മുംബൈ നഗരത്തിലെ തിരക്കിനിടയിൽ ഓട്ടോറിക്ഷ ഓടിച്ച് മാസം 75,000 രൂപയോളം സമ്പാദിക്കുന്ന ഒരു ഡ്രൈവറുടെ വെളിപ്പെടുത്തൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.
ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറായ ഉത്കർഷ് വർമ്മ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഈ വമ്പൻ വരുമാനക്കണക്ക് പുറംലോകമറിഞ്ഞത്. തന്‍റെ പ്രതിദിന വരുമാനത്തെക്കുറിച്ച് കൃത്യമായ ധാരണ നൽകുന്ന ഡ്രൈവർ പറയുന്നത്, എല്ലാ ചിലവുകളും കഴിഞ്ഞ് ശരാശരി 2,500 രൂപയോളം ദിവസവും കയ്യിൽ കിട്ടുമെന്നാണ്.
കഠിനാധ്വാനം ചെയ്യാൻ തയ്യാറുള്ളവർക്ക് മുംബൈ നഗരത്തിൽ പണം ഒരു തടസമല്ലെന്നും, അല്പം കൂടുതൽ സമയം നീക്കിവെച്ചാൽ മാസവരുമാനം ഒരു ലക്ഷം രൂപ വരെ ഉയർത്താൻ സാധിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസത്തോടെ പങ്കുവെക്കുന്നു.
മോശം ദിവസങ്ങളിൽ പോലും 60,000 രൂപയിൽ താഴെ വരുമാനം പോകാറില്ലെന്ന അദ്ദേഹത്തിന്‍റെ വാക്കുകൾ പലരെയും അത്ഭുതപ്പെടുത്തുന്നതാണ്. എയർകണ്ടീഷൻ ചെയ്ത മുറികൾക്കുള്ളിലെ ജോലിയേക്കാൾ വലിയ ലോകവും മികച്ച ബന്ധങ്ങളും കെട്ടിപ്പടുക്കാൻ ഇത്തരം തൊഴിലുകൾ സഹായിക്കുമെന്നും അദ്ദേഹം നിരീക്ഷിക്കുന്നുണ്ട്.
എന്നാൽ ഈ ഉയർന്ന വരുമാനത്തിന് പിന്നിലെ കഠിനമായ വശങ്ങളെക്കുറിച്ചും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ നടക്കുന്നുണ്ട്. ശാരീരികമായ അധ്വാനവും കൃത്യമായ വിശ്രമമില്ലായ്മയും വ്യക്തിപരമായ ജീവിതത്തിനുള്ള സമയക്കുറവും ഇതിന്‍റെ മറുവശമാണെന്ന് പലരും ചൂണ്ടിക്കാട്ടുന്നു.
30000 രൂപ ശമ്പളമുള്ള വൈറ്റ് കോളർ ജോലിയെ മാന്യമായി കാണുന്ന നമ്മുടെ സമൂഹം, അതിനേക്കാൾ ഇരട്ടിയിലധികം വരുമാനമുള്ള ഇത്തരം തൊഴിലുകളെ കുറഞ്ഞ കണ്ണോടെ കാണുന്നതിലെ വൈരുദ്ധ്യമാണ് ഈ വീഡിയോ പ്രധാനമായും ചർച്ച ചെയ്യുന്നത്.
വിജയത്തിന്‍റെ മാനദണ്ഡം കേവലം ജോലിയുടെ പദവിയല്ല, മറിച്ച് സാമ്പത്തിക ഭദ്രതയും തൊഴിലിലെ സ്വാതന്ത്ര്യവുമാണെന്ന പുതിയൊരു കാഴ്ചപ്പാട് ഈ സംഭവം മുന്നോട്ടുവെക്കുന്നു.
ബിരുദധാരികൾ പോലും പരമ്പരാഗത തൊഴിൽ മേഖലകളിൽ നിന്ന് മാറി സ്വതന്ത്രമായ വരുമാന മാർഗങ്ങളിലേക്ക് തിരിയുന്ന ഒരു കാലഘട്ടത്തിൽ, മുംബൈയിലെ ഈ ഓട്ടോ ഡ്രൈവറുടെ കഥ ഒരു വലിയ മാറ്റത്തിന്‍റെ സൂചന കൂടിയാണ്.
Tags : MumbaiAuto ViralNews IncomeGoals SuccessStory MumbaiDiaries