ബ്രഷിന്റെ കാലാവധി എത്രനാൾ? പല്ലുതേയ്ക്കൽ ദിവസം എത്രനേരം?
Friday, July 21, 2017 2:19 AM IST
ദന്തരോഗം വളരെ പ്രാധാന്യമർഹിക്കുന്ന പൊതുജനാരോഗ്യപ്രശ്നമാണ്. ഇന്ത്യയിൽ ദന്തക്ഷയം 60-65 ശതമാനം വരെയും മോണരോഗം 50-90 വരെയുമാണ് കണ്ടുവരുന്നത്. പുഷ്പഗിരി ഡെന്റൽ കോളജ് പബ്ലിക് ഹെൽത്ത് ഡിപ്പാർട്ട്മെന്റ് നടത്തിയ പഠനം ഈ നിഗമനത്തിന് ഉൗന്നൽ നൽകുന്നു. പത്തനംതിട്ട ജില്ലയിലെ ഗവണ്മെന്റ് എയ്ഡഡ് സ്കൂളുകളിലും പ്രൈവറ്റ് സ്കൂളുകളിലും നടത്തിയ പഠനത്തിൽ 75-80 ശതമാനം കുട്ടികളിൽ ദന്തക്ഷയം കണ്ടുവരുന്നതായി സൂചിപ്പിക്കുന്നു.
ചെറുപ്രായം മുതലേ തടയേണ്ട ഒന്നാണ് ദന്തരോഗം. പാൽപ്പല്ലുകൾ സൂക്ഷിക്കേണ്ട ആവശ്യമില്ലെന്ന മിഥ്യാധാരണ മാതാപിതാക്കളിൽ നിലനിൽക്കുന്നതിനാൽ പല്ലുകൾ ദന്തരോഗങ്ങൾ ബാധിച്ച് വളരെ മുൻപേതന്നെ എടുത്തുകളയേണ്ടിവരികയോ പൊട്ടിപ്പോവുകയോ ചെയ്യുന്നു.
അതുകൊണ്ട് രണ്ടാമതുവരുന്ന സ്ഥിരദന്തങ്ങൾ നിരതെറ്റി വരുന്നു. അതു വീണ്ടും ദന്തക്ഷയത്തിനും മറ്റു ദന്തരോഗങ്ങൾക്കും കളമൊരുക്കുന്നു. അതിനാൽ പാൽപ്പല്ലുകളുടെ പ്രാധാന്യത്തെക്കുറിച്ചും ദന്തസംരക്ഷണമാർഗങ്ങളെക്കുറിച്ചും നിലവിലുള്ള ദന്തരോഗനിവാരണ ചികിത്സകളെക്കുറിച്ചും മാതാപിതാക്കളെ ബോധവത്കരിക്കുക എന്നത് അനിവാര്യമാണ്.
ഒന്നാംഘട്ട പ്രതിരോധം
രോഗങ്ങൾ ആരംഭിക്കുന്നതിനു മുൻപ് അതിന്റെ കാരണങ്ങളെ ഉന്മൂലനം ചെയ്യാൻ സ്വീകരിക്കുന്ന മാർഗങ്ങളാണ് പ്രൈമറി പ്രിവൻഷനിൽ വരുന്നത്.
രണ്ടാംഘട്ട പ്രതിരോധം
രോഗങ്ങളെ പ്രാരംഭഘട്ടത്തിൽതന്നെ തടയിട്ടാൽ അവയുണ്ടാക്കുന്ന കേടുപാടുകൾ കുറയ്ക്കാം. ഇതിനുവേണ്ടി സ്വീകരിക്കാവുന്ന മാർഗങ്ങളാണ് സെക്കൻഡറി പ്രിവൻഷനിൽ വരുന്നത്.
മൂന്നാംഘട്ട പ്രതിരോധം
രോഗം ഉണ്ടാക്കുന്ന വൈകല്യങ്ങളെ പരമാവധി കുറയ്ക്കാനും രോഗിയുടെ ആരോഗ്യം പൂർവ ദിശയിലേക്കു കൊണ്ടുവരുവാനും എടുക്കുന്ന മാർഗങ്ങളാണ് ടേർഷറി പ്രിവൻഷനിൽ വരുന്നത്.
പ്ലാക്ക് കണ്ട്രോൾ-
വിവിധതരം അണുക്കളുടെ കോളനിയാണ് ഡെന്റൽ പ്ലാക്ക്. ആഹാരം കഴിച്ചുകഴിഞ്ഞ് ഉടനെയാണ് വായിലുള്ള രോഗാണുക്കളുടെ പ്രവർത്തനം കൂടുതലായി കാണപ്പെടുന്നത്. ആഹാരത്തിന്റെ അംശങ്ങൾ പല്ലിലും മോണയോട് ചേർന്നും പറ്റിപ്പിടിക്കുന്നു. ഇതിൽ രോഗാണുക്കൾ പ്രവർത്തിച്ച് ഉമിനീരുമായി ചേർന്ന് പല്ലുകളുടെ ഉപരിതലത്തിൽ ലോലമായ പാളി സൃഷ്ടിക്കുന്നു. ഇതിനെ ഡെന്റൽ പ്ലാക്ക് എന്നു വിളിക്കുന്നു.
ഡെന്റൽ പ്ലാക്ക് രണ്ടുതരം രോഗങ്ങൾക്ക് കാരണമാകുന്നു.
1. ജിൽജൈവൈറ്റിസ്,
പെരിയോഡോണ്ടൈറ്റിസ്
2. ഡെന്റൽ കേരീസ്
രോഗം വന്നിട്ട് ചികിത്സിക്കുന്നതിലും നല്ലത്് രോഗം വരാതെ സൂക്ഷിക്കുന്നതാണല്ലോ
പല്ലിലും മോണയിലും അടിഞ്ഞുകൂടുന്ന ഡെന്റൽ പ്ലാക്കിനെ നീക്കം ചെയ്യുകയും അവ കുമിഞ്ഞുകൂടാതിരിക്കുവാനും സ്വീകരിക്കുന്ന മാർഗങ്ങളെയാണ് പ്ലാക്ക് കണ്ട്രോൾ എന്നു വിളിക്കുന്നത.്
സ്വയം സ്വീകരിക്കേണ്ട ദന്തപരിപാലന മാർഗങ്ങളാണ് ഏറ്റവും പ്രധാനപ്പെട്ടത്. ഇതിൽ ടൂത്ത് ബ്രഷിംഗ്, ഇന്റർഡെന്റൽ ബ്രഷിംഗ്, ടങ് സ്ക്രേപ്പിംഗ് ജിൻജൈവൽ മസാജിംഗ് എന്നിവ ഉൾപ്പെടുന്നു. ദിവസവും രണ്ടുനേരം ബ്രഷും പേസ്റ്റും ഉപയോഗിച്ചുള്ള പല്ലുതേപ്പു തന്നെയാണ് അതിപ്രധാനം. പല്ലുകളുടെ ഉപരിതലം വൃത്തിയായി ബ്രഷ് ചെയ്യാൻ ശ്രദ്ധിക്കുക.
* രണ്ടുമുതൽ മൂന്ന് മിനിറ്റുവരെയാണ് സാധാരണഗതിയിൽ ബ്രഷ് ചെയ്യേണ്ടത്.
* മോണയുടെ വരിപ്പുകളിൽ ബ്രഷിന്റെ ബ്രിസിലുകൾ എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.
* മൃദുവായതോ ഇടത്തരമായതോ ആയ ബ്രസിലുകളുള്ള ബ്രഷുകൾ തെരഞ്ഞെടുക്കുക. ദൃഢതയുള്ള ബ്രസിലുകളും, ബ്രഷ് ചെയ്യുന്പോൾ ഉപയോഗിക്കുന്ന അമിത ബലവും പല്ലിനു തേയ്മാനവും മോണ ചുരുങ്ങലും ഉണ്ടാക്കുന്നു.
* ഓരോ വ്യക്തിക്കും അനുയോജ്യമായ ബ്രഷിംഗ് രീതി ഒരു ദന്തഡോക്ടറെ സമീപിച്ച് മനസിലാക്കുക.
* ദന്തക്ഷയം ചെറുക്കാനുള്ള ഇനാമലിന്റെ പ്രതിരോധശേഷി വർധിപ്പിക്കാൻ ഫ്ളൂറൈഡ് അടങ്ങിയ ടൂത്ത് പേസ്റ്റ് ഉപയോഗിച്ചു ദിവസവും ബ്രഷ് ചെയ്യുക. കേടുവന്ന ഭാഗങ്ങളെ പുനരുജ്ജീവിപ്പിക്കാനും പ്ലാക്കിനെ തടയുവാനും ഫ്ളൂറൈഡ് സഹായിക്കുന്നു.
* ദിവസവും നാവ് വൃത്തിയാക്കുക. ബ്രഷ് കൊണ്ടുതന്നെയോ പ്ലാസ്റ്റിക് ടംഗ് ക്ലീനറുകൾ കൊണ്ടോ നിങ്ങൾക്ക് നാവ് വൃത്തിയാക്കാം.
ഏതെങ്കിലും ലോഹം കൊണ്ടുണ്ടാക്കിയ ക്ലീനറുകൾ ഉപയോഗിക്കാതിരിക്കുക. അവ നാവിലെ രസമുകുളങ്ങളെ മുറിപ്പെടുത്തിയേക്കാം.
* പല്ലുതേച്ചതിനുശേഷം വൃത്താകൃതിയിൽ മോണ തടവുന്നത് രക്തചംക്രമണം വർധിപ്പിക്കുകയും അണുബാധയെ പ്രതിരോധിക്കുകയും ചെയ്യും.
ബ്രിസിലുകൾ വളഞ്ഞുതുടങ്ങുന്പോൾതന്നെ ടൂത്ത് ബ്രഷ് മാറ്റുക. മൂന്നുമാസമാണ് ഒരു ബ്രഷിന്റെ ഏകദേശം കാലാവധി.
* ഈർപ്പമില്ലാത്തിടത്ത് ടൂത്ത് ബ്രഷുകൾ സൂക്ഷിക്കുക. മറ്റാരുമായി പങ്കുവയ്ക്കാതിരിക്കുക.
* ടൂത്ത് ബ്രഷുകൾക്ക് എത്തിച്ചേരാനാവാത്ത ഇടങ്ങളിൽ പല്ലുവൃത്തിയാക്കുന്ന ഡെന്റൽ ഫ്ളോസ് പതിവായി ഉപയോഗിക്കുക. പല്ലുകൾക്കിടയിലെ വിടവുകളിൽ അളവനുസരിച്ച് ഇന്റർഡെന്റർ ബ്രഷ് യൂണീ
ടഫ്ററ്റഡ് ബ്രഷ് എന്നിവ ഉപയോഗിക്കുന്നതും പ്രയോജനകരമാണ്.
* ഡെന്റൽ പാക്ക് കുറയ്ക്കുവാൻ സഹായിക്കുന്ന മറ്റൊരു മാർഗമാണ് മൗത്ത് വാഷിന്റെ ഉപയോഗം.
ഇതിൽ അടങ്ങിയിരിക്കുന്ന ഫലപ്രദമായ ചേരുവകൾ പല്ലുകളിലും മോണകളിലും അടിയുകയും ദിവസം മുഴുവൻ സംരക്ഷണം നൽകുകയം ചെയ്യുന്നു.
ഡോ. വിനോദ് മാത്യു മുളമൂട്ടിൽ
(അസിസ്റ്റൻറ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ സയൻസസ്, തിരുവല്ല)
മുളമൂട്ടിൽ ദന്തൽ ക്ലിനിക്, പോലീസ് ക്വാർട്ടേഴ്സ് റോഡ്, ഡിവൈഎസ്പി ഓഫീസിനു സമീപം,തിരുവല്ല. ഫോണ് 9447219903
[email protected]
www.dentalmulamoottil.com