ടിപ്പു ജയന്തി: കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ബിജെപി പോര് രൂക്ഷമാകുന്നു
Saturday, October 21, 2017 7:03 PM IST
ബംഗളൂരു: ഈ വര്‍ഷവും ടിപ്പു ജയന്തി വിപുലമായി ആഘോഷിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചതിനു പിന്നാലെ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ പോര് രൂക്ഷമാകുന്നു. ടിപ്പു ഹിന്ദു വിരുദ്ധനാണെന്നും ആഘോഷത്തില്‍ തനിക്ക് പങ്കെടുക്കാനാകില്ലെന്നും കേന്ദ്രമന്ത്രി ആനന്ദ് കുമാര്‍ ഹെഗ്‌ഡേ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് അയച്ച കത്തില്‍ വ്യക്തമാക്കി. എന്നാല്‍ ക്ഷണക്കത്തില്‍ ആനന്ദ് കുമാറിന്‍റെ പേര് ഉള്‍പ്പെടുത്താതെ നിവൃത്തിയില്ലെന്ന മറുപടിയുമായി സിദ്ധരാമയ്യയും രംഗത്തെത്തി.

ആനന്ദ് കുമാര്‍ ആദ്യം ടിപ്പുവിനെ കുറിച്ച് പഠിക്കണമെന്നും ഇത്തരത്തില്‍ ഒരു കത്ത് എഴുതാന്‍ പാടില്ലായിരുന്നുവെന്നും സിദ്ധരാമയ്യ പറഞ്ഞു. കേന്ദ്രമന്ത്രിയെന്ന നിലയില്‍ ആനന്ദ് കുമാറിനെ ക്ഷണിക്കേണ്ടത് സംസ്ഥാനസര്‍ക്കാരിന്‍റെ കടമയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കര്‍ണാടകയില്‍നിന്നുള്ള എല്ലാ കേന്ദ്രമന്ത്രിമാര്‍ക്കും ക്ഷണക്കത്ത് അയക്കുമെന്നും സ്വീകരിക്കണോ വേണ്ടയോ എന്നത് അവരുടെ ഇഷ്ടമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷവും ടിപ്പു ജയന്തി വിപുലമായി ആഘോഷിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചതിനു പിന്നാലെ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തിയിരുന്നു. ടിപ്പു ജയന്തി ആഘോഷം ആദ്യമായി ഔദ്യോഗികമായി ആഘോഷിച്ച 2015-ല്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ അക്രമങ്ങള്‍ അരങ്ങേറിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.