ബെല്‍ഫാസ്റ്റ്: ലോകത്തെ വിറപ്പിച്ച ജര്‍മന്‍ ഏകാധിപതി അഡോള്‍ഫ് ഹിറ്റ്ലറിന് കാമുകി ഇവാ ബ്രൗണ്‍ സമ്മാനിച്ച പെന്‍സില്‍ ലേലത്തിന്. ജൂണ്‍ ആറിന് വടക്കൻ അയർലൻഡിന്‍റെ തലസ്ഥാനമായ ബെല്‍ഫാസ്റ്റിലാണ് ലേലം. പെന്‍സിലിന് ഏകദേശം ഒരു കോടിയോളം രൂപ ലഭിക്കുമെന്നാണു പ്രതീക്ഷ.

ഹിറ്റ്ലര്‍ ഒപ്പിട്ട ഒറിജിനല്‍ ഫോട്ടോയും രാജ്യദ്രോഹക്കുറ്റത്തിനു ശിക്ഷിക്കപ്പെട്ട ഐറിഷ് വിമതര്‍ക്ക് 1869ല്‍ വിക്ടോറിയ രാജ്ഞി കൈകൊണ്ട് എഴുതിയ അപൂര്‍വമായ ക്ഷമാപണക്കത്തും ഒന്നാം ലോക മഹായുദ്ധത്തിന്‍റെ മെഡലുകളും രണ്ടാം ലോക മഹായുദ്ധവുമായി ബന്ധപ്പെട്ട രേഖകളും ബ്ലൂംഫീല്‍ഡ് ലേലത്തില്‍ ഉള്‍പ്പെടുന്നു.

1941 ഏപ്രില്‍ 20ന് ഹിറ്റ്ലറുടെ 52-ാം ജന്മദിനത്തില്‍ ദീര്‍ഘകാലം പങ്കാളിയായിരുന്ന ഇവാ ബ്രൗണ്‍ സമ്മാനിച്ചതാണ് വെള്ളികൊണ്ടു പൊതിഞ്ഞ പെന്‍സില്‍. പെൻസിലിൽ "1941 ഏപ്രിൽ 10 വരെ ഏറ്റവും ആത്മാർഥമായി ഈവ' എന്ന എഴുത്തുണ്ട്. പെൻസിലിനു മുകളിൽ "AH' എന്ന് ആലേഖനം ചെയ്തിട്ടുമുണ്ട്. ഇവായെ 1945 ഏപ്രിൽ 30നാണു ഹിറ്റ്ലർ ഔദ്യോഗികമായി വിവാഹം കഴിക്കുന്നത്. ചടങ്ങുകൾക്കു തൊട്ടുപിന്നാലെ ദമ്പതികൾ ആത്മഹത്യ ചെയ്യുകയായിരുന്നു.


2000ല്‍ നടന്ന ലേലത്തില്‍ പുരാവസ്തുശേഖരണത്തില്‍ തത്പരനായ ഒരാള്‍ ഈ പെൻസിൽ സ്വന്തമാക്കിയിരുന്നു. ഹിറ്റ്ലറുടെ ജീവിതത്തിലെ മറഞ്ഞിരിക്കുന്ന കാര്യങ്ങൾ അനാവരണം ചെയ്യാന്‍ പെന്‍സില്‍ സഹായിക്കുന്നുവെന്നു ലേലത്തിന്‍റെ മാനേജിംഗ് ഡയറക്ടര്‍ കാള്‍ ബെന്നറ്റ് പറഞ്ഞു.