ഘോഷയാത്രക്കിടെയിലേക്ക് കാർ ഇടിച്ചുകയറി: മൂന്നുപേർ മരിച്ചു; നിരവധിപേർക്ക് പരിക്ക്
Wednesday, September 3, 2025 3:06 PM IST
റായ്പുർ: ചത്തീസ്ഗഡിൽ മദ്യലഹരിയിൽ യുവാവ് ഓടിച്ച കാർ ഇടിച്ച് മൂന്നുപേർ മരിച്ചു. 22 പേർക്ക് പരിക്കേറ്റു. ജാഷ്പൂർ ജില്ലയിലെ ബഗിച്ച പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ജുരുദണ്ട് ഗ്രാമത്തിലാണ് സംഭവം.
ഗണപതി ഉത്സവവുമായി ബന്ധപ്പെട്ട് ഗണേശ വിഗ്രഹ നിമജ്ജനത്തിനായി നൂറിലധികം പ്രദേശവാസികൾ ഘോഷയാത്ര നടത്തിയിരുന്നു. ഇതിനിടയിലേക്കാണ് വാഹനം ഇടിച്ചുകയറിയത്.
വിപിൻ പ്രജാപതി (17), അരവിന്ദ് കെർകെട്ട (19), ഖിരോവതി യാദവ് (32) എന്നവരാണ് മരിച്ചത്. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഗുരുതരമായി പരിക്കേറ്റവരെ സർഗുജ ജില്ലയിലെ അംബികാപൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. മറ്റുള്ളവരെ ഒരു പ്രാദേശിക കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചു. സംഭവസമയത്ത് മദ്യപിച്ചിരുന്ന എസ്യുവി ഡ്രൈവർ സുഖ്സാഗർ വൈഷ്ണവിനെ (40) അറസ്റ്റ് ചെയ്യുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.