മുംബൈയെ ആവേശത്തിലാഴ്ത്തിയ പഞ്ചാബി സംഗീത ഇതിഹാസം എ.പി. ധില്ലന്റെ ലൈവ് കൺസേർട്ട്, പാട്ടുകൾക്കപ്പുറം ഹൃദയസ്പർശിയായ ഒരു ആരാധക നിമിഷം കൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്.
അമൃത ഗാംഗ്വാനി എന്ന ആരാധക തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച ദൃശ്യങ്ങളാണ് ഇപ്പോൾ സംഗീത പ്രേമികൾക്കിടയിൽ ചർച്ചയാകുന്നത്.
പരിപാടിക്കിടെ അപ്രതീക്ഷിതമായി ഗായകൻ അമൃതയെ വേദിയിലേക്ക് ക്ഷണിക്കുകയും, അമ്പരന്നു നിന്ന അവരെ ചേർത്തുപിടിച്ച് താൻ അണിഞ്ഞിരുന്ന ആഡംബര പൂർണമായ മാല സമ്മാനമായി നൽകുകയുമായിരുന്നു.
തന്റെ കഴുത്തിൽ നിന്ന് ഊരി നേരിട്ട് ആരാധകയുടെ കഴുത്തിൽ ആ മാല ചാർത്തിക്കൊടുത്ത ധില്ലന്റെ പ്രവർത്തി വലിയ കൈയടികളോടെയാണ് കാണികൾ സ്വീകരിച്ചത്.
വികാരാധീനയായ അമൃതയെ ആശ്വസിപ്പിച്ച ഗായകൻ, പിന്നീട് അവർക്കൊപ്പം വേദിയിൽ ചുവടുവെക്കുകയും ചെയ്തു. നിമിഷങ്ങൾക്കകം വൈറലായ ഈ വീഡിയോ ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്.
തന്റെ പ്രിയപ്പെട്ട കലാകാരനിൽ നിന്ന് ലഭിച്ച ഈ അവിസ്മരണീയമായ സ്നേഹപ്രകടനത്തെ "ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന ഭാഗ്യം' എന്നാണ് അമൃത വിശേഷിപ്പിച്ചത്.
ഒരു ആഗോള താരമെന്ന നിലയിലുള്ള തന്റെ പ്രശസ്തിക്കിടയിലും ആരാധകരോടുള്ള ധില്ലന്റെ ഈ എളിമയും കരുതലും സോഷ്യൽ മീഡിയയിൽ വലിയ പ്രശംസകൾക്ക് കാരണമായിട്ടുണ്ട്.
Tags : APDhillon MumbaiConcert ViralMoment APDhillonLive FanMoment