വാർദ്ധക്യം വെറും അക്കം മാത്രം; ഋഷികേശിൽ റെക്കോർഡ് ബംഗീ ജംപ് ചെയ്ത് 82-കാരി, വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു!
Monday, October 20, 2025 8:12 PM IST
ഉത്തരാഖണ്ഡിലെ ഋഷികേശിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ബംഗീ ജംപിങ് കേന്ദ്രത്തിൽ സാഹസിക പ്രകടനം കാഴ്ചവെച്ച 82 വയസുള്ള മുത്തശ്ശി സോഷ്യൽ മീഡിയയിൽ തരംഗമായി.
ധൈര്യത്തിനോ ആവേശത്തിനോ പ്രായം ഒരു തടസമല്ലെന്ന് ലോകത്തിന് കാണിച്ചുകൊടുത്ത ഈ അവിശ്വസനീയ ദൃശ്യം വളരെ വേഗം സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയായിരുന്നു. ലക്ഷക്കണക്കിന് ആളുകളാണ് ഈ വീഡിയോ കാണുകയും കമന്റ് രേഖപ്പെടുത്തുകയും ചെയ്തത്.
ശിവപുരിയിലെ അതിമനോഹരമായ മലയിടുക്കുകൾക്ക് മുകളിലുള്ള ഉയർന്ന പ്ലാറ്റ്ഫോമിൽ നിന്നാണ് മുത്തശ്ശി താഴേക്ക് ചാടിയത്. ജംപിങ്ങിന് ഒരുങ്ങുന്നതിന് മുൻപുള്ള അവരുടെ ആത്മവിശ്വാസവും, ഊർജ്ജസ്വലമായ തയ്യാറെടുപ്പുകളും വീഡിയോയിൽ വ്യക്തമായി കാണാം.
സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയാക്കിയ ശേഷം അൽപ്പം പോലും ഭയമില്ലാതെ അവർ താഴേക്ക് എടുത്ത് ചാടുകയായിരുന്നു. ചുറ്റും നിന്നവരെയും ഓൺലൈനിൽ കാഴ്ചക്കാരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു അവരുടെ ഈ പ്രകടനം.
വാർദ്ധക്യത്തെക്കുറിച്ചുള്ള പരമ്പരാഗത ചിന്തകളെ തിരുത്തിക്കുറിച്ച മുത്തശ്ശിയെ അഭിനന്ദിച്ച് നിരവധി കമന്റുകളാണ് വീഡിയോക്ക് താഴെ വന്നത്. ഭയം ലവലേശമില്ലാതെ, സന്തോഷത്തിന്റെ ലോകത്ത് മുഴുകി, ആകാശത്തിലൂടെ ഒരു പറവയെപോലെ കൈകൾ വിടർത്തി ഒഴുകി നടക്കുന്ന മുത്തശ്ശിയെയാണ് പലരും വീഡിയോയിൽ കണ്ടത്.
"അവരെ പറക്കാൻ അനുവദിക്കൂ, അവർ ഒരു നർത്തകിയെപ്പോലെയാണ് പറക്കുന്നത്' എന്നും, "ക്യാമറയെ ശ്രദ്ധിക്കാതെ അവർ അവരുടെ ലോകം ആസ്വദിക്കുകയായിരുന്നു' എന്നും ആളുകൾ കമന്റ് ചെയ്തു. ലക്ഷക്കണക്കിന് ആളുകൾക്ക് സാഹസികത ഏറ്റെടുക്കാനും ഭയം മറികടക്കാനും ജീവിതം പൂർണമായി ആസ്വദിക്കാനും ഈ മുത്തശ്ശിയുടെ പ്രവൃത്തി പ്രചോദനമായി മാറിയിരിക്കുന്നു.