പുസ്തകത്തിന് പകരം ചൂലെടുത്ത് കുട്ടികൾ; മധ്യപ്രദേശ് സർക്കാർ സ്കൂളിലെ ദൃശ്യങ്ങൾ വിവാദത്തിൽ
Saturday, October 18, 2025 2:12 PM IST
മധ്യപ്രദേശിലെ ഛത്തർപൂർ ജില്ലയിലെ ഒരു സർക്കാർ സ്കൂളിൽ നിന്നും പുറത്തുവന്ന ദൃശ്യങ്ങൾ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ദുരവസ്ഥയിലേക്ക് വീണ്ടും വിരൽ ചൂണ്ടുകയാണ്. പഠനത്തിനായി സ്കൂളിലെത്തിയ കൊച്ചുകുട്ടികളെക്കൊണ്ട് ക്ലാസ് മുറിയിലെ തറ തുടപ്പിച്ചു വൃത്തിയാക്കിപ്പിക്കുന്ന ഹൃദയഭേദകമായ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്.
പുസ്തകവും പേനയുമേന്തി അക്ഷരലോകത്തേക്ക് കടന്നുപോകേണ്ട കുട്ടികൾ ചൂലും തുടപ്പുമായി വൃത്തിയാക്കൽ ജോലിയിൽ ഏർപ്പെടുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഛത്തർപൂർ കളക്ടറുടെ ബംഗ്ലാവിനു മുന്നിലായുള്ള ദേരപഹാടി സ്കൂളിലാണ് സംഭവം.
യൂണിഫോം ധരിച്ച മൂന്ന് പെൺകുട്ടികളും ഒരു ആൺകുട്ടിയുമുൾപ്പെടെ നാല് വിദ്യാർഥികൾ നിലം തുടച്ചും തൂത്തുവാരിയും നിൽക്കുന്ന രംഗങ്ങൾ വീഡിയോയിൽ വ്യക്തമായി കാണാം. ഈ വീഡിയോ വൈറലായതോടെ സ്കൂൾ അധികൃതർക്കെതിരെ രക്ഷിതാക്കളും ഓൺലൈൻ സമൂഹവും കടുത്ത വിമർശനവുമായി രംഗത്തെത്തി.
കുട്ടികളെ പഠനസമയത്ത് ശുചീകരണജോലികൾക്ക് നിയോഗിച്ചത് കടുത്ത അനാസ്ഥയാണെന്ന് അവർ ചൂണ്ടിക്കാട്ടി. സംഭവത്തിൽ കുറ്റക്കാർക്കെതിരെ ഉചിതമായ നടപടിയെടുക്കുമെന്ന് അധികൃതർ ഉറപ്പുനൽകിയിട്ടുണ്ട്. സർക്കാർ സ്കൂളുകളിലെ കെടുകാര്യസ്ഥതയുടെ ഒറ്റപ്പെട്ട സംഭവമായി ഇതിനെ കാണാൻ കഴിയില്ല.
ഇതേ ഛത്തർപൂർ ജില്ലയിൽനിന്നും അടുത്തിടെ മറ്റൊരു സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. മാർഗ്വ സെക്കൻഡറി സ്കൂളിലെ അധ്യാപകനായ ജാഗ്രാം പ്രജാപതി, സ്കൂൾ സമയത്ത് ഒഴിഞ്ഞ ക്ലാസ് മുറിയിലെ ബെഞ്ചിൽ സമാധാനമായി ഉറങ്ങുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച് വിവാദമായിരുന്നു.