മഹാരാഷ്ട്രയിലെ സത്താറ ജില്ലയിലുള്ള കരാഡ്, ഉണ്ടാലെ നിവാസികൾക്ക് ഇന്ന് മംഗള ആവാലെ വെറുമൊരു ഓട്ടോ ഡ്രൈവർ മാത്രമല്ല, നിശ്ചയദാർഢ്യത്തിന്റെ ആൾരൂപം കൂടിയാണ്.
65 -ാം വയസിലും തളരാത്ത മനക്കരുത്തുമായി സ്റ്റിയറിംഗ് കൈയ്യിലെടുക്കുന്ന ഈ മുത്തശ്ശിയെ നാട്ടുകാർ സ്നേഹത്തോടെ 'മംഗള ആജി' എന്ന് വിളിക്കുന്നു.
വാർധക്യം വിശ്രമിക്കാനുള്ളതാണെന്ന പരമ്പരാഗത ചിന്താഗതികളെ പാടേ തിരുത്തിക്കുറിച്ചു കൊണ്ടാണ് മംഗള തന്റെ ജീവിതത്തിന്റെ രണ്ടാം ഇന്നിംഗ്സ് അതിമനോഹരമായി നയിക്കുന്നത്.
മക്കളെ ആശ്രയിക്കാതെ സ്വന്തം കാലിൽ നിൽക്കാനും തന്റെ ചികിത്സാ ചെലവുകൾക്കും മകന്റെ കുടുംബത്തിന് താങ്ങാവാനും വേണ്ടിയാണ് അവർ ഈ തൊഴിൽ തിരഞ്ഞെടുത്തത്.
ജീവിതത്തിന്റെ കഠിനമായ വഴികളിലൂടെ സഞ്ചരിച്ചാണ് മംഗള ഇന്ന് കാണുന്ന ആത്മവിശ്വാസം നേടിയെടുത്തത്. ഭർത്താവിന്റെ അകാല വിയോഗത്തിന് ശേഷം നാല് മക്കളെ വളർത്താൻ കൂലിപ്പണിക്കാരിയായും മറ്റും അവർ കഠിനാധ്വാനം ചെയ്തു.
മക്കൾക്ക് വിദ്യാഭ്യാസവും സുരക്ഷിതത്വവും ഉറപ്പാക്കിയ മംഗളയുടെ മകൻ ഇന്ന് മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനിൽ ഡ്രൈവറാണ്. പെൺമക്കളെയെല്ലാം വിവാഹം കഴിച്ചയച്ചു. എന്നിട്ടും വീട്ടിൽ വെറുതെ ഇരിക്കാൻ അവർ തയ്യാറായില്ല.
മകന്റെ സഹായത്തോടെ വെറും മൂന്ന് ദിവസം കൊണ്ട് ഓട്ടോയുടെ സാങ്കേതിക വശങ്ങൾ മനസിലാക്കിയ അവർ, 15 ദിവസം കൊണ്ട് ഡ്രൈവിംഗിൽ പ്രാവീണ്യം നേടി.
രാവിലെ ഒമ്പത് മണിക്ക് തന്റെ ഓട്ടോയുമായി നിരത്തിലിറങ്ങുന്ന മംഗള വൈകുന്നേരം ആറ് മണി വരെ യാത്രക്കാരെ ലക്ഷ്യസ്ഥാനത്തെത്തിക്കുന്ന തിരക്കിലാണ്. ദിവസം 500 മുതൽ 700 രൂപ വരെ അവർ സമ്പാദിക്കുന്നുണ്ട്.
എന്നാൽ ഈ വരുമാനത്തേക്കാൾ ഉപരിയായി താൻ ചെയ്യുന്ന ജോലി നൽകുന്ന ആത്മഗൗരവമാണ് അവരെ സന്തോഷിപ്പിക്കുന്നത്. റോഡിലെ മറ്റ് ഡ്രൈവർമാർ തനിക്ക് നൽകുന്ന ബഹുമാനവും പരിഗണനയും വലിയ ആത്മവിശ്വാസം നൽകുന്നതായി അവർ പറയുന്നു.
'ആജി പോകട്ടെ' എന്ന് പറഞ്ഞ് സഹപ്രവർത്തകർ തനിക്ക് വഴിമാറി തരാറുണ്ടെന്നും അവർ അഭിമാനത്തോടെ പങ്കുവെക്കുന്നു. സോഷ്യൽ മീഡിയയിൽ വൈറലായ മംഗളയുടെ വീഡിയോ ഇന്ന് ലക്ഷക്കണക്കിന് ആളുകൾക്ക് പ്രചോദനമാണ്.
65 -ാം വയസിലും പുതിയൊരു കാര്യം പഠിക്കാനും അത് ജീവിതോപാധിയാക്കാനും കാണിച്ച ആർജ്ജവം സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവരിൽ നിന്ന് വലിയ പ്രശംസ ഏറ്റുവാങ്ങുന്നു.
സ്വപ്നങ്ങൾക്ക് വിരമിക്കലില്ലെന്നും മനസ് വെച്ചാൽ ഏത് പ്രായത്തിലും മാറ്റങ്ങൾ കൊണ്ടുവരാമെന്നും മംഗള ആവാലെ തന്റെ ജീവിതത്തിലൂടെ ലോകത്തിന് കാണിച്ചുതരുന്നു.
സ്വന്തം അധ്വാനത്തിൽ വിശ്വസിക്കുന്ന ഈ മുത്തശ്ശി ഇന്ന് സ്ത്രീശാക്തീകരണത്തിന്റെ ഏറ്റവും ഉദാത്തമായ ഉദാഹരണമായി മാറിയിരിക്കുകയാണ്.
Tags : MangalaAawale AutoAaji ViralNews Inspiration AgeIsJustANumber