നായകള്‍ മിക്കവര്‍ക്കും ഏറ്റവും പ്രിയപ്പെട്ട ഒരു വളര്‍ത്തുമൃഗമാണല്ലൊ. ഉടമയോടുള്ള ഈ മൃഗത്തിന്‍റെ സ്നേഹം ഏറെ പ്രശസ്തമാണല്ലൊ. ഇപ്പോഴിതാ പോര്‍ചുഗലിലുള്ള ലിയോണല്‍ കോസ്റ്റ എന്നയാളുടെ നായയാണ് സമൂഹ മാധ്യമങ്ങളിലെ താരം.

ബോബി എന്നു പേരിട്ടിരിക്കുന്ന ഈ നായ വെെറലാകാനുള്ള കാരണം അവന്‍ നേടിയ ഗിന്നസ് റിക്കാര്‍ഡാണ്. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായയ്ക്കുള്ള ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡാണ് ബോബി സ്വന്തമാക്കിയത്.

ഈ നായക്ക് ഇപ്പോള്‍ പ്രായം 30 വയസാണ്. 1992 മേയ് 11നാണ് ബോബി ജനിച്ചത്. ഓസ്ട്രേലിയന്‍ നായ ബ്ലൂയിയുടെ (1910-1939) പേരിലായിരുന്നു ഈ റിക്കാര്‍ഡ് ഇതുവരെ. 29 വയസും അഞ്ച് മാസവും ആയിരുന്നു ബ്ലൂയിയുടെ പ്രായം.


നൂറ്റാണ്ട് പഴക്കമുള്ള ഈ റിക്കാര്‍ഡാണ് ബോബി ഇപ്പോള്‍ തകര്‍ത്തിരിക്കുന്നത്. പോര്‍ച്ചുഗീസ് ഗവണ്‍മെന്‍റും വളര്‍ത്തുമൃഗങ്ങളുടെ ഡാറ്റാബേസായ എസ്ഐഎസിയും ബോബിയുടെ പ്രായം പരിശോധിച്ച് സ്ഥിരീകരിച്ചിട്ടുണ്ട്.

കാഴ്ച ഒരല്‍പം മങ്ങിയെങ്കിലും ബോബിക്ക് യജമാനനോടുള്ള സ്നേഹത്തിന് തെല്ലും കുറവില്ലെന്നാണ് ലിയോണല്‍ സാക്ഷ്യപ്പെടുത്തുന്നത്. സമൂഹ മാധ്യമങ്ങളില്‍ നിരവധിപേര്‍ ബോബിക്ക് അഭിനന്ദനങ്ങള്‍ നേരുകയുണ്ടായി.