"സെയ്സെന്സോ'; മരണത്തിന്റെ ഒരു റിഹേഴ്സല്‍
Tuesday, October 3, 2023 3:42 PM IST
ജനനമരണങ്ങള്ക്കിടയിലാണല്ലൊ ഒരു ജീവിതം നില്‍ക്കുന്നത്. ഈ കാലയളവ് സാധാരണപോലെ സഞ്ചരിച്ചുതീര്ക്കുന്നവരാണ് കൂടുതലും. എന്നാല്‍ ചിലരുണ്ട്. അവര്‍ ഏറെ വ്യത്യസ്തരായിരിക്കും.
അവര്‍ ജീവിതത്തെ വലിയ സാഹസികതയിലൂടെയും ഭാവനയിലൂടെയും ഓടിക്കും. ഒടുവില്‍ ഒരുനാള്‍ എല്ലാവരേപ്പോലെയും മരിക്കുകയും ചെയ്യും.
എന്നാല്‍ തങ്ങളുടെ മരണം ബന്ധുക്കള്‍, കൂട്ടുകാര്‍ എങ്ങനെയാകും നേരിടുന്നത് എന്നത് അറിയാന്‍ നിരവധിപേര്‍ക്ക് ആഗ്രഹമുണ്ട്. അത്തരം ആഗ്രഹം അതിരുകടന്ന ഒരു വ്യക്തിയുടെ കാര്യമാണിത്.

ഇദ്ദേഹത്തിന്റെ പേര് വിക്ടര്‍ അമേല എന്നാണ്. ഇദ്ദേഹം ഒരു സ്പാനിഷ് എഴുത്തുകാരനാണ്. നിലവില്‍ 63 വയസുണ്ട്. എഴുത്തുകാരനായതിനാല്തന്നെ ഏറെ ജിജ്ഞാസയും പ്രത്യേകതയും ഉള്ള മനസാണ് ഇദ്ദേഹത്തിന്.
തന്റെ 15-ാം വയസില്‍ ഇദ്ദേഹം ഒരു കെെനോട്ടക്കാരനെ കാണുകയുണ്ടായി. അന്നദ്ദേഹം വിക്ടറിനോട് 65-ാം വയസില്‍ മരിക്കുമെന്ന് പറഞ്ഞു. പിന്നീട് ആ കൗതുകം എന്നും വിക്ടറിനെ പിന്തുടര്ന്നു.
ഏതാനും വര്‍ഷം കൂടിക്കഴിഞ്ഞാല്‍ തനിക്ക് 65 ആകുമല്ലൊ എന്ന് മനസിലാക്കിയ വിക്ടര്‍ തന്റെ മരണം ഒന്ന് ആസ്വദിക്കണമെന്ന് ആഗ്രഹിച്ചു. അതിനായി അദ്ദേഹം തയാറെടുപ്പകള്‍ നടത്തുകയും ചെയ്തു.
സ്വന്തം മരണവും ശവസംസ്കാരവും നടത്താൻ അദ്ദേഹം പദ്ധതിയിട്ടു. അതിനായി തന്റെ കൃഷിയിടത്തില്‍ ഒരു ശവക്കുഴി തീര്‍ത്തു. ഒരു ശവപ്പെട്ടി വാങ്ങുകയും ചെയ്തു. എഴൂത്തുകാരനായ ഇദ്ദേഹത്തിന്റെ മോഹത്തിനൊപ്പം നാട്ടുകാരും വീട്ടുകാരും കൂട്ടുകാരുമൊക്കെ നിന്നു.
ഫലത്തില്‍ എല്ലാവരും ഈ വ്യാജ ശവമടക്കിനായി വന്നു. ഇദ്ദേഹം ശവപ്പെട്ടയില്‍ മരിച്ചവനായി കിടന്നു. ഒരു പുരോഹിതന് കര്‍മങ്ങള്‍ ചെയ്തു. പ്രിയപ്പെട്ടവര്‍ അലമുറയിട്ട് കരഞ്ഞു. ഒടുവില്‍ ശവം കുഴിയിലാക്കി മുകളില്‍ മണ്ണും ഇട്ടു.
ഈ നേരമത്രയും വിക്ടര്‍ തന്റെ സംസ്കാരം ആസ്വദിച്ചു. പറഞ്ഞറിയിക്കാനാകാത്ത അനുഭൂതിയാണ് തനിക്ക് ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

ജീവിച്ചിരിക്കുമ്പോള്‍ തന്നെ ശവസംസ്കാരം നടത്തുന്ന ഒരു രീതി അങ്ങ് ജപ്പാനിലുണ്ട്. ഇതിന് "സെയ്സെന്സോ' എന്നാണ് പറയുക. ജീവിതത്തെക്കുറിച്ച് ഒരു പുതിയ വീക്ഷണം നേടാന്‍ ആളുകളെ ഇത് സഹായിക്കുമെന്നാണ് ജപ്പാന്‍കാര്‍ കരുതുന്നത്.
ഈ "സെയ്സെന്സോ' ഇപ്പോള്‍ അമേരിക്കക്കാരെയും യൂറോപ്യന്മാരേയും ആകര്‍ഷിക്കുകയാണ്. സ്വന്തം മരണത്തില്‍ പങ്കെടുക്കാന്‍ പലരുമിപ്പോള്‍ ശ്രമിക്കുന്നു. പലരുമിതില് നെറ്റിച്ചുളിക്കുന്നെങ്കിലും ഈ വേറിട്ട ആഗ്രഹം നിരവധിപേരിലേക്ക് അനുദിനം പടരുകയാണ്...