് സ്ഥിരീകരിക്കുന്നു. അതായത്, പശ്ചിമ ബംഗാൾ ഉൾപ്പെടുന്ന കിഴക്കൻ റെയിൽവേ മേഖലയിൽ നിന്നാണ് ഈ ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്.
യാത്രക്കാരുടെയും ഡ്രൈവറുടെയും ജീവൻ അപകടത്തിലാക്കി ട്രെയിനിന് നേരെ കല്ലെറിയാൻ ഈ സ്ത്രീയെ പ്രേരിപ്പിച്ചത് എന്തായിരിക്കാമെന്ന ആശയക്കുഴപ്പത്തിലാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ. ട്രെയിൻ മിസ്സ് ആയതിന്റെ രോഷപ്രകടനമാവാം, അല്ലെങ്കിൽ മാനസികാസ്വാസ്ഥ്യമാകാം ഇതിന് പിന്നിലെന്നും ചിലർ വാദിക്കുന്നു.
എന്നാൽ ഇത് ഒരു പ്രത്യേക വിഷയത്തോടുള്ള പ്രതിഷേധമായി കരുതിക്കൂട്ടി ചെയ്ത ആക്രമണമാണോ എന്ന സംശയവും ചിലർ പങ്കുവെക്കുന്നുണ്ട്. വീഡിയോയുടെ യാഥാർധ്യം മനസിലാക്കിയ റെയിൽവേ അധികൃതർ, സംഭവം ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും, ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയെന്നും അറിയിച്ചു.