ശബ്ദിക്കാൻ കഴിയാത്ത ഇവർക്കും വേണ്ടേ ഗ്രേസ്മാർക്ക്; ചെവിയുള്ളവർ കേൾക്കട്ടെ!
Friday, August 26, 2016 12:34 PM IST
<ആ>ബാബു ചെറിയാൻ

കോഴിക്കോട്: കായിക രംഗങ്ങളിൽ കഴിവുതെളിയിച്ചിട്ടും അർഹതപ്പെട്ട ഗ്രേസ്മാർക്ക് ലഭിക്കാതെ സംസ്‌ഥാനത്ത് ആയിരക്കണക്കിന് സ്പെഷൽ സ്കൂൾ വിദ്യാർഥികൾ. സ്പെഷൽ സ്കൂളുകൾക്കായി സംഘടിപ്പിക്കുന്ന കലാമേളകളിൽ മികവു പുലർത്തുന്നവർക്കു ഗ്രേസ് മാർക്ക് അനുവദിക്കുന്നുണ്ടെങ്കിലും കായികരംഗത്തെ ബധിര–മൂക വിദ്യാർഥികളോടുള്ള അവഗണന സർക്കാരുകളും ബന്ധപ്പെട്ടവരും തുടരുകയാണ്.

സംസ്‌ഥാന–ജില്ലാ ബധിര സ്പോട്സ് കൗൺസിലുകൾക്ക്, കേരളാ സ്പോട്സ് കൗൺസിലിന്റെ അഫിലിയേഷൻ നൽകാത്തതാണു കാരണം. കായികരംഗങ്ങളിൽ എത്രകണ്ട് ശോഭിച്ചാലും വിദ്യാർഥി ബധിരരാണെങ്കിൽ ഗ്രേസ്മാർക്ക് ലഭിക്കില്ലെന്നതാണു സ്‌ഥിതി. മാത്രമല്ല, ജില്ലാ–സംസ്‌ഥാന– ദേശീയ കായികമേളകൾക്ക് ഈ വിഭാഗത്തിനു സർക്കാരിൽ നിന്നു യാതൊരു സാമ്പത്തിക സഹായവും ലഭിക്കില്ല.

ഇന്നലെ കോഴിക്കോട്ട് ആരംഭിച്ച 22–ാമത് സംസ്‌ഥാന ബധിര കായികമേളയിൽ എല്ലാ ജില്ലകളിൽനിന്നുമായി ആയിരത്തോളം വിദ്യാർഥികൾ പങ്കെടുക്കുന്നുണ്ട്. മേളയിൽ പങ്കെടുത്തെന്ന സർട്ടിഫിക്കറ്റ് അല്ലാതെ മറ്റൊന്നും ഇവർക്കു ലഭിക്കാറില്ല. ആ സർട്ടിഫിക്കറ്റാകട്ടെ, ഉപരിപഠനത്തിനോ ജോലിക്കോ പരിഗണിക്കപ്പെടില്ല. സ്കൂളുകളും രക്ഷിതാക്കളും കൈയിൽനിന്നു പണംമുടക്കിയാണു വിദ്യാർഥികളെ എല്ലാ വർഷവും കായികമേളകൾക്കു കൊണ്ടുപോകുന്നത്. സംസാരിക്കാൻ ശേഷിയില്ലാത്ത ഈ വിഭാഗത്തിനായി സംസാരിക്കാൻ ആരുമില്ലെന്നതാണു സ്‌ഥിതി.


കഴിഞ്ഞ വർഷം ജാംഷഡ്പൂരിൽ നടന്ന ദേശീയ ബധിര കായികമേളയിൽ അത്ലറ്റിക്സിലും ഫുട്ബോളിലും കേരളമായിരുന്നു ചാംപ്യൻമാർ. കഴിഞ്ഞ ഒക്ടോബറിൽ തായ്വാനിൽ നടന്ന ഏഷ്യ–പെസഫിക് ഡഫ് ഗെയിംസിൽ കേരളത്തിന് രണ്ട് സ്വർണ മെഡലുകൾ ലഭിച്ചു.

പുരുഷവിഭാഗം 800 മീറ്ററിൽ ജിജോ കുര്യാക്കോസ്, വനിതാ വിഭാഗം ലോംഗ്ജംപിൽ കെ.എസ്. ശ്രീജിഷ്ന എന്നിവരാണു കേരളത്തിനു സ്വർണം സമ്മാനിച്ചത്. 2013ൽ ബംഗളൂരുവിൽ നടന്ന 18–ാമത് ദേശീയ ഡഫ് ഗെയിംസിൽ കേരളമായിരുന്നു അത്ലറ്റിക്സ് വിഭാഗം ചാമ്പ്യൻമാർ. നിരവധി കടലാസ് സംഘടനകൾ വരെ പിൻവാതിലിലൂടെ സംസ്‌ഥാന സ്പോർട്സ് കൗൺസിലിൽ അംഗത്വം നേടുമ്പോൾ, സംസാരിക്കാനും കേൾക്കാനും കഴിയാത്ത നിസഹായരായ സ്പെഷൽ സ്കൂൾ വിദ്യാർഥികളോട് എല്ലാവരും അവഗണനയാണു കാട്ടുന്നതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.

നാഷണൽ സർവീസ് സ്കീം, എസ്പിസി, എൻസിസി അംഗങ്ങളാകുന്ന വിദ്യാർഥികൾക്കു പോലും ഗ്രേസ്മാർക്ക് നൽകുമ്പോൾ, കായിക മികവ് തെളിയിച്ച ബധിര വിദ്യാർഥികളെ സർക്കാർ അവഗണിക്കുന്നതു ക്രൂരതയാണെന്നു രക്ഷിതാക്കൾ വേദനയോടെ പറയുന്നു.