കുഞ്ഞുങ്ങളെ ദത്തെടുക്കുന്ന രീതി മനുഷ്യർക്കിടയിലുണ്ട്. എന്നാൽ മൃ​ഗങ്ങൾക്കിടയിലും ഈ സ്നേഹമുണ്ടെന്ന് കേട്ടാലോ? സത്യമാണ്. സ്കോട്ട്ലൻഡിലാണ് സംഭവം. അമ്മ നഷ്ടപ്പെട്ട ഒരു അണ്ണാൻ കുഞ്ഞിനെ തന്‍റെ മറ്റ് കുഞ്ഞുങ്ങളെ പോലെ സംരക്ഷിച്ച കോഴിയമ്മയുടെ വാർത്ത ഏവരേയും അമ്പരിപ്പിച്ചിരിക്കുകയാണ്.

മൃ​ഗങ്ങളെ സംരക്ഷിക്കുന്ന ദി സ്കോട്ടിഷ് സൊസൈറ്റി ഫോർ പ്രിവൻഷൻ ഓഫ് ക്രുവൽറ്റി ടു ആനിമൽസ് (എസ്പിസിഎ) എന്ന സംഘടനയാണ് ഈ കൗതുക വാർത്ത പുറത്ത് വിട്ടത്. റെഡ് സ്ക്വിരൽ (കടും ചുവപ്പ് നിറമുള്ള അണ്ണാൻ) ഇനത്തിൽപെട്ട അണ്ണാൻ ഒരു കോഴിയോടൊപ്പം "സന്തുഷ്ടനായി' കഴിയുന്നതായി തായ്പോർട്ട് എന്ന സ്ഥലത്ത് നിന്നും വിവരം ലഭിച്ചതിന് പിന്നാലെയാണ് എസ്പിസിഎ അധികൃതർ അവിടെ എത്തിയത്.


ഏതാനും ആഴ്ചകൾ മാത്രം പ്രായമുള്ള അണ്ണാൻകുഞ്ഞിനെ തണുപ്പിൽ നിന്നും രക്ഷപെടുത്തുന്നതിന് ഈ അമ്മക്കോഴി മറ്റ് കുഞ്ഞുങ്ങൾക്കൊപ്പം ചിറകിനടിയിൽ ചേർത്ത് പിടിക്കുകയായിരുന്നു.

അണ്ണാൻകുഞ്ഞിനെ അമ്മക്കോഴിയോ കുഞ്ഞുങ്ങളോ കൊത്തുകയോ മറ്റോ ചെയ്തില്ല എന്നതാണ് മറ്റൊരു കൗതുകകരമായ കാര്യം. അണ്ണാൻ കുഞ്ഞിന് കൃത്യമായ ഭക്ഷണവും മറ്റും നൽകേണ്ടതിനാൽ എസ്പിസിഎയുടെ ക്ലാക്ക്മാൻഷെയറിലുള്ള നാഷണൽ വൈൽഡ്ലൈഫ് റെസ്ക്യൂ സെന്‍ററിലേക്ക് മാറ്റി.