റബർവില വർധന ചതിയാകരുത്
ടയർ വ്യവസായത്തിൽ നിർണായക പങ്കാളികളായ റബർ കർഷകരെ ടയർവ്യവസായത്തിന്റെ നേട്ടങ്ങളിൽനിന്ന് മാറ്റിനിർത്തുന്നത് അവർ അസംഘടിതരും ചൂഷണത്തെ കൂട്ടായി ചെറുക്കാൻ മുന്നോട്ടു വരാത്തവരുമായതിനാലാണ്. ഈ അവസ്ഥയിൽനിന്ന് പുറത്തുകടന്നാലെ റബർ കർഷകർക്ക് രക്ഷയുള്ളൂ
റബർ വിലയിൽ അടുത്ത നാളുകളിലുണ്ടായ വർധന താത്കാലികവും റബർ കർഷകരെ ചതിക്കാനുള്ളതുമാകരുത്. വിലക്കുറവിന്റെ പശ്ചാത്തലത്തിൽ ടാപ്പിംഗ് തുടങ്ങാൻ മടിച്ചുനിൽക്കുന്നവരെക്കൂടി ടാപ്പിംഗിനു പ്രേരിപ്പിക്കാനും റബർ ഉപേക്ഷിച്ച് മറ്റു കൃഷിയിലേക്കു മാറാൻ പദ്ധതിയിടുന്നവരെ റബർകൃഷിയിൽത്തന്നെ തളച്ചിടാനുമാണ് ഇപ്പോൾ വില ഉയർത്തുന്നത് എന്ന ആശങ്കയുള്ളതിനാലാണ് ഇങ്ങനെ പറയേണ്ടിവരുന്നത്. മഴ മാറുന്നതോടെ കൂടുതൽ തോട്ടങ്ങൾ ടാപ്പിംഗ് ആരംഭിക്കുകയും മാർക്കറ്റിലേക്ക് കൂടുതൽ ചരക്ക് എത്തുകയും ചെയ്യുമ്പോൾ വിലയിടിച്ച് തങ്ങളുടെ ലാഭം പതിന്മടങ്ങാക്കാനുള്ള ടയർ ലോബിയുടെ തന്ത്രമാണ് ഇപ്പോഴത്തെ നേരിയവിലവർധനയ്ക്കു പിന്നിലെന്ന് പലരും സംശയിക്കുന്നുണ്ട്. അനുഭവങ്ങളുടെ വെളിച്ചത്തിൽ ഇത്തരം സംശയത്തിന് അടിസ്ഥാനവുമുണ്ട്. കാരണം വർഷങ്ങളായുള്ള വിലത്തകർച്ചയിൽ റബർ കർഷകർ നിലംപരിശായിട്ടും ഒരിക്കൽപ്പോലും കർഷകർക്കൊരു കൈത്താങ്ങ് നൽകാൻ മുതിരാത്തവരാണ് രാജ്യത്തെ ടയർ ലോബി അടക്കമുള്ള റബർ വ്യവസായികൾ .
മറ്റൊരു വ്യവസായത്തിലും കൃഷിയിലും ഇല്ലാത്ത ദുര്യോഗമാണ് റബർ കർഷകർ അനുഭവിക്കുന്നത്. സ്വാഭാവിക റബർ ടയർ നിർമാണത്തിലെ ഒഴിച്ചുകൂടാനാവാത്ത അസംസ്കൃത വസ്തു ആണെങ്കിലും ടയർ വില വർധനവിന് ആനുപാതികമായ വിലവർധന ഒരിക്കലും റബറിന് കിട്ടാറില്ല. റബർ വിലത്തകർച്ചയുടെ കാലഘട്ടത്തിലും ടയർവില കുറഞ്ഞിട്ടുമില്ല. ടയർക്കമ്പനികളുടെ അടക്കം റബർ വ്യവസായികളുടെ ലാഭത്തിന്റെ ഗ്രാഫ് ഉയരുകയും ചെയ്യുന്നു. സ്വതന്ത്രമായി പ്രവർത്തിക്കുന്ന വിപണിയിൽ ഉത്പന്നത്തിന്റെ ആവശ്യവും ലഭ്യതയുമാണ് വിലനിർണയം നടത്തുന്നത്. അതായത് ആവശ്യത്തിനനുസരിച്ച് ലഭ്യതയില്ലെങ്കിൽ വിലവർധനയുണ്ടാവുക സ്വാഭാവികമാണ്. എന്നാൽ റബറിന്റെ കാര്യത്തിൽ മാത്രം ഇത്തരം കമ്പോള നിയമങ്ങൾക്കൊന്നും സ്ഥാനമില്ല. റബറിന്റെ ഉത്പാദനം രാജ്യത്ത് കുറഞ്ഞുവരുമ്പോഴും ഉപയോഗം കൂടുകയാണ്. എന്നാൽ ഈ അന്തരം വിലയിൽ പ്രതിഫലിക്കുന്നില്ല. ഇന്ത്യയിൽ സംഘടിതമായി പ്രവർത്തിക്കുന്ന ടയർ ലോബിയാണ് കർഷകൻ ഉത്പാദിപ്പിക്കുന്ന റബറിന് വില നിശ്ചയിക്കുന്നതിലെ ഏക ഘടകം എന്നതാണ് ഇതിനുകാരണം. റബർ ബോർഡും സർക്കാരും ഇവർക്ക് എല്ലാ ഒത്താശകളും ചെയ്തുകൊടുക്കുന്നു.
ഇറക്കുമതി ചെയ്യുന്ന റബറിനു മുടക്കേണ്ടിവരുന്ന വിലയെങ്കിലും രാജ്യത്തെ കർഷകർക്കു നൽകുക എന്നത് ഏതൊരു വ്യവസായത്തിലും സാമാന്യം പുലർത്തേണ്ട നീതിയാണ്. എന്നാൽ ഇറക്കുമതിയിലൂടെ നേട്ടമുണ്ടാക്കുന്ന സർക്കാരോ വ്യവസായികളോ ഇവിടുത്തെ കർഷകരുടെ കണ്ണീർ കാണുന്നില്ല. വിലകുറഞ്ഞ ക്രംബ് റബർ ഇറക്കുമതിചെയ്ത് ഇവിടുത്തെ ഗുണനിലവാരമുള്ള റബർ ഷീറ്റുമായി ചേർത്ത് ഉപയോഗിച്ചും ടയർ നിർമാതാക്കൾ ലാഭം കൂട്ടുന്നു. റബർ ഇറക്കുമതിയിലും ടയർ വ്യവസായത്തിലും വ്യവസായികളുടെ ഏല്ലാ ആവശ്യങ്ങളും താമസംവിനാ നിറവേറ്റിക്കൊടുക്കുന്ന സർക്കാർ സംവിധാനങ്ങൾ പക്ഷേ, കർഷകരുടെ ആവശ്യങ്ങളൊന്നും കണ്ടതായിപ്പോലും നടിക്കാറില്ല. റബർ ഇറക്കുമതിയിൽനിന്നു കിട്ടുന്ന വരുമാനമെങ്കിലും രാജ്യത്തെ റബർകർഷകർക്കു നൽകാൻ സർക്കാർ തയാറാകാത്തത് കടുത്ത അനീതിയാണ്.
വിലയിടിവിൽ മനംമടുത്ത് ഇതിനോടകം ധാരാളം കർഷകർ റബർകൃഷി ഉപേക്ഷിച്ചിട്ടുണ്ട്. മറ്റു കൃഷികളിലേക്കു തിരിയുന്നവർ തിരിച്ച് റബറിലേക്കു വരില്ലെന്ന യാഥാർഥ്യം ടയർ കമ്പനികൾ മനസിലാക്കുന്നുണ്ട്. കർഷകർക്ക് ഏതുകൃഷിയും ചെയ്യാം. എന്നാൽ ഇവിടെ റബർകൃഷി ഉപേക്ഷിക്കപ്പെട്ടാൽ വൻതോതിൽ ഇറക്കുമതിയെ ആശ്രയിക്കേണ്ടിവരുമെന്നും വ്യവസായികൾക്കറിയാം. അപ്പോൾ വിദേശവിപണി ഇപ്പോൾ കാട്ടുന്ന ഔദാര്യം കാട്ടണമെന്നുമില്ല. ഇത്തരം വിഷയങ്ങൾ മുന്നിൽക്കണ്ടാണ് വ്യവസായികൾ പലപ്പോഴും ഓഫ് സീസണുകളിൽ റബർ വില ഉയർത്തുക എന്ന തന്ത്രം പയറ്റുന്നത്. സമീപകാലത്തുതന്നെ വില ഉയരുമെന്ന് പ്രചാരണം നടത്തുന്നതും മറ്റൊരു തന്ത്രമാണ്. ഇപ്പോഴുണ്ടായിരിക്കുന്ന വിലവർധനയിലും ഇത്തരമൊരു തന്ത്രം ഒളിഞ്ഞിരിപ്പുണ്ടെന്ന് സംശയിക്കപ്പെടണം.
രാജ്യത്ത് വാഹനവിപണി ഉണർവുകാട്ടുന്നുണ്ട്. ഇത് ടയർ വ്യവസായത്തിലും പ്രതിഫലിക്കണം. ഒരുവ്യവസായത്തിൽ പങ്കാളികളായവർക്കെല്ലാം അതിൽനിന്നുള്ള വിഹിതത്തിന് അർഹതയുണ്ട്. എന്നാൽ ടയർ വ്യവസായത്തിൽ നിർണായക പങ്കാളികളായ റബർ കർഷകരെ ടയർവ്യവസായത്തിന്റെ നേട്ടങ്ങളിൽനിന്ന് മാറ്റിനിർത്തുന്നത് അവർ അസംഘടിതരും ചൂഷണത്തെ കൂട്ടായി ചെറുക്കാൻ മുന്നോട്ടു വരാത്തവരുമായതിനാലാണ്. ഈ അവസ്ഥയിൽനിന്ന് പുറത്തുകടന്നാലെ റബർ കർഷകർക്ക് രക്ഷയുള്ളൂ. തങ്ങളുടെ കരുത്ത് തിരിച്ചറിയാതെ ടയർ ലോബിയുടെ പ്രലോഭനങ്ങളിൽ വീഴണമോയെന്ന് റബർ കർഷകർ ഉറക്കെ ചിന്തിക്കണം.
റബർ കർഷകരുടെ ബലഹീനതകൾ നന്നായി അറിയുന്ന ടയർ ലോബി എല്ലാക്കാലത്തും അവരെ ചൂഷണം ചെയ്യാമെന്നു വിചാരിക്കുന്നതും ഭൂഷണമല്ല. അളമുട്ടിയാൽ ചേരയും കടിക്കുമെന്ന യാഥാർഥ്യം തിരിച്ചറിയുന്നതു നന്നായിരിക്കും. ഇപ്പോൾ വർധിപ്പിച്ചിരിക്കുന്ന വില മാർക്കറ്റിൽ റബർ കൂടുതലായി എത്തുമ്പോൾ ഇടിക്കാതിരിക്കാനുള്ള മാന്യത കാട്ടണം. ന്യായമായതും ലാഭകരമായി കൃഷി നിലനിൽക്കാൻ ആവശ്യമായതുമായ വിലവർധന നൽകാൻ വ്യവസായികൾ തയാറാകുകയും വേണം. ഇതിനായി സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം.