ഒമ്പത് ജില്ലകളിൽ ഡീഅഡിക്ഷൻ കേന്ദ്രങ്ങൾ തുടങ്ങും: ഋഷിരാജ് സിംഗ്
Friday, May 19, 2017 12:08 PM IST
മലപ്പുറം: എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ ഡീഅഡിക്ഷൻ സെന്ററുകൾ തുടങ്ങുമെന്ന് എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ്. സംസ്ഥാനത്ത് ആരോഗ്യവകുപ്പിന്റെ നിയന്ത്രണത്തിലുള്ള സെന്ററുകൾ ഏറ്റെടുക്കാനാണ് ഉദ്ദേശിക്കുന്നത്. നെടുങ്ങോലം(കൊല്ലം), ചാലക്കുടി(തൃശൂർ), പയ്യന്നൂർ (കണ്ണൂർ), പാലാ(കോട്ടയം), കൽപ്പറ്റ(വയനാട്), റാന്നി(പത്തനംതിട്ട), അഗളി(പാലക്കാട്), നെയ്യാറ്റിൻകര(തിരുവനന്തപുരം), മാവേലിക്കര(ആലപ്പുഴ) എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ ഡീഅഡിക്ഷൻ സെന്റർ ആരംഭിക്കുക. ഡോക്ടർമാരുടെയും മറ്റു ജീവനക്കാരുടെയും ശമ്പളം നല്‍കുന്നത് എക്സൈസ് വകുപ്പായിരിക്കും. കാൻസർ രോഗത്തിനു അടക്കമുള്ള മരുന്നുകൾ ഇന്ന് ലഹരിക്കായി ഉപയോഗിച്ചുവരുന്നുണ്ട്. വിദ്യാർഥികൾക്കിടയിലും മുമ്പത്തേക്കാൾ ലഹരി ഉപയോഗം വർധിക്കുകയാണ്. ഇതിനെതിരേ രക്ഷിതാക്കളും അധ്യാപകരും കനത്ത ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലേക്ക് വൻതോതിൽ സ്പിരിറ്റ് ഒഴുകുന്നതായി അദ്ദേഹം പറഞ്ഞു. മദ്യ നിരോധനത്തിനു ശേഷമാണ് അന്യസംസ്ഥാനത്തനിന്നു അനിയന്ത്രിതമായി സ്പിരിറ്റ് ഒഴുകുന്നത്. ലഹരി ഉപയോഗത്തിന്റെ കാര്യത്തിലും വലിയ വർധനയാണുണ്ടായിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് ഡീഅഡിക്ഷൻ കേന്ദ്രങ്ങൾ തുടങ്ങാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
2016 ജൂണ്‍ മുതൽ 2017 ഏപ്രിൽ വരെയുള്ള കണക്കനുസരിച്ച് അരലക്ഷം അബ്കാരി കേസുകൾ മാത്രം രജിസ്റ്റർ ചെയ്തിട്ടുണ്ട്. എക്സൈസ് വകുപ്പ് 1,37,000 റെയ്ഡുകൾ നടത്തിയതിൽനിന്നു 23,490 പേരെ വിവിധ കേസുകളിൽ അറസ്റ്റ്ചെയ്തു. കഞ്ചാവ്, ഹാഷിഷ്, കൊക്കെയ്ൻ തുടങ്ങിയ ലഹരി വസ്തുക്കൾ കടത്തിയതിന്റെ പേരിൽ 3,090 കേസുകളെടുക്കുകയും 4,332 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 300 ടണ്‍ പാൻമസാലയാണ് പിടികൂടിയത്.